### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Monday, December 14, 2015

പുതിയ രക്തം ..പുതിയ യോദ്ധാക്കള്‍(എ.ഡി 1632)

                                                     നോവല്‍-എ.ഡി 1632

                                                                 ഭാഗം -1 

                                                              അദ്ധ്യായം 13

                                             പുതിയ രക്തം ..പുതിയ യോദ്ധാക്കള്‍      

                                                                       The beginning is HERE


ട്രുജിലോയിലെ പ്രഭുസഭയുടെ അദ്ധ്യക്ഷനായിരുന്ന നിക്കോളാസ് പ്രഭുവിന്റെ നിര്യാണം ആകസ്മികമായിരുന്നു.ദുഖാചരണത്തിന്റെ മൂന്നാം ദിവസം സഭ അടിയന്തിരമായി വിളിച്ചുചേര്‍ത്തു.പടുകിഴവനായ നിക്കോളാസിന്റെ മരണം അത്രമേല്‍ ദുഃഖജനകമായ സംഗതിയായി അദ്ദേഹത്തിന്‍റെ മൂന്നാം ഭാര്യയ്ക്ക് പോലും തോന്നിയില്ല.ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായുള്ള ഏര്‍പ്പാട് മാത്രമായിരുന്നു ആ ദുഖാചരണം.അതിനര്‍ഥം അയാളൊരു നിഷ്ഠൂരനോ കുതന്ത്രക്കാരനോ ആയിരുന്നുവെന്നല്ല.കണ്ണും കാതും പണ്ടേ വിരമിച്ച ഒരു പടുവൃദ്ധന്‍.തന്‍റെ പൂര്‍വ്വകാല ശൂരത്വങ്ങളിൽ വാൾത്തലപ്പില്‍ ചോര പുരണ്ട കഥകളോ ചെറുപ്പക്കാരികളുടെ ഉദരത്തില്‍ ജീവാംശം നിക്ഷേപിച്ച യൌവ്വനചാപല്യങ്ങലോ ഒന്നും അവകാശപ്പെടുവാനില്ലാത്ത അതിസമ്പന്നനായ ജന്മി.അഥവാ അങ്ങനെയെന്തെങ്കിലുമൊന്ന്‍ മെനഞ്ഞുണ്ടാക്കുവാനുള്ള ഭാവനാശേഷി പോലുമില്ലാത്തവന്‍ എത്ര വിരസനായിരിക്കും?. എന്തുതന്നെയായാലും പ്രഭുസഭയുടെ അദ്ധ്യക്ഷപദവി ആജീവനാന്തം അയാളെ നിര്‍ബന്ധിത ബഹുമാന്യ വ്യക്ത്വിത്വമായി പുലര്‍ത്തി.ആ ബാധ്യതയുടെ പരിസമാപ്തിയില്‍ മൂന്നുദിവസത്തെ ആര്‍ഭാടപൂര്‍വ്വമായ ദുഖാചരണവും സമ്മാനിച്ചാണ് സഭ അദ്ദേഹത്തെ യാത്രയാക്കിയത്.എന്നാല്‍ ആ ദിവസങ്ങളിലോ പിന്നീടോ നിക്കോളാസ് പ്രഭുവിന്റെ മരണകാരണത്തെക്കുറിച്ച് മാത്രം ആരും ചര്‍ച്ചചെയ്തില്ല.അത് പ്രഭു സമൂഹത്തിനു തന്നെ അവമതിയുണ്ടാക്കുന്ന സംഗതിയാണെന്ന് അവര്‍ വിശ്വസിച്ചു .



