### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Thursday, November 17, 2011

വെളുത്തമ്മ - ഒരു യഥാര്‍ഥ പ്രാദേശിക യക്ഷിയുടെ കഥ


" അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ "

            കേട്ടുപരിചയിച്ച ഈ പ്രാര്‍ഥനയാണ് നാരായണേട്ടനെക്കുറിചോര്‍ക്കുമ്പോള്‍ ഇന്നും മനസിലേക്കെത്തുന്നത് .കാന്തിപുരത്തെ (സ്ഥലപ്പേര് ഞാന്‍ മാറ്റിയിരിക്കുന്നു) എന്റെ രണ്ടുവര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതവും നാരായണേട്ടന്റെ പ്രാര്‍ഥനയും അത്രമാത്രം ബന്ധപ്പെട്ടവയാണ് .അതിനെക്കുറിച്ച് പറയുമ്പോള്‍ ക്ലീറ്റസിനെക്കുറിച്ചും കാന്തിപുരത്തക്കുറിച്ചും വെളുത്തമ്മയെക്കുറിച്ചും പറയണം . എല്ലാം പറയണം ....

  എടുത്തുപറയത്തക്ക ബാധ്യതകള്‍ ഒന്നുമില്ലാത്ത ചെറുപ്പക്കാരനായ  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ദൂരേക്കുള്ള സ്ഥലം മാറ്റം രസകരമാണ് .അന്യമായ  പുതിയ ചുറ്റുപാടിനെക്കുറിച്ചുള്ള  ആനന്ദകരമായ ആശങ്ക ഹൃദ്യമായ ഒരനുഭൂതിതന്നെയാണ് .ഈ മാനസികാവസ്തയോടെയാണ് ,സ്ഥലം മാറ്റ ഉത്തരവുമായി ഇരുനൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ,പാതിരാത്രിയില്‍ ഞാന്‍ മലയടിവാരത്തില്‍ എത്തിയത് .ഒരു ചെറിയ കട മാത്രമാണ് അവിടെയാകെ ഉണ്ടായിരുന്നത് . എത്രയും വേഗം കടയടച്ച് വീട്ടില്‍ പോകാനുള്ള തിരക്കിലായിരുന്ന ഉടമസ്ഥന്‍, അസമയത്തെതിയ എന്നെ സംശയത്തോടെ നോക്കുന്നതുപോലെ തോന്നി . സാവധാനം എന്റെയടുത്തെത്തി അയാള്‍ ചോദിച്ചു 
"ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ ? .........ഈ പാതിരാത്രിയില്‍ എവിടെക്കാണ്‌ ? 
"ജോലിക്കാര്യത്തിനു കാന്തിപുരത്തിനാണ്....... ,ഇനി ബസ്‌ കാണുമോ  ?
ഒരുതരം അസ്വസ്തതയോടെയാണ് അയാള്‍ മറുപടി നല്‍കിയത്

" ബസോന്നുമില്ല .......ഇവിടുന്ന് അഞ്ചു  കിലോമീറ്റര്‍ ഉണ്ട്.......ഹെയര്‍പിന്‍ വളവുകളാണ് ..ഭാഗ്യമുണ്ടെങ്കില്‍ ജീപ്പുവല്ലതും കിട്ടിയേക്കും "..സഹായ അഭ്യര്‍ഥന ഭയന്നാവാം അയാള്‍ തിരിഞ്ഞുനോക്കാതെ ധൃതിയില്‍ നടന്നകന്നു.

             എവറസ്റ്റു കീഴടക്കിയ മനുഷ്യന് അഞ്ച് ഹെയര്‍പിന്‍വളവുകള്‍ എത്ര നിസ്സാരം . മനസിന്റെ കരുത്ത് ശരീരത്തെ ഉത്തേജിപ്പിച്ചു. നടന്നു തുടങ്ങി . ഒരു വഴിവിളക്കുപോലും ഇല്ലാത്ത ആ              "എവറസ്റ്റില്‍ " കുറുക്കന്മാരുടെ ശല്യം രൂക്ഷമായിരുന്നു . മുന്‍പോട്ടുള്ള യാത്ര അസാധ്യമായി .അരൂപികള്‍ മനസ്സില്‍ താണ്ഡവം തുടങ്ങി . അഡ്രിനാലിന്‍ ഫാക്ടറി പ്രവര്‍ത്തനസജ്ജമായി ." അര്‍ജുനന്‍ , ഫല്‍ഗുനന്‍ , പാര്‍ഥന്‍ കിരീടിയും ...??? ബാക്കി കൃത്യമായി അറിയാത്തതിനാല്‍ രാമനാമം കൂടി ചേര്‍ത്ത്  എണ്ണം തികച്ചു .ഞാന്‍ നിരീശ്വരവാദിയാണെന്ന് കുറുക്കന്മാര്‍ക്ക് അറിയില്ലല്ലോ ......അതുകൊണ്ട് അല്പം ഉറക്കെത്തന്നെയാണ് പ്രാര്‍ഥിച്ചത് എന്നുതോന്നുന്നു .സഹായിച്ചത് അര്‍ജുനനാണോ രാമനാണോ എന്നറിയില്ല ...അകലെ ഒരു ജീപ്പിന്റെ പ്രകാശം  കണ്ടു . എനിക്കുണ്ടായ വികാരം അതിവിടെ വര്‍ണ്ണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല ...സാധിക്കില്ല .
ഇരുകൈകളുമുയര്‍ത്തി സഹായമിരന്നു ഞാന്‍ റോഡിന്റെ നടുവിലേക്കിറങ്ങി നിന്നു.ജീപ്പ്   നിര്‍ത്തിയ ഡ്രൈവര്‍ തല പുറത്തേക്കിട്ടു അല്‍പ്പം നീരസതോടെയാണ് എന്നോട് സംസാരിച്ചത് 
"എന്താ ?"

