### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, August 18, 2015

പാപികളുടെ അത്താഴം (എ.ഡി-1632)


പാപികളുടെ അത്താഴം
നോവല്‍ -എ .ഡി -1 6 3 2
ഭാഗം -1
അദ്ധ്യായം -9 

                                                   Click HERE to read from the beginning

   

    പുതപ്പിനുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന ഒരു കൃശഗാത്രരൂപം-അങ്ങനെയാണ് ആദ്യം തോന്നിയത്.അടുത്തുചെന്നപ്പോള്‍ അത് പുറം തിരിഞ്ഞിരുന്ന് തീ കായുന്ന ദൃഡഗാത്രനായ പുരുഷനാണ് എന്നവര്‍ക്ക് മനസിലായി.അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍വേണ്ടി മാത്രം ഏതോ അപ്രധാന വിഷയത്തില്‍ ഉറക്കെ സംസാരിച്ചുകൊണ്ടാണ് ഇരുവരും അവിടേക്ക് കടന്നു ചെന്നത്.തീര്‍ത്തും അന്യനായ ഒരുവനെ സമീപിക്കുമ്പോള്‍ ,ആ അപരിചിതത്വത്തെ മറികടക്കുവാനും സ്വാഭാവികമായ സംഭാഷണത്തിന് തുടക്കമിടുവാന്‍ അപരിചിതനെ പ്രേരിപ്പിക്കുവാനും,ശബ്ദമുഖരിതമായ കടന്നുചെല്ലല്‍ ഉപകരിക്കുമെന്ന് മുന്‍കാല അനുഭവങ്ങളില്‍    നിന്നും ലൂയിസ് മനസിലാക്കിയിരുന്നു.എരിയുന്ന വിറകിന് കുറുകെ തെറ്റാലിയുടെ ആകൃതിയില്‍ ഉറപ്പിച്ച കമ്പുകളില്‍ കോര്‍ത്ത,സാമാന്യം വലിപ്പമുള്ള ഇറച്ചിക്കഷണം ചുട്ടെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ആ അപരിചിതനാവട്ടെ, അവരെ തിരിഞ്ഞു നോക്കിയതു പോലുമില്ല.ഒരു കൊച്ചു കമ്പുകൊണ്ട് കനല്‍ കുത്തിയിളക്കി തീ ആളിക്കുവാന്‍ പണിപ്പെടുന്ന അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ലൂയിസ് മൂന്നു പ്രാവശ്യം ഉച്ചത്തില്‍ -വൃകൃതമായി-മുരടനക്കി.തന്‍റെ ജോലി അല്‍പ്പസമയം നിര്‍ത്തിവെച്ച് ഒന്നു തിരിഞ്ഞു പോലും നോക്കാതെ,വലതു കൈ അലസമായി ചലിപ്പിച്ച്  മുന്നിലേക്ക്‌ കടന്നു വരുവാന്‍ അയാള്‍ ആംഗ്യം കാണിച്ചു.മറ്റേത് അവസരത്തിലായിരുന്നെങ്കിലും ഇത്ര ഉദാസീനമായ ക്ഷണം സ്വീകരിക്കുവാന്‍ ഫാദര്‍ വെസാല്‍കോ ഒരുപക്ഷെ  തയ്യാറാവുമായിരുന്നില്ല. ആതിഥേയന് അഭിമുഖമായിക്കിടന്ന ഉരുളന്‍ കല്ലുകളിലൊന്നില്‍ സ്ഥാനംപിടിച്ച് തിടുക്കപ്പെട്ട് അദ്ദേഹം തീയിലേക്ക് കൈപ്പത്തി നീട്ടി.തണുത്തു മരവിച്ച വിരല്‍ത്തുമ്പുകളില്‍ പടര്‍ന്നു കയറുന്ന സുഖകരമായ ചൂടിനെ ആസ്വദിച്ചുകൊണ്ട്‌ കണ്ണുകള്‍ ഇറുക്കെ പൂട്ടി.മരവിച്ചു പോയ കൈത്തണ്ടയിലെ രോമങ്ങള്‍ കരിയുന്ന ദുര്‍ഗന്ധം പോലും അദ്ദേഹം അറിഞ്ഞില്ല . . .കനല്‍ കുത്തിയിളക്കുന്ന കൊച്ചു കമ്പുകൊണ്ട് വെസാല്‍കൊയുടെ കൈപ്പത്തി മെല്ലെ തട്ടിമാറ്റിക്കൊണ്ട് ,അജ്ഞാതനായ ആതിഥേയന്‍ പിറുപിറുത്തു."വൈദികന്റെ മാംസം എനിക്കിഷ്ടമല്ല . . ."ആ പ്രയോഗം ലൂയിസിന്  രസിച്ചു . പുരികം മെല്ലെ  ഉയര്‍ത്തി വെസാല്‍കോയെ നോക്കി അവന്‍ ഒന്നമര്‍ത്തി പുഞ്ചിരിച്ചു.ജാള്യതയെ മറയ്ക്കുവാന്‍ വെസാല്‍കോ പെട്ടെന്ന്  പ്രതികരിച്ചു."പക്ഷെ വിശ്വാസികള്‍ക്ക് അത് അപ്പമാണ് "മറുപടി ഒട്ടും താമസിച്ചില്ല .."