മാന്യമായ  വസ്ത്രധാരണം,ലളിതമായ ആഹാരചിട്ട,സാഹസിക വിരക്തി-ഈ മൂന്നു സൂത്രവാക്യങ്ങളും അണുവിട തെറ്റാതെ പിന്തുടര്‍ന്നു പോന്ന നിക്കോളാസ് പ്രഭു എന്തുകൊണ്ടും ഒരു സ്വാഭാവിക മരണത്തിന് അര്‍ഹനായിരുന്നു.എന്നാല്‍ അന്നേ ദിവസത്തെ പതിവുള്ള പ്രഭാത സവാരിയെ ഗതിതിരിച്ചു വിട്ടത് വിധിയാണ്.തന്‍റെ പ്രിയപ്പെട്ട പെണ്‍കുതിര നാല് ദിവസം മുന്‍പ് പ്രസവിച്ച കുതിരക്കുട്ടിയെ കാണുവാനാണ് അന്നദ്ദേഹം പോയത്.എണ്ണത്തിളക്കമുള്ള ഉശിരന്‍ ആണ്‍കുതിര. ഏതോ  അറബിക്കപ്പലില്‍ വന്‍കരകള്‍ താണ്ടിവന്ന് രമിച്ചു മടങ്ങിയ വിലപിടിപ്പുള്ള പിതാവിന്റെ ജനിതക പ്രൌഡി തുളുമ്പുന്നതായിരുന്നു അവന്റെ ഇടതൂര്‍ന്ന  കുഞ്ചിരോമാങ്ങളും ഉറച്ച പേശികളും.മുട്ടുകുത്തിയിരുന്ന് അതിനെ ചേര്‍ത്തുപിടിച്ച് മുതുകില്‍ തലോടവേ,അവനൊന്ന് കുതറി.ആ പ്രതിഷേധം കാര്യമാക്കാതെ കുഞ്ചിരോമങ്ങളില്‍  വിരലോടിക്കവേ,പിന്‍കാലിന്റെ പൈതൃക കരുത്ത് അവന്‍ നിക്കോളാസ് പ്രഭുവിന് മേല്‍ പ്രയോഗിച്ചു.നിര്‍ഭാഗ്യവശാല്‍  അത് അദ്ദേഹത്തിന്‍റെ നാഭിക്കു താഴെ-തുടകള്‍ക്കിടയിലായിരുന്നു.നൊടിയിടയില്‍ അദ്ദേഹം പിന്നിലേക്ക്‌ ഉറങ്ങി മലര്‍ന്നു വീഴുകയായിരുന്നു.പരിചാരകരില്‍ ചിലര്‍ അമര്‍ത്തിച്ചിരിച്ചു മറ്റുചിലര്‍ വായപൊത്തി ചിരിയെ കണ്ണിലൂടെ പറത്തി.ശിക്ഷയും ശകാരവും അവര്‍ ഭയന്നു.പക്ഷെ  അതൊന്നുമുണ്ടായില്ല.ട്രുജിലോയിലെ പ്രശസ്തനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിനാണ്-അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്.പ്രഭു സഭയ്ക്ക് പിന്നീട് കൈമാറിയ ഔദ്യോഗിക രേഖപ്പെടുത്തലില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു.



"മരണശേഷമാണ് ഞാന്‍ പ്രഭുവിനെ പരിശോധിച്ചത്.എങ്കിലും  അതൊരു പ്രശനമായിരുന്നില്ല.അങ്ങനെയുള്ളവരേയും ഞാന്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌. മരണപ്പെട്ടവരുടെ ആത്മാവ്  രണ്ട് ദിവസം കൂടി നാഭിക്ക് ചുവട്ടില്‍ ഒളിച്ചിരിക്കും. പക്ഷെ...ഇവിടെ...നിക്കോളാസ് പ്രഭുവിന്റെ  കാര്യത്തില്‍...ഒഴിഞ്ഞ തോലുറയ്ക്ക് മുകളില്‍ ചിഹ്നഭിന്നമാക്കപ്പെട്ട്,രക്തത്തില്‍ കലര്‍ന്നുപോയ പുരുഷത്വത്തിനൊപ്പം ഒളിച്ചിരുന്ന ആത്മാവ് ചതഞ്ഞു മരിക്കുകയാണ് സംഭവിച്ചത് "



