### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, April 28, 2015

മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍

എ .ഡി 1 6 3 2 -നോവല്‍ 

ഭാഗം 1 

അദ്ധ്യായം 4 മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍   

 

അലസതയും സുഖലോലുപതയും മത്സരിച്ച് ദാരിദ്രമാക്കിയ ഒരുവന്റെ അതിജീവന സാധ്യതകളായിരുന്നു ഗോണ്‍സാലസിന്റെ ജീവിതത്തിലെ പിന്നീടുള്ള ഒന്നര വര്‍ഷങ്ങള്‍.ഒട്ടും അതിഭാവുകത്വമില്ലാത്ത തികച്ചും സ്വാഭാവികമായ പരിണാമങ്ങൾ.പള്ളിയില്‍ നിന്നും അപഹരിച്ച വീഞ്ഞും അപ്പക്കഷണങ്ങളുമായി തുടങ്ങിയ പ്രയാണം ഗോണ്‍സാലസിനെ ഏതറ്റംവരെ കൊണ്ടുചെന്നെത്തിച്ചു എന്നത് മനസിലാക്കുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ അയാള്‍ക്ക്‌ സംഭവിച്ച മതിഭ്രമത്തിനുള്ള കാരണവും ഏറെക്കുറെ വ്യക്തമായേക്കും.അതിശയിപ്പിക്കുന്ന ബന്ധുത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്,മുന്‍കൂട്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഭാവിയിലേക്ക് മനുഷ്യനെ സാവധാനം കൊണ്ടുചെന്നെത്തിക്കുന്ന കൌശലക്കാരന്റെ ചില വികൃതികൾ..



   തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ വരണ്ടുണങ്ങിയ ഭൂമിയില്‍ പലകയും പുല്ലും  കുഴച്ച മണ്ണും ചേർത്ത് ഗോണ്‍സാലസ് ഒരു വീട് തല്ലിക്കൂട്ടി.ആട്ടിൻ കൂടിനേക്കാൾ അല്പ്പം പോലും മേന്മ അവകാശപ്പെടുവാനില്ലാത്തതെങ്കിലും ആ കൂര വെയിലിൽ നിന്നും മഴയില്‍ നിന്നും ഭാഗികമായ സംരക്ഷണം നല്കി.ചാറ്റ മഴയിലും കോടമഞ്ഞിലും  കുതിർന്നു വിറച്ചപ്പോൾ മേൽക്കൂരയിലെ വിടവുകൾ അടയ്ക്കുവാനും ജനാലയ്ക്ക് പാളികൾ പിടിപ്പിക്കുവാനും അയാൾ വൈദഗ്ദ്ധ്യം നേടി.വിരളമായി  പുകയുന്ന അടുപ്പും വളഞ്ഞ വിറകുകമ്പുകൾക്ക് മുകളിൽ പലകയടിച്ച വിലക്ഷണം പിടിച്ച ഒരു മേശയും കൊണ്ട് അയാൾ തന്റെ ഭവനത്തെ സമ്പന്നമാക്കി.കെണി വെച്ചു പിടിച്ച മുയലിറച്ചി ഉപ്പുചേർത്ത് ചുട്ടു ഭക്ഷിച്ചു. അവറ്റകളുടെ തവിട്ടു കലർന്ന വെളുത്ത തോല് ഉണക്കിയെടുത്ത് കയ്യുറകളും തൊപ്പിയും കോളറുകളും ഉണ്ടാക്കി.ചന്തയിൽ ഒരു മൂല സ്വന്തമാക്കി തന്റെ അദ്ധ്വാനം വിൽപ്പനയ്ക്ക് നിരത്തി. തുടക്കത്തിൽ പരാജമായിരുന്നെങ്കിലും പിന്നീട് പുരോഗമിച്ചു.യഥാർത്ഥത്തിൽ അവ കാഴ്ചയിൽ മനോഹരമായിരുന്നെങ്കിലും തീർത്തും പരുക്കനും മാംസത്തിന്റെ അഴുകിയ ദുർഗന്ധം പരത്തുന്നതുമായിരുന്നു.എങ്കിലും സ്ത്രീകൾ അതിൽ ആകൃഷ്ടരായി...ഉടയാത്ത മാറും ഇടുങ്ങിയ അരക്കെട്ടും കൊതിപ്പിക്കുന്ന നിതംബവുമുള്ള ചെറുപ്പക്കാരികളായിരുന്നു ഭൂരിഭാഗവും.അവര്‍ ഗോണ്‍സാലസിനെ പ്രണയപൂര്‍വ്വം വീക്ഷിച്ചു.വിരിഞ്ഞ മാറും ഉയര്‍ന്ന ചുമലുകളും കറുത്ത് തിളങ്ങുന്ന കുറ്റിരോമങ്ങള്‍ നിറഞ്ഞ കീഴ്ത്താടിയും ഗോണ്‍സാലസിന് ഒരു യോദ്ധാവിന്റെ പരിവേഷം നല്‍കി.അയാള്‍ വില്‍പ്പനയ്ക്ക് നിരത്തുന്നതോ ...വേട്ടയാടിപ്പിടിച്ച മൃഗത്തോലുകളും.മിതഭാഷിയും ഗൌരവ പ്രകൃതക്കാരനുമായ ഗോണ്‍സാലസിൽ നിന്നും ഒരു പുഞ്ചിരി നേടുവാൻ ഗവർണ്ണറുടെ രണ്ടാം ഭാര്യ പറഞ്ഞ കാമാതുര ഫലിതങ്ങളും  സര്‍ജ്ജന്റിന്റെ സഹോദരി തന്റെ വിലപിടിപ്പുള്ള കുപ്പായത്തിൽ മുയൽ രോമം കൊണ്ടുള്ള കോളർ പിടിപ്പിക്കുവാനെന്നവണ്ണം അയാൾക്ക്‌ മുന്നില് കുടുക്കഴിച്ച് മുലവെട്ട് പ്രദർശിപ്പിച്ചതുമെല്ലാം  ട്രുജിലോയിൽ ചര്‍ച്ചാവിഷയമായി.അങ്ങനെ കച്ചവടം ഏറെക്കുറെ പുരോഗമിക്കവേ ദൌര്‍ഭാഗ്യം കൌശലക്കാരനായ ബെർനാൽഡിനോയുടെ രൂപത്തില്‍ ഒരിക്കൽ കൂടി ഗോണ്‍സാലസിനെ തേടിയെത്തി. ഭൂമിയിടപാടിൽ കബളിക്കപ്പെട്ട വസ്തുത പാടേ മറന്ന് ട്രുജിലോയിലെ തന്റെ പ്രഥമ സുഹൃത്ത് എന്ന   എല്ലാവിധ പരിഗണനയോടും കൂടി ഗോണ്‍സാലസ് അയാളെ സ്വീകരിച്ചു.ഒലീവ് എണ്ണയിൽ വറുത്ത പന്നിയിറച്ചിയും തരക്കേടില്ലാത്ത മദ്യവും വിളമ്പി അയാളെ സൽക്കരിച്ചു. സംസാരമധ്യേ താൻ ഗോണ്‍സാലസിനുവേണ്ടി ആവിഷ്കരിച്ച പുതിയ പദ്ധതിയെക്കുറിച്ച് അയാൾ വാചാലനായി. 