അയാളുടെ വായില്‍  നിന്നുള്ള വിലകുറഞ്ഞ റമ്മിന്റെ നാറ്റം എനിക്ക് അപ്പോള്‍ ആസ്വാദ്യകരമായി തോന്നിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?..പക്ഷെ സത്യമാണ് .

 അയാളോട് അപേക്ഷിച്ചത് പോലെ ,ഇന്ന് ഈ നിമിഷം വരെ ആരോടും അത്ര വിനയത്തില്‍ , ബഹുമാനത്തില്‍ സംസാരിച്ചിട്ടില്ലെന്ന് തോന്നുന്നു .

" കാന്തിപുരത്തിനാണ്  വഴിയില്‍ പെട്ട് പോയി ...സഹായിക്കണം ..."പറഞ്ഞുതീരും മുന്‍പേ ഒരു നൂറു രൂപ നോട്ട് ഞാന്‍ അയാളുടെ കയ്യില്‍ ചുരുട്ടി നല്‍കി . പെറ്റിയടിച്ച എസ് ഐ  യുടെ ജാടയോടെ  അയാള്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി . . അങ്ങിനെ കുറുക്കന്മാരെ ഞാന്‍ തോല്‍പ്പിച്ചു .പക്ഷെ അതിലും വലിയ ആപത്തിലെക്കാണ് ആ പോക്കെന്ന് സത്യമായും എനിക്ക് മനസില്‍പ്പോലും തോന്നുയില്ല ....ഡ്രൈവറുടെ ....അല്ല ..ആ ദേവദൂതന്റെ സംസാരം പലപ്പോഴും എനിക്ക് വളരെ അരോചകമായി തോന്നി .ക്ലീറ്റസ് ( അതായിരുന്നു അയാളുടെ പേര് ) ആത്മകഥാ പരായണം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്നെക്കുറിച്ച് എന്തെങ്കിലും ചോദിച്ചത് . കാന്തിപുരത്തെ കൃഷി ഓഫീസിലേക്ക് സ്ഥലം മാറിവന്നതാണെന്നും പരിചയമില്ലാത്ത സ്ഥലമായതിനാലും നേരം പുലരാത്തതിനാലും  ഓഫീസിനടുത്ത്‌ എത്തിക്കാമോയെന്ന് ഞാന്‍ അയാളോട് ചോദിച്ചു .

              "സാറിന്റെ ഓഫീസ് വെളുത്തമ്മയുടെ ആല്‍ത്തറയുടെ  അടുത്താണ്  ".കോടമഞ്ഞിനെ മുറിച്ചുകൊണ്ടുള്ള ആ യാത്രയിലാണ് വെളുത്തമ്മയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്  . ഒരു അമ്പലത്തിന്റെ യും ആലിന്റെയുമൊക്കെ സാമിപ്യം  രസമായിരിക്കുമെന്ന് തോന്നി ..എന്നാല്‍ ആ തോന്നല്‍ പെട്ടന്നുതന്നെ മാറി ..ആ നാടിനെയാകെത്തന്നെ ഭയത്താല്‍  വിറപ്പിച്ചുനിര്‍ത്തുന്ന ദുര്‍ ദേവതയാണ് വെളുത്തമ്മ ..നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ...രക്തയക്ഷി ..  അയാള്‍ തുടര്‍ന്നു...എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വെളുതമ്മ ചോര കുടിക്കും , മാംസം തിന്നും ..രാത്രിയില്‍ അലറിവിളിച്ചുകൊണ്ട് രക്തത്തിനു വേണ്ടി അലഞ്ഞുനടക്കുന്ന കഥകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരുന്നു. തണുപ്പകറ്റാന്‍ എന്റെ ചുണ്ടില്‍ സിഗരട്ട് എരിഞ്ഞപ്പോള്‍..ഈ കഥകള്‍ എന്റെ ഹൃദയത്തെ ഭയംകൊണ്ട് എരിച്ചു .പുറത്തേക്ക് ഊതിയ പുക ..സിഗരട്ടിന്റെതാണോ അതോ കരിയുന്ന ഹൃദയത്തിന്റെതാണോ എന്ന്  പലപ്പോഴും ഞാന്‍ സംശയിച്ചു ...ഒരാല്‍ത്തറയുടെ സമീപത്ത് ജീപ്പുനിര്‍ത്തി ഞങ്ങളിറങ്ങി . ആല്‍ത്തറയില്‍ ചുവന്ന പട്ടുടുപ്പിച്ച വലീയ ഒരു യക്ഷി വിഗ്രഹം. ഒരു  കയ്യില്‍ വാളും മറുകയ്യില്‍ ചോരയൊലിക്കുന്ന വെട്ടിയെടുത്ത മനുഷ്യശിരസും..ചുവന്നുതുടുത്ത നാവ്..തലയോട്ടിമാല ..ഭീകര രൂപം തന്നെ . ഒരു രഹസ്യം പോലെ ക്ലീറ്റസ് എന്റെ കാതില്‍ മന്ത്രിച്ചു "വെളുത്തമ്മ ".

