### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Sunday, December 4, 2011

ചാള മാല

             
 കലാലയ ജീവിതം ആര്‍ക്കും മറക്കാനാവില്ല .അപ്പോള്‍ പിന്നെ ഒന്നാന്തരം ഉഴപ്പനായിരുന്ന എന്റെ കാര്യം പറയാനുണ്ടോ ? അന്നുഞാന്‍ കാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു .എന്റെ സുഹൃത്തായിരുന്ന സഖാവിനെക്കുറിച്ചും ഞങ്ങളുടെ മറക്കാനാവാത്ത ഒരു  കോളേജ് തെരഞ്ഞെടുപ്പിനെക്കുറിച്ചുമാണ്  എഴുതുന്നത്‌ ..... "ചാള മാല "

                 കാലത്ത് ഒന്‍പതു മണിക്ക് മുന്‍പ് കാമ്പസില്‍ എത്തുമായിരുന്നു .1992 ല്‍ ആണെന്നാണ്‌ എന്റെ ഓര്‍മ...പതിവ് പോലെ കുളിച്ച് കുറി തൊട്ട് ക്ലാസ്സിലെത്തി . എത്ര പെണ്‍കുട്ട്യോളെയാണ് രാവിലെ കാണേണ്ടത് ?..തെരഞ്ഞെടുപ്പ് സമയമായതിനാല്‍  ആ പേരും പറഞ്ഞ് കയറി നിരങ്ങാം .അഞ്ചു ..മഞ്ജു ...കാവ്യാ ...എന്റെ ദൈവമേ ..എണ്ണിയാല്‍ തീരില്ല ...അങ്ങിനെ വൃന്ദാവനത്തിലെ കൃഷ്ണനായി ഞാന്‍ വിലസുകയായിരുന്നു .ശനിയന്മാര്‍ എല്ലാ കാലത്തും ഉണ്ടല്ലോ ..അന്നും ഉണ്ടായിരുന്നു ..അവനാണ് ..എന്റെ സഖാവ് .. പുറകില്‍ നിന്നും നീട്ടി വിളിച്ചു ...
"എടാ ..ഒന്ന് വേഗം വാ "
വൃന്ദാവനത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി
"എന്താ സഖാവെ ?"
"നമ്മുടെ ഫൈനല്‍ ഇയര്‍ കേമിസ്തൃയിലെ സുമേഷിനെ പ്രിന്‍സിപ്പല്‍  ചീത്ത വിളിച്ചു...ബാസ് ടെഡ് എന്ന് ,പോരാഞ്ഞിട്ട് സസ്പെണ്ടും ചെയ്തു "
"ഏയ്‌ ...അതിന് സാധ്യത ഇല്ല ..പ്രിന്‍സി ആള് ഡീസന്റ് ആണല്ലോ? ......വിശദമായി പറ "
" ഇന്നലെ പ്രിന്‍സി ..അവനെ ഒന്ന് ഗുണദോഷിക്കാന്‍ വിളിച്ചായിരുന്നു "
"എന്നിട്ട്? "
"അവന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല .എല്ലാം അനുസരണയോടെ നിന്ന് കേട്ടു....പക്ഷെ!! "
"എന്ത് പക്ഷെ... "
"സുമേഷ് തിരിഞ്ഞപ്പോള്‍ അവന്റെ കൈ തട്ടി പേപ്പേര്‍ വെയിറ്റ് ...പ്രിന്‍സിയുടെ ദേഹത്ത് വീണു "
"ദേഹത്ത് എവിടെ ...?"
"ആ ....നെറ്റിയുടെ സൈഡിലോ മറ്റോ ആണെന്ന് തോന്നുന്നു..... "
എന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് ചെവിയില്‍ തുടര്‍ന്നു......"ഇലെക്ഷനാണ്...പിള്ളേരെ കയ്യിലെടുക്കണം ..."
പിന്നെ മുദ്രാവാക്യംഉയരാന്‍ താമസം ഉണ്ടായില്ല ..പ്രിന്‍സിയും വിട്ടുതരാന്‍ തയ്യാറായില്ല ..വര്‍ഗശത്രുക്കള്‍ പ്രിന്‍സിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ...കാമ്പസ് അന്തരീക്ഷം കാക്കിമയമായി ...ഞങ്ങള്‍ പ്രകടനം നടത്താന്‍  തീരുമാനിച്ചു . എല്ലാവര്‍ക്കും നല്ല ആവേശം ...ടൌണില്‍ നിന്നും പ്രകടനം തുടങ്ങി ...സഖാവ് മുന്നില്‍ നിന്ന് ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു
                                       "  ഇന്നീ മണ്ണില്‍ വീണാലും
                                         പിടഞ്ഞു വീണു മരിച്ചാലും
                                         അയ്യോ എന്ന് കരയില്ല
                             അമ്മേയെന്നു വിളിക്കില്ല "...നല്ല ഉശിരന്‍ മുദ്രാവാക്യങ്ങള്‍ .പ്രകടനം കോളേജിനു മുന്നിലെത്തി . പോലീസ് തടഞ്ഞു ..ഉന്തും തള്ളുമായി ......കോളാമ്പി പോലെ എന്തോ ഒന്ന് ആകാശത്തേക്ക് "ശൂ ..."എന്ന ശബ്ദത്തോടെ പറന്നു പൊങ്ങി ഞങ്ങളുടെ മുന്നില്‍ വീണു .....അലാവുദ്ദീന്റെ വിളക്കില്‍ നിന്നും ഭൂതം വരുന്നത് പോലെ അതില്‍ നിന്നും പുക പൊങ്ങി ത്തുടങ്ങി....ടിയര്‍ ഗ്യാസ് ....ഇതു പ്രയോഗിച്ചാല്‍ ഏതു തമ്പുരാനും പറക്കും ..ഇത് നിങ്ങള്‍ക്കും വീട്ടിലിരുന്ന് പരീക്ഷിക്കാവുന്നതെയുള്ളൂ  ...അതിന് ഒരു പുട്ട് കുടത്തില്‍ അര ഭാഗം വെള്ളം എടുത്തു തിളപ്പിക്കുക ..നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അതില്‍ അഗ്നി ബാം (അര കുപ്പി ), അയോടെക്സ് (അര കുപ്പി ).....അരച്ച കാ‍ന്താരി (ഒരു കപ്പ്) എന്നിവ ചേര്‍ത്ത് ഇളക്കുക ...അതിന് ശേഷം നിവ്യ ക്രീം മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് പോലെ  ടായിഗര്‍ ബാം മുഖത്ത് പുരട്ടുക....വിക്സ് കൊണ്ട് കണ്ണെഴുതി ,കരിമ്പടം പുതച്ച് ,കുടത്തില്‍ നിന്നും ആവി പിടിക്കുക ...ഏറെക്കുറെ ..അതുപോലെ ആണ് ടിയര്‍ ഗ്യാസ്....ആഹ്... കഥയിലേക്ക്‌ വരാം...അങ്ങിനെ ടിയര്‍ ഗ്യാസ് വീണതും രണഭൂമി, മരണ വീട് പോലെയായി ..ആകെ കരച്ചിലും മൂക്കുപിഴിച്ചിലും ...പക്ഷെ സഖാവിനെ അവിടെങ്ങും കണ്ടില്ല .ഒരു മൂലയിലിരുന്നു കണ്ണുതിരുമ്മി നിലവിളിയാണ് (പിടഞ്ഞു വീണു മരിച്ചാലും ..                                         അയ്യോ എന്ന് കരയില്ല ...അമ്മേയെന്നു വിളിക്കില്ല) സത്യത്തില്‍ പോലീസില്‍ നിന്നും ഇത്രയും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല ..അടുത്ത ദിവസം അല്‍പ്പം കൂടി സമരം ശക്തിപ്പെടുത്തുവാന്‍  തീരുമാനിച്ചു ...വേണ്ടി വന്നാല്‍ തല്ലു കൊള്ളാം..സഖാവും ഞാനും മാനസികമായി തയ്യാറെടുത്തു ..പ്രകടനം തുടങ്ങി ...പെണ്‍കുട്ടികളും ഉണ്ട് (സഖാവിന്റെ ബുദ്ധിയാണ് ...ലാത്തി ചാര്‍ജ് ഉണ്ടാവില്ലല്ലോ )..പതിവ് പോലെ ബാരിക്കേട്‌   ഉപയോഗിച്ച് പോലീസ് തടഞ്ഞു . ആവേശത്തോടെ ആദ്യം സഖാവ് ബാരിക്കേടിനു മുകളിലൂടെ ചാടി ...