### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Thursday, October 15, 2015

ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍ (നോവല്‍ എ.ഡി-1632)

നോവല്‍ -എ ഡി 1632 

ഭാഗം 1 
അദ്ധ്യായം 11  
ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍ 

                                                                  The beginning was HERE

നിരനിരയായി വെട്ടിയൊതുക്കിയ അലങ്കാര ചെടികള്‍ കൊണ്ട് മനോഹരമാക്കിയ കൊച്ചു മുറ്റം.കല്ലു പാകിയ ഇടുങ്ങിയ നടപ്പാതയുടെ ഓരങ്ങളിൽ ചുവന്ന പുള്ളികളുള്ള വെളുത്ത കാർനേഷൻ പൂക്കളും മഞ്ഞ ലില്ലിയും ഇടയ്ക്കിടെ എത്തിനോക്കുന്ന നീലമണിപ്പൂക്കളും.തെളിഞ്ഞ പ്രഭാതത്തില്‍ ആ പൂക്കളത്രയും കടും നിറത്തിന്റെ മനോഹാരിതയിലും ഇലകളാകമാനം ഉജ്വലമായ പച്ചപ്പിലും തുടിച്ചുനിന്നു.ചേതോഹരമായ ആ ചുറ്റുപാടില്‍ സ്വയം മറന്ന് പ്രഭാത നടത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന ജുവാന,ആ സമയമത്രയും നിശ്ചയമായും ലൂയിസിനെക്കുറിച്ച് ചിന്തിച്ചിരിക്കുവാനാണ് സാധ്യത.അവരുടെ പ്രണയം അതിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് ഊര്‍ജ്ജസ്വലമായ യൌവ്വനത്തിലേക്ക് കടന്നിട്ട് അധികനാളുകളായിരുന്നില്ല.അതിന്റെ സ്വാഭാവികമായ എല്ലാവിധ ആശങ്കകള്‍ക്കുമൊപ്പം സ്ത്രീസഹജമായ അതിവൈകാരികതയും ചേര്‍ന്നുള്ള സുഖകരമായ  അലട്ടലില്‍ നിന്നും അവളെ ഉണര്‍ത്തിയത് അവിടേക്ക് അടുത്തുകൊണ്ടിരിന്ന കുതിരക്കുളമ്പടി ശബ്ദമാണ്.  

നീളന്‍ കുപ്പായം ഉയര്‍ത്തിപ്പിടിച്ച്‌,ഇലപ്പടര്‍പ്പുകള്‍ തീര്‍ത്ത കമാനത്തിനരുകിലേക്ക് ലോലമായ പാദങ്ങളെ അവള്‍ വേഗം ചലിപ്പിച്ചു. ലൂയിസിനെ കണ്ട മാത്രയില്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്ന് പ്രണയാതുരമായി. ഫാദര്‍ വെസാല്‍കോയെ ഇറങ്ങുവാന്‍ അവന്‍ സഹായിച്ചു.അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ലൂയിസ് അവള്‍ക്കരുകിലേക്ക് വന്നു.തലേന്ന് ലോപ്പസിന്റെ സംസ്കാരചടങ്ങിനിടെ അവളോട്‌ സംസാരിച്ചപ്പോള്‍ വെസാല്‍കോയുടെ ഓരോ വാക്കുകളിലും വൈദികന്റെ സഹജമായ സ്ത്രീവിരക്തിയുടെ പരുക്കന്‍ ഭാവമുണ്ടായിരുന്നുവെങ്കില്‍, ഇത്തവണ അത് തരളമായ വാത്സല്യമായി പരിണമിച്ചു കഴിഞ്ഞിരുന്നു.പുലര്‍ച്ചെ എത്തിയ ആ അപ്രതീക്ഷിത അതിഥികള്‍ സമ്മാനിച്ച അമ്പരപ്പ് അവളുടെ കുഞ്ഞു മുഖത്ത് അത്രയ്ക്കും പ്രകടമായിരുന്നു.