 അവിടെനിന്നും ഏതാണ്ട് പത്തുമീറ്റര്‍ മാറിയുള്ള മൂന്നു മുറികെട്ടിടമായിരുന്നു എന്റെ ഓഫീസ്.ഓഫീസിന്റെ പുറകില്‍ നിന്നും വനം തുടങ്ങുന്നു . ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമാസമില്ലന്നും  ക്ലീറ്റസ് പറഞ്ഞു . മരുഭൂമിയിലെ നീരുറവപോലെ ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ പെട്ടിക്കട.വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് .ഉടമസ്ഥനെ ക്ലീറ്റസ് പരിചയപ്പെടുത്തി . നാരായണന്‍ നായര്‍, ഒറ്റത്തടി .താമസം പീടികയില്‍ തന്നെ .വല്ലപ്പോഴും താഴ്‌വാരതേക്ക് പോകും ..പിന്നെ ഏതാനും ദിവസം കഴിഞ്ഞേ എത്തുകയുള്ളൂ .അയാള്‍ ഒറ്റയ്ക്ക് അവിടെ താമസിക്കുന്നു എന്നത് എനിക്ക് അവിശ്വസനീയമായി തോന്നി .ഏതാണ്ട് വെട്ടം വീണതോടെ വെളുത്തമ്മയെ തൊഴാന്‍ ആളുകള്‍ വന്നുതുടങ്ങി . നാലോ അഞ്ചോ ആളുകള്‍ മാത്രം .. ക്ലീറ്റസ് പറഞ്ഞതുപോലെ പാകം ചെയ്ത മാംസം ആണ് അവര്‍ നിവേദ്യമായി സമര്‍പ്പിച്ചത് .ഇങ്ങനെ ഒരു നിവേദ്യം ഞാന്‍ ആദ്യം കാണുകയായിരുന്നു .ഈ മംസാഹാരമെല്ലാം രാത്രിയില്‍ കട്ടില്‍ നിന്നും മൃഗങ്ങളെത്തി കഴിക്കുമെന്ന് അയാള്‍ സൂചിപ്പിച്ചു .ചുരുക്കത്തില്‍ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ഞാനും ഒരു ബോഫെ വിഭവം ആകുമെന്ന് സാരം .ആ ഓഫീസിലെ എന്റെ സൂപ്രണ്ട് ഏതാണ്ട് 11  മണി ആയപ്പോള്‍ എത്തി.പരിചയപ്പെട്ടു .അയാള്‍ സ്നേഹത്തോടെ ചോദിച്ചു

"താമസമൊക്കെ ?"
"താഴ്വാരത്ത് ലോഡ്ജു   നോക്കണം " വളരെ ബഹുമാനത്തോടെയാണ് ഞാന്‍ മറുപടി നല്‍കിയത് .എന്നാല്‍ എന്റെ മറുപടി അയാള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് മുഖഭാവം വ്യക്തമാക്കി. ഗൌരവത്തോടെ അതിലേറെ നീരസത്തോടെ അയാള്‍ സംസാരിച്ചുതുടങ്ങി.

