### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Wednesday, May 16, 2012

സഖാവും ഉപ്പിലിട്ട ഷക്കീലയും

                   ടോമിന് ജെറിയും വിജയന് ദാസനും പോലെയാണ് എനിക്ക് സഖാവ്.നിങ്ങളില്‍ ചിലര്‍ക്കൊക്കെ സഖാവിനെ പരിചയം കാണും.ചാളമാലയില്‍ തുടങ്ങി  കക്ഷിയെക്കുറിച്ച് പലതും  ഞാന്‍ എഴുതിയിരുന്നു.പുരാണം പറഞ്ഞ് സമയം കളയുന്നില്ല.കാര്യത്തിലേക്ക് വരാം .
               സഖാവ്  എഴിലക്കര പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട കഥയാണ്‌ ഇന്നിവിടെ പറയുന്നത്.ഞങ്ങള്‍ രണ്ടുപേരും കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.അതിനുശേഷം ഞാന്‍ ഒരു സര്‍ക്കാര്‍ ജോലിയുമായി ഒതുങ്ങിക്കൂടി.പക്ഷെ സഖാവ് പ്രാദേശിക രാഷ്ട്രീയത്തില്‍ പയറ്റിത്തുടങ്ങി.ഞങ്ങള്‍ രണ്ടുപേരും  എഴിലക്കര പഞ്ചായത്തിലെ നിവാസികളായിരുന്നു.ഞാന്‍ എട്ടാം വാര്‍ഡിലും  ചങ്ങാതി നാലാം വാര്‍ഡിലും.1999 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖാവ് എന്റെ വാര്‍ഡില്‍ നിന്നും മത്സരിക്കുവാന്‍ തീരുമാനിച്ചു.സ്വന്തം വാര്‍ഡ്  ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടി വന്നതുകൊണ്ടാണ് എട്ടാം വാര്‍ഡില്‍ സഖാവിനെ മത്സരിപ്പിച്ചത്. 
രാവിലെ ഓഫീസില്‍ പോകുവാന്‍ ഇറങ്ങിയപ്പോള്‍ സഖാവ് പൂമുഖത്ത് ."എടേ..ഞാന്‍ ഇവിടെ നിന്നും മത്സരിക്കുവാ.നിന്റെ ഒരു സഹായം വേണം .വൈകിട്ട് കാണണം.അത്യാവശ്യമാണ് " .           മുന്‍പ് പലപ്പോഴും സഹായിക്കുവാന്‍ പോയ അനുഭവം ഉള്ളതിനാല്‍ ഭവ്യതയോടെ ...എളിമയോടെ ..വിനീതനായി ഞാന്‍  പറഞ്ഞു  
" പൊന്നു  മച്ചാനെ , വല്യ കുഴപ്പമില്ലാതെ ജീവിച്ചു പോകുവാ..."
       ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ സില്‍ബന്തികളുമായി  അടുത്ത വീട്ടിലേക്ക് അവന്‍ പോയി.നിര്‍ദോഷമായ പാരകള്‍ പരസ്പരം വയ്ക്കുമെങ്കിലും ,ഒരാവശ്യം വന്നാല്‍ അവനെ സഹായിക്കാതിരിക്കുവാന്‍ എനിക്കാവില്ല(വരാനുള്ളത് വഴിയില്‍ തങ്ങില്ല, വിനാശകാലേ വിപരീതബുദ്ധി എന്നൊക്കെ പഴമക്കാര്‍ പറയും).വൈകിട്ട് പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ ,കക്ഷി കാര്യമായ ആലോചനയിലായിരുന്നു.   
എന്നോട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച്,മുകളിലോട്ടും നോക്കിയുള്ള ഇരിപ്പ് തുടര്‍ന്നു.എന്താണ് കാര്യം എന്ന് ഞാന്‍ ചോദിക്കണം .അതാണ്‌ ഉദ്ദേശ്യം..അത് വേണ്ട .അടുത്തു കിടന്ന പത്രം എടുത്ത് ഞാന്‍ വിശദമായ വായന തുടങ്ങി.മുരടനക്കി ഒരു ഇ .എം .എസ്  ലൈനില്‍ സഖാവ് സംസാരിച്ചു തുടങ്ങി.
"ഇലക്ഷനില്‍ ഞാന്‍ പൊട്ടും .ഉറപ്പാണ് ,പക്ഷെ നീ വിചാരിച്ചാല്‍ സംഗതി നടക്കും "
" മനസിലായില്ല ?"