ഇങ്ങനെ ചാടുന്നവന്റെ കാര്യം പഴയ ATM കൌണ്ടറില്‍ കാര്‍ഡ്‌ ഇടുന്നതുപോലെ ആണ് ..അകത്തേക്കുവച്ച കാര്‍ഡ്‌ മെഷ്യന്‍ വലിച്ചെടുക്കും  കൈയോ,കാലോ ..ബരിക്കേടിനു അപ്പുറത്തെത്തിയാല്‍, പോലീസ്  ഏമാന്മാര്‍  വലിച്ച് അകത്തേക്ക് ഇടും ...പിന്നെ മെഷ്യനില്‍ നോട്ട് എണ്ണുന്നത് പോലെയുള്ള ശബ്ദമാണ് ..പട ..പട ...പട ..അവസാനം കാശു തീര്‍ന്ന കാര്‍ടുപോലെ ഇടിവണ്ടിയില്‍ നിക്ഷേപിക്കും .സഖാവിന്റെ കാര്‍ഡ്‌ കീറുന്നത് ബാരിക്കേടിനു മുകളിരിരുന്ന   ഞാന്‍ കണ്ടു ..എന്താണെന്നറിയില്ല ഞാന്‍  പുറകോട്ടു ചാടി ..പക്ഷെ ഏതോ ഒരു കാക്കിയിട്ട കാപാലികന്‍ എന്റെ ഉടുമുണ്ടില്‍ കയറിപ്പിടിച്ചിരുന്നു. മുണ്ട് അവന്റെ കയ്യില്‍ ...ബോഡി ഷോയ്ക്ക് അര്‍നോള്‍ഡു പോസ് ചെയ്തത് പോലെ ഞാന്‍ പെണ്‍കുട്ടികളുടെ മുന്നിലേക്ക്‌ ....പക്ഷെ അര്‍നോള്‍ഡിന് അടിവസ്ത്രം ഉണ്ടായിരുന്നു ......പേരിനെങ്കിലും!!!!
             വൈകിട്ട്  ഹോസ്ടലില്‍ എത്തി ...ഞാന്‍ കട്ടിലില്‍ കിടന്ന് എന്തോ വായിക്കുകയായിരുന്നു . പഴയ സിനിമയില്‍ ഉമ്മറുവരുന്നതുപോലെ സഖാവ് വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു . എന്റെ മുന്നിലെത്തി കുനിഞ്ഞ് മുഖത്തേക്ക്  നോക്കി ചോദിച്ചു
"എന്റെ കണ്ണില്‍ നോക്കൂ ..കുഴപ്പം വല്ലതുമുണ്ടോ ?"
ഞാന്‍ വിശദമായി പരിശോധിച്ചു
"ഇല്ല ...എന്തേ ?"
"ഇത് രണ്ടും ഒഴികെ ...ബാക്കി കംപ്ലീറ്റും അവന്മാര്‍ ഇടിച്ചിളക്കി ...ഷയര്‍ ചെയ്യാന്‍ കാണുമെന്നു പറഞ്ഞ നീ വലിഞ്ഞില്ലേ ...അതുംകൂടി കിട്ടി ...താങ്ക്സ് "
ഞാന്‍ തലവഴി പുതപ്പു മൂടി .
രാത്രി എട്ടുമണിക്ക് അവന്‍ എന്നെ വിളിച്ചുണര്‍ത്തി ..
നാളെയാണ് റിസള്‍ട്ട്‌ ..ഞാന്‍ എന്തായാലും തോല്‍ക്കും ..പക്ഷെ ബാക്കി രണ്ടു പേരും ജയിക്കും ...കുറച്ച് ചുവന്ന പനിനീര്‍ പൂവ് വാങ്ങണം ..വിജയികള്‍ക്ക് കൊടുക്കാന്‍ ബൊക്കെ ഉണ്ടാക്കണം ..നീ വാ ..പൂവ് വാങ്ങിവരാം  ...രാവിലെ കിട്ടില്ല .
ബൈക്കില്‍ പോയി പൂവ് വാങ്ങി ..തിരിച്ച് കോളേജിന്റെ മുന്നിലെത്തി ...കൂടുതല്‍ സീറ്റില്‍ ജയം ഉറപ്പാക്കിയ ഞങ്ങളുടെ വര്‍ഗശത്രുക്കള്‍ ..കോളേജിന്റെ മുന്നില്‍ കുറെ കോടി തോരണങ്ങള്‍ കെട്ടി അലങ്കരിച്ചിരുന്നു ...സഖാവ് വണ്ടി അവിടെ നിര്‍ത്തി ..
"നീ ..ഇത് കണ്ടോ ?"
"കണ്ടു...പണി കൊടുക്കാം ...."
"ഉം"
"നീ അതെല്ലാം പെട്ടന്ന് നിരപ്പാക്ക്  ...വണ്ടി  ഞാന്‍  സ്റ്റാര്‍ട്ടാക്കി നിര്‍ത്താം"
ഒരു നിമിഷം കൊണ്ട് ,അവന്മാരുടെ മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാട് ,നിര്‍ദയം ഞാന്‍ ചുരുട്ടിക്കൂട്ടി  കൈകളിലാക്കി  ...ആരോ ഓടി വരുന്നു ....ചാടി വണ്ടിയില്‍ കയറി ...സഖാവ് ബൈക്ക് പറപ്പിച്ചു  ..
"ഇത് കളയട്ടെ ? "
 "ഇവിടെ പാടില്ല ....വെയിറ്റ് "
ബൈക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു മുകളില്‍  നിര്‍ത്തി
"തട്ടിക്കോ!!!!! "
ഏതോ ട്രെയിന്‍ അകലെ നിന്നും വരുന്നുണ്ട് ..ഞാന്‍ അതെല്ലാം മുകളില്‍ നിന്നും ട്രാക്കിലേക്ക് എറിഞ്ഞു ..
തിരിച്ച് ബൈക്കില്‍ കയറി ....പക്ഷെ എന്തോ ഒന്ന് മറന്നത് പോലെ ....എന്റെ ദൈവമേ ..ചുവന്ന പനിനീര്‍  പൂക്കള്‍ ......അതും ട്രാക്കില്‍ എറിഞ്ഞു ...
സഖാവ്  പൂരപ്പാട്ട്    തുടങ്ങി ..
" പൂവ് കിട്ടിയേ പറ്റൂ ....രൂപ കുറെ മുടക്കിയതാ..ബൊക്കെ ഇല്ലാതെ പറ്റില്ല ..നീ എവിടുന്നേലും പൂവുമായി വന്നാല്‍ മതി .."
       അവന്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചുപോയി ..ബൊക്കെ ഉണ്ടാക്കിയില്ലേല്‍ അവന്‍ എനിക്ക് റീത്ത് ഉണ്ടാക്കും ..എന്തു ചെയ്യും?.. .പാതിരാത്രിയില്‍ എവിടെ പോയി വാങ്ങും?...ഇനി രാവിലെ വാങ്ങാമെന്നു വച്ചാല്‍ തന്നെ കാശെവിടെ ?..അവസാനം ഒരു വഴി കണ്ടെത്തി ..അവിടെക്കിടന്ന ഒരു പ്ലാസ്റിക് കവറുമായി ഞാന്‍ താഴേക്കിറങ്ങി ...ട്രാക്കില്‍.. പൊന്നു സുഹൃത്തുക്കളേ ...ഇത് വായിക്കുന്ന നിങ്ങളെങ്കിലും, ട്രെയിനിലെ ടോയിലേറ്റ് ഉപയോഗിക്കുന്നതില്‍ ഒരു മര്യാദ കാണിക്കണം ...പ്ലീസ്..
              വളരെ കഷ്ടപ്പെട്ടാണ് കമ്പുകൊണ്ട് തോണ്ടി ആ പൂക്കള്‍ ഞാന്‍ കവറിലാക്കിയത്. ആശിച്ചു വാങ്ങിയ ഒരുകുപ്പി യാഡ് ലെ  പെര്‍ഫ്യൂം പൂക്കളെ സുഗന്ധവല്‍ക്കരിച്ചു ...ഇനി ബൊക്കെ ഉണ്ടാക്കണം ...അല്ല ...ബൊക്കെ തന്നെ വേണോ ?..അതിലും നല്ലത് മാലയല്ലേ ...മാലയുണ്ടാക്കാന്‍ ഞാനൊരു വഴികണ്ടു....
                           പിറ്റേന്ന് രാവിലെ കംപസിലെത്തി ...ക്ലാസ്സിലെ ലലലാമണികള്‍ ഓരോ കിന്നാരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . അവര്‍ക്ക് മുന്നിലേക്ക്‌ പത്ത് ഫൈവ് സ്റ്റാര്‍ സമര്‍പ്പിച്ചു ...." ഈ പൂക്കള്‍ കോര്‍ത്ത്‌ മാലയുണ്ടാക്കിത്തരാമോ ...വിജയിക്ക് ചാര്‍ത്താനാണ് " . സമയ ദോഷം പിടിച്ച ഏതോ ഒരുവള്‍ ചോദിച്ചു
"മാലയൊക്കെ കോര്‍ത്തു തരാം ..പക്ഷെ ഒരു പൂവ് തരണം ..."
"ഓ.....അതിനെന്താ ...ഒന്നോ ...അഞ്ചോ എടുത്തോളൂ ..."
കേള്‍ക്കേണ്ട താമസം അവള്‍ ഒരു പൂവ് തലയില്‍ തിരുകി ...അവളുടെ തലയിലൂടെ പാസ്സഞ്ചര്‍ പോകുന്നതുപോലെ തോന്നി . വേറെ ഒരുവള്‍ പൂവെടുത്ത് നല്ലപോലെ മണത്തു ....ഹായ് ......................( കര്‍ത്താവേ ...ആ ...പാപമൊക്കെ ഞാന്‍ എങ്ങിനെ കഴുകിക്കളയും )...പത്ത് മിനിട്ടിനുള്ളില്‍ മാല തയ്യാര്‍ .

