### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Friday, June 29, 2012

ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി-2

                                                           

             വാതിലില്‍ മമ്മ ഉറക്കെ മുട്ടി വിളിക്കുന്നത്‌ കേട്ടാണ് ഞാനുണര്‍ന്നത്. അത്ഭുതം തോന്നി.ഉറങ്ങണം എന്നുകരുതിയല്ല കിടന്നത്.പക്ഷെ ഉറങ്ങിപ്പോയി.ആ മദ്ധ്യാഹ്നം ഉറങ്ങി തീര്‍ത്തതില്‍ പശ്ചാത്താപം തോന്നി. വിയര്‍പ്പിന്റെ മണമുള്ള എന്റെ കിടക്കയിലെ അവസാന ഉറക്കമായിരുന്നത്.ആ തിരിച്ചറിവോടെയാണ് ഞാന്‍ കിടന്നതും.എന്നിട്ടും ഉറങ്ങിപ്പോയി. ഭയപ്പെടുത്തുന്ന ഒരു സ്വപ്നവും കാണാഞ്ഞതില്‍ എനിക്കത്ഭുതം തോന്നി. മമ്മ  നിർത്താതെ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. വാതില്‍ തുറന്നപ്പോൾ മുഖം തരാതെ മമ്മ എനിക്കുനേരെ ഒരു കത്തു നീട്ടി.


" റെഡ്വിന്‍ ഇതും നിനക്കുള്ള കത്താണ് .ഞാനിത് തുറന്നിട്ടില്ല".


          ദേഷ്യത്തോടെ കതക് വലിച്ചടച്ച് അവര്‍ താഴേയ്ക്കുപോയി.കട്ടിലിലിരുന്ന് ഞാനത് വായിച്ചു.


      "പ്രിയപ്പെട്ട ...റെഡ്വിൻ,ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഈ കത്തെഴുതുന്നത്.മനോഹരമായ ഒരു സായാഹ്നം നിന്നോടൊപ്പം ചിലവഴിക്കുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഹാംബെര്‍ഗിലെ തെരുവുഗായകന്റെ പാട്ട് നീ കേട്ടിട്ടുണ്ടോ?അയാളുടെ പ്രണയഗാനങ്ങള്‍ മനോഹരമാണ്. അതിന് കാതോര്‍ത്തിരുന്ന മഞ്ഞപക്ഷികള്‍  ഇനി  പറന്നുയരട്ടെ.അതിലൊന്നായി എനിക്കൊപ്പം നീയും കാണുമെന്ന പ്രതീക്ഷയോടെ..സ്വന്തം ഡാഫ്ന." 


            ദിവസങ്ങളെണ്ണി കാത്തിരുന്ന അവസാനകത്തും  വന്നുഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ തയ്യാറായി.             എത്രയും പെട്ടന്ന്  ഹാംബെര്‍ഗിലെ    തെരുവുഗായകന്റെ അടുത്തെത്തണം. താഴത്തെ മുറിയില്‍ മമ്മ ഇരിപ്പുണ്ടായിരുന്നു. അവരാകെ അസ്വസ്ഥയായിരുന്നു.ശ്രദ്ധിക്കാതെ ഞാന്‍ കടന്നുപോയപ്പോള്‍ മമ്മ ശാന്തമായി പറഞ്ഞു.


"പ്രണയിക്കരുതെന്ന് ഞാന്‍ പറയില്ല.പക്ഷെ റെഡ്വിന്‍ നീ ഒന്നോര്‍ക്കണം...അനീറ്റ..അവള്‍ മരിച്ചിട്ടില്ല. തടവിലാക്കപ്പെട്ട അവളും കുടുംബവും എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും.അന്ന് നീ പശ്ചാത്തപിക്കും."


മറുപടി നല്‍കാതെ ഞാന്‍ ഇറങ്ങിപ്പോയി. അവരെന്നെ ഉറക്കെ പ്രാകി.


"ചെകുത്താന്റെ സന്തതിയാണ് നീ.നിന്റെയൊക്കെ കര്‍മ്മദോഷമാണ് ഇന്ന് ജൂതര്‍ അനുഭവിക്കുന്നത്. നിന്നെയൊക്കെ അവർ കഴുത്തറുത്തു കൊന്നാലും ഞാന്‍ ദുഖിക്കില്ല...നീ അത് അർഹിക്കുന്നു."


           പിന്നെയും അവരെന്തോക്കെയോ പറഞ്ഞു.അതെല്ലാം ഒരു കരച്ചിലിന്റെ വക്കിലാണ് അവസാനിച്ചത്.എനിക്ക് വന്നിരുന്ന പ്രണയലേഖനങ്ങളില്‍ ഒന്ന് എപ്പോഴോ മമ്മ വായിക്കുവാനിടയായി.പിന്നീട് ഓരോ കത്ത് വരുമ്പോഴും മമ്മ എന്നെ ശപിക്കും...അനീറ്റയെ മറന്ന് ഡാഫ്നയെ  ഞാന്‍ പ്രണയിക്കുകയാണെന്ന തെറ്റിധാരണ മൂലം.