"ഇതൊരു യാദിര്‍ശ്ചികമായ സൌഭാഗ്യമാണ് ചങ്ങാതീ ...താങ്കള്‍ മാര്‍ക്കോ പോളോയെ ക്കുറിച്ച് കേട്ടിട്ടുണ്ടോ ?"



അലക്ഷ്യമായി തോളുകള്‍ ചലിപ്പിച്ച് മറുപടിയെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ബെര്‍നാല്‍ഡിനോ തുടര്‍ന്നു..



"സാഹസിക യാത്രകളും സമുദ്ര പര്യവേക്ഷണങ്ങളും മാര്‍ക്കോ പോളോയ്ക്ക് സമ്മാനിച്ച പണവും പ്രശസ്തിയും സംബന്ധിച്ച് ഇനിയും   താങ്കള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.സര്‍പ്പ സുന്ദരിമാരും മൂന്നു മുലകളുള്ള കാമിനിമാര്‍ക്കുമൊപ്പം അയാള്‍ നടത്തിയ രതിക്രീഡകളെക്കുറിച്ചും  അയാളുടെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയെക്കുറിച്ചും മാത്രമേ നിങ്ങള്‍ ചെറുപ്പക്കാര്‍ കേട്ടിരിക്കുവാനിടയുള്ളൂ ...അതൊക്കെ സത്യം തന്നെ .എങ്കിലും മാര്‍ക്കോ പോളോ കടലില്‍ മുക്കിയ നാല്‍പ്പത്തി നാല് കപ്പലുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?"



മൊരിച്ച പന്നിത്തുട ആര്‍ത്തിയോടെ കടിച്ചു വലിച്ച്,പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഗ്ലാസിലെ മദ്യം അയാള്‍ മൊത്തിക്കുടിച്ചു.മദ്യ ഘോഷയാത്രയില്‍ അയാളുടെ തൊണ്ടക്കുഴിയിലൂടെ പന്നിത്തുട കീഴ്പ്പോട്ടിറങ്ങുന്നത് ഗോണ്‍സാലസ് കൌതുകത്തോടെ വീക്ഷിച്ചു.ചത്തു ചീര്‍ത്ത കുറെ ആമകള്‍ വെള്ളച്ചാട്ടത്തില്‍ ഒന്നിന് പുറകെ ഒന്നായി താഴേക്ക് പതിക്കുന്നതുപോലെയായിരുന്നത്.ഒരു ചൊറിയന്‍ തവള പോലും തീന്മേശയില്‍ ഇത്ര അറപ്പുളവാക്കില്ലല്ലോ എന്ന് ഗോണ്‍സാലാസ് ചിന്തിച്ചു.എന്നാല്‍ തീന്മേശയിലെ നിരീക്ഷണ സ്വഭാവം മാന്യനായ ഒരു ആതിഥേയന് ഒട്ടും ചേര്‍ന്നതല്ല എന്ന തിരിച്ചറിവില്‍ തന്‍റെ മോശമായ പെരുമാറ്റത്തില്‍ ഗോണ്‍സാലസിന് ജാള്യത തോന്നികയും അത് മറച്ചു വെക്കുവാനെന്നവണ്ണം കൃത്രിമമായ ജിജ്ഞാസയോടെ ബെര്‍ നാല്‍ഡിനോയെ ഒന്ന് സന്തോഷിപ്പിക്കുവാന്‍  വേണ്ടി മാത്രം തനിക്ക് അറിവോ താല്‍പ്പര്യമോ ഇല്ലാത്ത വ്യക്തിയെക്കുറിച്ച് അയാള്‍ ഇങ്ങനെ ചോദിച്ചു ..