ചുരുക്കത്തില്‍ ചര്‍ച്ചയ്ക്കുതകാത്ത വിധം നാണംകെട്ട ഈ വിഷയത്തെ ഏവരും പ്രഭുവിന്റെ കുഴിമാടത്തില്‍ തന്നെ  അടക്കം ചെയ്തുപിരിഞ്ഞു. സഭയ്ക്ക് മുന്നിലെ പ്രധാനപ്പെട്ട അജണ്ട അടുത്ത അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പായിരുന്നു.ഒരു ഉന്നത സമിതിയുടെ അദ്ധ്യക്ഷ പദവി പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാകയാല്‍ അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായതെല്ലാം-രഹസ്യ കൂടിക്കാഴ്ചകള്‍, ഗൂഡാലോചനകള്‍,സമവായ ശ്രമങ്ങള്‍,തര്‍ക്കങ്ങള്‍,വിലപേശലുകള്‍ - ഇവടെയും സംഭവിച്ചു.പക്ഷെ അതൊന്നും വിജയിച്ചില്ല.ആഡ്യസമൂഹത്തിലെ ഏക അസംതൃപ്തി ഭരണപരമായ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ളതാണ്. പ്രലോഭനങ്ങളും വിലപേശലുകളും ഒന്നും തുല്യമായ (അല്ലെങ്കില്‍ സാന്ത്വനപ്പെടുത്തുന്ന) മറ്റൊരു ഉപാധിയെ പകരം നല്‍കുന്നില്ല. ഓരോരുത്തരും അവനവനെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കുന്ന ഗതികേടിലേക്ക് കാര്യങ്ങള്‍ നീങ്ങവേ ക്ലമന്റ് പ്രഭു മാത്രം ഈ പ്രവണതയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തന്‍റെ നിലപാട് വ്യക്തമാക്കി. 



"ചരിത്രപരമായ നാണക്കേടായി ഈ തെരഞ്ഞെടുപ്പ് നാളെ വ്യാഖ്യാനിക്കപ്പെടും. അതില്‍ ഭാഗഭാക്താകുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. അധികാര പദവി ഞാന്‍ ആഗ്രഹിക്കുന്നില്ല.ഈ കൊമ്പുകോര്‍ക്കലില്‍ എന്‍റെ പേര് ദയവായി വലിച്ചിഴയ്ക്കാതിരിക്കൂ. "



ഈ ഒഴിഞ്ഞുമാറ്റത്തെ മറ്റൊരു രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്‌.ക്ലമന്റ് പ്രഭുവിന്റെ നിക്ഷ്പക്ഷതയെ തനിക്കുള്ള പിന്തുണയായി പരിവര്‍ത്തനപ്പെടുത്തുവാന്‍ ഓരോരുത്തരും അവരാല്‍ കഴിയുന്നപോലെ കിണഞ്ഞു ശ്രമിച്ചു. പ്രശാന്തമായ അദ്ദേഹത്തിന്‍റെ സ്വീകരണമുറി കുശുകുശുപ്പുകള്‍ കൊണ്ട് നിറഞ്ഞു.പലപ്പോഴും രണ്ടും മൂന്നും പ്രഭുക്കന്മാര്‍ തങ്ങളുടെ ഊഴംകാത്ത് ഇരിക്കുന്ന അവസ്ഥവരെയെത്തി.ഇത് അതിഥികള്‍ക്കും ആതിഥേയനും ഒരേപോലെ സങ്കോചമുണ്ടാക്കി.മൂന്നു തട്ടുകളുള്ള വെണ്ണക്കല്‍ ജലധാരയുടെ മറവില്‍പ്പെട്ടു പോകാതെ,സന്ദര്‍ശകന്റെ സാന്നിദ്ധ്യം പ്രവേശന കവാടത്തിലേ തിരിച്ചറിയത്തക്കവിധം കുതിരവണ്ടി മാറ്റിയിടുവാന്‍ ക്ലമന്റ് പ്രഭു തോട്ടക്കാരനെ ശട്ടംകെട്ടി.പാതിരാത്രിയിലും നീളുന്ന ചര്‍ച്ചകളില്‍ ചായ പകര്‍ന്ന് കുശിനിക്കാരന്റെ തോളും പിന്‍കഴുത്തുമൊടിഞ്ഞു.അടുക്കളയില്‍ പെരുമാറുന്ന അഴുക്ക് തുണി,തിളച്ച വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് അയാള്‍ പിടലിയില്‍ ചൂട് വെച്ചു.പ്രതിഷേധ സൂചകമായി അതേ വെള്ളം കൊണ്ട് ചായയുടെ കടുപ്പക്കുറവും പരിഹരിച്ചു. എന്തിനേറെ...തലേന്ന് വരെ  സമോവറിന്റെ ഇളം ചൂടില്‍ അടിവയറ് ചേര്‍ത്തുറങ്ങി ശീലിച്ച പെണ്പൂച്ചയെ പോലും ഈ വിഷയം ബാധിച്ചു.അതിന്റെ രണ്ട്  മുലഞെട്ട് വെന്തുപരന്നു പോയി.