              "ഈ ഓഫീസില്‍ നൈറ്റ്‌ വാച്ച്മാന്‍ ഇല്ല .ഉപകരണങ്ങളുടെ കസ്ടോടിയന്‍ താനാണ് . താന്‍ ലോഡ്ജില്‍ താമസിച്ചാല്‍ ,സാധനങ്ങള്‍ പലതും നേരം വെളുക്കുമ്പോള്‍ കാണില്ല .സമാധാനം താന്‍ തന്നെ പറയേണ്ടിവരും .ഇവിടെ ബാത്രൂം സൗകര്യം ഒക്കെയുണ്ട് . മുന്‍കൂട്ടി പറഞ്ഞാല്‍ നാരായണന്‍ നായര്‍ ഭക്ഷണം ഉണ്ടാക്കിത്തരും ".എനിക്ക് സംസാരിക്കാന്‍ അവസരം പോലും താരാതെ ബാഗ്‌ എടുത്തുകക്ഷത്തില്‍ വച്ച് കക്ഷി പുറത്തേക്കിറങ്ങി .എന്തോ ഓര്‍തിട്ടെ ന്നതുപോലെ എന്നെ അടുത്തേക്ക് വിളിച്ച്  സ്വകാര്യമായി പറഞ്ഞു "ഞാന്‍ എന്നും വരില്ല ,ഫീല്‍ഡ് ഉണ്ട് , താന്‍ കാര്യങ്ങളൊക്കെ വേണ്ടപോലെ കൈകാര്യം ചെയ്യണം ..പിന്നെ സോമദാസ അഡിഗ വന്നാല്‍ വേണ്ട സഹായം ചെയ്തുകൊടുക്കണം ". പ്രൊബേഷന്‍ പീരീഡ്‌ എന്ന യാഥാര്‍ത്ഥ്യം മൂലം എന്റെ ശിരസ് ഇരുവശത്തേക്കും  മെല്ലെ ചലിച്ചു .( ആംഗ്യ ഭാഷയില്‍ ഈ ചലനത്തിന് സമ്മതം എന്നും പറയും )വിസ്മ്രിതിയില്‍ ആണ്ടു പോയ വെളുത്തമ്മ കഥകള്‍ ഫണം വിരിച്ചുതുടങ്ങി .അച്ചുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണം എന്റെ മസ്തിഷ്കം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത് .ആ മലമുകളിലെ എന്റെ ഏകാന്ത വാസം ഏറെക്കുറെ ഉറപ്പിക്കപ്പെട്ടു .
മൂന്നു നേരവും   നാരയാനേട്ടന്റെ വകയായി ഭക്ഷണം കിട്ടിയിരുന്നു .ഞങ്ങള്‍ക്കിടയില്‍ ദൃഡമായ ഒരു ആത്മ ബന്ധം ഉണ്ടായി .ഞാന്‍ റോബിന്‍സണ്‍ കൃസോ ആണെങ്കില്‍ എന്റെ ഫ്രൈഡേ ആയിരുന്നു നാരയണേട്ടന്‍ എന്നുതന്നെ പറയാം .പക്ഷെ നാരായണേട്ടനും എന്തും പറഞ്ഞുതീര്‍ക്കുന്നത് വെളുത്തമ്മയിലാണ്.ഇരുട്ട് വീണാല്‍ ഞങ്ങള്‍ രണ്ടും പിന്നെ ആ യക്ഷിയും മാത്രമാകും മലമുകളില്‍ . എന്റെ  ഉറക്കത്തെത്തന്നെ വെളുത്തമ്മ ക്രൂരമായി വേട്ടയാടിത്തുടങ്ങി.സൂര്യനൊപ്പം ഉദിക്കുന്ന എന്റെ ധൈര്യത്തിന് അസ്തമനം വരയേ ആയുസ് ഉണ്ടായിരുന്നുള്ളൂ . പലപ്പോഴും അതിന്റെ കഴുത്ത് ഞെരിക്കുന്നതും നാരയണേട്ടന്‍ ആയിരുന്നു  .എന്റെ മനസിലെ ഭീരുത്വത്തിന്റെ തടാകം എപ്പോഴെങ്കിലും ശാന്തമായിക്കിടന്നാല്‍ , അതിലേക്കൊരു കല്ലെറിയുക എന്നത് അയാള്‍ക്കൊരു ഹരമായിരുന്നു .

     ആല്‍ത്തറയില്‍ കൈകൂപ്പിനിന്ന് എന്നും രാവിലെ അയാളുറക്കെ ഇങ്ങനെ പ്രാര്‍ധിക്കുമായിരുന്നു                        . " അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ " . ഈ പ്രാര്‍ഥനയില്‍ എനിക്കെന്തോ ഒരു വൈചിത്ര്യം തോന്നുമായിരുന്നു .

             സുഹൃത്ബന്ധം ദൃഡം ആകുന്നതിന് പലപ്പോഴും സാക്ഷിയാകുന്നത് ഒഴിയുന്ന  മദ്യക്കുപ്പികള്‍ ആണല്ലോ ?.അത് ശരിയാണെന്ന് ഞങ്ങളും അനുഭവത്തിലൂടെ അംഗീകരിച്ചു  .അയാള്‍ക്ക്‌ മദ്യപാനം ലഹരിക്കുവേണ്ടിയായിരുന്നെങ്കില്‍ എനിക്കത് ധൈര്യത്തിലേക്കുള്ള കടത്തുവള്ളമായിരുന്നു .