"ഓഹ്..മഹത്തരം തന്നെ...തീര്‍ച്ചയായും നിങ്ങളുടെ ആ ചങ്ങാതിയെ പരിചയപ്പെടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് "




കുറച്ചു സമയത്തെ നിശബ്ദത ...പന്നിമാംസത്തെ വിട്ട്  ബെര്‍നാല്‍ഡിനോയുടെ ചുണ്ടും കണ്ണുകളും വിടര്‍ന്നു വികസിച്ചു.വ്യക്തമായ അമ്പരപ്പ്..തൊട്ടടുത്ത അടുത്ത നിമിഷം ഉറക്കെ ഒരു പൊട്ടിച്ചിരി...ഉമ്മിനീരില്‍ കുതിര്‍ന്ന മാംസവും മദ്യവും മേശപ്പുറത്തും ഗോണ്‍ സാലസിന്റെ മുഖത്തും ചിതറി.ചിരിച്ചും ചുമച്ചും നെറുകയില്‍ കയറിയ എരിവ് ബെര്‍നാല്‍ഡിനോയെ വല്ലാതെ ബുദ്ധിമുട്ടിച്ചു.വയറു പൊട്ടും വിധം അയാള്‍ വെള്ളം കുടിച്ചു. ചിരിയടങ്ങിയപ്പോള്‍ അമ്പരന്നു കുപിതനായിരിക്കുന്ന ഗോണ്‍സാലസിന് അരുകിലെത്തി വൃത്തിയുള്ള മഞ്ഞ കൈലെസുകൊണ്ട് അയാളുടെ മുഖത്തു തെറിച്ച ഭക്ഷണ ശകലങ്ങള്‍ സാവധാനം തുടച്ചു മാറ്റി.ചിരിയടക്കി മേശ വൃത്തിയാക്കി.ഒരു ചുരുട്ട് കത്തിച്ച് രണ്ട് പുകയെടുത്തശേഷം അത് ഗോണ്‍സാലസിന് നല്‍കി.രംഗം ശാന്തമായപ്പോള്‍ ഒരു കസാല വലിച്ച് ഗോണ്‍സാലസിന് അഭിമുഖമായിട്ട് സംസാരിച്ചു തുടങ്ങി.




"ചങ്ങാതീ...ഒന്നുകില്‍ നിങ്ങള്‍ വിഡ്ഢികളുടെ രാജാവായിരിക്കുക അല്ലെങ്കില്‍ കോമാളികളുടെ ദാസനായിരിക്കുക...മാര്‍ക്കോ പോളോ മരിച്ചു മണ്ണായിട്ട് നൂറ്റാണ്ട് രണ്ട്  കഴിഞ്ഞു.ഇനി നിങ്ങളെ പരിചയപ്പെടുത്തുവാന്‍ അയാളുടെ തുടയെല്ല് പോലും ബാക്കിയുണ്ടാവില്ല".



ഗോണ്‍സാലസിന്റെ ജാള്യത തെല്ലും വകവെയ്ക്കാതെ അയാള്‍ ഗൌരവത്തോടെ തുടര്‍ന്നു.