ഭരണപരമായ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ക്ലമെന്റ്റ് പ്രഭുവിന് ബോധ്യപ്പെട്ടു.സഭയിലെ തന്നെ ചെറുപ്പക്കാരുടെ ഒരു വിഭാഗം സായുധമത്സരത്തിനും മടിക്കില്ല എന്ന അഭ്യൂഹവും ശക്തമായി.അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തന്നെ മുൻകൈ എടുത്തു.



"ക്രമമനുസരിച്ച്‌ പ്രഭുസ്ഥാനം കാസില്‍ രാജവംശത്തിന്റെ സേവകര്‍ക്ക് അവകാശപ്പെട്ടതാണ്."-അലോണ്‍സോ എന്ന യുവപ്രഭു ഉറച്ച ശബ്ദത്തിലാണ് പുതിയൊരു വാദം മുന്നോട്ടു വെച്ചത്.



"ക്രമം  അനുസരിച്ച് ?-അതെനിക്ക്  മനസിലായില്ല." 



"അങ്ങേയ്ക്കത് അറിവില്ലാത്ത വസ്തുതയാണ് എന്ന് ഞാൻ  വിശ്വസിക്കുന്നില്ല. താങ്കൾ കൂടി ഇടപെട്ട ഇന്നലെകളിലെ ഒരു കാലഘട്ടത്തെയാണ് ഞാൻ സൂചിപ്പിച്ചത്.മരണപ്പെട്ട നിക്കോളാസ് പ്രഭു നിശബ്ദ അറഗോൻ പക്ഷക്കാരനായിരുന്നു.അദ്ദേഹത്തെ അദ്ധ്യക്ഷപദവിയിലേക്ക്  അവരോധിച്ച ബുദ്ധികേന്ദ്രം താങ്കളായിരുന്നു.നിങ്ങൾ അതീവ  ബുദ്ധിമാനാണ്..വീണ്ടും  നിങ്ങൾ അതുതന്നെ  ചെയ്യുവാൻ  ശ്രമിക്കുന്നു."



ഗുരുതരമായ ആരോപണങ്ങളിൽ സംയമനം പാലിച്ചു കൊണ്ട് അക്ഷോഭ്യനായി ക്ലമെന്റ് പ്രഭു വീണ്ടും  ചോദിച്ചു.



"ഓഹ്...ഒരുപാട് കൂട്ടിക്കിഴിക്കലുകൾ നടത്തിയിരിക്കുന്നുവല്ലോ ചങ്ങാതീ. നിക്കോളാസ് എന്റെ അടുത്ത സുഹൃത്തായിരുന്നു എന്നത് ശരിതന്നെ.പക്ഷെ അതുകൊണ്ട് മാത്രം ഇത്രമാത്രം ആരോപണങ്ങൾ എന്നിൽ  ചുമത്തേണ്ടതുണ്ടോ ?"