                 ഹാംബെര്‍ഗില്‍ ഞാനെത്തിയപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.തെരുവുഗായകന്‍ നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു...തീരുംവരെ കാത്തുനിന്നു. ആളൊഴിഞ്ഞപ്പോള്‍ അയാള്‍ക്കരുകിലെത്തി ആ "പ്രേമ ലേഖനം" കൈമാറി.അതു ചുരുട്ടി പോക്കറ്റിലിട്ട് അയാൾ ചുറ്റിനും കണ്ണോടിച്ചു.ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തിയ ശേഷം എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് വിരല്‍ ചൂണ്ടി.ആള്‍താമസം ഇല്ലെന്നുതോന്നിക്കും വിധം നിശബ്ദമായിരുന്ന ആ കെട്ടിടം ജൂതരുടെ താമസസ്ഥലമായിരുന്നു.ഒരു പൊട്ടിച്ചിരിയോ ഉറക്കെയുള്ള സംസാരമോ അവിടെനിന്നും ഉയരില്ല.പക്ഷേ ഗസ്റ്റപ്പോകള്‍ ജൂത വേട്ടയ്ക്കെത്തുമ്പോൾ അവിടെനിന്നുയരുന്ന ആർത്തനാദങ്ങൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും... കുട്ടികളുടെ, അമ്മമാരുടെ, സഹോദരിമാരുടെ ദീനരോദനങ്ങള്‍ .                


   ഇടനാഴിയും പടികളും ഇരുട്ടില്‍ മുങ്ങിക്കിടന്നു. കാതോര്‍ത്താല്‍ ഓരോ വാതിലിനുമപ്പുറം അടക്കിപ്പിടിച്ചുള്ള സംഭാഷണങ്ങളും കുഞ്ഞുങ്ങളുടെ വായ പൊത്തിപ്പിടിച്ചുള്ള കരച്ചിലും കേള്‍ക്കാം.       


        മൂന്നാം നിലയില്‍  മഞ്ഞപക്ഷിയുടെ ചിത്രം പതിച്ച വാതിലില്‍ ഞാന്‍ പതുക്കെ മുട്ടി.അകത്തുനിന്നുള്ള അടക്കിപ്പിടിച്ച സംസാരം പൊടുന്നനെ നിലച്ചു.അല്‍പ്പ നേരത്തിനുശേഷം വാതില്‍ തുറന്നു.ഡോ:ആഡ്ലെ എന്നെ അകത്തേക്കു വലിച്ചു. അടുത്ത നിമിഷം വാതിലടഞ്ഞു. ജൊനാഥനും ബെന്‍സനും മിഖായേലും എനിക്ക് മുന്‍പേയെത്തിയിരുന്നു. കൂടാതെ ജൊനാഥന്റെ കാമുകി ഡെന്നയും.സത്യമായും അവളെ ഞാനവിടെ തീരെ പ്രതീക്ഷിച്ചതല്ല.ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. മെഴുകുതിരി ചെരിച്ചു പിടിച്ച് ,ഉരുകിയ ഏതാനും തുള്ളികള്‍ മേശപ്പുറത്ത് തൂകി അതില്‍ തിരി ഉറപ്പിക്കുമ്പോൾ ഡോ:ആഡ്ലെയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ വിളറിയ മുഖം ഞാൻ കണ്ടു.എങ്കിലും തുടർന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു.


           യോഗത്തിന് അരമണിക്കൂറിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.ഡെന്നയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഞങ്ങള്‍ കാണാതെ കൈലേസുകൊണ്ട് അത് തുടച്ചു മാറ്റുവാന്‍ അവള്‍ പാടുപെട്ടു.യോഗം അവസാനിച്ചപ്പോൾ പത്തു മിനിട്ടിന്റെ ഇടവേളകളിലായി ഓരോരുത്തരായി പുറത്തുപോകുവാന്‍ ഡോ :ഡ്ലെ നിര്‍ദ്ദേശിച്ചു.ഡെന്ന വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു.തിരികെ ഓടി വന്ന് ഞങ്ങളുടെ സാമീപ്യം മറന്ന് ജൊനാഥനെ കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോൾ ഞങ്ങള്‍ ദൃഷ്ടിമാറ്റി. ഉറഞ്ഞുകൂടിയ ഉപ്പുനീരിന്റെ തുള്ളിയെ വഴുതിവീഴാതെ കണ്‍പോളകളില്‍ തടഞ്ഞു നിർത്തുവാൻ എനിക്കായില്ല.           