"പറയാം ..പറയാം ...കഴിഞ്ഞ രണ്ട് പഞ്ചായത്ത് ഇലക്ഷന്റെയും ഒരു ഉപതെരഞ്ഞെടുപ്പിന്റെയും റിസള്‍ട്ട് പരിശോധിച്ചു. പതിനഞ്ചും മുപ്പതിനും ഇടയ്ക്കാണ് ഇവിടെ പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ തോറ്റത്.   ആറാംവാരി കോളനിയില്‍ നിന്നാണ് പണി കിട്ടുന്നത്.അവരെ കയ്യിലെടുത്താല്‍ സംഗതി സക്സസ്.അതിന് നീ മനസ് വയ്ക്കണം "
" തടി കേടാവുന്ന ഐറ്റമാണോ  ?"
"ഹേയ് .....എന്റെ കൂടെ വോട്ട് പിടിക്കാന്‍ അവിടം വരെ ഒന്ന് വരണം. ഈ വാര്‍ഡിലെ പകല്‍ മാന്യന്‍ എന്ന നിലയില്‍ നിനക്കൊരു  സൊല്‍പ്പം വിലയുണ്ടല്ലോ. അതെനിക്കൊന്ന് കടം തരണം .അത്രേയുള്ളൂ " 
കാര്യം ആലോചിച്ചപ്പോള്‍ എനിക്കും കുഴപ്പമൊന്നും തോന്നിയില്ല.ചേതമില്ലാത്ത ഉപകാരം (അവനവന്‍ കുഴിക്കുന്ന കുഴി ) 
     പിറ്റേന്ന് രാവിലെ ആഫീസിലെത്തി രണ്ട് ദിവസത്തെ ലീവും കൊടുത്ത്,ഉച്ചയോടെ ഞാന്‍ ചന്തക്കവലയിലെത്തി.സഖാവ് ഒരു ഓട്ടോറിക്ഷയുമായി എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.കാര്യമായ ആ സ്വീകരണത്തില്‍ സത്യമായും ഒരപാകതയും  എനിക്കപ്പോള്‍  തോന്നിയില്ല.വണ്ടി നേരെ  ആറാംവാരി കോളനിയിലേക്ക് .ഓട്ടോ പറഞ്ഞുവിട്ട് സഖാവ് മുന്നില്‍ നടന്നു.ആദ്യമാദ്യം കണ്ട വീടുകളിലൊന്നും കയറാതെ മൂലയിലെ ഓടിട്ട വീടിന്റെ മുന്നില്‍ നിന്നു.തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു .കര്‍ത്താവാണേ..തലയില്‍ 11 കെ .വി ലൈന്‍ പൊട്ടി വീണിരുന്നെങ്കില്‍ പോലും ഇത്രയും പെരുപ്പുണ്ടാകുമായിരുന്നില്ല. നാണിത്തള്ളയുടെ വീട്. അക്ഷരമാല നിമിഷങ്ങള്‍ക്കുള്ളില്‍ പുനക്രമീകരിക്കുവാന്‍ കഴിവുള്ള സ്ത്രീരത്നം.ചില നാട്ടില്‍ അതിന് പള്ള്,ചീത്ത, തെറി എന്നൊക്കെ പറയും .സംഗതിയുടെ കിടപ്പ് എനിക്ക് വ്യക്തമായി.അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കി കൊടുത്തത് ഞാനായിരുന്നു.അത് സഖാവിനറിയാം.അതിന്റെ ഉപകാരസ്മരണ വോട്ടാക്കാനാണ് സഖാവിന്റെ ഉദ്ദേശ്യം.മക്കളും കൊച്ചുമക്കളും ഒക്കെയായി പത്തിരുപത്തഞ്ച് വോട്ടുണ്ട് .ഒത്താല്‍ ബമ്പര്‍ .പക്ഷെ സഖാവിനെയും കൊണ്ട് ആ വീട്ടില്‍ കയറാന്‍ എനിക്ക്  ധൈര്യമില്ലായിരുന്നു.കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ തന്നെ നാണിത്തള്ളയ്ക്ക് കലിയിളകും.പിന്നെ കൊടുങ്ങല്ലൂര്‍ പൂരമാണ്‌ .പണ്ട് അവരും  കടുത്ത കമ്യൂണിസ്റ്റ് ആയിരുന്നു  .പക്ഷെ അവരുടെ എന്തോ കാര്യം പാര്‍ട്ടിക്കാര്‍ ചെയ്തുകൊടുത്തില്ല എന്ന പേരില്‍ പിണങ്ങി.എത്രയും പെട്ടന്ന് അവിടെനിന്നും പോകാമെന്നു പറഞ്ഞ് അവന്റെ കയ്യില്‍ പിടിച്ച് വലിച്ചെങ്കിലും അല്‍പ്പം താമസിച്ചുപോയി.കര ..കര ശബ്ദത്തോടെ വാതില്‍ തുറന്ന് നാണിത്തള്ള തൊട്ടുമുന്നില്‍ .ഉപ്പിലിട്ട ഷക്കീലയുടെ രൂപം.എന്നെ കണ്ടതും വെളുക്കെ ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.എന്റെ സുഹൃത്തെന്ന പേരില്‍ സഖാവിനെയും പരിചയപ്പെടുത്തി. പാര്‍ട്ടിസ്ഥാനാര്‍ഥിയാണെന്ന കാര്യം പോലും മിണ്ടിയില്ല. സൌഹൃദ സംഭാഷണത്തിലൂടെ  സഖാവ് കാര്യങ്ങള്‍ പലതും മനസിലാക്കി .നാണിത്തള്ളയ്ക്ക് പാര്‍ട്ടിക്കാരോടുള്ള ദേഷ്യത്തിന്റെ മൂലകാരണം...കര്‍ഷകതൊഴിലാളി പെന്‍ഷനാണ് . പഞ്ചായത്ത്, പാര്‍ട്ടി ഭരിച്ചിരുന്ന സമയത്താണ് അവര്‍ അപേക്ഷ നല്‍കിയത്.പക്ഷെ തള്ളിക്കളഞ്ഞു. അവര്‍ക്ക് അതിനുള്ള അര്‍ഹത ഇല്ലായിരുന്നു എന്നത് മറ്റൊരു  വാസ്തവം . എന്തായാലും കൊള്ളാം അതോടെ പാര്‍ട്ടിയെ  നാണിത്തള്ള വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചു.  ചുരുക്കത്തില്‍ നാണിത്തള്ളയുടെയടക്കം ആ വീട്ടിലെ പത്തിരുപത്തഞ്ച് വോട്ട് ...സ്വാ........ഹ.
എല്ലാം കേട്ട ശേഷം സഖാവ് പറഞ്ഞു 
"അമ്മച്ചീ ...പെന്‍ഷന്റെ കാര്യം ഞാനേറ്റു."
അവനുറപ്പ് കൊടുത്തപ്പോള്‍ എന്റെ നെഞ്ചു കാളി.മടങ്ങുന്ന വഴി വായില്‍ വന്നതെല്ലാം അവനെ പറഞ്ഞു.എന്നെ സാക്ഷിയാക്കി ഉറപ്പുകൊടുത്തിട്ട് കാര്യം നടന്നില്ലെങ്കില്‍ എനിക്ക് പിന്നെ നാട്ടില്‍ കിടക്കേണ്ട.കുടുംബമടച്ച്‌  അവര് ചീത്ത വിളിക്കും .     ചങ്കുറപ്പോടെയാണ് എനിക്ക് സഖാവ് മറുപടി നല്‍കിയത്
"കൊടുത്ത വാക്ക് പാലിക്കാന്‍ എനിക്കറിയാം.പെന്‍ഷന്‍ ശരിയാക്കിയിട്ടേ ഇനി നമ്മള്‍ അവരെ കാണൂ .എന്താ പോരെ ?."
ഞാനും സമ്മതിച്ചു.രണ്ട് ആഴ്ച കഴിഞ്ഞ് വീണ്ടും കണ്ടപ്പോള്‍ ആത്മവിശ്വാസത്തോടെ സഖാവ് പറഞ്ഞു
"വാ ..നമുക്കവരെ കാണാം ,പെന്‍ഷന്‍ ഓക്കേ."