                നിമിഷങ്ങള്‍ക്കുള്ളില്‍ റിസള്‍ട്ട്‌ പ്രഖ്യാപിക്കും ...എല്ലാവരും മുള്‍മുനയില്‍ ..അകത്തുനിന്നും ഒരുവന്‍ ഓടിവന്ന് പറഞ്ഞു ....സഖാവ് ജയിച്ചു ...അട്ടിമറി ജയം . സഖാവിനെ കൂട്ടുകാര്‍ തോളില്‍ ചുമന്ന് ആര്‍പ്പുവിളികളോടെ കൊണ്ട് വരികയാണ് ..."എന്നെ വഴിയില്‍ തള്ളിയ സാമദ്രോഹി ..നിനക്കുള്ള പണി ഇപ്പോള്‍ തരാം "
                 അടുത്ത് നിന്ന പ്രീ ഡിഗ്രീ പയ്യനെ ഞാന്‍ വിളിച്ചു .കവര്‍ നീട്ടി ആജ്ഞാപിച്ചു ..."പോയി ..ഈ രക്ത ഹാരം സഖാവിന് ചാര്‍ത്തൂ".അവന്‍ മാലയുമായി സഖാവിന്റെ അടുത്തെത്തി.സഖാവ് ആദ്യം മാലയിലേക്കും പിന്നെ എന്റെ മുഖത്തേക്കും നോക്കി ..പാടില്ല ..പാടില്ല എന്ന് പതുക്കെ തല ആട്ടി കാണിച്ചു .ഞാന്‍ കണ്ട ഭാവം നടിച്ചില്ല .പയ്യന്‍ മാലയുമായി നില്‍ക്കുകയാണ് ...അടുത്തുനിന്ന മറ്റാരോ ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചു . പിടലിയില്‍ ചൊറിയന്‍ പുഴുവിനെ ഇട്ടതു പോലെ സഖാവ് പുളഞ്ഞു ...ആത്മ സംതൃപ്തിയോടെ ഞാന്‍ ഹോസ്ടളിലേക്ക് മടങ്ങി .
                         വൈകിട്ട് ആളെത്തി ...ഷര്‍ട്ട്‌ മൂലയിലേക്ക് വലിച്ചെറിഞ്ഞു . പോക്കറ്റില്‍ നിന്നും പൈന്റ് കുപ്പി പോലെ എന്തോ ഒന്ന് മേശപ്പുറത്ത്  വച്ചു ......"DETTOL ". ഒന്നും മിണ്ടാതെ കുളിക്കാന്‍ കയറി . തലേന്ന് വാങ്ങിയ" Rexona " സോപ്പ് ,ജെംസ്  മിട്ടായിയുടെ പരുവമാകുന്നതു വരെ നീരാട്ട് തുടര്‍ന്നു. ശേഷം തോര്‍ത്തുടുത്ത് അടുത്തെത്തി പറഞ്ഞു
                              " ഇതിലും ഭേദം നീ എനിക്കൊരു ചാളമാല നല്‍കുകയായിരുന്നു "
പക്ഷെ അത് കേട്ടഭാവം നടിക്കാതെ ഞാന്‍ പാട്ടുപാടുകയായിരുന്നു