    തിരികെ വീട്ടിലെത്തിയപ്പോള്‍ സമയം രാത്രി ഒന്‍പതു കഴിഞ്ഞിരുന്നു.വാതില്‍ ചാരിയിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല.മമ്മ നേരത്തേ കിടന്നു.മുറിയിലെത്തി ഞാന്‍ വേഷം മാറി.ഒരു ബനിയനും അടിവസ്ത്രവും പോക്കറ്റിലേക്ക് തിരുകിക്കയറ്റി. മുറിയുടെ വാതില്‍ക്കലെത്തി മമ്മയെ വിളിച്ചു. മിണ്ടാട്ടമില്ല. എനിക്കറിയാം...ആ പ്രേമലേഖനമാണ് പരിഭവത്തിന്റെ കാരണം. അനീറ്റയെ മറന്ന് ഞാന്‍ മറ്റൊരു പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്ന വിശ്വാസം മമ്മയെ വല്ലാതെ അലട്ടിയിരുന്നു. എന്റെ അനീറ്റ മമ്മയ്ക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മമ്മയുടെ ഏത് പരിഭവം മാറുന്നതാണ്. പക്ഷെ ഇത്തവണ ആ കാത്തിരിപ്പിനുള്ള സമയമില്ല.രണ്ടു മണിക്കൂറിനുള്ളില്‍ എനിക്ക് പോകണം.അതിനു മുന്‍പ് കാര്യങ്ങള്‍ മമ്മയോട് പറയണമെന്ന് തോന്നി.കട്ടിലിനരുകില്‍ ഞാനിരുന്നു. മമ്മ തിരിഞ്ഞു കിടക്കുകയാണ്.എനിക്കറിയാം മമ്മ ഉറങ്ങിയിട്ടില്ല. എല്ലാം പറഞ്ഞു തീരുമ്പോള്‍ മമ്മ എന്നോട് ക്ഷമിക്കും എന്നെനിക്കുറപ്പായിരുന്നു. കത്തുകളെല്ലാം മമ്മയ്ക്കരുകില്‍ വച്ച ശേഷമാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്.         "മമ്മാ ...ആറ് കത്തുകളും ഞാന്‍ മമ്മയ്ക്കു നല്‍കുകയാണ്.വായിക്കണം.മമ്മ കരുതുന്നതുപോലെ  ഡാഫ്ന എന്നൊരു കാമുകി എനിക്കില്ല.ഇവയെല്ലാം ഡോ:ഡ്ലെ അയച്ച കത്തുകളാണ്.അവയൊന്നും പ്രേമലേഖനങ്ങളുമല്ല ...മഞ്ഞപ്പടയുടെ സന്ദേശങ്ങളാണ്. ഡോ:ഡ്ലെയെ മമ്മയ്ക്കറിയാം. ജൂതരുടെ വിപ്ലവ സംഘടനയായ മഞ്ഞപ്പോരാളി സംഘത്തിന്റെ അധ്യക്ഷനാണ് അദ്ദേഹം . സംഘത്തെ എന്നെന്നേയ്ക്കുമായി  ഫ്യൂറർ നിരോധിച്ചു. മതപരമായ മറ്റൊരു രാജ്യം ഇവിടെ സൃഷ്ടിക്കുവാന്‍ ജൂതർ ശ്രമിക്കുന്നു എന്നതാണ്  ഫ്യൂററുടെ  വാദം. നാസിപാര്‍ട്ടിയും ഗസ്റ്റപ്പോകളും ജൂതരെ നിര്‍ദ്ദയം കൂട്ടക്കൊല ചെയ്യുന്നു. ഓഷ്വിറ്റ്‌സില്‍ ശവങ്ങള്‍ കുന്നുകൂടുന്നു.ഒരു സ്വകാര്യ വിരുന്നില്‍ ഫ്യൂററെ വിമര്‍ശിച്ചു എന്നതാണ്  അനീറ്റയുടെ പപ്പയ്ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം. ഗസ്റ്റപ്പോകള്‍ അദ്ദേഹത്തെയും കുടുംബത്തെയും അറസ്റ്റു ചെയ്തു. ഇന്നിപ്പോള്‍ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. അനീറ്റ  തിരികെ വരുമെന്ന് മമ്മ ഇനിയും വിശ്വസിക്കുന്നുവോ ? ...ഇല്ല മമ്മാ...ഇനിയൊരിക്കലും വരില്ല.അവളും കുടുംബവും ഓഷ്വിറ്റ്‌സിലേക്ക് മാറ്റപ്പെട്ടിരുന്നു.  ഇതുവരെ മമ്മ അതറിഞ്ഞില്ല...ഞാന്‍ അറിയിച്ചതുമില്ല.."


           പിടഞ്ഞെഴുന്നേറ്റ മമ്മയുടെ മുഖം വിളറിവെളുത്തു.ആ മുഖത്ത് ഭയവും ദൈന്യതയും ഞാന്‍ കണ്ടു. അനീറ്റയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു എന്ന തിരിച്ചറിവില്‍ ആ വൃദ്ധ വായപൊത്തിക്കരഞ്ഞു.അങ്ങനെ കരയുവാന്‍ ഞങ്ങള്‍ ജൂതര്‍ ശീലിച്ചു കഴിഞ്ഞിരുന്നു.അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും അങ്ങിനെയേ ഇവിടെ കരയൂ ...കാരണം ഇത് ജർമ്മനിയാണ്...ഞങ്ങള്‍ ജൂതരാണ്.            


   "മഞ്ഞപ്പോരാളി സംഘത്തിന്റെ പ്രവര്‍ത്തനം ഫ്യൂറര്‍ അവസാനിപ്പിച്ചു.നിരപരാധികളായ നമ്മുടെ സഹോദരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്നു.ഇത് അവസാനിപ്പിക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ ...ആ ജൂതവെറിയന്‍ അവസാനിക്കണം. അതിനുവേണ്ടി...അതിനുവേണ്ടി മാത്രം ഡോ:ഡ്ലെ  സ്വന്തം ജീവന്‍ പണയം വെച്ച് സംഘത്തെ പുനരുജ്ജീവിപ്പിച്ചു. അഞ്ഞൂറില്‍ താഴെ അംഗങ്ങളെ അതിലുള്ളൂ.സ്വന്തം സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറുള്ള മഞ്ഞപ്പോരാളികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ...അഡോള്‍ഫ് ഹിറ്റ്‌ലര്‍ .  മമ്മാ.. അവസാനത്തെ കത്തില്‍ ഒരു തെരുവുഗായകനെക്കുറിച്ച് പരാമര്‍ശമുണ്ട്. മറ്റൊന്നില്‍ പലഹാരവില്‍പ്പനക്കാരന്‍ അങ്ങിനെ ഓരോന്നിലും ഓരോരുത്തര്‍ .ഇവരെല്ലാം സംഘത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ആറ് യോഗങ്ങള്‍ ഞങ്ങള്‍ ചേര്‍ന്നു. ഡോ:ഡ്ലെ അയക്കുന്ന കത്തുകളെല്ലാം ഒറ്റ നോട്ടത്തില്‍ പ്രണയലേഖനങ്ങളാണ് ...കാരണം ഗസ്റ്റപ്പോകളെ ഞങ്ങള്‍ ഭയക്കുന്നു.അതിലെല്ലാം യോഗസ്ഥലം പറഞ്ഞുതരുന്ന ആളെക്കുറിച്ചുള്ള ഒരു സൂചന കാണും.ഇന്ന് അവസാന യോഗവും കഴിഞ്ഞു.നാല് മഞ്ഞപ്പോരാളികള്‍ ഇന്നുരാത്രി മ്യൂണിച്ചിലേക്ക് യാത്ര തിരിക്കുകയാണ്. മരണത്തിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് അവർ ഫ്യൂററെ തേടിപ്പോകുന്നു. പ്രിയപ്പെട്ട മമ്മാ... അവരിൽ ശപിക്കപ്പെട്ട ഈ സന്തതിയുമുണ്ട്. "               