വിശ്വസിക്കാനായില്ല.എങ്കിലും സംഭവം നടന്നു എന്ന് ഉറപ്പായ സ്ഥിതിക്ക് അവരെ കാണുവാന്‍ ഒരുമിച്ചാണ് ഞങ്ങള്‍ പോയത് . അകലെനിന്നും ഞങ്ങളെ കണ്ടതും നാണിത്തള്ളയുടെ മുഖം തെളിഞ്ഞു.  കരിങ്കൂവള പൂവുകൊണ്ട്  പൂക്കളം ഇട്ടപോലെ. എനിക്കുറപ്പായി സഖാവ് ആള് പുലി തന്നെ .പറഞ്ഞപോലെ സംഗതി നടത്തി.ഊഷ്മളമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.മക്കളും കൊച്ചുമക്കളും എല്ലാം ഉണ്ട് .രജനീകാന്തിനെ നേരില്‍ കാണുന്ന  തമിഴ് മക്കളുടെ  ഭാവത്തോടെയാണ് എല്ലാവരും സഖാവിനെ നോക്കിയത്.നാണിത്തള്ള പെന്‍ഷന്‍ കിട്ടിയതുമായി ബന്ധപ്പെട്ട് വാതോരാതെ നന്ദിയറിയിക്കുകയാണ് .ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തോടെ സഖാവും. കഥകളി കാണുന്ന സായിപ്പിനെപ്പോലെ ഞാനും.അവസാനം സഖാവ് കാര്യങ്ങള്‍ അവതരിപ്പിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ടെന്നും അമ്മച്ചി അനുഗ്രഹിക്കണമെന്നും ,കൂട്ടത്തില്‍ വോട്ട് നല്‍കണമെന്നും പറഞ്ഞു.നാണിത്തള്ളയും ഹാപ്പി.ഇരുപത്തഞ്ച് വോട്ടും ഓക്കേ.
        ചായസല്‍ക്കാരത്തിന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. മേശയ്ക്കരുകില്‍ ഇരുന്നു. അകത്തെ മുറിയില്‍ നിന്നും വല്ലാത്ത മൂത്രനാറ്റം.നാണിത്തള്ള ആ വശത്തെ കതക് ചാരി .കൂട്ടത്തില്‍ ഒരാത്മഗതവും.
" കെട്ട്യോനാ ..കിടപ്പിലാ.തീട്ടോം മൂത്രോം എല്ലാം  കിടക്കേല്‍ തന്നാ."
വെളുത്ത പാത്രത്തില്‍ ലഢുവും മുറുക്കും മേശപ്പുറത്തെത്തി. മേശയുടെ മൂലയില്‍ മീന്‍ മുള്ള് രണ്ടെണ്ണം(തലേന്നത്തെ അത്താഴത്തിന്റെ ഫോസ്സില്‍ ).  മുറിയുടെ മൂലയില്‍ ഹുക്കുപോയ നിക്കറിട്ട ഒരു അളുങ്കു ചെറുക്കന്‍ -നാണിത്തള്ളയുടെ ചെറുമകന്‍ .അവന്റെ കണ്ണുകള്‍ ഈച്ചയെപ്പോലെ  ലഢുവിനു ചുറ്റും പാറിനടക്കുന്നു.ഇറച്ചിക്കടയ്ക്കു  മുന്നിലെ കാക്കയെപ്പോലെ . കൂനിന്‍മേല്‍ കുരു എന്നപോലെ നാരങ്ങാവെള്ളവും എത്തി.ഗ്ലാസ്‌ എടുത്ത് മൂക്കിനോടടുപ്പിച്ചപ്പോള്‍ തന്നെ മീനിന്റെ  ഉളുമ്പ് നാറ്റം.ദയനീയമായി ഞാന്‍ സഖാവിനെ നോക്കി.അവന്‍ കണ്ണ് കാണിച്ചു.കുടിക്കണം ,കുടിച്ചേ പറ്റൂ..ഇല്ലെങ്കില്‍ അവരത് ശ്രദ്ധിക്കും.പത്തിരുപത്തഞ്ച് വോട്ടിന്റെ കാര്യമാണ്. ഇത്രയും കാര്യങ്ങള്‍ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.ഈശ്വരാ ..എന്തൊരു പരീക്ഷണമായിരുന്നത്.ഒരു നിമിഷം ശ്വാസം പിടിച്ച്, ഒറ്റവലിക്ക് ഞാനത് അകത്താക്കി.വെള്ളമൊഴിക്കാതെ റമ്മടിച്ചിട്ടുണ്ട്,അച്ചാറില്ലാതെ കള്ളും കുടിച്ചിട്ടുണ്ട് .പക്ഷെ അന്നൊന്നും ഇത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല.എത്രയും പെട്ടെന്ന് അവിടുന്നിറങ്ങുക എന്നതായിരുന്നു ഏകലക്‌ഷ്യം.പക്ഷെ സഖാവ് അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു. അവന്‍ നാരങ്ങാ വെള്ളം കുടിച്ചിട്ടില്ല.കുടിക്കട്ടെ ...അത് കുടിക്കുമ്പോഴുള്ള  അവന്റെ മുഖഭാവം കാണുവാന്‍ വേണ്ടി ആവേശത്തോടെ ഞാന്‍ കാത്തിരുന്നു.സംസാരമെല്ലാം കഴിഞ്ഞപ്പോള്‍ സഖാവ് ആ ചെറുക്കനെ അടുത്തേക്ക്‌ വിളിച്ചു.പേരും നാളും കുശലാന്വേഷണവും.ഇടയ്ക്ക് ഗ്ലാസ്‌ കയ്യിലെടുത്തു.