"ഇല്ല ...അങ്ങനെ  ഞാൻ  പറയുന്നില്ല.പക്ഷെ  താങ്കളുടെ ചെയ്തികൾ സംശയാസ്പദമാണ്.അദ്ധ്യക്ഷപദവിയിലേക്ക് ഏറ്റവും സാധ്യത കല്പ്പിക്കുന്ന താങ്കൾ മനപൂർവ്വം ഒഴിഞ്ഞുമാറി.അങ്ങനെയൊരാളുടെ ശുപാർശയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് താങ്കൾക്കറിയാം .ഇനി  താങ്കൾ  ശുപാർശ  ചെയ്യുന്ന  ഏതൊരു അറഗൻ പക്ഷക്കാരനും സാധ്യത ഇരട്ടിയാണ്."



"ശരി...കാസില്‍-അറഗന്‍ പക്ഷങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയായി ഈ വിഷയം പരിണമിച്ചതോര്‍ത്ത് എനിക്ക്  ദുഖവും ആശങ്കയുമുണ്ട്.എന്നെ  ഒരു ഗൂഡതന്ത്രക്കാരനായി താങ്കള്‍ തെറ്റിദ്ധരിച്ചതില്‍ അതിലേറെ ആത്മനൊമ്പരവും. ഇക്കാര്യത്തില്‍ ചേരി തിരിഞ്ഞുള്ള പോര്‍വിളികള്‍ ഇനി ആവശ്യമില്ല.ഞാന്‍ എന്താണ് ചെയ്യേണ്ടത് ?..നിങ്ങളില്‍ നിന്നും ഒരുവനെ ...അല്ല ...താങ്കളെ  തന്നെ ഞാന്‍  ശുപാര്‍ശ ചെയ്യുന്നതാണ്. പ്രിയപ്പെട്ട  അലോണ്‍സൊ ...കഴിയുമെങ്കില്‍ നാളെ തന്നെ എല്ലാവരേയും വിളിച്ചു ചേര്‍ക്കൂ.ഈ പ്രശ്നം അവസാനിപ്പിക്കാം. പക്ഷെ ഒന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.നിങ്ങള്‍ ഇനി ഒഴിഞ്ഞു മാറുവാന്‍ പാടില്ല.



ക്ലമെന്റ്റ് പ്രഭുവിന്റെ വസതിയില്‍ പിറ്റേന്ന് വൈകുന്നേരം ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു.പ്രതിനിധികളെ അഭിസംബോധന  ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു.



"കാസില്‍-അറഗോന്‍ രാജവംശങ്ങള്‍ ദശാബ്ദങ്ങളായി ഒരു ഐക്യരാഷ്ട്ര സങ്കല്‍പ്പത്തിന്റെ പണിപ്പുരയിലാണ്.ഒരു കാലഘട്ടത്തില്‍ കലഹിച്ച് പരസ്പരം നെഞ്ചു പിളര്‍വരാണ് കാസില്‍-അറഗന്‍ രാജവംശങ്ങള്‍.കത്തോലിക്കാ രാജവംശങ്ങളുടെ ഐക്യം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോപ്പ് ആഹ്വാനം ചെയ്തത് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല.അന്ന് ട്രുജിലോയുടെ പ്രഭുസഭ ഇതേ പോലെയൊരു സന്ദര്‍ഭത്തില്‍ കാസില്‍-അറഗന്‍ പക്ഷം പിടിച്ച് കലഹിച്ചു നിന്നു. സഭയുടെ അദ്ധ്യക്ഷ പദവി അനിശ്ചിതത്വത്തില്‍ തുടര്‍ന്നപ്പോള്‍ കാസില്‍ രാജകുടുംബം അന്ന് നേരിട്ട് ഇടപെടുകയാണ് ഉണ്ടായത്.കാസില്‍ പക്ഷക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്‍,പോപ്പിന്റെ ഐക്യാഹ്വാനത്തെ മാനിച്ച് നിക്ഷ്പക്ഷനായ നിക്കോളാസ് പ്രഭുവിനെ അന്നവര്‍ ശുപാര്‍ശ ചെയ്തു.അയാള്‍ നിശബ്ദ അറഗന്‍ പക്ഷക്കാരനാണ് എന്ന ആരോപണം ഉന്നയിച്ച നാല് പ്രഭുക്കന്മാരുടെ പ്രഭുത്വ പദവി,ഗവര്‍ന്നരുടെ അഭിപ്രായത്തെ പോലും അവഗണിച്ച് കാസില്‍ ചക്രവര്‍ത്തി റദ്ദു ചെയ്തു. ഇന്നിപ്പോള്‍ ഈ കലഹം തുടര്‍ന്നാല്‍ പ്രഭുസഭയെ ഒന്നാകെ പിരിച്ചുവിട്ടുകൂടെന്നുമില്ല....അതെ.. അതുതന്നെ സംഭാവിക്കുവാനാണ് സാധ്യത.അതിന് മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട് ...കേട്ടുകൊള്ളൂ.