                        " ഇവിടെ കാറ്റിനു സുഗന്ധം ....ഇതിലെ പോയതു വസന്തം ....."

(If You Enjoyed This Post,Please Take 5 Seconds To Share It)

Thursday, November 17, 2011

വെളുത്തമ്മ - ഒരു യഥാര്‍ഥ പ്രാദേശിക യക്ഷിയുടെ കഥ


" അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ "

            കേട്ടുപരിചയിച്ച ഈ പ്രാര്‍ഥനയാണ് നാരായണേട്ടനെക്കുറിചോര്‍ക്കുമ്പോള്‍ ഇന്നും മനസിലേക്കെത്തുന്നത് .കാന്തിപുരത്തെ (സ്ഥലപ്പേര് ഞാന്‍ മാറ്റിയിരിക്കുന്നു) എന്റെ രണ്ടുവര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതവും നാരായണേട്ടന്റെ പ്രാര്‍ഥനയും അത്രമാത്രം ബന്ധപ്പെട്ടവയാണ് .അതിനെക്കുറിച്ച് പറയുമ്പോള്‍ ക്ലീറ്റസിനെക്കുറിച്ചും കാന്തിപുരത്തക്കുറിച്ചും വെളുത്തമ്മയെക്കുറിച്ചും പറയണം . എല്ലാം പറയണം ....

  എടുത്തുപറയത്തക്ക ബാധ്യതകള്‍ ഒന്നുമില്ലാത്ത ചെറുപ്പക്കാരനായ  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ദൂരേക്കുള്ള സ്ഥലം മാറ്റം രസകരമാണ് .അന്യമായ  പുതിയ ചുറ്റുപാടിനെക്കുറിച്ചുള്ള  ആനന്ദകരമായ ആശങ്ക ഹൃദ്യമായ ഒരനുഭൂതിതന്നെയാണ് .ഈ മാനസികാവസ്തയോടെയാണ് ,സ്ഥലം മാറ്റ ഉത്തരവുമായി ഇരുനൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ,പാതിരാത്രിയില്‍ ഞാന്‍ മലയടിവാരത്തില്‍ എത്തിയത് .ഒരു ചെറിയ കട മാത്രമാണ് അവിടെയാകെ ഉണ്ടായിരുന്നത് . എത്രയും വേഗം കടയടച്ച് വീട്ടില്‍ പോകാനുള്ള തിരക്കിലായിരുന്ന ഉടമസ്ഥന്‍, അസമയത്തെതിയ എന്നെ സംശയത്തോടെ നോക്കുന്നതുപോലെ തോന്നി . സാവധാനം എന്റെയടുത്തെത്തി അയാള്‍ ചോദിച്ചു 
"ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ ? .........ഈ പാതിരാത്രിയില്‍ എവിടെക്കാണ്‌ ? 
"ജോലിക്കാര്യത്തിനു കാന്തിപുരത്തിനാണ്....... ,ഇനി ബസ്‌ കാണുമോ  ?
ഒരുതരം അസ്വസ്തതയോടെയാണ് അയാള്‍ മറുപടി നല്‍കിയത്

" ബസോന്നുമില്ല .......ഇവിടുന്ന് അഞ്ചു  കിലോമീറ്റര്‍ ഉണ്ട്.......ഹെയര്‍പിന്‍ വളവുകളാണ് ..ഭാഗ്യമുണ്ടെങ്കില്‍ ജീപ്പുവല്ലതും കിട്ടിയേക്കും "..സഹായ അഭ്യര്‍ഥന ഭയന്നാവാം അയാള്‍ തിരിഞ്ഞുനോക്കാതെ ധൃതിയില്‍ നടന്നകന്നു.

             എവറസ്റ്റു കീഴടക്കിയ മനുഷ്യന് അഞ്ച് ഹെയര്‍പിന്‍വളവുകള്‍ എത്ര നിസ്സാരം . മനസിന്റെ കരുത്ത് ശരീരത്തെ ഉത്തേജിപ്പിച്ചു. നടന്നു തുടങ്ങി . ഒരു വഴിവിളക്കുപോലും ഇല്ലാത്ത ആ              "എവറസ്റ്റില്‍ " കുറുക്കന്മാരുടെ ശല്യം രൂക്ഷമായിരുന്നു . മുന്‍പോട്ടുള്ള യാത്ര അസാധ്യമായി .അരൂപികള്‍ മനസ്സില്‍ താണ്ഡവം തുടങ്ങി . അഡ്രിനാലിന്‍ ഫാക്ടറി പ്രവര്‍ത്തനസജ്ജമായി ." അര്‍ജുനന്‍ , ഫല്‍ഗുനന്‍ , പാര്‍ഥന്‍ കിരീടിയും ...??? ബാക്കി കൃത്യമായി അറിയാത്തതിനാല്‍ രാമനാമം കൂടി ചേര്‍ത്ത്  എണ്ണം തികച്ചു .ഞാന്‍ നിരീശ്വരവാദിയാണെന്ന് കുറുക്കന്മാര്‍ക്ക് അറിയില്ലല്ലോ ......അതുകൊണ്ട് അല്പം ഉറക്കെത്തന്നെയാണ് പ്രാര്‍ഥിച്ചത് എന്നുതോന്നുന്നു .സഹായിച്ചത് അര്‍ജുനനാണോ രാമനാണോ എന്നറിയില്ല ...അകലെ ഒരു ജീപ്പിന്റെ പ്രകാശം  കണ്ടു . എനിക്കുണ്ടായ വികാരം അതിവിടെ വര്‍ണ്ണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല ...സാധിക്കില്ല .
ഇരുകൈകളുമുയര്‍ത്തി സഹായമിരന്നു ഞാന്‍ റോഡിന്റെ നടുവിലേക്കിറങ്ങി നിന്നു.ജീപ്പ്   നിര്‍ത്തിയ ഡ്രൈവര്‍ തല പുറത്തേക്കിട്ടു അല്‍പ്പം നീരസതോടെയാണ് എന്നോട് സംസാരിച്ചത് 
"എന്താ ?"