                 മമ്മ നിലവിളിക്കുമോ എന്ന് ഞാന്‍ ഭയന്നു.പക്ഷെ ഞാന്‍ സൂചിപ്പിച്ചല്ലോ...ഞങ്ങള്‍ ജൂതരാണ് .അവര്‍ വാവിട്ട് കരയില്ല.തല പിളരുവോളം ഭിത്തിയില്‍ ഉറക്കെയിടിക്കും, നെഞ്ചു തകരുവോളം മാറത്തടിക്കും.പക്ഷെ ഉറക്കെക്കരയില്ല. ആ വൃദ്ധ എന്നെ കെട്ടിപ്പിടിച്ചു.അവരുടെ കണ്ണീര് എന്റെ തോളിൽ നനവ്‌ പടർത്തി.മമ്മയുടെ നെഞ്ചിടിപ്പും എങ്ങലും നിശ്വാസവും എന്റെ ഹൃദയം തിരിച്ചറിഞ്ഞു.ഒരു വാക്കുപോലും ഉരിയാടുവാൻ അവരെ ഞാന്‍ അനുവദിച്ചില്ല. എനിക്കറിയാം ...അവരെന്നെ തടയും കാരണം അവര്‍ ഒരമ്മയാണ്.


    "എന്നെ തടയുന്നതില്‍ അർത്ഥമില്ല മമ്മാ..രാജ്യമെമ്പാടും ജൂതരെ കൂട്ടക്കൊല ചെയ്യുന്നു.ഇന്നോ നാളെയോ ഗസ്റ്റപ്പോകള്‍ ഇവിടെയുമെത്തും . സംശയമില്ല  നമ്മളും ഷ്വിറ്റ്‌സില്‍ അവസാനിക്കും.അതിനുമുന്‍പ് ഒരവസാന ശ്രമം.എല്ലാ വര്‍ഷവും  ഒക്ടോബര്‍ 25 ന്   മ്യൂണിച്ച്  യോഗത്തിന്റെ  ഓര്‍മ്മപുതുക്കല്‍ സമ്മേളനത്തിനായി ഫ്യൂറര്‍ ബീർഹാളിലെത്തും. ഇത്തവണ സ്വിസ്  റിപ്പോര്‍ട്ടര്‍മാരായി ഞങ്ങളുംഒരുപക്ഷെ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഈ മണ്ണിലെ ജൂതര്‍ മതിമറന്നു സന്തോഷിക്കും.പക്ഷെ അപ്പോഴും മമ്മയ്ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മ്യൂണിച്ചിലെ ബീര്‍ഹാളില്‍ നിന്നും ഒരൊറ്റ മഞ്ഞപ്പോരാളിയും ജീവനോടെ  പുറത്തുവരില്ല.എങ്കിലും ജൂതര്‍ ഉള്ളടത്തോളം കാലം അവരുടെ മനസ്സില്‍ ഞങ്ങള്‍ ജീവിക്കും."      


  നെഞ്ചിൽ നിന്നും മമ്മയെ ഞാൻ അടര്‍ത്തിമാറ്റി.വിതുമ്പൽ അടക്കിപ്പിടിച്ച് അവരെന്നോട് ചോദിച്ചു .


"റെഡ് ...മറ്റുള്ളവര്‍ ?" പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്കായില്ല.


"ജൊനാഥനും ബെന്‍സനും മിഖായേലും.ദൈവം കനിഞ്ഞാല്‍ ജൊനാഥന് ഉന്നം പിഴയ്ക്കില്ല.കൊലപാതകത്തെ ഒരു ജൂതനും ഇഷ്ടപ്പെടുന്നില്ല.പക്ഷെ ഇവിടെ ചെകുത്താന്മാര്‍ ജനിക്കുന്നത് ദൈവനാമത്തിലാണ്".


        ഇരുട്ടു വീണ മുറിയില്‍ നിന്നും വേച്ചുവേച്ച് പുറത്തേക്ക് പോയ മമ്മ എനിക്ക് ആഹാരം വിളമ്പി വെച്ചു. വിശക്കുന്നുണ്ടായിരുന്നില്ല.എങ്കിലും ഞാൻ  കഴിച്ചു. തൊട്ടരുകിൽ ഇരുന്നിട്ടും മമ്മയുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.അതെന്നെ ദുര്‍ബ്ബലപ്പെടുത്തുമെന്ന്   ഞാന്‍ ഭയന്നു. 