പനാമയില്‍ സമുദ്ര സഞ്ചാരികള്‍ തമ്പടിക്കുന്നു.അവിടമാകെ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കച്ചവടവും കലഹവും സമ്മാനിച്ച സീമാതീതമായ സമ്പത്തും നിയന്ത്രണാതീതമായ ആഭ്യന്തര പ്രശ്നങ്ങളും ലഘൂകരിക്കെണ്ടാതായുണ്ട്.അതിനുള്ള ഏക മാര്‍ഗ്ഗം സമുദ്ര വ്യവസായികള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാകുന്നതും,എന്നാല്‍ കാസില്‍-അറഗന്‍ ചക്രവര്‍ത്തിമാര്‍ക്ക് പൂര്‍ണ്ണ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കഴിയുന്നതുമായ മറ്റൊരു പ്രദേശം കണ്ടെത്തുക എന്നതാണ്.എന്‍റെ അറിവില്‍പ്പെട്ടിടത്തോളം അവരുടെ ആ അന്വേഷണം ട്രുജിലോയില്‍ അവസാനിച്ചിരിക്കുന്നു.ഇത്രയും വിശദീകരിച്ചതിന്റെ സാംഗത്യം എന്തെന്നാല്‍ ... സഭയുടെ അടുത്ത അദ്ധ്യക്ഷന്‍ പതിനഞ്ച് പ്രവിശ്യകളുടെയും പരമാധികാരി തന്നെയാണ്.ഭാവിയില്‍ ട്രുജിലോയില്‍ വിന്യസിക്കുവാന്‍ ഇടയുള്ള കാസില്‍-അറഗന്‍ സൈന്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രനാധികാരിയും സഭയുടെ അദ്ധ്യക്ഷനായിരിക്കും.എന്നാല്‍....ശ്രദ്ധിച്ചു കേട്ടുകൊള്ളൂ...എന്നാല്‍ ഇതേ അദ്ധ്യക്ഷന്‍ നമുക്ക് അന്യമായ  ഭാഷയും സംസ്കാരവും കരുത്തുമുള്ള സമുദ്ര പര്യവേക്ഷകരുമായി നിരന്തരം ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ ചുമതലപ്പെട്ടവന്‍ കൂടിയായിരിക്കും....ചിലപ്പോള്‍ നാവുകൊണ്ടും മറ്റുചിലപ്പോള്‍ നിങ്ങളില്‍ പലരുടെയും ഉറയില്‍ തുരുമ്പെടുത്ത് ഉറച്ചുപോയ വാള്‍ത്തലപ്പുകൊണ്ടും.രണ്ടാമത്തെതിനാണ് സാധ്യത കൂടുതല്‍..ഈ പര്യവേക്ഷകര്‍ ആരും തന്നെ കുലീനരായ വ്യവസായികളാണെന്ന ധാരണ വേണ്ട.തീരം വിട്ടാല്‍ അവരുടെ പായ്ത്തണ്ടില്‍ പാറുന്നത് കറുത്ത പതാകയാണ്.കടലിനെ ചുവപ്പിക്കുന്ന ഈ ചെകുത്താന്മാരെ തീരദേശ കമ്പോളങ്ങളില്‍ മാത്രമായി നിയന്ത്രിച്ചു നിര്‍ത്തുക അത്ര സുഗമമായിരിക്കില്ല. കുന്നുകൂടുന്ന സമ്പത്ത് തീരമടുപ്പിക്കാതെ അവരെ ആട്ടിപ്പായിക്കുവാനും അനുവദിക്കുന്നില്ല.ഇതൊരു ജീവന്മരണക്കളിയാണ്. ഒരല്‍പം വീഴ്ച സംഭവിച്ചാല്‍ സമാധാനം ബോധിപ്പിക്കേണ്ടത് കാസില്‍-അറഗന്‍ സഖ്യത്തോടാണ്.കാര്‍ക്കശ്യത്തില്‍ മറ്റാരേക്കാളും നിര്‍ദ്ദയരായ ചക്രവര്‍ത്തിമാരോട്.ഈ വിഷമസന്ധിയെക്കുറിച്ച്‌ നിക്കോളാസ് എന്നോട് സംസാരിച്ചിരുന്നു.അഥവാ അദ്ദേഹം മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വമേധയാ അദ്ധ്യക്ഷപദവി ഒഴിയുമായിരുന്നു.അതിനുള്ള സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചിരുന്നു എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്.ഇന്നിപ്പോള്‍ ഇക്കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഈ പ്രതിസന്ധികളെ ഏറ്റെടുക്കുവാന്‍ സന്നദ്ധനായ ഒരുവനായിരിക്കണം സഭയുടെ അടുത്ത അദ്ധ്യക്ഷന്‍ ...അലോണ്‍സോ പ്രഭുവിനെ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.എതിരഭിപ്രായം ഉള്ളവര്‍ക്ക് മറ്റൊരു പേര് നിര്‍ദ്ദേശിക്കാം."



