### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Monday, December 14, 2015

പുതിയ രക്തം ..പുതിയ യോദ്ധാക്കള്‍(എ.ഡി 1632)

                                                     നോവല്‍-എ.ഡി 1632

                                                                 ഭാഗം -1 

                                                              അദ്ധ്യായം 13

                                             പുതിയ രക്തം ..പുതിയ യോദ്ധാക്കള്‍      

                                                                       The beginning is HERE


ട്രുജിലോയിലെ പ്രഭുസഭയുടെ അദ്ധ്യക്ഷനായിരുന്ന നിക്കോളാസ് പ്രഭുവിന്റെ നിര്യാണം ആകസ്മികമായിരുന്നു.ദുഖാചരണത്തിന്റെ മൂന്നാം ദിവസം സഭ അടിയന്തിരമായി വിളിച്ചുചേര്‍ത്തു.പടുകിഴവനായ നിക്കോളാസിന്റെ മരണം അത്രമേല്‍ ദുഃഖജനകമായ സംഗതിയായി അദ്ദേഹത്തിന്‍റെ മൂന്നാം ഭാര്യയ്ക്ക് പോലും തോന്നിയില്ല.ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായുള്ള ഏര്‍പ്പാട് മാത്രമായിരുന്നു ആ ദുഖാചരണം.അതിനര്‍ഥം അയാളൊരു നിഷ്ഠൂരനോ കുതന്ത്രക്കാരനോ ആയിരുന്നുവെന്നല്ല.കണ്ണും കാതും പണ്ടേ വിരമിച്ച ഒരു പടുവൃദ്ധന്‍.തന്‍റെ പൂര്‍വ്വകാല ശൂരത്വങ്ങളിൽ വാൾത്തലപ്പില്‍ ചോര പുരണ്ട കഥകളോ ചെറുപ്പക്കാരികളുടെ ഉദരത്തില്‍ ജീവാംശം നിക്ഷേപിച്ച യൌവ്വനചാപല്യങ്ങലോ ഒന്നും അവകാശപ്പെടുവാനില്ലാത്ത അതിസമ്പന്നനായ ജന്മി.അഥവാ അങ്ങനെയെന്തെങ്കിലുമൊന്ന്‍ മെനഞ്ഞുണ്ടാക്കുവാനുള്ള ഭാവനാശേഷി പോലുമില്ലാത്തവന്‍ എത്ര വിരസനായിരിക്കും?. എന്തുതന്നെയായാലും പ്രഭുസഭയുടെ അദ്ധ്യക്ഷപദവി ആജീവനാന്തം അയാളെ നിര്‍ബന്ധിത ബഹുമാന്യ വ്യക്ത്വിത്വമായി പുലര്‍ത്തി.ആ ബാധ്യതയുടെ പരിസമാപ്തിയില്‍ മൂന്നുദിവസത്തെ ആര്‍ഭാടപൂര്‍വ്വമായ ദുഖാചരണവും സമ്മാനിച്ചാണ് സഭ അദ്ദേഹത്തെ യാത്രയാക്കിയത്.എന്നാല്‍ ആ ദിവസങ്ങളിലോ പിന്നീടോ നിക്കോളാസ് പ്രഭുവിന്റെ മരണകാരണത്തെക്കുറിച്ച് മാത്രം ആരും ചര്‍ച്ചചെയ്തില്ല.അത് പ്രഭു സമൂഹത്തിനു തന്നെ അവമതിയുണ്ടാക്കുന്ന സംഗതിയാണെന്ന് അവര്‍ വിശ്വസിച്ചു .