"ജുവാനാ....കൊച്ചുസുന്ദരീ....അങ്ങനെയല്ലേ നിന്റെ പേര്?..നീയെന്താണ് ഇങ്ങനെ അമ്പരന്നു നില്‍ക്കുന്നത്?.ചെല്ലൂ..മാര്‍ത്ത മുത്തശ്ശിയോടു പറയൂ...പഴയ വികൃതി ചെറുക്കന്‍ വെസാല്‍കോ ... ഇതാ... ഇവിടെയിങ്ങനെ കാത്തുനില്‍ക്കുന്നുവെന്ന് ..."
അവള്‍ക്കൊന്നും മനസിലായില്ല.ആകെ ആശയക്കുഴപ്പം...വ്യക്തത പ്രതീക്ഷിച്ചു കൊണ്ടാവണം അവള്‍ ലൂയിസിനെ നോക്കിയത് ...അവനാകട്ടെ ജുവാനയുടെ വെപ്രാളവും തത്രപ്പാടും ശരിക്കും ആസ്വദിച്ച് മനോഹരമായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് .

"അകത്തേക്ക് വരൂ...ഞാന്‍ മുത്തശ്ശിയെ വിളിക്കാം"

ചെളിപുരണ്ട ഷൂസ് അഴിച്ചുവെയ്ക്കാതെ സ്വീകരണ മുറിയിലേക്ക് പ്രവേശിക്കവേ വെസാല്‍കോ മെല്ലെ ലൂയിസിനോട് പറഞ്ഞു .

"പണ്ടും എന്‍റെ ഈ ശീലമാണ് ചെറിയമ്മയെ ഏറ്റവും പ്രകോപിപ്പിചിട്ടുള്ളത്. പിന്നീട് ഞാന്‍ അത് ഉപേക്ഷിച്ചെങ്കിലും ഇന്നിപ്പോള്‍ മനപൂര്‍വ്വം അത് ആവര്‍ത്തിക്കുന്നതില്‍ കുട്ടിത്തത്തിന്റെ ഒരു സുഖമുണ്ട്..."

വെടിപ്പുള്ള കൊച്ചു സ്വീകരണമുറിയിലെ ടീപ്പോയിയില്‍ നിരതെറ്റാതെ അടുക്കി വെച്ച തുകല്‍ച്ചട്ടയുള്ള മൂന്നു പുസ്തകങ്ങള്‍.അതില്‍,അജ്ഞാതമായ ഏതോ നാട്ടിലേക്ക് ഭാഗ്യം തേടിപ്പോയ സാഹസികനായ യുവനാവികന്‍റെ ദിനസരിക്കുറിപ്പുകള്‍ വിവരിക്കുന്ന പുസ്തകം എണ്ണമറ്റ ആവര്‍ത്തി വായിക്കപ്പെട്ടത്തിന്‍റെ പരുക്കുകളോടെ തള്ളിനിന്നു. വെസാല്കോ അത് ഒന്നോടിച്ചു മറിച്ച് നോക്കവേ തൊട്ടരുകില്‍ ഒരു വൃദ്ധയുടെ വിഷാദ ശബ്ദം ഇങ്ങനെ പറഞ്ഞു .

"ഇല്ല ..വെസാല്‍കോ...നിന്നോട് പണ്ട് നൂറ് ആവര്‍ത്തി പറഞ്ഞ കഥകളേ അതിലുള്ളൂ.സാഹസികരാരും മടങ്ങി വരില്ല. അജ്ഞാതമായ തുരുത്തുകളില്‍ അവര്‍ സുഖമായി ജീവിച്ചു എന്ന പരിസമാപ്തിയില്‍ എല്ലാം അവസാനിക്കും...അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ വിസ്മരിക്കപ്പെടും...കഥയിലും ജീവിതത്തിലും."

മാര്‍ത്തയില്‍  കാലം അടയാളപ്പെടുത്തിയ ചുളിവുകളെ അരനിമിഷം അമ്പരപ്പോടെ നോക്കിയ ശേഷം ആ വൃദ്ധയെ വെസാല്‍കോ വാരിപ്പുണര്‍ന്നു. മൈക്കലേഞ്ചലോയുടെ "പിയാത്തെ" ശില്പത്തെ അനുസ്മരിപ്പിക്കുന്ന സാന്ത്വന രംഗം...വൈകാരിക പ്രക്ഷുബ്ധതയെ നെടുവീർപ്പുകളിൽ അവർ ഒതുക്കിനിർത്തി.