"സംഗതി അതൊന്നുമല്ല.മടക്ക യാത്രയില്‍  നാല്‍പ്പത്തി നാല് കപ്പലുകളില്‍ നിറച്ച അളവറ്റ സമ്പത്ത് അയാള്‍ കടലില്‍ മുക്കി.കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ ഞാന്‍ പറയാം ..കേട്ടോളൂ ...സമുദ്ര പര്യവേക്ഷണ യാത്രകളില്‍ തല്‍പ്പരനായ മാര്‍ക്കോ പോളോ ചിറകുള്ള മനുഷരുടെ നാട്ടിലും സ്വര്‍ണ്ണപ്പൂക്കള്‍ ഇതളുകള്‍ നുള്ളി രസിക്കുന്ന കുരുടന്മാരുടെ രാജ്യവും കടന്ന്‍ പുരുഷന്മാരെ കണ്ടിട്ടില്ലാത്ത വജ്രമഴ പെയ്യുന്ന നഗ്ന സുന്ദരികളുടെ നാട്ടിലെത്തി.അതീവ സുന്ദരികളായ സ്ഥൂലനിതംബിനികളെ കണ്ട കാമാര്‍ത്തരായ അനുയായികള്‍ അവരെ ബലാല്‍ക്കാരമായി ഭോഗിച്ചു.എന്തായാലും ആ ഏര്‍പ്പാട് അവര്‍ക്ക് നന്നേ ബോധിച്ചു.അങ്ങനെ അവര്‍ മാര്‍ക്കോ പോളോയുമായി ഒരു വ്യാപാര ഉടമ്പടിയിലെത്തി...ഓരോ അനുയായിയും നടത്തുന്ന ഭോഗ ഇടപാടിന്റെ വിലയായി ഓരോ വജ്ര മഴയുടെ അവകാശം മാര്‍ക്കോ പോളോയ്ക്ക് നല്‍കപ്പെട്ടു.അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് ആയിരത്തി അറുനൂറു മഴയുടെ അവകാശം  പോളോയ്ക്ക് സിദ്ധിച്ചു.അതെലാം മുപ്പതു കപ്പലുകളിലായി നിറച്ചു.അവസാനം ആ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ മൂന്നു ചെറുപ്പക്കാരെ അവര്‍ക്ക് സമ്മാനിച്ചത്‌ വഴി പാരിതോഷികമായി പതിനാലു കപ്പലുകള്‍ നിറയെ സൂര്യനില്‍ നിന്നും അടര്‍ന്നു വീണ പ്രകാശക്കട്ടകളെ ഉരച്ചു മിനുക്കിയ വജ്രങ്ങള്‍ വേറെയും. അവിടെനിന്നും പോളോയും പരിവാരങ്ങളും പോയത് കുറുങ്കണ്ണന്‍മാരുടെ  നാട്ടിലേക്കാണ്.കുറെ വര്‍ഷങ്ങള്‍ അവിടെ താമസിച്ച ശേഷം ഭാരിച്ച സ്വത്തുമായി കുടിച്ചും കൂത്താടിയും അയാള്‍ ജന്മ നാട്ടിലേക്ക് മടങ്ങി.വിവിധ രാജ്യങ്ങളില്‍  നിന്നുമായി ഇരുനൂറ്റി അറുപത്തിനാല് പെണ്‍കൊടികള്‍ മാര്‍ക്കോ പോളോയ്ക്ക് മാത്രമായിട്ടുണ്ടായിരുന്നു.അതില്‍ ചിറകുള്ള  ഒന്‍പതു സുന്ദരികളും. നാട്ടില്‍ കാലുകുത്തിയ മാര്‍ക്കോ പോളോയെ എതിരേറ്റത്‌ കലുഷിതമായ ആഭ്യന്തര കലാപമായിരുന്നു.ചുരുക്കത്തില്‍, വന്നിറങ്ങി രണ്ടാം നാള്‍ അയാള്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു.ഈ വിഷയം രഹസ്യ ദൂതന്‍ വഴി തന്‍റെ ആജീവനാന്ത സമ്പത്തുമായി പിന്നാലെ എത്തിക്കൊണ്ടിരിക്കുന്ന അനുയായികളെ അറിയിക്കുവാനുള്ള സാമാന്യ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആന്റോണിയോ പോളോ നാല്‍പ്പത്തി നാല് കപ്പലുകളെ പിന്നിലേക്ക് നീക്കി.ഇരുപത്തിരണ്ടു ദിവസങ്ങളുടെ ഇടവേളകളിലായി കപ്പലുകള്‍ ഒന്നൊന്നായി കടലില്‍ മുക്കി. ചിറകുള്ള ഒന്‍പതു സുന്ദരിമാരും എങ്ങോട്ടോ പറന്നു പോയി.ബാക്കിയുള്ളവര്‍ മീനിനു തീറ്റയായി...മഴമുത്തുകള്‍ മാത്രം പേടകങ്ങളില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിച്ചു. അവസാന കപ്പലില്‍ കുത്തി നിറയ്ക്കാവുന്നത്ര സമ്പത്തുമായി ഒന്‍പതു മാസത്തിനു ശേഷം ക്യാപ്റ്റന്‍ ആന്റോണിയോ പോളോ തീരം അണഞ്ഞു. അപ്പോഴേക്കും ആഭ്യന്തരകലാപം കഴിഞ്ഞ് മാര്‍ക്കോ പോളോ സ്വതന്ത്രനാക്കപ്പെട്ടു കഴിഞ്ഞിരുന്നു.ശേഷിച്ച ഒരു കപ്പല്‍ സമ്പാദ്യം ആന്റോണിയോ തന്‍റെ യജമാനന് കൈമാറി .അങ്ങനെ മാര്‍ക്കോ പോളോ ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ച സമ്പന്നനായി മാറി "



ബെര്‍നാല്‍ഡിനോ തന്‍റെ ദീര്‍ഘമായ സംഭാഷണത്തിനു ഇടവേള നല്‍കിക്കൊണ്ട് മൊരിച്ച പന്നിയുടെ ഉദരത്തില്‍ നിന്നും മാംസളമായ ഭാഗം അടര്‍ത്തിയെടുത്ത്  സാവധാനം ഭക്ഷിച്ചു തുടങ്ങി.ഗോണ്‍സാലസില്‍ നിന്നും സ്വാഭാവികമായ ഒരു സംശയം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ....