            ജോലിതന്നെ അവസാനിപ്പിച്ച് തിരികെപ്പോരാം എന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്  സോമദാസ അഡിഗയായിരുന്നു.ആ കൃഷിഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ അടിഗക്കുവേണ്ടിയായിരുന്നെന്നു പറയാം .അത്രമാത്രം കൃഷിഭൂമി അദ്ദേഹ തിനുണ്ടായിരുന്നു.സത്യസന്ധനും അതിലേറെ മാന്യനുമായ ആ പ്രമാണി മിക്കവാറും ഓഫീസില്‍ എത്താരുണ്ടായിരുന്നു.അയാള്‍ വെളുത്തമ്മയുടെ തികഞ്ഞ ഭക്തനായിരുന്നു .ചെറുപ്പത്തില്‍ അഡിഗ കടുത്ത യുക്തിവാദി ആയിരുന്നെന്നൊക്കെ കേട്ടിരുന്നു .ഒരിക്കല്‍ അയാള്‍ ഓഫീസില്‍ എത്തി നാട്ടുവിശേഷങ്ങളൊക്കെപ്പറഞ്ഞ്  ആത്മീയതയുടെ ഓരം ചേര്‍ന്ന് വെളുത്തമ്മയെന്ന എന്റെ ഭയത്തിന്റെ മര്‍മ്മത്തിലേക്ക് അടുത്തപ്പോള്‍  , അത് തടയുവാനായി  ഒരു യുക്തിവാദിയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് വെളുത്തമ്മയെയും അടിഗയേയും ഞാന്‍ കണക്കറ്റ് പരിഹസിച്ചു. (സുഹൃത്തുക്കളെ ....നിങ്ങള്‍ എന്നെ കുറ്റപ്പെടുതരുത്.....കഥ പറഞ്ഞ്  പേടിപ്പിച്ചിട്ട്  അഡിഗ പോകും കൂട്ടത്തില്‍ എന്റെ ഉറക്കവും ) എന്തായാലും എന്റെ വാക്കുകള്‍ അയാളെ പ്രകോപിപ്പിച്ചു .കസേരയില്‍ നിന്ന് ചാടിയെനീറ്റയാള്‍ കൊപാന്ധനായി അലറുകയായിരുന്നു ...
" നീ എന്താടോ കരുതിയത്‌ .അറിവില്ലായ്മയും അഹങ്കാരവുമാണ് യുക്തിവാദം   , ഞാനും അങ്ങിനെയായിരുന്നു ...ഒരു 20  വര്‍ഷങ്ങള്‍ക്കു മുന്‍പ് .ചോരതിളപ്പിന്റെ പ്രായത്തില്‍ , രാത്രിയില്‍ ഇവിടെയെത്തി വെളുത്തമ്മയെ ചീത്ത വിളിച്ചവനാണ്  ഞാന്‍ ,,ഒരു പന്തയത്തിനാണ് അന്നത് ചെയ്തത് .....അമ്മേ മാപ്പക്കണമേ....ഞാന്‍ എന്താണ് അന്ന് കണ്ടതെന്ന്  നീ അറിയണം ....നരച്ചമുടി വിടര്‍ത്തി .....ചോരയൊലിക്കുന്ന മുഖവുമായി ..നാവുനീട്ടി ..അലയിപ്പാഞ്ഞുവെളുത്തമ്മ ആലില്‍നിന്നും വന്നു.......മാപ്പാക്കണേ .... എന്ന് അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ ബോധംകെട്ടുവീണു . കലിയടങ്ങാതെ അമ്മ എന്റെ തലയില്‍ ചവിട്ടി ..അലറിക്കൊണ്ട്‌ കാട്ടില്‍കൂടി പഞ്ഞുനടക്കുന്നത് അവ്യക്തമായി ഞാന്‍ കണ്ടു . പിറ്റേന്ന് രാവിലെ ഞാന്‍ ഉള്‍പ്പടെ ബോധം മറഞ്ഞ നാലുപേരെയാണ് നാട്ടുകാര്‍ കണ്ടത് .....ആല്‍ ചുവട്ടില്‍ ചിതറിക്കിടന്നു.... പച്ചയിറച്ചി കഷ്ണങ്ങള്‍  .....കലിയടങ്ങാത്ത   അമ്മ തിന്നതിന്റെ ബാക്കി .... സമസ്താപരാധവും  ഏറ്റുപറഞ്ഞ് ആല്‍തറ കെട്ടി , ഇറച്ചി നേദ്യം നല്‍കിയ ശേഷമാണ് ഒന്നുറങ്ങാന്‍ കഴിഞ്ഞത് .
       ഒറ്റ ശ്വാസത്തിലാണ് അയാളിത്രയും പറഞ്ഞു തീര്‍ത്തത് . വിയര്‍ത്ത് കുളിച്ചു  നിന്ന അയാളുടെ വലിഞ്ഞു മുറുകിയ മുഖം ഇന്നും ഓര്‍മയിലുണ്ട് . പ്രമാണിയും ,മാന്യനും  അതിലൊക്കെ ഉപരിയായി മുന്‍യുക്തിവാദിയുമായിരുന്ന   അടിഗയുടെ വെളിപ്പെടുത്തല്‍ എനിക്ക് വിശ്വസിക്കാതിരിക്കാനായില്ല . ഭയം എല്ലാ അര്‍ഥത്തിലും എന്നെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തി .ഇനിയും അവിടെ തുടര്‍ന്നാല്‍ ഭയന്നുമരിക്കും എന്ന് ഉറപ്പായി. ജോലിയേക്കാള്‍ വലുതാണ്‌ ജീവെനെന്ന തിരിച്ചറിവ് ,അന്നുതന്നെ കാന്തിപുരം ഉപേക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു . നാരയനേട്ടനുമായി ഒന്ന് " ആഘോഷിച്ചിട്ട് " വിട പയയുന്നതാണ് അതിന്റെ ശരിയെന്നു തോന്നി .