"മോന്‍ കുടിച്ചോ ?"
"ഇല്ല "
ഒരു സ്നേഹോദാര്യം എന്നപോലെ അത് ചെറുക്കന് കൊടുത്തു. ചെറുക്കന്‍ ഗ്ലാസ്‌ കാലിയാക്കി ചിറിതുടച്ചു.സഖാവ് എന്നെ പാളി നോക്കി ഒന്ന് ചിരിച്ചു.കാക്കയുടെ വിശപ്പും മാറി പശുവിന്റെ ചൊറിച്ചിലും പോയി.
        തെരഞ്ഞെടുപ്പ് ഫലം വന്നു. പന്ത്രണ്ട് വോട്ടുകള്‍ക്ക് സഖാവ് എട്ടാം വാര്‍ഡില്‍ നിന്നും ജയിച്ചു.എല്ലാം സമംഗളം അവസാനിച്ച സന്തോഷത്തോടെ ഞാനും ജോലിക്ക് പോയിത്തുടങ്ങി. ഏകദേശം എട്ടു  മാസം കഴിഞ്ഞു കാണും ,നാണിത്തള്ള എന്നെ അന്വേഷിച്ച് ഓഫീസിലെത്തി. സൗഹാര്‍ദ്ദലക്ഷണമായ പുഞ്ചിരിയോടെ ഞാനവരെ സ്വീകരിച്ചു.മറുപടി ഒറ്റ അക്ഷരത്തിലോതുക്കി.
"ഭാ...." അകമ്പടിയായി നിരതെറ്റിയ അക്ഷരമാലകളും.എന്റെ മാനം കപ്പലുകയറി.എന്താണ് സംഭവമെന്ന് വിശദമായി പിന്നീട് അന്വേഷിച്ചു.കാര്യം നിസ്സാരം അവര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്‍ കിട്ടുന്നില്ല. 
           സഖാവിനെ വൈകിട്ട് തന്നെ കണ്ട് കാര്യം അവതരിപ്പിച്ചു.കേട്ട ഭാവമില്ല.ഒരു കാര്യം ഉറപ്പായി എനിക്കിട്ട് പണി കിട്ടി. ആ തള്ളയ്ക്കാണെങ്കില്‍ ഒരു സ്ഥലകാല ബോധവുമില്ല.ബസ്‌സ്ടാന്റിലോ കവലയിലോ എവിടെവച്ച് കണ്ടാലും എനിക്ക് തെറിയഭിഷേകം സൌജന്യമായി കിട്ടിത്തുടങ്ങി.മുങ്ങിനടന്ന സഖാവിനെ അവസാനം ഞാന്‍ തപ്പിയെടുത്തു.എങ്ങിനെയെങ്കിലും അവരുടെ പെന്‍ഷന്‍ ശരിയാക്കിക്കൊടുക്കുവാന്‍ താണുകേണ്   അപേക്ഷിച്ചപ്പോള്‍ അവന്‍ കുമ്പസാരം നടത്തി.
"എന്റെ പൊന്നളിയാ ..നീ ക്ഷമിക്കണം.അവരുടെ പെന്‍ഷന്‍ ശരിയാക്കുവാന്‍ പഠിച്ച പണി പതിനെട്ടും നോക്കി .ഒരു വഴിയുമില്ല.ഞാന്‍ തന്നെ അവരെ കാണുമ്പോള്‍ മുങ്ങി നടക്കുവാ"
"ഹ....നീ എന്താണ് ഈ പറയുന്നത്.അവര്‍ക്ക് മൂന്നു മാസത്തെ കുടിശിഖസഹിതം പെന്‍ഷന്‍ കിട്ടിയിരുന്നല്ലോ .നീ തന്നെയാണല്ലോ അത് ശരിയാക്കിക്കൊടുത്തതും. കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ എങ്ങിനെയാ ഇല്ലാതായത് "
"അതുപിന്നെ ..അളിയാ ..എല്ലാ മാസവും ആ തള്ളയ്ക്ക് മണിയോര്‍ഡര്‍ അയക്കാനുള്ള സാമ്പത്തികം എനിക്കുണ്ടോ ?"
***********
(If You Enjoyed This Post,Please Take 5 Seconds To Share It )