അയാളുടെ വായില്‍  നിന്നുള്ള വിലകുറഞ്ഞ റമ്മിന്റെ നാറ്റം എനിക്ക് അപ്പോള്‍ ആസ്വാദ്യകരമായി തോന്നിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?..പക്ഷെ സത്യമാണ് .

 അയാളോട് അപേക്ഷിച്ചത് പോലെ ,ഇന്ന് ഈ നിമിഷം വരെ ആരോടും അത്ര വിനയത്തില്‍ , ബഹുമാനത്തില്‍ സംസാരിച്ചിട്ടില്ലെന്ന് തോന്നുന്നു .

" കാന്തിപുരത്തിനാണ്  വഴിയില്‍ പെട്ട് പോയി ...സഹായിക്കണം ..."പറഞ്ഞുതീരും മുന്‍പേ ഒരു നൂറു രൂപ നോട്ട് ഞാന്‍ അയാളുടെ കയ്യില്‍ ചുരുട്ടി നല്‍കി . പെറ്റിയടിച്ച എസ് ഐ  യുടെ ജാടയോടെ  അയാള്‍ എന്നെ നോക്കി ഒന്ന് ഇരുത്തി മൂളി . . അങ്ങിനെ കുറുക്കന്മാരെ ഞാന്‍ തോല്‍പ്പിച്ചു .പക്ഷെ അതിലും വലിയ ആപത്തിലെക്കാണ് ആ പോക്കെന്ന് സത്യമായും എനിക്ക് മനസില്‍പ്പോലും തോന്നുയില്ല ....ഡ്രൈവറുടെ ....അല്ല ..ആ ദേവദൂതന്റെ സംസാരം പലപ്പോഴും എനിക്ക് വളരെ അരോചകമായി തോന്നി .ക്ലീറ്റസ് ( അതായിരുന്നു അയാളുടെ പേര് ) ആത്മകഥാ പരായണം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്നെക്കുറിച്ച് എന്തെങ്കിലും ചോദിച്ചത് . കാന്തിപുരത്തെ കൃഷി ഓഫീസിലേക്ക് സ്ഥലം മാറിവന്നതാണെന്നും പരിചയമില്ലാത്ത സ്ഥലമായതിനാലും നേരം പുലരാത്തതിനാലും  ഓഫീസിനടുത്ത്‌ എത്തിക്കാമോയെന്ന് ഞാന്‍ അയാളോട് ചോദിച്ചു .

              "സാറിന്റെ ഓഫീസ് വെളുത്തമ്മയുടെ ആല്‍ത്തറയുടെ  അടുത്താണ്  ".കോടമഞ്ഞിനെ മുറിച്ചുകൊണ്ടുള്ള ആ യാത്രയിലാണ് വെളുത്തമ്മയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്  . ഒരു അമ്പലത്തിന്റെ യും ആലിന്റെയുമൊക്കെ സാമിപ്യം  രസമായിരിക്കുമെന്ന് തോന്നി ..എന്നാല്‍ ആ തോന്നല്‍ പെട്ടന്നുതന്നെ മാറി ..ആ നാടിനെയാകെത്തന്നെ ഭയത്താല്‍  വിറപ്പിച്ചുനിര്‍ത്തുന്ന ദുര്‍ ദേവതയാണ് വെളുത്തമ്മ ..നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ...രക്തയക്ഷി ..  അയാള്‍ തുടര്‍ന്നു...എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വെളുതമ്മ ചോര കുടിക്കും , മാംസം തിന്നും ..രാത്രിയില്‍ അലറിവിളിച്ചുകൊണ്ട് രക്തത്തിനു വേണ്ടി അലഞ്ഞുനടക്കുന്ന കഥകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരുന്നു. തണുപ്പകറ്റാന്‍ എന്റെ ചുണ്ടില്‍ സിഗരട്ട് എരിഞ്ഞപ്പോള്‍..ഈ കഥകള്‍ എന്റെ ഹൃദയത്തെ ഭയംകൊണ്ട് എരിച്ചു .പുറത്തേക്ക് ഊതിയ പുക ..സിഗരട്ടിന്റെതാണോ അതോ കരിയുന്ന ഹൃദയത്തിന്റെതാണോ എന്ന്  പലപ്പോഴും ഞാന്‍ സംശയിച്ചു ...ഒരാല്‍ത്തറയുടെ സമീപത്ത് ജീപ്പുനിര്‍ത്തി ഞങ്ങളിറങ്ങി . ആല്‍ത്തറയില്‍ ചുവന്ന പട്ടുടുപ്പിച്ച വലീയ ഒരു യക്ഷി വിഗ്രഹം. ഒരു  കയ്യില്‍ വാളും മറുകയ്യില്‍ ചോരയൊലിക്കുന്ന വെട്ടിയെടുത്ത മനുഷ്യശിരസും..ചുവന്നുതുടുത്ത നാവ്..തലയോട്ടിമാല ..ഭീകര രൂപം തന്നെ . ഒരു രഹസ്യം പോലെ ക്ലീറ്റസ് എന്റെ കാതില്‍ മന്ത്രിച്ചു "വെളുത്തമ്മ ".

 അവിടെനിന്നും ഏതാണ്ട് പത്തുമീറ്റര്‍ മാറിയുള്ള മൂന്നു മുറികെട്ടിടമായിരുന്നു എന്റെ ഓഫീസ്.ഓഫീസിന്റെ പുറകില്‍ നിന്നും വനം തുടങ്ങുന്നു . ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ആള്‍ത്താമാസമില്ലന്നും  ക്ലീറ്റസ് പറഞ്ഞു . മരുഭൂമിയിലെ നീരുറവപോലെ ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ പെട്ടിക്കട.വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് .ഉടമസ്ഥനെ ക്ലീറ്റസ് പരിചയപ്പെടുത്തി . നാരായണന്‍ നായര്‍, ഒറ്റത്തടി .താമസം പീടികയില്‍ തന്നെ .വല്ലപ്പോഴും താഴ്‌വാരതേക്ക് പോകും ..പിന്നെ ഏതാനും ദിവസം കഴിഞ്ഞേ എത്തുകയുള്ളൂ .അയാള്‍ ഒറ്റയ്ക്ക് അവിടെ താമസിക്കുന്നു എന്നത് എനിക്ക് അവിശ്വസനീയമായി തോന്നി .ഏതാണ്ട് വെട്ടം വീണതോടെ വെളുത്തമ്മയെ തൊഴാന്‍ ആളുകള്‍ വന്നുതുടങ്ങി . നാലോ അഞ്ചോ ആളുകള്‍ മാത്രം .. ക്ലീറ്റസ് പറഞ്ഞതുപോലെ പാകം ചെയ്ത മാംസം ആണ് അവര്‍ നിവേദ്യമായി സമര്‍പ്പിച്ചത് .ഇങ്ങനെ ഒരു നിവേദ്യം ഞാന്‍ ആദ്യം കാണുകയായിരുന്നു .ഈ മംസാഹാരമെല്ലാം രാത്രിയില്‍ കട്ടില്‍ നിന്നും മൃഗങ്ങളെത്തി കഴിക്കുമെന്ന് അയാള്‍ സൂചിപ്പിച്ചു .ചുരുക്കത്തില്‍ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ഞാനും ഒരു ബോഫെ വിഭവം ആകുമെന്ന് സാരം .ആ ഓഫീസിലെ എന്റെ സൂപ്രണ്ട് ഏതാണ്ട് 11  മണി ആയപ്പോള്‍ എത്തി.പരിചയപ്പെട്ടു .അയാള്‍ സ്നേഹത്തോടെ ചോദിച്ചു