പുളിച്ച അപ്പവും കയ്പുള്ള വീഞ്ഞും മാത്രം ശീലിച്ച കുരുടന്മാര്‍ക്ക് ... "അവജ്ഞയോടെ അങ്ങനെ പുലമ്പിയ അപരിചിതന്റെ മുഖം വ്യക്തമായി കാണുവാന്‍ വെസാല്‍കോ തലയുയര്‍ത്തി നോക്കി.പ്രകാശം ജ്വലിപ്പിക്കുന്ന അതേ ജ്വാലകള്‍ തന്നെ അപ്പോഴും ആതിഥേയന്റെ മുഖത്തിനു മറപിടിച്ചു.അയാള്‍ അല്പ്പവസ്ത്ര ധാരിണിയായിരുന്നു.നഗ്നമായ ചുമലുകളും മാറും മെലിഞ്ഞ് നീളമുള്ള കാലുകളും.അരയ്ക്കു താഴെ മുഷിഞ്ഞ ഒരു പരുക്കന്‍ തുണിക്കക്ഷണം മാത്രം.നെഞ്ചിനും താഴേയ്ക്ക് വളര്‍ന്ന ഇടതൂര്‍ന്ന ദീക്ഷ...മുടിയൊന്നാകെ പിന്നിലേക്ക്‌ വലിച്ച് കെട്ടിയിരിക്കുന്നു.എന്നോ എവിടെയോ കണ്ടുമറന്ന ഒരു നിഴല്‍രൂപം അയാളില്‍ വെസാല്‍കോയ്ക്ക് അനുഭവപ്പെട്ടു.ചുളുങ്ങി വികൃതമായ രണ്ട് കോപ്പകളില്‍ മുന്‍പേ പകര്‍ന്നു വെച്ചിരുന്ന ചെറുചൂടുള്ള കാപ്പി അവര്‍ക്ക് നീട്ടി."നിങ്ങള്‍ ഒരല്‍പം വൈകിപ്പോയി പോയി"..എന്ന മുഖവുരയോടെ.ആദ്യം മടിച്ചെങ്കിലും വെസാല്‍കോ അത് വാങ്ങി . . .ലൂയിസും.ചുണ്ടോട് ചേര്‍ത്തപ്പോള്‍ പഴകിയ കാപ്പിപ്പൊടിയുടെ കനച്ച മണം മൂക്കു തുളയ്ക്കുന്നതുപോലെ  ലൂയിസിന് തോന്നി.ഫാദര്‍ വെസാല്‍കോ അത് ആസ്വദിച്ച് നുണഞ്ഞിറക്കുന്നത് അവന് അവിശ്വസനീയമായി തോന്നി.ശ്വാസം പിടിച്ച് ഒറ്റ വലിക്ക് അവന്‍ അത് തീര്‍ത്തു.ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കമിടുവാനുള്ള വാക്കുകള്‍ക്കായി വെസാല്‍കോ പരതി കഷ്ടപ്പെടവേ മുഖം ഉയര്‍ത്താതെ വീണ്ടും ആതിഥേയന്‍ ചോദിച്ചു .."നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ ...?"തൊട്ടു മുന്നില്‍ ,കനലില്‍ വെന്തുപാകമായ കാട്ടാടിന്റെ ഇറച്ചി...ഉരുകിത്തിളച്ച് ഇറ്റുവീഴുന്ന നെയ്ത്തുള്ളികള്‍ തീയെ ആളിക്കുകയും മാംസത്തിന്റെ സ്വാദിഷ്ടമായ ചൂരിനോപ്പം വിശപ്പിന്റെ ഗന്ധം അവിടമാകെ വന്യമായി പടര്‍ത്തുകയും ചെയ്തിരിക്കവേ ആ ചോദ്യം തന്നെ അപ്രസക്തമായിരുന്നു.കമ്പില്‍ നിന്നും അടര്‍ത്തിയെടുത്ത ചൂടുള്ള വെന്ത മാംസം അത്തിയിലയില്‍ പൊതിഞ്ഞ് അയാള്‍ നെടുകെ പകുത്തു.അതൊരു പ്രാകൃതമായ വീതംവെയ്പ്പായിരുന്നു.രണ്ട് ഇലക്കീറുകളിലായി അയാള്‍ അത് അവര്‍ക്ക് നീട്ടി.അല്‍പ്പം മാറി ,പിടലിയ്ക്ക് താഴെ ചോരപടര്‍ന്ന നനുനനുത്ത രോമക്കുപ്പായത്തിന്റെ ചുളിവുകള്‍ മാത്രമായി അവശേഷിച്ച കാട്ടാടിന്റെ പാതിയടഞ്ഞ കണ്ണുകള്‍ അവരുടെ ആര്‍ത്തിപൂണ്ട അത്താഴത്തിനു സാക്ഷ്യം വഹിച്ചു.ഫാദര്‍ വെസാല്‍കോ അത് കണ്ടില്ലെന്ന് നടിച്ചു.ലൂയിസാവട്ടെ...യാതൊരു സങ്കോചവുമില്ലാതെ അതിന്റെ മുതുക് ആസ്വദിച്ചു.  

                                                                                                                                                                                                                                                                                                                        NEXT CHAPTER