 

      "മമ്മയുടെ ദൈവം എന്നെങ്കിലും  അനീറ്റയെ  തിരികെക്കൊണ്ടുവരികയാണെങ്കിൽ ആ പ്രണയലേഖനങ്ങള്‍ അവള്‍ക്ക് നല്‍കണം.അത് വായിച്ച് അവളും  മമ്മയെപ്പോലെ പരിഭവിച്ചേക്കും.അവളെ മമ്മ തിരുത്തണം. ഗോപുരം കുത്തി മറിക്കുവാന്‍ പോയ നാല് കൂനനുറുമ്പുകളുടെ കഥ അവളോട്‌ പറയണം." 


        ചിരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിക്കുവാനാണ് ഞാന്‍ ആഗ്രഹിച്ചതും ശ്രമിച്ചതും.പക്ഷെ എന്റെ കണ്ണുകളിലെ നനവ്‌ ചിരിയെ വികൃതമാക്കി.ഞാനിറങ്ങുമ്പോള്‍ മമ്മ പ്രാര്‍ഥിക്കുകയായിരുന്നു.യാത്ര ചോദിച്ചതുപോലും അവര്‍ കേട്ടില്ല.എനിക്കുറപ്പായിരുന്നു ആ പ്രാര്‍ഥന എനിക്കുവേണ്ടിയും അനീറ്റയുടെ ആത്മാവിനുവേണ്ടിയുമായിരുന്നു.വാതില്‍ പുറത്തുനിന്നും ചാരി ഞാന്‍ നടന്നു...മുറ്റത്തെ ചെടികളുടെ ഇലക്കൂമ്പുകളില്‍ വിരലോടിച്ചുകൊണ്ട്...അവയും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.    


                    റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രി ഒന്നര കഴിഞ്ഞു.ജൊനാഥനും ബെന്‍സനും മിഖായേലും എത്തിക്കഴിഞ്ഞിരുന്നു.തൂണിന്റെ ചുവട്ടിലും ഇരുപ്പിടങ്ങളിലുമായി ഓരോരുത്തരും സ്ഥാനം പിടിച്ചു.യാത്രയാക്കുവാന്‍ എത്തിയ  ഡെന്നയും  ഡോ:ആഡ്ലെയും ഒരു മൂലയില്‍ മാറിനില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ യാത്ര  അവിടെനിന്നും തുടങ്ങുകയായിരുന്നു. ബെര്‍ലിനിലെക്കും മ്യൂണിച്ചിലെ ബീര്‍ഹാളിലേക്കും.പിന്നെ ....         

                                                                                                                                           
(If You Really Enjoyed This Story ,Then Please Share It With Your Friends)    