മാന്യമായ  വസ്ത്രധാരണം,ലളിതമായ ആഹാരചിട്ട,സാഹസിക വിരക്തി-ഈ മൂന്നു സൂത്രവാക്യങ്ങളും അണുവിട തെറ്റാതെ പിന്തുടര്‍ന്നു പോന്ന നിക്കോളാസ് പ്രഭു എന്തുകൊണ്ടും ഒരു സ്വാഭാവിക മരണത്തിന് അര്‍ഹനായിരുന്നു.എന്നാല്‍ അന്നേ ദിവസത്തെ പതിവുള്ള പ്രഭാത സവാരിയെ ഗതിതിരിച്ചു വിട്ടത് വിധിയാണ്.തന്‍റെ പ്രിയപ്പെട്ട പെണ്‍കുതിര നാല് ദിവസം മുന്‍പ് പ്രസവിച്ച കുതിരക്കുട്ടിയെ കാണുവാനാണ് അന്നദ്ദേഹം പോയത്.എണ്ണത്തിളക്കമുള്ള ഉശിരന്‍ ആണ്‍കുതിര. ഏതോ  അറബിക്കപ്പലില്‍ വന്‍കരകള്‍ താണ്ടിവന്ന് രമിച്ചു മടങ്ങിയ വിലപിടിപ്പുള്ള പിതാവിന്റെ ജനിതക പ്രൌഡി തുളുമ്പുന്നതായിരുന്നു അവന്റെ ഇടതൂര്‍ന്ന  കുഞ്ചിരോമാങ്ങളും ഉറച്ച പേശികളും.മുട്ടുകുത്തിയിരുന്ന് അതിനെ ചേര്‍ത്തുപിടിച്ച് മുതുകില്‍ തലോടവേ,അവനൊന്ന് കുതറി.ആ പ്രതിഷേധം കാര്യമാക്കാതെ കുഞ്ചിരോമങ്ങളില്‍  വിരലോടിക്കവേ,പിന്‍കാലിന്റെ പൈതൃക കരുത്ത് അവന്‍ നിക്കോളാസ് പ്രഭുവിന് മേല്‍ പ്രയോഗിച്ചു.നിര്‍ഭാഗ്യവശാല്‍  അത് അദ്ദേഹത്തിന്‍റെ നാഭിക്കു താഴെ-തുടകള്‍ക്കിടയിലായിരുന്നു.നൊടിയിടയില്‍ അദ്ദേഹം പിന്നിലേക്ക്‌ ഉറങ്ങി മലര്‍ന്നു വീഴുകയായിരുന്നു.പരിചാരകരില്‍ ചിലര്‍ അമര്‍ത്തിച്ചിരിച്ചു മറ്റുചിലര്‍ വായപൊത്തി ചിരിയെ കണ്ണിലൂടെ പറത്തി.ശിക്ഷയും ശകാരവും അവര്‍ ഭയന്നു.പക്ഷെ  അതൊന്നുമുണ്ടായില്ല.ട്രുജിലോയിലെ പ്രശസ്തനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിനാണ്-അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്.പ്രഭു സഭയ്ക്ക് പിന്നീട് കൈമാറിയ ഔദ്യോഗിക രേഖപ്പെടുത്തലില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു.



"മരണശേഷമാണ് ഞാന്‍ പ്രഭുവിനെ പരിശോധിച്ചത്.എങ്കിലും  അതൊരു പ്രശനമായിരുന്നില്ല.അങ്ങനെയുള്ളവരേയും ഞാന്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌. മരണപ്പെട്ടവരുടെ ആത്മാവ്  രണ്ട് ദിവസം കൂടി നാഭിക്ക് ചുവട്ടില്‍ ഒളിച്ചിരിക്കും. പക്ഷെ...ഇവിടെ...നിക്കോളാസ് പ്രഭുവിന്റെ  കാര്യത്തില്‍...ഒഴിഞ്ഞ തോലുറയ്ക്ക് മുകളില്‍ ചിഹ്നഭിന്നമാക്കപ്പെട്ട്,രക്തത്തില്‍ കലര്‍ന്നുപോയ പുരുഷത്വത്തിനൊപ്പം ഒളിച്ചിരുന്ന ആത്മാവ് ചതഞ്ഞു മരിക്കുകയാണ് സംഭവിച്ചത് "