അവരുടെ സ്വകാര്യതയെ മാനിച്ച് ലൂയിസ് മുറ്റത്തേക്ക് ഇറങ്ങി.ഫാദര്‍ വെസാല്‍കൊയെ പ്രാതലിന് ക്ഷണിച്ചശേഷം ജുവാന അടുക്കളയിലേക്ക് നീങ്ങി. സ്ത്രീ സഹജമായ കൌതുകവും ഈ നാടകീയ രംഗങ്ങള്‍ ഉളവാക്കിയ ജിജ്ഞാസയും ചെവികളെ സ്വീകരണ മുറിയില്‍ ഉപേക്ഷിച്ച് മടങ്ങുവാന്‍ ജുവാനയെ പ്രേരിപ്പിച്ചത് സ്വാഭാവികം.എന്നാല്‍ അവരുടെ സംഭാഷണമാവട്ടെ രഹസ്യ സ്വഭാവമുള്ളതോ  അടക്കിപ്പിടിച്ചതോ ആയിരുന്നില്ല.

അതിവൈകാരികതയോടെ തുടങ്ങിവെച്ച പൂര്‍വ്വകാല സ്മരണകളെയെല്ലാം പൊട്ടിച്ചിരിയിലും സന്തോഷാശ്രുക്കള്‍ ഇടനിലക്കാരായ ഗദ്ഗദങ്ങളിലുമായി അവര്‍ അവസാനിപ്പിച്ചു.മാര്‍ത്ത ചെറിയമ്മയുടെ തിരോധാനത്തിന്റെ നാളുകളെക്കുറിച്ച് വെസാല്‍കോ യാതൊന്നും ചോദിച്ചില്ല.

പ്രാതല്‍ സമയത്ത്  ഒപ്പമിരിക്കുവാന്‍  ലൂയിസിനെ  കൂടി വെസാല്‍കോ ക്ഷണിച്ചു.അവന്‍ ഒന്നു മടിച്ചു.

"ഇന്നലെ അത്താഴം ഒരുമിച്ചായിരുന്നുവെങ്കില്‍ ഇന്നത്തെ പ്രാതലും അങ്ങനെതന്നെ...വരൂ ...എനിക്കരുകില്‍ ഇരിക്കൂ "

നെയ്യില്‍ വറുത്ത ടര്‍ക്കിക്കോഴിയുടെ മാംസവും മുന്തിരി വീഞ്ഞും രുചികരമായിരുന്നു.ജുവാനയുടെ പാചകത്തെ പ്രശംസിക്കുവാന്‍ ലൂയിസ് ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും ആ സാഹചര്യത്തില്‍ അത് അനുചിതമായി തോന്നി.

തീന്‍ മേശയില്‍ സംസാരിക്കുന്നത്  മാര്‍ത്ത മുത്തശ്ശിക്ക് ഇഷ്ടമല്ല എന്നറിയാവുന്നതു കൊണ്ടാണ് വെസാല്‍കോയും അതിന് തുനിയാതിരുന്നത്. എന്നാല്‍ ആ പതിവ് ലംഘിച്ച് ജീവിതത്തില്‍ ആദ്യമായും അവസാനമായും മാര്‍ത്ത മുത്തശ്ശി തീന്മേശയില്‍ സംസാരിച്ചു .

"വെസാല്‍കോ...നമുക്കിടയില്‍ മുഖവുരയുടെ ആവശ്യമില്ല.നീ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ സാന്റോ ഡോമിനോ പള്ളിയിലോ  അരമനയിലോ നിന്നെത്തേടി ഞാന്‍ എത്തുമായിരുന്നു...ഒരേയൊരു കാരണം ജുവാനയാണ്. അവള്‍ നമ്മുടെ പൈതൃകത്തിന്റെ ശേഷിപ്പാണ്...അതുകൊണ്ടുതന്നെ നീ അവള്‍ക്ക് പിതൃസ്ഥാനീയനും.വൈദികന്  ബന്ധുത്വം നിഷേധിക്കാം...പക്ഷെ മാതൃത്വത്തിന്റെ കല്‍പ്പനയെ അവഗണിക്കുവാന്‍ കഴിയില്ല.നിന്റെ പിതാവിന്റെ സഹോദരി എന്നതിലും ഉപരിയായി നിനക്ക് ഞാന്‍ മാതൃതുല്യയാണ്.നാലുവരി കുത്തിക്കുറിച്ച എന്‍റെ  കത്ത് ഈ വെളുപ്പാന്‍കാലത്ത് നിന്നെ ഇവിടം വരെ എത്തിച്ചുവെങ്കില്‍ അതിന് പ്രേരിപ്പിച്ചതും മറ്റൊന്നുമാകുവാന്‍ ഇടയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ഞാന്‍ വൃദ്ധയാണ് ...ജുവാനയുടെ ഭാവിയെ കരുതി എനിക്ക് ആശങ്കയുണ്ട്.അവള്‍ അനാഥയാകരുത് എന്നുമാത്രമേ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നുള്ളൂ.എനിക്ക് ശേഷം അവളുടെ സംരക്ഷണം നീ ഏറ്റെടുക്കണം. സഭയ്ക്ക് ഒരു കന്യാസ്ത്രീയെ അല്ല ഞാന്‍ വാഗ്ദാനം ചെയ്യുന്നത്.സ്വാഭാവികമായ ലൌകിക ജീവിതം അവള്‍ക്ക് ലഭിക്കണം. അതാണ്‌ ഞാന്‍ കാംക്ഷിക്കുന്നത്. നിന്നെ ബുദ്ധിമുട്ടിക്കുവാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല...ഈ ചുമതലകള്‍ സ്വയം നിറവേറ്റണം എന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ....അഥവാ എനിക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രം ...."