"അപ്പോള്‍ ആ നാല്‍പ്പത്തിനാല് കപ്പലുകള്‍ ?"



"അതെ ...ആ നാല്‍പ്പത്തി നാല് കപ്പലുകള്‍ ....ഇനി അതെക്കുറിച്ച് സംസാരിക്കാം"



ക്യാപ്റ്റന്‍ ആന്റോണിയോ പോളോയെ മാര്‍ക്കോ പോളോ പാടെ വിസ്മരിച്ചു. എഴുപതാമാത്തെ വയസ്സില്‍ മരണമടയും വരെ തന്‍റെ നഷ്ടപ്പെട്ട നാല്‍പ്പത്തി നാല് കപ്പലുകളെ പ്രതി മാര്‍ക്കോ പോളോ ദുഖിച്ചില്ല.കാരണം ഒരൊറ്റ കൊച്ചുകപ്പല്‍ സമ്മാനിച്ച സുഖലോലുപതയില്‍ തന്നെ അയാള്‍ എല്ലാം വിസ്മരിച്ചു പോയിരുന്നു.ആന്റോണിയോ പോളോയാകട്ടെ  പട്ടിണി ദ്വീപില്‍ വെച്ച് വസൂരി പിടിപെട്ട് മരണപ്പെടുകയും ചെയ്തു.പിന്നീട് തീരം അണഞ്ഞവര്‍ക്ക് കപ്പലുകള്‍ മുക്കിയ സ്ഥാനം സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു.അവരില്‍ ഏറിയപങ്കും തുഴച്ചില്‍ക്കാരും കുടിയന്മാരായ നാവികരും ആയിരുന്നു.അങ്ങനെ ആ നാല്പ്പത്തിനാല് കപ്പലുകള്‍ അളവറ്റ സമ്പത്തിന്റെ ഭാരവും ചുമന്ന് ഇന്നും കടല്‍ത്തട്ടില്‍ വിശ്രമിക്കുന്നു.



ഗോണ്‍സാലസിന്റെ വിരലുകള്‍ക്കിടയില്‍ എരിഞ്ഞു തീരാറായ ചുരുട്ടിനെ ബെര്‍നാല്‍ഡിനോ തട്ടി താഴെയിട്ടു.ഒരു കൊച്ചു കുട്ടിയെപ്പോലെ വിസ്മയിച്ചു നിന്ന ഗോണ്‍സാലസിനെ നോക്കി അയാള്‍ തുടര്‍ന്നു.



"ഇതെല്ലാം പഴങ്കഥ.ഇനി നമുക്ക്  നമ്മുടെ ഇടപാടിലേക്ക് വരാം.ഞാന്‍ നിന്നെ ക്യാപ്റ്റന്‍ വെനേറിയോ പോളോയ്ക്ക് പരിചയപ്പെടുത്തും.പ്രതിമാസം നിനക്ക് ഇരുപതിനായിരം പെസോ പ്രതിഫലം...എന്താ തയ്യാറാണോ?"



ഗോണ്‍സാലസിന് ശബ്ദം പുറത്തേക്ക് വന്നില്ല ...അയാള്‍ തുറിച്ച കണ്ണുകളോടെ തല കുലുക്കി സമ്മതം അറിയിച്ചു.



"എങ്കില്‍ അതേ മാര്‍ക്കോ പോളോയുടെ വിശ്വസ്തനായിരുന്ന അന്റോണിയോ പോളോ യുടെ നാലാം തലമുറക്കാരന്‍ ക്യാപ്റ്റന്‍ വെനേറിയോ പോളോ താങ്കളെ ഒപ്പംകൂട്ടുവാന്‍ ഇഷ്ടപ്പെടുന്നു.ഒന്നരമാസത്തിനുളില്‍ ഒരു സമുദ്രയാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ...മാര്‍ക്കോ പോളോയുടെ നാല്‍പ്പത്തിനാല് കപ്പലുകള്‍ മുങ്ങിയ അതേ കപ്പല്‍ച്ചാലിലൂടെ ആഴക്കടലില്‍ വിശ്രമിക്കുന്ന മുത്തുപേടകങ്ങളെ തേടിയുള്ള ഒരു യാത്ര....പ്രതിമാസം ഇരുപതിനായിരം പെസോ പ്രതിഫലം"     

                                                                                                           
                                                                            
                                                             NEXT CHAPTER  
  

                  