Friday, June 22, 2012

ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി


            ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മെയില്‍ വായിക്കുവാന്‍ ഞാന്‍ മാറ്റിവയ്ക്കാറുണ്ട്. ബ്ലോഗ്‌ എഴുതുന്നതിലുള്ള അതേ താൽപ്പര്യം ഇക്കാര്യത്തിലുമുണ്ട്. കഥകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾക്കെല്ലാം മറുപടിയും നൽകാറുണ്ട്.മുന്‍പ് ഫേസ് ബുക്കില്‍ ഫാംവില്ല സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. പിന്നെപ്പോഴോ അതുപേക്ഷിച്ചു. പക്ഷെ ഇപ്പോഴും എന്റെ സുഹൃത്തുക്കളിൽ പലരും പൂമ്പാറ്റകളേയും പക്ഷികളേയുമൊക്കെ  അയച്ചുതരാറുണ്ട്.ആ അറിയിപ്പുകള്‍ മെയില്‍ ബോക്സിന്റെ പകുതിയും നിറയ്ക്കും.തുറന്നുപോലും നോക്കാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്.പലപ്പോഴും പ്രധാനപ്പെട്ട മെയിലുകളും അബദ്ധവശാൽ ആ കൂട്ടക്കുരുതിയിൽ അകപ്പെടാറുണ്ട്.രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സിജോ ജോസഫ് എന്നയാളുടെ ഹ്രസ്വമായ ഒരു മെയിൽ ഉണ്ടായിരുന്നു.കഥകളെ സംബന്ധിച്ച അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ആയിരുന്നില്ലത്  .എഴുതിയിരുന്നത് ഇത്രമാത്രം.
        "ബ്ലോഗിലെ കഥകള്‍ വായിച്ചിരുന്നു.താങ്കളുമായി ചാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.സൗകര്യപ്രദമായ ദിവസവും സമയവും അറിയിക്കുമല്ലോ ?".
            ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം ഞാൻ ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് മറുപടി നല്‍കി.ഓണ്‍ലൈന്‍ ആയപ്പോള്‍ സിജോയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടു.അത് ഞാന്‍ സ്വീകരിച്ചു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചാറ്റ് ബോക്സില്‍ അദ്ദേഹത്തിന്റെ ആദ്യസന്ദേശം വന്നു.പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ സാന്നിധ്യം അറിയിച്ചു. ഞങ്ങൾ നടത്തിയ ആശയവിനിമയം അതേപോലെ ഇവിടെ പകര്‍ത്തുന്നു."ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു.താങ്കളുടെ അവതരണശൈലി വളരെ ഹൃദ്യമാണ്.അടുത്തതായി ഒരു നോവൽ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ? "."അതെ ...അങ്ങനെ കരുതുന്നു""നല്ല ഒരു ത്രഡ് ഞാന്‍ നൽകാം.അതൊന്ന് വികസിപ്പിക്കാമോ?""അങ്ങനെ എഴുതിയാല്‍ സംതൃപ്തി കിട്ടില്ല.തന്നെയുമല്ല അത് താങ്കളിലെ എഴുത്തുകാരനോട്‌ ചെയ്യുന്ന ദ്രോഹവുമാണ്.ആ കഥ താങ്കള്‍ തന്നെ തയ്യാറാക്കൂ.താങ്കളുടെ പേരില്‍ അത് ഞാൻ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം"."വേണ്ട സുഹൃത്തേ.എഴുതുവാന്‍ പറ്റിയ സാഹചര്യത്തിലല്ല ഞാന്‍. എനിക്കതിന് കഴിയുമെന്നും തോന്നുന്നില്ല.ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് സമയവുമില്ല.""എവിടെയാണ് താങ്കൾ ജോലിചെയ്യുന്നത്"."ഐ.ടി.മേഖലയിൽ ഉറക്കമിളയ്ക്കുന്ന ഒരു ജർമ്മൻ പ്രവാസി .""കൊള്ളാം "."ങ്ഹാ...പറഞ്ഞു വന്നതിലേക്ക് വരാം.ഞാന്‍ സൂചിപ്പിച്ച കഥ എന്റെ സൃഷ്ടിയല്ല. ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. ...ഗബ്രിയേല്‍ .ജര്‍മ്മന്‍കാരനാണ്.കക്ഷി എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്.അദ്ദേഹത്തിന്റെ ഔട്ട്‌ ഹൗസിലാണ് എന്റെ താമസം.മുന്‍പ് ഈ ഔട്ട്‌ ഹൗസ് ഒരു ഡംപിംഗ് യാര്‍ഡ്‌  ആയിരുന്നെന്നു തന്നെ പറയാം. തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ പഴയ കുറെ പുസ്തകങ്ങളും നോട്ടുബുക്കുകളും കിട്ടി.ഭാഷാഠനം ഇവിടെ നിര്‍ബന്ധിതമായതുകൊണ്ട് അത്യാവശ്യം ജര്‍മ്മന്‍ വായിക്കുവാനും എഴുതുവാനും  എനിക്കറിയാം  .താങ്കള്‍ക്ക് ജര്‍മ്മന്‍ അറിയുമോ ?.""ഇല്ല...താങ്കള്‍ തുടരൂ" "വൃത്തിയാക്കുന്നതിനിടയിൽ വളരെ പഴക്കമുള്ള,ദ്രവിച്ചു തുടങ്ങിയ ഒരു നോട്ട് ബുക്ക്‌ ലഭിച്ചു.അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു.എല്ലാം കൂടി വാരിക്കൂട്ടി തീയിടാൻ തുടങ്ങിയപ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്.എടുത്ത് വെറുതേ വായിച്ചുനോക്കി.ആത്മകഥ എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല.എങ്കിലും രസം തോന്നി.  എഴുത്തുകാരനെക്കുറിച്ച് ഗബ്രിയേലിനോട് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിനും വ്യക്തമായ അറിവില്ലായിരുന്നു."മുത്തച്ഛന്റെ ശേഖരത്തിലെ എന്തൊക്കെയോ കടലാസുകളാണ്" എന്നുമാത്രം പറഞ്ഞു.ആകെക്കൂടി മുപ്പതു പേജുകൾ. തുടക്കവുമില്ല ഒടുക്കവുമില്ല.ഇടയ്ക്കുള്ള കടലാസുകൾ ഭൂരിഭാഗവും കാലപ്പഴക്കത്തില്‍ ദ്രവിച്ചും പോയി.കത്തിച്ചു കളയേണ്ട പാഴ്വസ്തു തന്നെ.കിട്ടിയ പേജുകളാകട്ടെ...ഒരു കഥ സൃഷ്ടിച്ചെടുക്കുവാന്‍  പര്യാപ്തവുമല്ല .എങ്കിലും ഞാനത് നശിപ്പിച്ചില്ല.അതിന്റെ കാരണം പറയും മുന്‍പ് താങ്കളുടെ മെയില്‍ ബോക്സ് ഒന്ന് നോക്കൂ .നോട്ട് ബുക്കിലെ വരികള്‍ എനിക്കറിയാവുന്നതുപോലെ പരിഭാഷപ്പെടുത്തി  അയച്ചിട്ടുണ്ട്. വായിച്ചു നോക്കൂ ..ഞാൻ ലൈനിൽ തുടരാം."


മെയില്‍ ബോക്സിൽ സിജോ പരിഭാഷപ്പെടുത്തിയ മൂന്നു കുറിപ്പുകള്‍  കണ്ടു.