ഗദ്ഗദം കൊണ്ട്  അവരുടെ വാക്കുകള്‍ മുറിഞ്ഞു ...ഒരിറക്ക് വീഞ്ഞിനൊപ്പം അതിനെ അതിജീവിച്ചുകൊണ്ട് അവര്‍  തുടര്‍ന്നു.

"ജുവാനയ്ക്ക് കുലീനനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തുവാന്‍ നിന്റെ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.അവന്‍ ഭാഗ്യാന്വേഷിയായ സമുദ്രസഞ്ചാരിയോ മദ്യപാനിയോ യോദ്ധാവോ പരുക്കന്‍ തൊഴിലാളിയോ ആകരുത്....സമ്പന്നനായ മദ്ധ്യ വയസ്കനും ആരോഗ്യവാനായ ദരിദ്രനും എനിക്ക് ഒരേപോലെ അനഭിമിതരാണ്...എന്താ വെസാല്‍കോ...ഈ കിഴവി വല്ലാത്ത കാര്‍ക്കശ്യക്കാരിയായി തോന്നുന്നുണ്ടോ ? " 

മാര്‍ത്ത എണ്ണിപ്പറഞ്ഞ ഓരോ വിഭാഗവും അവരുടെ ദുരിത ജീവിതത്തില്‍ പരിക്കുകള്‍ സമ്മാനിച്ച വ്യക്തികളെയാവാം പ്രതിനിധീകരിക്കുന്നതെന്ന് വെസാല്‍കോ ഊഹിച്ചു ..

"കുടുംബത്തെ ദേവാലയമായി കാണുവാന്‍ കഴിയുന്ന ,വിശ്വാസിയായ... ശാന്തനായ ഒരു യുവാവ് ....അത്രയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ."

ഈ വിഷയത്തില്‍ മാര്‍ത്ത മുത്തശ്ശിക്ക് തന്‍റെ പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തശേഷമാണ് വെസാല്‍കോ വിടവാങ്ങിയത്.കൂടിക്കാഴ്ച ഇരുവര്‍ക്കും സന്തോഷവും പ്രതീക്ഷയുമാണ് നല്‍കിയത്.എന്നാല്‍ ജുവാനയ്ക്കും ലൂയിസിനും അത് സമ്മാനിച്ചത്‌ തങ്ങളുടെ പ്രണയഭംഗത്തിന്റെ സൂചനയും അതുളവാക്കിയ കടുത്ത നിരാശയുമാണ്‌. പരസ്പരം ഒന്ന് കാണുവാനോ ഒരുവാക്കെങ്കിലും സംസാരിക്കുവാനോ കഴിഞ്ഞിരുന്നെങ്കില്‍  പോലും ഈ അവസ്ഥയ്ക്ക് ഒരല്‍പം അയവ് ലഭിച്ചേനെ ...എന്നാല്‍ ഒരു മാത്ര പോലും പാഴാക്കാതെ ഫാദര്‍ വെസാല്‍കോയുമായി അവന് ട്രുജിലോയിലേക്ക് തിരിക്കേണ്ടി വന്നു

ഈ സമയം സാന്റോ ഡോമിനോ പള്ളിയുടെ കുമ്പസാരക്കൂട്ടിനരുകില്‍ കാത്തുന്നിന്നു മുഷിഞ്ഞ കുപിതനായ മറ്റൊരു ചെറുപ്പക്കാരന്‍ ഫാദര്‍ വെസാല്‍കൊയുടെ വിശ്വസ്ത പരിചാരകനായ ബെനിറ്റൊയോട് കയര്‍ക്കുകയായിരുന്നു ..