Friday, April 3, 2015

പദ്ധതികള്‍ വ്യക്തമാണ്..നിഗൂഡവുമാണ്

എ .ഡി -1 6 3 2 (നോവല്‍ )

ഭാഗം 1
അദ്ധ്യായം 3
പദ്ധതികള്‍ വ്യക്തമാണ് ...നിഗൂഡവുമാണ്  



മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ ചാടിത്തിമിര്‍ക്കുന്ന ശബ്ദ കോലാഹലങ്ങളും ചുവരുകള്‍ക്ക് താഴെ ഉടഞ്ഞു ചിതറിയ മുട്ടകളെ നോക്കി വിലപിക്കുന്ന നനഞ്ഞു കുതിര്‍ന്ന ഏതോ ഒരു പെണ്പ്രാവിന്റെ കുറുകലും കേട്ടാണ് നാലാം ദിവസം പുലര്‍ച്ചെ ഫാദര്‍ വെസാല്‍കോ ഉണര്‍ന്നത്.പാതിയൊടുങ്ങിയ മെഴുകുതിരിയുടെ മഞ്ഞ ശോഭയില്‍ തെളിഞ്ഞു നിന്ന തന്‍റെ വിശാലമായ കിടപ്പുമുറി,ഒരു  നവജാത ശിശുവിന്റെ ജിജ്ഞാസയോടെ കിടന്ന കിടപ്പില്‍ത്തന്നെ അദ്ദേഹം പലവട്ടം നിരീക്ഷിച്ചു.ആദ്യം നിഴലുകള്‍..പിന്നെ നിറങ്ങള്‍....അങ്ങനെ ഒന്നൊന്നായി ഗ്രഹിച്ചെടുക്കുവാന്‍ ശ്രമിച്ചു.ചിരപരിചിതമായ എഴുത്തുമേശയും അടുക്കിവെച്ച കടലാസുകളും പഠന ഗ്രന്ഥങ്ങളും മഷിക്കുപ്പിയില്‍ നാവ് നനച്ചുറങ്ങിപ്പോയ ആമത്തോട് കൊണ്ടുണ്ടാക്കിയ തൂലികയുമെല്ലാം തീര്‍ത്തും അപരിചിതമായ പുരാവസ്തുക്കളെപ്പോലെ  അദ്ദേഹത്തിന്റെ പ്രജ്ഞയോട് കലഹിച്ച് അകന്നുമാറിനിന്നു.    



വെസാല്‍കോ കിടക്കയില്‍ എഴുന്നേറ്റിരുന്നു.കനംതൂങ്ങിയ കണ്പോളകള്‍ തിരുമ്മിയുടച്ച് കാഴ്ച്ചയെ ഒന്നുകൂടി വ്യക്തമാക്കി.നെറ്റിയിലെ ഈര്‍പ്പം ഉണങ്ങിയ പരുക്കന്‍ തുണിക്കഷണം,അദ്ദേഹത്തിന്‍റെ മടിയിലേക്ക് അടര്‍ന്നുവീണു. മുറിയാകെ കുത്തിനിറഞ്ഞു നിന്ന പനിമണം അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തി.പുതപ്പ് ചുരുട്ടി മൂലയിലേക്കെറിഞ്ഞ്,നിദ്രാടകനെപ്പോലെ തോളില്‍ കുരുങ്ങിക്കിടന്ന പുതപ്പിന്റെ ഒരഗ്രവും വലിച്ചുകൊണ്ട് മുറിക്കുള്ളില്‍ അലക്ഷ്യമായി വേച്ചുവേച്ചു നടന്നു. എന്തിനേറെപ്പറയുന്നു...ജനാലയ്ക്കരുകില്‍ മഴ കണ്ടു നില്‍ക്കുമ്പോള്‍ സത്യമായും അദ്ദേഹത്തിന് തന്‍റെ പേരു പോലും ഓര്‍മ്മയുണ്ടായിരുന്നില്ല.



  ഫാദര്‍ വെസാല്‍കോയ്ക്ക്  അന്ത്യകൂദാശ നല്‍കുവാന്‍ ഇടവകക്കാര്‍ ഏര്‍പ്പാടാക്കിയ "വിലപിടിപ്പുള്ള"മെത്രാന്‍ ആ മുറിയില്‍ പ്രവേശിച്ചതോ വെസാല്‍കോയുടെ പ്രേതം ജനാലയില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുവെന്ന് അലറിക്കൂവി ഓടിപ്പോയതോ അദ്ദേഹം അറിഞ്ഞില്ല.ഉച്ചകഴിഞ്ഞ്  കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം "വെസാല്‍കോ,വെസാല്‍കോ, വെസാല്‍കോ" എന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തിരിഞ്ഞു നോക്കിയതും സ്വബോധത്തിലേക്ക് മടങ്ങി വന്നതും.