  ഒന്നാം കുറിപ്പ്:-"ഹാളിലെ ജനക്കൂട്ടത്തിന് നടുവില്‍ വച്ച് കൊല്ലപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞങ്ങള്‍ ആ സാഹസത്തിന് തയ്യാറായത്. മരണത്തെ ഞങ്ങള്‍ ഭയപ്പെട്ടില്ല. പ്രസംഗപീത്തിനരുകിലേക്ക് അയാൾ  എത്തിയപ്പോൾ ഏവരുടെയും ശ്രദ്ധ  അവിടേക്ക് തിരിഞ്ഞു.പ്രസംഗം ആരംഭിച്ചു. അതൊരു പ്രസംഗമായിരുന്നില്ല.നിരാലംബരായ ഒരു ജനതയോടുള്ള കൊലവിളിയായിരുന്നത്. ലക്ഷ്യത്തില്‍ തറച്ച അമ്പ്‌ പ്രകമ്പനം കൊള്ളുന്നതുപോലെ നാസികളുടെ ഹൃദയത്തില്‍ ജൂതവിരോധം കുത്തി നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു അയാളുടെ ഓരോ വാക്കുകളും.ഞാനവര്‍ക്ക് അടയാളം നല്‍കി.ജൊനാഥന്റെ കൈകള്‍ വിറക്കുന്നത്‌ ആദ്യമായി ഞാന്‍ കണ്ടു.എങ്കിലും അയാളുടെ ശിരസ് ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചു. നിമിഷത്തിന്റെ ആയിരത്തിലൊന്നില്‍ സംഭവിച്ച പിഴവിൽ, അയാളുടെ മുടിയിഴകളെ തഴുകിപ്പോയ ബുള്ളറ്റിന് ലക്‌ഷ്യം പിഴച്ചു.കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹാളിലെ ജനക്കൂട്ടം ഒന്നടങ്കം ഞെട്ടി.സുരക്ഷാവലയം തീർക്കുവാനായി  ഭടന്മാര്‍  പാഞ്ഞടുത്തു.എന്നാൽ കൈകൾ ഉയർത്തി അയാൾ  അവരെ തടഞ്ഞു .ഏതാനും നിമിഷത്തെ നിശബ്ദതയെ   ഭഞ്ജിച്ച് , ജ്വലിക്കുന്ന കണ്ണുകള്‍ ഞങ്ങളുടെ മുഖത്തുപ്പിച്ചു കൊണ്ട്‌ അയാള്‍ പ്രസംഗം തുടര്‍ന്നു.ഗസ്റ്റപ്പോകൾ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. "         രണ്ടാം കുറിപ്പ്:-"മുട്ടിനുതാഴെ ദുര്‍ബ്ബലമായ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങുന്ന വേദന.ശരീരവും മനസും വാടിത്തളര്‍ന്നു.അതെല്ലാം മറന്ന് സ്വാതന്ത്ര്യത്തിന്റെ ആ വിടവിലേക്ക് സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍  പാഞ്ഞു. പിന്നില്‍നിന്നും ശിരസിനെ ലക്‌ഷ്യം വെച്ചെത്തുന്ന ബുള്ളറ്റുകളെ പ്രതീക്ഷിച്ചുകൊണ്ടു തന്നെ. അതിലൊന്ന് എന്റെ ഇടത്തേ ചെവിയുടെ മാംസളമായ ഭാഗത്തെ ചിതറിച്ചുകൊണ്ട് പാഞ്ഞുപോയി.പുറത്തേക്കുള്ള കുതിപ്പില്‍ ആ വേദന എനിക്കനുഭവപ്പെട്ടില്ല.ആ നീറ്റലും ഞാനറിഞ്ഞില്ല.".


   മൂന്നാം കുറിപ്പ്:-"ശബ്ദിക്കുവാന്‍ കഴിയാത്ത വിധം പിന്നിൽ നിന്നും അവളുടെ വായ ഞാന്‍ പൊത്തിപ്പിടിച്ചു. എനിക്ക് തല ചുറ്റുന്നുണ്ടായിരുന്നു.ഏതു നിമിഷവും താഴെ വീണുപോകുംവിധം   ക്ഷീണിതനുമായിരുന്നു. വിറച്ചുകൊണ്ടാണെങ്കിലും അവളുടെ കഴുത്തില്‍ ഞാൻ കത്തി ചേര്‍ത്തുപിടിച്ചു.ശബ്ദം താഴ്ത്തി അവളുടെ ചെവിയില്‍ പറഞ്ഞു."പെണ്ണേ ...മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ നിന്നെ ഞാന്‍  ബലമായി ഭോഗിക്കുമായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാന്‍  വല്ലാതെ ക്ഷീണിതനാണ്...കാര്‍ന്നുതിന്നുന്ന വിശപ്പും. എനിക്കിത് സഹിക്കാനാവുന്നില്ല.ഹൃദയമിടിപ്പിനപ്പുറം നിന്നില്‍ നിന്നും ഒരു ശബ്ദമുയർന്നാൽ...യാതൊരു സംശയവുമില്ല... ഞാനിത് നിന്റെ കഴുത്തിലിറക്കും. മനുഷ്യമാംസം ഭക്ഷിക്കുവാനും ഞാന്‍ മടിക്കില്ല ".


          പരസ്പര ബന്ധമില്ലാത്ത ഈ  വരികളാണ് സിജോ അയച്ചു തന്നത്.തിരികെ ചാറ്റ് ബോക്സിലെത്തിയ ഉടൻ കഥയുടെ തുടര്‍ച്ച വ്യക്തമാക്കുന്ന കുറിപ്പുകൾ സിജോയോട് ഞാൻ ആവശ്യപ്പെട്ടു.പക്ഷെ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

"ക്ഷമിക്കണം...വേണമെങ്കിൽ ഇതുപോലെയുള്ള രണ്ടോ മൂന്നോ കുറിപ്പുകള്‍ കൂടി തരാം.അത് മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളതും. കഥയുടെ ത്രഡ് എന്നതുകൊണ്ട് തുടക്കത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് ഈ കുറിപ്പുകളാണ്.ഇവയെ ബന്ധിപ്പിക്കുവാന്‍ താങ്കള്‍ക്ക് സാധിച്ചാല്‍ ഒരു നല്ല കഥ സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും.""ശ്രമിച്ചു നോക്കാം.ഗബ്രിയേലിന്റെ മുത്തച്ഛന്റെതാണോ ഈ കുറിപ്പുകൾ?"