"എത്ര മണിക്കൂറുകളായി ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയാണ്... കുമ്പസാരത്തിലൂടെ പാപമോചിതനാകാമെന്ന ദുരാഗ്രഹമൊന്നും എനിക്കില്ല... ഇടവകക്കാരുടെ പ്രേരണകൊണ്ടാവാം,ജീവിതത്തില്‍  ആദ്യമായി ഈ ഏര്‍പ്പാടില്‍ കൌതുകം തോന്നി...കൃത്യനിഷ്ടയും സത്യസന്ധതയുമാണ് ഒരു വൈദികന് വേണ്ട മൌലിക ഗുണങ്ങള്‍...നിന്റെ യജമാനന്‍ വെസാല്‍കോയ്ക്ക് ഇത് രണ്ടുമില്ല.ഇനിയും ഈ നായ്ക്കൂടിന് കാവല്‍ നില്‍ക്കുവാന്‍ എന്നെ കിട്ടില്ല ...വികാരി വരുമ്പോള്‍ നീയിത് അയാളോട് വിസ്തരിച്ചു പറഞ്ഞോളൂ."

വീട്ടിലെത്തിയ ഗോണ്‍സാലസ് ആ കാത്തുനില്‍പ്പിന്റെ മടുപ്പും ദേഷ്യവുമെല്ലാം മദ്യത്തില്‍ അലിയിച്ചു.ഒട്ടും വൈകാതെ ജോലിയില്‍ വ്യാപൃതനായി.നാല് മുയല്‍ത്തോലുകള്‍ ഊറയ്ക്കിട്ടു.ചോരയൊലിപ്പിച്ച് പ്രാണവേദനയില്‍ പിടയുന്നവയില്‍ നിന്നും മുഴുത്ത ഒരെണ്ണത്തെ ഉച്ചഭക്ഷണത്തിനായി പിടികൂടി നുറുക്കവേ ഗോണ്‍സാലസ് സ്വയം പറഞ്ഞു

"ഞാന്‍ എന്തിന് കുമ്പസാരിക്കണം?..അതിനുതക്ക എന്ത് പാപമാണ് ഞാന്‍ ചെയ്തിട്ടുള്ളത് ....ഞാന്‍ ദയാലുവാണ്?..ഭക്ഷണത്തിനു വേണ്ടി മാത്രമാണ് ഒന്നിന്റെ പ്രാണന്‍ എടുത്തത്"

മദ്യലഹരിയില്‍ എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞ് വേച്ചുവേച്ച്‌ അയാള്‍ മുറ്റത്തെത്തി.തോലുരിയപ്പെട്ട മൂന്നുമുയലുകളും അപ്പോഴേക്കും പ്രാണന്‍ വെടിഞ്ഞിരുന്നു. അവറ്റകളുടെ ശരീരത്തില്‍ ചോരയോട് ഒട്ടിക്കുഴഞ്ഞ പൊടിയും മാംസത്തില്‍ ആര്‍ത്തിയോടെ കടിച്ചുതൂങ്ങിയ കുറേ ചുവന്ന ഉറുമ്പുകളും.

"ഹാ...നോക്കൂ...ഞാന്‍ തോലുമാത്രമേ എടുത്തുള്ളൂ....ജീവനെടുത്തിരുന്നില്ല. വാഴ്ത്തപ്പെടുന്ന കര്‍ത്താവോ...നിന്റെയൊക്കെ പ്രാണന്‍ തന്നെ മോഷ്ടിച്ചു.. എന്നിട്ടും ഞാന്‍ അവന് മുന്നില്‍ കുമ്പസാരിക്കണമെന്നോ?"

അവറ്റകളെ ഒന്നൊന്നായി ഗോണ്‍സാലസ് വേലിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു .എന്നിട്ട് വീണ്ടും പിറുപിറുത്തു .

"ഞാന്‍ കൂടുതല്‍ ദയാലുവാകുന്നു...കുറുക്കന്മാര്‍ക്കും വിശപ്പടങ്ങട്ടെ " 

                                                                                                               (തുടരും)