ചുരുക്കത്തില്‍ ചര്‍ച്ചയ്ക്കുതകാത്ത വിധം നാണംകെട്ട ഈ വിഷയത്തെ ഏവരും പ്രഭുവിന്റെ കുഴിമാടത്തില്‍ തന്നെ  അടക്കം ചെയ്തുപിരിഞ്ഞു. സഭയ്ക്ക് മുന്നിലെ പ്രധാനപ്പെട്ട അജണ്ട അടുത്ത അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പായിരുന്നു.ഒരു ഉന്നത സമിതിയുടെ അദ്ധ്യക്ഷ പദവി പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാകയാല്‍ അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായതെല്ലാം-രഹസ്യ കൂടിക്കാഴ്ചകള്‍, ഗൂഡാലോചനകള്‍,സമവായ ശ്രമങ്ങള്‍,തര്‍ക്കങ്ങള്‍,വിലപേശലുകള്‍ - ഇവടെയും സംഭവിച്ചു.പക്ഷെ അതൊന്നും വിജയിച്ചില്ല.ആഡ്യസമൂഹത്തിലെ ഏക അസംതൃപ്തി ഭരണപരമായ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ളതാണ്. പ്രലോഭനങ്ങളും വിലപേശലുകളും ഒന്നും തുല്യമായ (അല്ലെങ്കില്‍ സാന്ത്വനപ്പെടുത്തുന്ന) മറ്റൊരു ഉപാധിയെ പകരം നല്‍കുന്നില്ല. ഓരോരുത്തരും അവനവനെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കുന്ന ഗതികേടിലേക്ക് കാര്യങ്ങള്‍ നീങ്ങവേ ക്ലമന്റ് പ്രഭു മാത്രം ഈ പ്രവണതയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തന്‍റെ നിലപാട് വ്യക്തമാക്കി. 



"ചരിത്രപരമായ നാണക്കേടായി ഈ തെരഞ്ഞെടുപ്പ് നാളെ വ്യാഖ്യാനിക്കപ്പെടും. അതില്‍ ഭാഗഭാക്താകുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. അധികാര പദവി ഞാന്‍ ആഗ്രഹിക്കുന്നില്ല.ഈ കൊമ്പുകോര്‍ക്കലില്‍ എന്‍റെ പേര് ദയവായി വലിച്ചിഴയ്ക്കാതിരിക്കൂ. "



ഈ ഒഴിഞ്ഞുമാറ്റത്തെ മറ്റൊരു രീതിയില്‍ പ്രയോജനപ്പെടുത്തുവാനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്‌.ക്ലമന്റ് പ്രഭുവിന്റെ നിക്ഷ്പക്ഷതയെ തനിക്കുള്ള പിന്തുണയായി പരിവര്‍ത്തനപ്പെടുത്തുവാന്‍ ഓരോരുത്തരും അവരാല്‍ കഴിയുന്നപോലെ കിണഞ്ഞു ശ്രമിച്ചു. പ്രശാന്തമായ അദ്ദേഹത്തിന്‍റെ സ്വീകരണമുറി കുശുകുശുപ്പുകള്‍ കൊണ്ട് നിറഞ്ഞു.പലപ്പോഴും രണ്ടും മൂന്നും പ്രഭുക്കന്മാര്‍ തങ്ങളുടെ ഊഴംകാത്ത് ഇരിക്കുന്ന അവസ്ഥവരെയെത്തി.ഇത് അതിഥികള്‍ക്കും ആതിഥേയനും ഒരേപോലെ സങ്കോചമുണ്ടാക്കി.മൂന്നു തട്ടുകളുള്ള വെണ്ണക്കല്‍ ജലധാരയുടെ മറവില്‍പ്പെട്ടു പോകാതെ,സന്ദര്‍ശകന്റെ സാന്നിദ്ധ്യം പ്രവേശന കവാടത്തിലേ തിരിച്ചറിയത്തക്കവിധം കുതിരവണ്ടി മാറ്റിയിടുവാന്‍ ക്ലമന്റ് പ്രഭു തോട്ടക്കാരനെ ശട്ടംകെട്ടി.പാതിരാത്രിയിലും നീളുന്ന ചര്‍ച്ചകളില്‍ ചായ പകര്‍ന്ന് കുശിനിക്കാരന്റെ തോളും പിന്‍കഴുത്തുമൊടിഞ്ഞു.അടുക്കളയില്‍ പെരുമാറുന്ന അഴുക്ക് തുണി,തിളച്ച വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് അയാള്‍ പിടലിയില്‍ ചൂട് വെച്ചു.പ്രതിഷേധ സൂചകമായി അതേ വെള്ളം കൊണ്ട് ചായയുടെ കടുപ്പക്കുറവും പരിഹരിച്ചു. എന്തിനേറെ...തലേന്ന് വരെ  സമോവറിന്റെ ഇളം ചൂടില്‍ അടിവയറ് ചേര്‍ത്തുറങ്ങി ശീലിച്ച പെണ്പൂച്ചയെ പോലും ഈ വിഷയം ബാധിച്ചു.അതിന്റെ രണ്ട്  മുലഞെട്ട് വെന്തുപരന്നു പോയി.