ആ പ്രസംഗം സ്ഥിതിഗതികളെ അത്രയ്ക്കും സ്പഷ്ടമാക്കിയതിനാലാവാം ബദലായി മറ്റൊരു പേരും നിര്‍ദ്ദേശിക്കപ്പെട്ടില്ല.അലോണ്‍സോ പ്രഭുവിന്റെ പേര് ശുപാര്‍ശ ചെയ്തുകൊണ്ട് ഗവര്‍ണ്ണര്‍ക്കുള്ള കത്തില്‍ പതിനാല് പ്രഭുക്കന്മാരും ഒപ്പുവെച്ചു.അവസാനം  അലോണ്‍സോ പ്രഭുവും.പല്ല് ഞെരിച്ച് അയാള്‍ പിറുപിറുത്തു.



"പന്നീടെ മകന്‍ ...ഒരു കാസില്‍ പക്ഷക്കാരന്റെ തല കൂടി പിഴുതെടുത്തിരിക്കുന്നു."

                                                                               (ഇനി  തുടരില്ല)                                       

3 comments:

  1. ഇവിടെ തുടരില്ലെന്നല്ലേയുള്ളു.
    പുസ്തകമായി വരട്ടെ
    അപ്പോ ഞങ്ങളു കണ്ടോളാട്ടോ

    ReplyDelete
  2. ഈ ലക്കം വിരസമായിരുന്നു...


    വായിച്ചു വായിച്ചവസാനമായപ്പോള്‍ ഇനി തുടരില്ലെന്ന അറിയിപ്പും. ആകെ ഹതാശയായി.

    ReplyDelete
  3. പുസ്തകം പ്രതീക്ഷിക്കാമല്ലോ!
    ആശംസകള്‍

    ReplyDelete