അള്‍ത്താരയില്‍ മോഹാലസ്യപ്പെട്ടുവീണ ഫാദര്‍ വെസാല്‍കോ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ കടുത്ത ജ്വരം പിടിപെട്ട്  ബോധരഹിതനായി കിടക്കയില്‍ത്തന്നെയായിരുന്നു.ഈ ദിവസങ്ങളത്രയും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ്‌ അദ്ദേഹം ഉറക്കെയുറക്കെ നിലവിളിച്ചിരുന്നു.മൂന്നാം ദിവസം രാത്രി അദ്ദേഹത്തിന്‍റെ നില തീര്‍ത്തും വഷളാകുകയും ഇടവകയിലെ ഏറ്റവും വിദഗ്ധനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിന്‍ -"ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന്‍ പ്രഖ്യാപിക്കുകയും ചെയ്തു.രോഗ നിര്‍ണ്ണയത്തില്‍ ഡോ:അഗോസ്റ്റിനുള്ള അസാമാന്യ പാടവത്തില്‍ ഇടവകക്കാര്‍ക്ക് നൂലിട സംശയമില്ലായിരുന്നു.(അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത് പോലും "കരിങ്കണ്ണന്‍" എന്നായിരുന്നു).അങ്ങനെയാണ് ഇടവകക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട വികാരിക്ക് അന്ത്യകൂദാശനല്‍കുവാന്‍ മെത്രാനെ ഏർപ്പാടാക്കിയത്. വര്‍ഷങ്ങളായി ഫാദറിനെ സേവിച്ചുപോന്നിരുന്ന അദ്ദേഹത്തിന്‍റെ വിശ്വസ്ത പരിചാരകന്‍ "ബെനിറ്റോ" ജലപാനം പോലും വെടിഞ്ഞ് വെസാല്‍കോയ്ക്ക് അരുകില്‍ത്തന്നെയുണ്ടായിരുന്നു.ഇളം ചൂട് വെള്ളത്തില്‍ ശരീരം തുടച്ചും നെറ്റിയില്‍ ടവ്വല്‍ നനച്ചിട്ടും വരണ്ടു വിറയ്ക്കുന്ന ചുണ്ടുകളില്‍ വെള്ളം ഒപ്പിക്കൊടുത്തുമെല്ലാം തന്നെക്കൊണ്ടാവും വിധം അയാള്‍ അദ്ദേഹത്തെ പരിപാലിച്ചു.എന്നാല്‍ മൂന്നാം ദിവസം രാത്രിയിലെ "ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന അന്ത്യപ്രഖ്യാപനത്തോടെ ബെനിറ്റോ മുറിവിട്ടു പോയി. തന്‍റെ യജമാനന്റെ മരണത്തിനു സാക്ഷ്യം വഹിക്കുവാനുള്ള കരുത്ത് ആ പാവത്തിനില്ലായിരുന്നു.



ഫാദര്‍ വെസാല്‍കോയുടെ മരണാനന്തര ശുശ്രൂഷ അടുത്ത ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കുമെന്നും അതുകൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കേണ്ട താന്‍ ഒരല്‍പ്പ സമയം ഉറങ്ങിയ ശേഷം പുലര്‍ച്ചയോടെ വെസാല്‍കോയ്ക്ക് അന്ത്യകൂദാശ നല്‍കുന്നതായിരിക്കും ഉചിതമെന്നും തുടര്‍ന്ന്‍ പിറ്റേന്നുള്ള അദ്ദേഹത്തിന്‍റെ മരണാനന്തര ശുശ്രൂഷകള്‍ ഊര്‍ജ്ജസ്വലതയോടെ കൈകാര്യം ചെയ്യാമെന്നും മെത്രാന്‍ കണക്കാക്കി.അപ്രകാരം ഒരു കൊച്ചുറക്കവും കഴിഞ്ഞ് അതിന്റെ ആലസ്യത്തില്‍ അന്ത്യകൂദാശ നല്‍കുവാന്‍ എത്തിയ അദ്ദേഹം "ജനാലയില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഫാദര്‍ വെസാല്‍കോയുടെ പ്രേതത്തെക്കണ്ട് " ഭയന്നോടി.പിന്നീട് കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം പേര് വിളിച്ചു.ഫാദര്‍ വെസാല്‍കോ തികച്ചും യാദിര്‍ശ്ചികമായി ആ സമയത്തുതന്നെ മോഹാലസ്യത്തില്‍ നിന്നും ഉണര്‍ന്നു.ഇവ തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നുവെങ്കിലും കര്‍ദ്ദിനാളിന്റെ "അത്ഭുത പ്രവൃത്തിയായി" ഈ സംഭവം പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. 