ഭരണപരമായ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ക്ലമെന്റ്റ് പ്രഭുവിന് ബോധ്യപ്പെട്ടു.സഭയിലെ തന്നെ ചെറുപ്പക്കാരുടെ ഒരു വിഭാഗം സായുധമത്സരത്തിനും മടിക്കില്ല എന്ന അഭ്യൂഹവും ശക്തമായി.അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തന്നെ മുൻകൈ എടുത്തു.



"ക്രമമനുസരിച്ച്‌ പ്രഭുസ്ഥാനം കാസില്‍ രാജവംശത്തിന്റെ സേവകര്‍ക്ക് അവകാശപ്പെട്ടതാണ്."-അലോണ്‍സോ എന്ന യുവപ്രഭു ഉറച്ച ശബ്ദത്തിലാണ് പുതിയൊരു വാദം മുന്നോട്ടു വെച്ചത്.



"ക്രമം  അനുസരിച്ച് ?-അതെനിക്ക്  മനസിലായില്ല." 



"അങ്ങേയ്ക്കത് അറിവില്ലാത്ത വസ്തുതയാണ് എന്ന് ഞാൻ  വിശ്വസിക്കുന്നില്ല. താങ്കൾ കൂടി ഇടപെട്ട ഇന്നലെകളിലെ ഒരു കാലഘട്ടത്തെയാണ് ഞാൻ സൂചിപ്പിച്ചത്.മരണപ്പെട്ട നിക്കോളാസ് പ്രഭു നിശബ്ദ അറഗോൻ പക്ഷക്കാരനായിരുന്നു.അദ്ദേഹത്തെ അദ്ധ്യക്ഷപദവിയിലേക്ക്  അവരോധിച്ച ബുദ്ധികേന്ദ്രം താങ്കളായിരുന്നു.നിങ്ങൾ അതീവ  ബുദ്ധിമാനാണ്..വീണ്ടും  നിങ്ങൾ അതുതന്നെ  ചെയ്യുവാൻ  ശ്രമിക്കുന്നു."



ഗുരുതരമായ ആരോപണങ്ങളിൽ സംയമനം പാലിച്ചു കൊണ്ട് അക്ഷോഭ്യനായി ക്ലമെന്റ് പ്രഭു വീണ്ടും  ചോദിച്ചു.