"താമസമൊക്കെ ?"
"താഴ്വാരത്ത് ലോഡ്ജു   നോക്കണം " വളരെ ബഹുമാനത്തോടെയാണ് ഞാന്‍ മറുപടി നല്‍കിയത് .എന്നാല്‍ എന്റെ മറുപടി അയാള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് മുഖഭാവം വ്യക്തമാക്കി. ഗൌരവത്തോടെ അതിലേറെ നീരസത്തോടെ അയാള്‍ സംസാരിച്ചുതുടങ്ങി.

              "ഈ ഓഫീസില്‍ നൈറ്റ്‌ വാച്ച്മാന്‍ ഇല്ല .ഉപകരണങ്ങളുടെ കസ്ടോടിയന്‍ താനാണ് . താന്‍ ലോഡ്ജില്‍ താമസിച്ചാല്‍ ,സാധനങ്ങള്‍ പലതും നേരം വെളുക്കുമ്പോള്‍ കാണില്ല .സമാധാനം താന്‍ തന്നെ പറയേണ്ടിവരും .ഇവിടെ ബാത്രൂം സൗകര്യം ഒക്കെയുണ്ട് . മുന്‍കൂട്ടി പറഞ്ഞാല്‍ നാരായണന്‍ നായര്‍ ഭക്ഷണം ഉണ്ടാക്കിത്തരും ".എനിക്ക് സംസാരിക്കാന്‍ അവസരം പോലും താരാതെ ബാഗ്‌ എടുത്തുകക്ഷത്തില്‍ വച്ച് കക്ഷി പുറത്തേക്കിറങ്ങി .എന്തോ ഓര്‍തിട്ടെ ന്നതുപോലെ എന്നെ അടുത്തേക്ക് വിളിച്ച്  സ്വകാര്യമായി പറഞ്ഞു "ഞാന്‍ എന്നും വരില്ല ,ഫീല്‍ഡ് ഉണ്ട് , താന്‍ കാര്യങ്ങളൊക്കെ വേണ്ടപോലെ കൈകാര്യം ചെയ്യണം ..പിന്നെ സോമദാസ അഡിഗ വന്നാല്‍ വേണ്ട സഹായം ചെയ്തുകൊടുക്കണം ". പ്രൊബേഷന്‍ പീരീഡ്‌ എന്ന യാഥാര്‍ത്ഥ്യം മൂലം എന്റെ ശിരസ് ഇരുവശത്തേക്കും  മെല്ലെ ചലിച്ചു .( ആംഗ്യ ഭാഷയില്‍ ഈ ചലനത്തിന് സമ്മതം എന്നും പറയും )വിസ്മ്രിതിയില്‍ ആണ്ടു പോയ വെളുത്തമ്മ കഥകള്‍ ഫണം വിരിച്ചുതുടങ്ങി .അച്ചുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണം എന്റെ മസ്തിഷ്കം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത് .ആ മലമുകളിലെ എന്റെ ഏകാന്ത വാസം ഏറെക്കുറെ ഉറപ്പിക്കപ്പെട്ടു .
മൂന്നു നേരവും   നാരയാനേട്ടന്റെ വകയായി ഭക്ഷണം കിട്ടിയിരുന്നു .ഞങ്ങള്‍ക്കിടയില്‍ ദൃഡമായ ഒരു ആത്മ ബന്ധം ഉണ്ടായി .ഞാന്‍ റോബിന്‍സണ്‍ കൃസോ ആണെങ്കില്‍ എന്റെ ഫ്രൈഡേ ആയിരുന്നു നാരയണേട്ടന്‍ എന്നുതന്നെ പറയാം .പക്ഷെ നാരായണേട്ടനും എന്തും പറഞ്ഞുതീര്‍ക്കുന്നത് വെളുത്തമ്മയിലാണ്.ഇരുട്ട് വീണാല്‍ ഞങ്ങള്‍ രണ്ടും പിന്നെ ആ യക്ഷിയും മാത്രമാകും മലമുകളില്‍ . എന്റെ  ഉറക്കത്തെത്തന്നെ വെളുത്തമ്മ ക്രൂരമായി വേട്ടയാടിത്തുടങ്ങി.സൂര്യനൊപ്പം ഉദിക്കുന്ന എന്റെ ധൈര്യത്തിന് അസ്തമനം വരയേ ആയുസ് ഉണ്ടായിരുന്നുള്ളൂ . പലപ്പോഴും അതിന്റെ കഴുത്ത് ഞെരിക്കുന്നതും നാരയണേട്ടന്‍ ആയിരുന്നു  .എന്റെ മനസിലെ ഭീരുത്വത്തിന്റെ തടാകം എപ്പോഴെങ്കിലും ശാന്തമായിക്കിടന്നാല്‍ , അതിലേക്കൊരു കല്ലെറിയുക എന്നത് അയാള്‍ക്കൊരു ഹരമായിരുന്നു .

     ആല്‍ത്തറയില്‍ കൈകൂപ്പിനിന്ന് എന്നും രാവിലെ അയാളുറക്കെ ഇങ്ങനെ പ്രാര്‍ധിക്കുമായിരുന്നു                        . " അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ " . ഈ പ്രാര്‍ഥനയില്‍ എനിക്കെന്തോ ഒരു വൈചിത്ര്യം തോന്നുമായിരുന്നു .

             സുഹൃത്ബന്ധം ദൃഡം ആകുന്നതിന് പലപ്പോഴും സാക്ഷിയാകുന്നത് ഒഴിയുന്ന  മദ്യക്കുപ്പികള്‍ ആണല്ലോ ?.അത് ശരിയാണെന്ന് ഞങ്ങളും അനുഭവത്തിലൂടെ അംഗീകരിച്ചു  .അയാള്‍ക്ക്‌ മദ്യപാനം ലഹരിക്കുവേണ്ടിയായിരുന്നെങ്കില്‍ എനിക്കത് ധൈര്യത്തിലേക്കുള്ള കടത്തുവള്ളമായിരുന്നു .