          ഏകദേശം അഞ്ചുമണിയോടുകൂടി അവസാനത്തെ ഗ്ലാസും ഒഴിഞ്ഞപ്പോള്‍ ,എന്റെ തീരുമാനം ഞാന്‍ അയാളെ അറിയിച്ചു .നെഞ്ചിലേക്ക് തൂങ്ങിയ തല ആയാസപെട്ടുയര്‍ത്തി നാരായണേട്ടന്‍ എന്നോട് ചോദിച്ചു
                            "നിനക്ക് വിശക്കുന്നുണ്ടോ...............?
സന്ദര്‍ഭോചിതമല്ലാത്ത ആ ചോദ്യത്തിന് അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഉണ്ടെന്നുതന്നെ  ഞാന്‍ മറുപടി നല്‍കി .
            "ശരി ..ഇവിടിരിക്ക് ..ഞാന്‍ ഇപ്പോള്‍ വരാം"..ആടിക്കുഴഞ്ഞു  പുറത്തേക്കു പോയ അയാള്‍ പെട്ടന്ന് തന്നെ മടങ്ങി വന്നു .കയ്യില്‍ രണ്ടുപൊതി.........അതെ............... വെളുത്തമ്മയുടെ ഇറച്ചിക്കറി നിവേദ്യം ......ഒരു മിന്നല്‍പ്പിണര്‍ കാലുകളില്‍ നിന്നും തലയിലെത്തി .
            "ചേട്ടാ ...ഇത് ...വെളുത്തമ്മയുടെ ...."
"വെളുത്തമ്മ.. ..മണ്ണാങ്കട്ട ....വേണേല്‍ തിന്ന്‌"
         ആ പൊതി വിറച്ചു കൊണ്ടാണെങ്കിലും ഞാന്‍ വാങ്ങിച്ചു ..പക്ഷെ തുറന്നു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു .....പരമ ഭക്തന്റെ ദൈവ നിന്ദ എന്നെ അമ്പരപ്പിച്ചു ...
    ഭീതിയുടെ നിഴല്‍ പതിഞ്ഞ  ഏതാനും നിശബ്ദ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നാരായണേട്ടന്‍ സംസാരിച്ചു തുടങ്ങി ..
              " ഞാന്‍ ഇവിടെയെത്തിയിട്ട് 25 വര്‍ഷങ്ങളായി .ഇന്നും അവിവാഹിതനാണ് .ആഗ്രഹമില്ലഞ്ഞിട്ടല്ല പക്ഷെ നടന്നില്ല .ചെറുപ്പത്തില്‍ പുകവലിക്കും മദ്യപാനത്തിനും പുറമേ വിഷയാസക്തിയിലും തല്‍പ്പരനായിരുന്നു . അങ്ങിനെ എണ്ണിപ്പെറുക്കി സമ്പാദിച്ചാണ് അന്ന്  സുമിത്രയെ ഞാന്‍ ഇവിടേയ്ക്ക് വിളിപ്പിച്ചത് .അക്കാലത്തെ ചെറുപ്പക്കാരുടെ പൊതു കാമുകിയായിരുന്നു അവള്‍ . അത്താഴം പാകം ചെയ്ത് കഴിക്കനുള്ളതും വാങ്ങി ഞങ്ങള്‍ ആല്‍ ചുവട്ടിലെത്തി .അകലെനിന്നും ഒരു ടോര്‍ച്ചുവെട്ടം കണ്ടു . ആ സമയത്ത് ആ വഴി ആരും എത്തില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു . പക്ഷെ ഈ വെട്ടം കണ്ടപ്പോള്‍ ആരോ വരുന്നുണ്ടെന്ന് ഉറപ്പായി .