"ഓഹ്...ഒരുപാട് കൂട്ടിക്കിഴിക്കലുകൾ നടത്തിയിരിക്കുന്നുവല്ലോ ചങ്ങാതീ. നിക്കോളാസ് എന്റെ അടുത്ത സുഹൃത്തായിരുന്നു എന്നത് ശരിതന്നെ.പക്ഷെ അതുകൊണ്ട് മാത്രം ഇത്രമാത്രം ആരോപണങ്ങൾ എന്നിൽ  ചുമത്തേണ്ടതുണ്ടോ ?"



"ഇല്ല ...അങ്ങനെ  ഞാൻ  പറയുന്നില്ല.പക്ഷെ  താങ്കളുടെ ചെയ്തികൾ സംശയാസ്പദമാണ്.അദ്ധ്യക്ഷപദവിയിലേക്ക് ഏറ്റവും സാധ്യത കല്പ്പിക്കുന്ന താങ്കൾ മനപൂർവ്വം ഒഴിഞ്ഞുമാറി.അങ്ങനെയൊരാളുടെ ശുപാർശയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് താങ്കൾക്കറിയാം .ഇനി  താങ്കൾ  ശുപാർശ  ചെയ്യുന്ന  ഏതൊരു അറഗൻ പക്ഷക്കാരനും സാധ്യത ഇരട്ടിയാണ്."



"ശരി...കാസില്‍-അറഗന്‍ പക്ഷങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയായി ഈ വിഷയം പരിണമിച്ചതോര്‍ത്ത് എനിക്ക്  ദുഖവും ആശങ്കയുമുണ്ട്.എന്നെ  ഒരു ഗൂഡതന്ത്രക്കാരനായി താങ്കള്‍ തെറ്റിദ്ധരിച്ചതില്‍ അതിലേറെ ആത്മനൊമ്പരവും. ഇക്കാര്യത്തില്‍ ചേരി തിരിഞ്ഞുള്ള പോര്‍വിളികള്‍ ഇനി ആവശ്യമില്ല.ഞാന്‍ എന്താണ് ചെയ്യേണ്ടത് ?..നിങ്ങളില്‍ നിന്നും ഒരുവനെ ...അല്ല ...താങ്കളെ  തന്നെ ഞാന്‍  ശുപാര്‍ശ ചെയ്യുന്നതാണ്. പ്രിയപ്പെട്ട  അലോണ്‍സൊ ...കഴിയുമെങ്കില്‍ നാളെ തന്നെ എല്ലാവരേയും വിളിച്ചു ചേര്‍ക്കൂ.ഈ പ്രശ്നം അവസാനിപ്പിക്കാം. പക്ഷെ ഒന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.നിങ്ങള്‍ ഇനി ഒഴിഞ്ഞു മാറുവാന്‍ പാടില്ല.



ക്ലമെന്റ്റ് പ്രഭുവിന്റെ വസതിയില്‍ പിറ്റേന്ന് വൈകുന്നേരം ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു.പ്രതിനിധികളെ അഭിസംബോധന  ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു.