ഫാദര്‍ വെസാല്‍കോയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് വിശ്വാസികള്‍ക്ക് അനിര്‍വ്വചനീയമായ സന്തോഷവും ആശ്വാസവും പകര്‍ന്നു. ഇത് ദൈവത്തിന്റെ ദൃഷ്ടാന്തമാണെന്ന്‍ കന്യാസ്ത്രീകള്‍ പ്രചരിപ്പിച്ചു. തന്‍റെ പ്രവചനം തെറ്റിപ്പോയെങ്കിലും ഡോ:അഗോസ്റ്റിനും സന്തോഷിക്കുവാനുള്ള വകയുണ്ടായിരുന്നു.വെസാല്‍കോയുടെ അതിജീവനത്തിലൂടെ ഡോക്ടറുടെ "കരിക്കണ്ണന്‍" എന്ന അപരനാമാധേയം ഒരു പരിധിവരെ മാറിക്കിട്ടി.



"ലാസറസിനെ മൂന്നു പ്രാവശ്യം പേരുവിളിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ജീസ്സസ്-മൂന്നാം വിളിയില്‍ ഫാദര്‍ വെസാല്‍കോയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കര്‍ദ്ദിനാള്‍".ദൈവിക ദൃഷ്ടാന്തം സാക്ഷ്യപ്പെടുത്തിയ വിശുദ്ധനായ കര്‍ദ്ദിനാള്‍...അതെ...."വിശുദ്ധനായ കര്‍ദ്ദിനാള്‍".കര്‍ദ്ദിനാളിന്റെ പേരും അത്ഭുത പ്രവൃത്തിയും  ഇടവകക്കാരുടെ മുഴുവന്‍ കയ്യൊപ്പോടെ എണ്ണൂറ്റി ഇരുപത്തി മൂന്ന്  കടലാസുകളിലായി റോമിലേക്ക് പോയ.അതോടെ സന്തോഷാശ്രുക്കള്‍ കൊണ്ട് സ്വന്തം പാദം കഴുകിവെളുപ്പിച്ച് കര്‍ദ്ദിനാള്‍ കാത്തിരിപ്പ് തുടങ്ങി-മാര്‍പ്പാപ്പയുടെ ചുണ്ടുകള്‍ തന്‍റെ പേര് ഉച്ചരിക്കുന്നതും അങ്ങനെ അനതിവിദൂര ഭാവിയില്‍ തനിക്കു ചുറ്റും വിശ്വാസികളും മെഴുകുതിരികളും നിറയുന്ന "ആ" നാളെക്കായി.



ഇപ്രകാരം കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചതായി ഏവരും ആശ്വസിച്ചു.എല്ലാവരും സന്തോഷിച്ചു..കര്‍ദ്ദിനാളും കന്യാസ്ത്രീകളും ബെനിറ്റോയും ഇടവകക്കാരും...ഒരു പരിധിവരെ വെസാല്‍കോയും.വ്യക്തിക്കോ സമൂഹത്തിനോ സമ്മാനിക്കപ്പെടുന്ന അസ്വാഭാവികമായ ആഹ്ലാദം ഒരു ഗൂഡാലോചനയുടെ തുടക്കമാണ്...പ്രകൃതിയോ കാലമോ അവര്‍ക്കുമേല്‍ നടത്തുന്ന നിഗൂഡമായ ഒരു നീക്കത്തിന്റെ തുടക്കം.ആഹ്ലാദം ചിന്തയെ തടയും...ബുദ്ധിയെ മരവിപ്പിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല.



    "വെസാല്‍കോയുടെ പ്രേതം ജനാലയ്ക്കരുകില്‍" എന്ന്‍ അലറി വിളിച്ച് ഓടിപ്പോയ സുഖിമാനായ മെത്രാനെക്കുറിച്ച് മാത്രം ആരും പിന്നീട് അന്വേഷിച്ചില്ല.ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഫാദര്‍ വെസാല്‍കോയ്ക്ക് സഭയുടെ ഒരു ഔദ്യോഗിക കത്തുകിട്ടി-സഭയേയും വിശ്വാസങ്ങളേയും ഉപേക്ഷിച്ച് കറുത്ത പുരോഹിത വേഷം ധരിച്ച് തെരുവില്‍ അലയുന്ന ഒരു ഭ്രാന്തന്‍ മെത്രാനെ സഭയില്‍ നിന്നും പുറത്താക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ്.



അടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സഭയുടെ കത്ത് വെസാല്‍കോ പള്ളിയില്‍ വായിച്ചു-തികച്ചും സ്വാഭാവികമായി.



എത്ര അലക്ഷ്യമായാണ് വെസാല്‍കോ ആ കത്ത് വായിച്ചത്..കേവലമായ ഒരു പുനര്‍വായന നടത്തിയിരുന്നെങ്കില്‍ കൂടിയും അയാള്‍ക്ക് ചിലതൊക്കെ വ്യാഖ്യാനിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു.തന്നെ മോഹലാസ്യപ്പെടുത്തിയ വിഭ്രാതി ദര്‍ശനങ്ങളിലെ കറുത്ത വസ്ത്രം ധരിച്ച പുരോഹിത സാന്നിദ്ധ്യം ഒരു യാദിര്‍ശ്ചികതയായിപ്പോലും അദ്ദേഹത്തിനപ്പോള്‍ തോന്നിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.    

                                                               NEXT CHAPTER