സുമിത്രയെ ഞാന്‍ ആലിന്റെ പുറകിലേക്ക് മാറ്റി നിര്‍ത്തി . വെട്ടം ആല്‍ ചുവട്ടിലേക്ക്‌ ആണെന്ന് ഉറപ്പായി . അന്നൊക്കെ വെളുത്തമ്മയുടെ വഴിപാട് കുംകുമവും അരിപ്പൊടിയും ആയിരുന്നു . വരുന്നയാള്‍ സുമിത്രയെ കണ്ടാല്‍ എന്റെ മാനം പോകും എന്നതില്‍ സംശയമില്ല .അതുകൊണ്ട് കുംകുമം എടുത്തു ഞാന്‍ അവളുടെ മുഖത്ത് പുരട്ടി ..ആ അരിപ്പൊടി തലവഴി കമത്തി .അവളെ ആലിന്റെ പുറകില്‍ നിര്‍ത്തി ഞാന്‍ അടുത്തുള്ള കാട്ടില്‍ മറഞ്ഞിരുന്നു .ടോര്‍ച്ചും ആയി എത്തിയത് പ്രമാണിയായ അഡിഗ ആയിരുന്നു .അയാള്‍ ആലിന്റെ മുന്നുലെത്തി ചീത്ത വിളിക്കാന്‍ തുടങ്ങി .പന്തയം വച്ച് വെളുത്തമ്മയെ ആണ് ചീത്ത വിളിക്കുന്നതെന്ന് എനിക്കോ സുമിത്രക്കോ അറിയില്ലല്ലോ . പാവം സുമിത്ര  കരുതിയത്‌ ...അഡിഗ അവളെ തിരിച്ചരിഞ്ഞെന്നാണ് . മാപ്പ് പറയാനായി , കരഞ്ഞു കാല് പിടിക്കാനായി അവള്‍ ആലിന്റെ മറവില്‍ നിന്നും പുറത്തു വന്നു, ആല്‍തറയില്‍ നിന്നും താഴേക്ക്‌ ചാടി . ഇത് കണ്ട അഡിഗ മാപ്പാക്കണേ എന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചു  ..കൈ കൂപ്പി വെട്ടിയിട്ട വഴ പോലെ നിലത്തേക്ക് ...കൂട്ട നിലവിളിയായി . വിരണ്ടു പോയ സുമിത്ര നിലത്തുവീണ അടിഗയുടെ തലയില്‍ തട്ടി ..അവള്‍ പ്രാണനും കൊണ്ട് താഴ്‌വാരത്തെക്ക് ഓടി  .പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അടിഗയെ കൂടാതെ സുമിത്ര ഓടിയ വഴിയില്‍ നിന്നും മൂന്നു പേരെ കൂടി ബോധം പോയ അവസ്ഥയില്‍ കണ്ടു . നാടുകാര്‍ നടത്തിയ പരിശോധനയില്‍ അന്ന് ഞാന്‍ അത്താഴത്തിന് കറി വയ്ക്കാന്‍ വാങ്ങിയ കോഴി ഇറച്ചിയുടെ കഷ്ണങ്ങള്‍ അല്ച്ചുവട്ടില്‍നിന്നും കിട്ടി . തലേന്നത്തെ വെപ്രാളത്തില്‍ കൂട് പൊട്ടി ഇറച്ചി താഴെ വീണത്‌ ഞങ്ങള്‍ അറിഞ്ഞില്ല .എന്തായാലും രണ്ടു ദിവസത്തിന് ശേഷം കൈമള്‍ ആല്‍ തറ കെട്ടി ,വഴിപാടായി കോഴിക്കറിയും സമര്‍പ്പിച്ചു . പ്രമാണി ചെയ്തത് ആചാരമായത്തോടെ എന്റെ വയറും     കേടായി തുടങ്ങി .അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ പട്ടിണി കിടന്നിട്ടില്ല "

       പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ചിരിച്ചു ചിരിച്ചു കോഴിക്കറിയുടെ എരിവ് എനിക്ക് നെറുകയില്‍ കയറി . പിറ്റേന്ന് മുതല്‍ സ്ഥലം മാറി പോകുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചു പ്രാര്‍ഥിച്ചു തുടങ്ങി

" അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ "

(If You Enjoyed This Post,Please Take 5 Seconds To Share It)34 comments:

 1. ee sambhavathinu shesham thaangal yadhartha veluthammayeyum poyi "parichayappettu" ennu karuthatte? :D

  ReplyDelete
 2. ennalum paavam sumithra...mobile number vaankendatharunnu

  ReplyDelete
  Replies
  1. വാങ്ങി ..മോനെ ..ഞാന്‍ ആരാ മോന്‍

   Delete
 3. കൊള്ളാം .മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥ പോലെ രസമുണ്ട് ..ഹെഹെ ..ഇനിയും ഇതുപോലെ പ്രതീഷിക്കുന്നു ..

  ReplyDelete
  Replies
  1. ശ്രമിക്കാം ..കൂട്ടുകാരാ

   Delete
 4. നാരായനെട്ടനും സുമിത്രയും ഇപ്പോഴും ഉണ്ടോ ?? "ഇന്നലത്തേത് പോലെ " :D

  ReplyDelete
  Replies
  1. കൊച്ചു പയ്യന്‍ ..അവന്റെ ആഗ്രഹം കൊള്ളാമല്ലോ !!!!..അടി ..ആ

   Delete
  2. കൊല്ലവനെ... ബൈ ദി ബൈ.... നാരായനെട്ടനും സുമിത്രയും ഇപ്പോഴും ഉണ്ടോ ?? "ഇന്നലത്തേത് പോലെ, ഇപ്പൊ എവിടെ കാണും?

   Delete
 5. kollam nalla avatharanam.

  water man

  ReplyDelete
  Replies
  1. See ...some of the incidents in this story is real

   Delete
  2. is it true incident?
   any way it is awesome!!

   water man

   Delete
 6. shedaaa oru kozhikkarikkokke enthaa rate ....

  ReplyDelete
 7. Great One .. Njoyed reading malayalam blog after long time. thanks a lott

  ReplyDelete
 8. kollam....nalla bhasha...nalla katha......

  ReplyDelete
 9. സംഗതി കലക്കീ കേട്ടോ.........

  ReplyDelete
 10. നല്ല രചനാ ശൈലി.... ആശാംസകൾ

  ReplyDelete
 11. ഇമ്മാ‍തിരി സംഭവമൊക്കെ കയ്യിലുണ്ടല്ലേ...

  ReplyDelete
 12. ഒരു യുക്തി വാദിയുടെ പതനം . ഹ ഹ . ക്ലൈമാക്സ്‌ ആണ് ഞെട്ടിച്ചത് . ആശംസകള്‍

  ReplyDelete
 13. Nice presentation....Remarkable humour sense....

  ReplyDelete
 14. ഹ..ഹാ..കൊള്ളാം..നല്ല രചന. പ്രാദേശിക യക്ഷിയുടെ ഫോട്ടോയെന്നും പറഞ്ഞ് കൊടുത്തിരിക്കുന്നത് ഒരു ഗുമ്മില്ലാത്തതാണല്ലോ..

  ReplyDelete
 15. ഇങ്ങനെയുള്ള കഥകളുടെ അവസാനം കള്ളി വെളിച്ച്ചത്താവല്‍ തന്നെയാണെങ്കിലും , അതില്‍ നിന്നെല്ലാം വ്യതസ്തമായ അവതരണം, ക്ലൈമാക്സ്, ശരിക്കും ചിരിച്ചു പണ്ടാരടങ്ങി :) അഭിനന്ദനങ്ങള്‍...

  ReplyDelete
 16. കഥ ഇഷ്ടമായി....ഇതുപോലൊരു യക്ഷി ഞങ്ങളുടെ നാട്ടിലും ഒരുനാള്‍ പ്രത്യക്ഷപെട്ടു...രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങാതായി....ഒടിയന്‍ ആണെന്നും അല്ല രക്ഷി തന്നെ ആണെന്നും പല അഭിപ്രായങ്ങലുമുണ്ടായി..പക്ഷെ യുക്തി വാദിയായ ചില ചെറുപ്പക്കാര്‍ ഇതിന്റെ രഹസ്യം അറിയാനായി രാത്രിയില്‍ ഉറക്കമിളചിരുന്നു യക്ഷിയെ പിടികൂടി...ഏക്കറുകണക്കിനു വിശാലമായി കിടക്കുന്ന തെങ്ങിന്‍ തോപ്പുകളില്‍ നിന്നും നാളികേരം മോഷ്ടിക്കാന്‍ രണ്ടുപേര്‍ ചേര്‍ന്ന് തയ്യാറാക്കിയ കഥയായിരുന്നു യക്ഷി....പോലീസ് കൊണ്ടുപോയ യക്ഷിക്കു പിന്നെടെന്തു സംഭവിച്ചു എന്നറിയില്ല... ഗഫൂര്‍ കഥ പറഞ്ഞ രീതി നല്ലതായിരുന്നു...ആശംസകള്‍...

  ReplyDelete
 17. അനാമികയാണു വഴികാട്ടിയായത്.. ഹ ഹ ക്ലൈമാക്സ് "ക്ഷ" പിടിച്ചു.... നന്നായി കുട്ട്യേ നന്നായി..

  ReplyDelete
 18. ഹഹഹഹഹഹഹഹഹ ഹഹഹഹാഹഹഹ്ഹഹഹാഹ്ഹ്ഹ്ഹ്ഹ്

  ReplyDelete
 19. Jijith PV:- Enikk ishtayi

  ReplyDelete
 20. എൻ്റെ നാട്ടിലും ഉണ്ട് മാടനും മറുതയും വരുത്ത് പോക്കും പകr്ഷ എല്ലാം സ്ഥലത്തെസുമിത്ര മാരുടെ വീട്ടിലേക്കാന്നെന്ന് മാത്രം ........

  ReplyDelete