"കാസില്‍-അറഗോന്‍ രാജവംശങ്ങള്‍ ദശാബ്ദങ്ങളായി ഒരു ഐക്യരാഷ്ട്ര സങ്കല്‍പ്പത്തിന്റെ പണിപ്പുരയിലാണ്.ഒരു കാലഘട്ടത്തില്‍ കലഹിച്ച് പരസ്പരം നെഞ്ചു പിളര്‍വരാണ് കാസില്‍-അറഗന്‍ രാജവംശങ്ങള്‍.കത്തോലിക്കാ രാജവംശങ്ങളുടെ ഐക്യം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോപ്പ് ആഹ്വാനം ചെയ്തത് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല.അന്ന് ട്രുജിലോയുടെ പ്രഭുസഭ ഇതേ പോലെയൊരു സന്ദര്‍ഭത്തില്‍ കാസില്‍-അറഗന്‍ പക്ഷം പിടിച്ച് കലഹിച്ചു നിന്നു. സഭയുടെ അദ്ധ്യക്ഷ പദവി അനിശ്ചിതത്വത്തില്‍ തുടര്‍ന്നപ്പോള്‍ കാസില്‍ രാജകുടുംബം അന്ന് നേരിട്ട് ഇടപെടുകയാണ് ഉണ്ടായത്.കാസില്‍ പക്ഷക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്‍,പോപ്പിന്റെ ഐക്യാഹ്വാനത്തെ മാനിച്ച് നിക്ഷ്പക്ഷനായ നിക്കോളാസ് പ്രഭുവിനെ അന്നവര്‍ ശുപാര്‍ശ ചെയ്തു.അയാള്‍ നിശബ്ദ അറഗന്‍ പക്ഷക്കാരനാണ് എന്ന ആരോപണം ഉന്നയിച്ച നാല് പ്രഭുക്കന്മാരുടെ പ്രഭുത്വ പദവി,ഗവര്‍ന്നരുടെ അഭിപ്രായത്തെ പോലും അവഗണിച്ച് കാസില്‍ ചക്രവര്‍ത്തി റദ്ദു ചെയ്തു. ഇന്നിപ്പോള്‍ ഈ കലഹം തുടര്‍ന്നാല്‍ പ്രഭുസഭയെ ഒന്നാകെ പിരിച്ചുവിട്ടുകൂടെന്നുമില്ല....അതെ.. അതുതന്നെ സംഭാവിക്കുവാനാണ് സാധ്യത.അതിന് മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട് ...കേട്ടുകൊള്ളൂ.



പനാമയില്‍ സമുദ്ര സഞ്ചാരികള്‍ തമ്പടിക്കുന്നു.അവിടമാകെ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കച്ചവടവും കലഹവും സമ്മാനിച്ച സീമാതീതമായ സമ്പത്തും നിയന്ത്രണാതീതമായ ആഭ്യന്തര പ്രശ്നങ്ങളും ലഘൂകരിക്കെണ്ടാതായുണ്ട്.അതിനുള്ള ഏക മാര്‍ഗ്ഗം സമുദ്ര വ്യവസായികള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാകുന്നതും,എന്നാല്‍ കാസില്‍-അറഗന്‍ ചക്രവര്‍ത്തിമാര്‍ക്ക് പൂര്‍ണ്ണ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കഴിയുന്നതുമായ മറ്റൊരു പ്രദേശം കണ്ടെത്തുക എന്നതാണ്.എന്‍റെ അറിവില്‍പ്പെട്ടിടത്തോളം അവരുടെ ആ അന്വേഷണം ട്രുജിലോയില്‍ അവസാനിച്ചിരിക്കുന്നു.