"അല്ല...അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിനു വേണ്ടി ആരിൽ നിന്നോ സംഘടിപ്പിച്ചതാണിവ ."


"മനസിലായില്ല"


"വ്യക്തമാക്കാം ..."


"ഹോളോകോസ്റ്റ് റിസേർച്ച്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ മേധാവിയായിരുന്ന അദ്ദേഹത്തിന്റെ പേര് പ്രോഫസ്സർ:കെവിൻ എന്നായിരുന്നു. ഓഷ്വിറ്റ്‌സ് തടങ്കൽ പാളയത്തിൽ ജൂത തടവുകാർ നടത്തിയ ഏതോ ഒരു കലാപം സംബന്ധിച്ച ഗവേഷണത്തിലായിരുന്നു അദ്ദേഹം . എന്നാൽ അത് പൂർത്തിയാക്കും മുൻപ് അദ്ദേഹം മരണമടഞ്ഞു. അടുത്ത തലമുറയ്ക്ക് അതിലൊന്നും താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഗവേഷണശാല കാലാന്തരത്തിൽ ചരിത്രരേഖകളുടെ ഒരു ഡംപിങ്ങ് യാർഡായി മാറി. ദാശാബ്ദങ്ങൾക്കുശേഷം അവിടെ താമസം തുടങ്ങിയ ഈ പുതിയ അന്തേവാസിയുടെ കൈകളിലേക്ക് ആ കടലാസുകൾ വന്നുചേർന്നു."


"ഓഹ്...സിജോ അവിടെയാണ് താമസം തരപ്പെടുത്തിയത് ..അല്ലേ?"


"അതേ..."


"അപ്പോൾ ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ പ്രോഫസ്സർ കെവിൻ അല്ല. എഴുത്തുകാരനെക്കുറിച്ച്  കൂടുതലായി അറിയുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?"


"വളരെ ബുദ്ധിമുട്ടാണ്. അതിരിക്കട്ടെ...കുറിപ്പുകള്‍ വായിച്ചപ്പോള്‍ നായകനെക്കുറിച്ച് എന്ത്  തോന്നുന്നു?"


"ഒരു പോരാളിയെന്നോ...വിപ്ലവകാരിയെന്നോ ഒക്കെ പറയാം"


"ശരിയാണ്...ആ  കുറിപ്പുകള്‍ക്കൊപ്പം ഒരു ചിത്രം കൂടിയുണ്ടായിരുന്നു. അയാള്‍  ആര്‍ക്കെതിരെയാണോ  പൊരുതിയത്  അയാളുടെ ചിത്രം. അതുള്‍പ്പെടെ എല്ലാ പേജുകളും  താങ്കള്‍ക്ക് ഞാന്‍ അയച്ചു കഴിഞ്ഞു .ഒരിക്കല്‍ കൂടി മെയില്‍ നോക്കൂ .ഞാനിവിടെ തുടരാം "         


           നിമിഷങ്ങള്‍ക്കുള്ളില്‍  അവയെല്ലാം ഞാന്‍ വായിച്ചുതീർത്തു.ആ ചിത്രം കണ്ടപ്പോള്‍ നടുങ്ങിപ്പോയി. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ മറുപടി  നല്‍കി.


"സിജോ...എനിക്ക് ഇതിൽ താൽപ്പര്യമുണ്ട്.ഈ കുറിപ്പുകൾ വികസിപ്പിക്കുവാൻ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും ".


"തുടർന്ന് വായിക്കുമ്പോൾ ഇത് പരാജിതനായ ഒരു പോരാളിയുടെ അനുഭവക്കുറിപ്പുകളാണെന്ന് താങ്കൾക്ക് മനസിലാകും. അതുകൊണ്ട് ഇതൊരു കഥയാക്കിയാലും നോവലാക്കിയാലും ആ വ്യക്തിയോടും കാലഘട്ടത്തോടും നീതി  പുലർത്തുവാൻ താങ്കൾ  ബാധ്യസ്ഥനാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിക്കരുത്‌.


"ഒരിക്കലുമില്ല..."


"ഈ കഥയ്ക്ക്‌ താങ്കള്‍ എന്ത് പേരാണ് നല്‍കുവാൻ ഉദ്ദേശിക്കുന്നത്?"


"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി".എന്തുകൊണ്ടെന്നറിയില്ല അങ്ങിനെ ഒരു പേരാണ് മനസ്സില്‍ വന്നത്.

     ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി തന്റെ കുറിപ്പുകളില്‍ പരാമര്‍ശിച്ച ആ പ്രതിനായകൻ ആരെന്നറിയുവാൻ പ്രിയ വാനയക്കാരാ ,താങ്കൾക്കും ആകാംക്ഷയുണ്ടെന്ന് എനിക്കറിയാം. കാലവും  മനുഷ്യനും  മറക്കാത്ത   ചിത്രത്തില്‍  നിന്നും നമ്മള്‍ തുടങ്ങുകയാണ്...പരാജിതനായ ഒരു പോരാളിയുടെ കഥ. ഈ കാല്‍ച്ചുവട്ടില്‍ പുഴുക്കളെപ്പോലെ ഞെരിഞ്ഞമര്‍ന്ന ആയിരങ്ങളില്‍ ഒരുവന്റെ കഥ.                                                                                                                                                      
(Join This Site To Get New Stories in Seconds)  
(If You Enjoyed This Post, Please Take 5 Seconds To Share It)