            ജോലിതന്നെ അവസാനിപ്പിച്ച് തിരികെപ്പോരാം എന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്  സോമദാസ അഡിഗയായിരുന്നു.ആ കൃഷിഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നത് തന്നെ അടിഗക്കുവേണ്ടിയായിരുന്നെന്നു പറയാം .അത്രമാത്രം കൃഷിഭൂമി അദ്ദേഹ തിനുണ്ടായിരുന്നു.സത്യസന്ധനും അതിലേറെ മാന്യനുമായ ആ പ്രമാണി മിക്കവാറും ഓഫീസില്‍ എത്താരുണ്ടായിരുന്നു.അയാള്‍ വെളുത്തമ്മയുടെ തികഞ്ഞ ഭക്തനായിരുന്നു .ചെറുപ്പത്തില്‍ അഡിഗ കടുത്ത യുക്തിവാദി ആയിരുന്നെന്നൊക്കെ കേട്ടിരുന്നു .ഒരിക്കല്‍ അയാള്‍ ഓഫീസില്‍ എത്തി നാട്ടുവിശേഷങ്ങളൊക്കെപ്പറഞ്ഞ്  ആത്മീയതയുടെ ഓരം ചേര്‍ന്ന് വെളുത്തമ്മയെന്ന എന്റെ ഭയത്തിന്റെ മര്‍മ്മത്തിലേക്ക് അടുത്തപ്പോള്‍  , അത് തടയുവാനായി  ഒരു യുക്തിവാദിയുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് വെളുത്തമ്മയെയും അടിഗയേയും ഞാന്‍ കണക്കറ്റ് പരിഹസിച്ചു. (സുഹൃത്തുക്കളെ ....നിങ്ങള്‍ എന്നെ കുറ്റപ്പെടുതരുത്.....കഥ പറഞ്ഞ്  പേടിപ്പിച്ചിട്ട്  അഡിഗ പോകും കൂട്ടത്തില്‍ എന്റെ ഉറക്കവും ) എന്തായാലും എന്റെ വാക്കുകള്‍ അയാളെ പ്രകോപിപ്പിച്ചു .കസേരയില്‍ നിന്ന് ചാടിയെനീറ്റയാള്‍ കൊപാന്ധനായി അലറുകയായിരുന്നു ...
" നീ എന്താടോ കരുതിയത്‌ .അറിവില്ലായ്മയും അഹങ്കാരവുമാണ് യുക്തിവാദം   , ഞാനും അങ്ങിനെയായിരുന്നു ...ഒരു 20  വര്‍ഷങ്ങള്‍ക്കു മുന്‍പ് .ചോരതിളപ്പിന്റെ പ്രായത്തില്‍ , രാത്രിയില്‍ ഇവിടെയെത്തി വെളുത്തമ്മയെ ചീത്ത വിളിച്ചവനാണ്  ഞാന്‍ ,,ഒരു പന്തയത്തിനാണ് അന്നത് ചെയ്തത് .....അമ്മേ മാപ്പക്കണമേ....ഞാന്‍ എന്താണ് അന്ന് കണ്ടതെന്ന്  നീ അറിയണം ....നരച്ചമുടി വിടര്‍ത്തി .....ചോരയൊലിക്കുന്ന മുഖവുമായി ..നാവുനീട്ടി ..അലയിപ്പാഞ്ഞുവെളുത്തമ്മ ആലില്‍നിന്നും വന്നു.......മാപ്പാക്കണേ .... എന്ന് അലറിക്കരഞ്ഞുകൊണ്ട് ഞാന്‍ ബോധംകെട്ടുവീണു . കലിയടങ്ങാതെ അമ്മ എന്റെ തലയില്‍ ചവിട്ടി ..അലറിക്കൊണ്ട്‌ കാട്ടില്‍കൂടി പഞ്ഞുനടക്കുന്നത് അവ്യക്തമായി ഞാന്‍ കണ്ടു . പിറ്റേന്ന് രാവിലെ ഞാന്‍ ഉള്‍പ്പടെ ബോധം മറഞ്ഞ നാലുപേരെയാണ് നാട്ടുകാര്‍ കണ്ടത് .....ആല്‍ ചുവട്ടില്‍ ചിതറിക്കിടന്നു.... പച്ചയിറച്ചി കഷ്ണങ്ങള്‍  .....കലിയടങ്ങാത്ത   അമ്മ തിന്നതിന്റെ ബാക്കി .... സമസ്താപരാധവും  ഏറ്റുപറഞ്ഞ് ആല്‍തറ കെട്ടി , ഇറച്ചി നേദ്യം നല്‍കിയ ശേഷമാണ് ഒന്നുറങ്ങാന്‍ കഴിഞ്ഞത് .
       ഒറ്റ ശ്വാസത്തിലാണ് അയാളിത്രയും പറഞ്ഞു തീര്‍ത്തത് . വിയര്‍ത്ത് കുളിച്ചു  നിന്ന അയാളുടെ വലിഞ്ഞു മുറുകിയ മുഖം ഇന്നും ഓര്‍മയിലുണ്ട് . പ്രമാണിയും ,മാന്യനും  അതിലൊക്കെ ഉപരിയായി മുന്‍യുക്തിവാദിയുമായിരുന്ന   അടിഗയുടെ വെളിപ്പെടുത്തല്‍ എനിക്ക് വിശ്വസിക്കാതിരിക്കാനായില്ല . ഭയം എല്ലാ അര്‍ഥത്തിലും എന്നെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തി .ഇനിയും അവിടെ തുടര്‍ന്നാല്‍ ഭയന്നുമരിക്കും എന്ന് ഉറപ്പായി. ജോലിയേക്കാള്‍ വലുതാണ്‌ ജീവെനെന്ന തിരിച്ചറിവ് ,അന്നുതന്നെ കാന്തിപുരം ഉപേക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു . നാരയനേട്ടനുമായി ഒന്ന് " ആഘോഷിച്ചിട്ട് " വിട പയയുന്നതാണ് അതിന്റെ ശരിയെന്നു തോന്നി .