ഇത്രയും വിശദീകരിച്ചതിന്റെ സാംഗത്യം എന്തെന്നാല്‍ ... സഭയുടെ അടുത്ത അദ്ധ്യക്ഷന്‍ പതിനഞ്ച് പ്രവിശ്യകളുടെയും പരമാധികാരി തന്നെയാണ്.ഭാവിയില്‍ ട്രുജിലോയില്‍ വിന്യസിക്കുവാന്‍ ഇടയുള്ള കാസില്‍-അറഗന്‍ സൈന്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രനാധികാരിയും സഭയുടെ അദ്ധ്യക്ഷനായിരിക്കും.എന്നാല്‍....ശ്രദ്ധിച്ചു കേട്ടുകൊള്ളൂ...എന്നാല്‍ ഇതേ അദ്ധ്യക്ഷന്‍ നമുക്ക് അന്യമായ  ഭാഷയും സംസ്കാരവും കരുത്തുമുള്ള സമുദ്ര പര്യവേക്ഷകരുമായി നിരന്തരം ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ ചുമതലപ്പെട്ടവന്‍ കൂടിയായിരിക്കും....ചിലപ്പോള്‍ നാവുകൊണ്ടും മറ്റുചിലപ്പോള്‍ നിങ്ങളില്‍ പലരുടെയും ഉറയില്‍ തുരുമ്പെടുത്ത് ഉറച്ചുപോയ വാള്‍ത്തലപ്പുകൊണ്ടും.രണ്ടാമത്തെതിനാണ് സാധ്യത കൂടുതല്‍..ഈ പര്യവേക്ഷകര്‍ ആരും തന്നെ കുലീനരായ വ്യവസായികളാണെന്ന ധാരണ വേണ്ട.തീരം വിട്ടാല്‍ അവരുടെ പായ്ത്തണ്ടില്‍ പാറുന്നത് കറുത്ത പതാകയാണ്.കടലിനെ ചുവപ്പിക്കുന്ന ഈ ചെകുത്താന്മാരെ തീരദേശ കമ്പോളങ്ങളില്‍ മാത്രമായി നിയന്ത്രിച്ചു നിര്‍ത്തുക അത്ര സുഗമമായിരിക്കില്ല. കുന്നുകൂടുന്ന സമ്പത്ത് തീരമടുപ്പിക്കാതെ അവരെ ആട്ടിപ്പായിക്കുവാനും അനുവദിക്കുന്നില്ല.ഇതൊരു ജീവന്മരണക്കളിയാണ്. ഒരല്‍പം വീഴ്ച സംഭവിച്ചാല്‍ സമാധാനം ബോധിപ്പിക്കേണ്ടത് കാസില്‍-അറഗന്‍ സഖ്യത്തോടാണ്.കാര്‍ക്കശ്യത്തില്‍ മറ്റാരേക്കാളും നിര്‍ദ്ദയരായ ചക്രവര്‍ത്തിമാരോട്.ഈ വിഷമസന്ധിയെക്കുറിച്ച്‌ നിക്കോളാസ് എന്നോട് സംസാരിച്ചിരുന്നു.അഥവാ അദ്ദേഹം മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വമേധയാ അദ്ധ്യക്ഷപദവി ഒഴിയുമായിരുന്നു.അതിനുള്ള സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചിരുന്നു എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്.ഇന്നിപ്പോള്‍ ഇക്കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഈ പ്രതിസന്ധികളെ ഏറ്റെടുക്കുവാന്‍ സന്നദ്ധനായ ഒരുവനായിരിക്കണം സഭയുടെ അടുത്ത അദ്ധ്യക്ഷന്‍ ...അലോണ്‍സോ പ്രഭുവിനെ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.എതിരഭിപ്രായം ഉള്ളവര്‍ക്ക് മറ്റൊരു പേര് നിര്‍ദ്ദേശിക്കാം."