          ഏകദേശം അഞ്ചുമണിയോടുകൂടി അവസാനത്തെ ഗ്ലാസും ഒഴിഞ്ഞപ്പോള്‍ ,എന്റെ തീരുമാനം ഞാന്‍ അയാളെ അറിയിച്ചു .നെഞ്ചിലേക്ക് തൂങ്ങിയ തല ആയാസപെട്ടുയര്‍ത്തി നാരായണേട്ടന്‍ എന്നോട് ചോദിച്ചു
                            "നിനക്ക് വിശക്കുന്നുണ്ടോ...............?
സന്ദര്‍ഭോചിതമല്ലാത്ത ആ ചോദ്യത്തിന് അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഉണ്ടെന്നുതന്നെ  ഞാന്‍ മറുപടി നല്‍കി .
            "ശരി ..ഇവിടിരിക്ക് ..ഞാന്‍ ഇപ്പോള്‍ വരാം"..ആടിക്കുഴഞ്ഞു  പുറത്തേക്കു പോയ അയാള്‍ പെട്ടന്ന് തന്നെ മടങ്ങി വന്നു .കയ്യില്‍ രണ്ടുപൊതി.........അതെ............... വെളുത്തമ്മയുടെ ഇറച്ചിക്കറി നിവേദ്യം ......ഒരു മിന്നല്‍പ്പിണര്‍ കാലുകളില്‍ നിന്നും തലയിലെത്തി .
            "ചേട്ടാ ...ഇത് ...വെളുത്തമ്മയുടെ ...."
"വെളുത്തമ്മ.. ..മണ്ണാങ്കട്ട ....വേണേല്‍ തിന്ന്‌"
         ആ പൊതി വിറച്ചു കൊണ്ടാണെങ്കിലും ഞാന്‍ വാങ്ങിച്ചു ..പക്ഷെ തുറന്നു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു .....പരമ ഭക്തന്റെ ദൈവ നിന്ദ എന്നെ അമ്പരപ്പിച്ചു ...
    ഭീതിയുടെ നിഴല്‍ പതിഞ്ഞ  ഏതാനും നിശബ്ദ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നാരായണേട്ടന്‍ സംസാരിച്ചു തുടങ്ങി ..
              " ഞാന്‍ ഇവിടെയെത്തിയിട്ട് 25 വര്‍ഷങ്ങളായി .ഇന്നും അവിവാഹിതനാണ് .ആഗ്രഹമില്ലഞ്ഞിട്ടല്ല പക്ഷെ നടന്നില്ല .ചെറുപ്പത്തില്‍ പുകവലിക്കും മദ്യപാനത്തിനും പുറമേ വിഷയാസക്തിയിലും തല്‍പ്പരനായിരുന്നു . അങ്ങിനെ എണ്ണിപ്പെറുക്കി സമ്പാദിച്ചാണ് അന്ന്  സുമിത്രയെ ഞാന്‍ ഇവിടേയ്ക്ക് വിളിപ്പിച്ചത് .അക്കാലത്തെ ചെറുപ്പക്കാരുടെ പൊതു കാമുകിയായിരുന്നു അവള്‍ . അത്താഴം പാകം ചെയ്ത് കഴിക്കനുള്ളതും വാങ്ങി ഞങ്ങള്‍ ആല്‍ ചുവട്ടിലെത്തി .അകലെനിന്നും ഒരു ടോര്‍ച്ചുവെട്ടം കണ്ടു . ആ സമയത്ത് ആ വഴി ആരും എത്തില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു . പക്ഷെ ഈ വെട്ടം കണ്ടപ്പോള്‍ ആരോ വരുന്നുണ്ടെന്ന് ഉറപ്പായി .സുമിത്രയെ ഞാന്‍ ആലിന്റെ പുറകിലേക്ക് മാറ്റി നിര്‍ത്തി . വെട്ടം ആല്‍ ചുവട്ടിലേക്ക്‌ ആണെന്ന് ഉറപ്പായി . അന്നൊക്കെ വെളുത്തമ്മയുടെ വഴിപാട് കുംകുമവും അരിപ്പൊടിയും ആയിരുന്നു . വരുന്നയാള്‍ സുമിത്രയെ കണ്ടാല്‍ എന്റെ മാനം പോകും എന്നതില്‍ സംശയമില്ല .അതുകൊണ്ട് കുംകുമം എടുത്തു ഞാന്‍ അവളുടെ മുഖത്ത് പുരട്ടി ..ആ അരിപ്പൊടി തലവഴി കമത്തി .അവളെ ആലിന്റെ പുറകില്‍ നിര്‍ത്തി ഞാന്‍ അടുത്തുള്ള കാട്ടില്‍ മറഞ്ഞിരുന്നു .ടോര്‍ച്ചും ആയി എത്തിയത് പ്രമാണിയായ അഡിഗ ആയിരുന്നു .അയാള്‍ ആലിന്റെ മുന്നുലെത്തി ചീത്ത വിളിക്കാന്‍ തുടങ്ങി .പന്തയം വച്ച് വെളുത്തമ്മയെ ആണ് ചീത്ത വിളിക്കുന്നതെന്ന് എനിക്കോ സുമിത്രക്കോ അറിയില്ലല്ലോ . പാവം സുമിത്ര  കരുതിയത്‌ ...അഡിഗ അവളെ തിരിച്ചരിഞ്ഞെന്നാണ് . മാപ്പ് പറയാനായി , കരഞ്ഞു കാല് പിടിക്കാനായി അവള്‍ ആലിന്റെ മറവില്‍ നിന്നും പുറത്തു വന്നു, ആല്‍തറയില്‍ നിന്നും താഴേക്ക്‌ ചാടി . ഇത് കണ്ട അഡിഗ മാപ്പാക്കണേ എന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചു  ..കൈ കൂപ്പി വെട്ടിയിട്ട വഴ പോലെ നിലത്തേക്ക് ...കൂട്ട നിലവിളിയായി . വിരണ്ടു പോയ സുമിത്ര നിലത്തുവീണ അടിഗയുടെ തലയില്‍ തട്ടി ..അവള്‍ പ്രാണനും കൊണ്ട് താഴ്‌വാരത്തെക്ക് ഓടി  .പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അടിഗയെ കൂടാതെ സുമിത്ര ഓടിയ വഴിയില്‍ നിന്നും മൂന്നു പേരെ കൂടി ബോധം പോയ അവസ്ഥയില്‍ കണ്ടു . നാടുകാര്‍ നടത്തിയ പരിശോധനയില്‍ അന്ന് ഞാന്‍ അത്താഴത്തിന് കറി വയ്ക്കാന്‍ വാങ്ങിയ കോഴി ഇറച്ചിയുടെ കഷ്ണങ്ങള്‍ അല്ച്ചുവട്ടില്‍നിന്നും കിട്ടി . തലേന്നത്തെ വെപ്രാളത്തില്‍ കൂട് പൊട്ടി ഇറച്ചി താഴെ വീണത്‌ ഞങ്ങള്‍ അറിഞ്ഞില്ല .എന്തായാലും രണ്ടു ദിവസത്തിന് ശേഷം കൈമള്‍ ആല്‍ തറ കെട്ടി ,വഴിപാടായി കോഴിക്കറിയും സമര്‍പ്പിച്ചു . പ്രമാണി ചെയ്തത് ആചാരമായത്തോടെ എന്റെ വയറും     കേടായി തുടങ്ങി .അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ പട്ടിണി കിടന്നിട്ടില്ല "

       പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ചിരിച്ചു ചിരിച്ചു കോഴിക്കറിയുടെ എരിവ് എനിക്ക് നെറുകയില്‍ കയറി . പിറ്റേന്ന് മുതല്‍ സ്ഥലം മാറി പോകുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചു പ്രാര്‍ഥിച്ചു തുടങ്ങി

" അന്നദാനേശ്വരിയായ വെളുത്തമ്മേ , ഇന്നും ഇന്നലത്തേത് പോലെയായിരിക്കേണമേ "

(If You Enjoyed This Post,Please Take 5 Seconds To Share It)