ആ പ്രസംഗം സ്ഥിതിഗതികളെ അത്രയ്ക്കും സ്പഷ്ടമാക്കിയതിനാലാവാം ബദലായി മറ്റൊരു പേരും നിര്‍ദ്ദേശിക്കപ്പെട്ടില്ല.അലോണ്‍സോ പ്രഭുവിന്റെ പേര് ശുപാര്‍ശ ചെയ്തുകൊണ്ട് ഗവര്‍ണ്ണര്‍ക്കുള്ള കത്തില്‍ പതിനാല് പ്രഭുക്കന്മാരും ഒപ്പുവെച്ചു.അവസാനം  അലോണ്‍സോ പ്രഭുവും.പല്ല് ഞെരിച്ച് അയാള്‍ പിറുപിറുത്തു.



"പന്നീടെ മകന്‍ ...ഒരു കാസില്‍ പക്ഷക്കാരന്റെ തല കൂടി പിഴുതെടുത്തിരിക്കുന്നു."

                                                                               (ഇനി  തുടരില്ല)                                       

Friday, November 13, 2015

മാര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ് (എ.ഡി1632)

                                           നോവല്‍ എ.ഡി-1632 

                                                       ഭാഗം 1

                                                  അദ്ധ്യായം 12

                         മാര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ് 

                                                                               The beginning is HERE



ട്രുജിലോയില്‍ നിന്നും മടങ്ങിയെത്തി രണ്ടാഴ്ചകൂടി കഴിഞ്ഞ ശേഷമാണ്  ലൂയിസ് ജുവാനയുമായി നേരില്‍ കണ്ടത്.ഈ രണ്ടാഴ്ചക്കാലമത്രയും അവന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു.ഭാവിയില്‍ സംഭവിക്കുവാന്‍ ഇടയുണ്ട് എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരു സംഗതിയെ ഭാവനയില്‍ ഇടതടവില്ലാതെ മനനം ചെയ്തുകൊണ്ടിരുന്നാല്‍,ഒരു ഘട്ടം കഴിയുമ്പോള്‍ മനസിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും,ഇനിയും വന്നുഭവിച്ചിട്ടില്ലാത്ത ഭാവിയിലെ ആ സാങ്കല്‍പ്പിക ഭവിഷ്യത്തിന്റെ നടുവിലാണ് താന്‍ എന്ന വിഭ്രാന്തിയില്‍പ്പെട്ടുപോവുകയും ചെയ്യും.നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും ഗുരുതരമായ ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നവനെ സംബന്ധിച്ചിടത്തോളം ഇത് മരണതുല്യമായ അവസ്ഥയാണ്. ജുവാനുടെ  വിവാഹം  സംബന്ധിച്ച മാര്‍ത്ത മുത്തശ്ശിയുടെ പരാമര്‍ശമാണ് തുടക്കത്തില്‍ ലൂയിസിനെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്.തന്‍റെ ശപിക്കപ്പെട്ട ആ പൂര്‍വ്വകാല ഏകാന്തജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് വിധിക്കപ്പെട്ടു കഴിഞ്ഞതായി അവന്‍ ഉറപ്പിച്ചു.വിരസതയും എകാന്തതയും നിറഞ്ഞ ഇന്നലെയുടെ ആവര്‍ത്തനങ്ങളെ ഓരോ നിമിഷവും ഭീതിയോടെ പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് ആ മൂര്‍ത്തഭാവത്തില്‍ അവന്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. ചിന്തകളോരോന്നും ഭാവിയുടെ നേര്‍ക്കാഴ്ചകളാണെന്ന അടിയുറച്ച വിശ്വാസത്തില്‍ അവന്റെ എല്ലാ ചെയ്തികളിലും അസ്വാഭാവികത പ്രകടമായി. തുടക്കത്തില്‍ ആരും അത് ശ്രദ്ധിച്ചില്ലെങ്കിലും മരിച്ചു  രണ്ടാഴ്ചയായ ലോപ്പസിന്റെ കുഴിമാടത്തില്‍ നിന്നും ഈച്ച അരിച്ചു തുടങ്ങിയപ്പോള്‍ സംഭവം ഗൌരവമായി. ട്രുജിലോയില്‍ നിന്നും മടങ്ങിവന്ന ലൂയിസിന് ഭ്രാന്തു പിടിച്ചെന്നും അവനാണ് കല്ലറ ഇളക്കിയതെന്നുമുള്ള അഭ്യൂഹം പരന്നു.ചുരുക്കത്തില്‍,ഇനിയും ലൂയിസിനെ കണ്ടു സംസാരിച്ചില്ലെങ്കില്‍ അവന്‍ മുഴുഭ്രാന്തനാകുമെന്ന് ജുവാനയ്ക്ക് ഏറെക്കുറെ ഉറപ്പായി.



അനിശ്ചിതത്വത്തിന്റെ ഉത്കണ്ഠയില്‍പ്പെട്ട് കമിതാവ് ഉഴലുന്നത് ഏതൊരു പ്രേയസിലും കൌതുകം ഉണര്‍ത്തും.അതിനെ പ്രണയത്തിന്റെ ഏതോ ഉദാത്ത ഭാവമായി കരുതുവാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇവിടെ സ്ഥിതിഗതികള്‍ക്ക് നിഗൂഡ പരിവേഷം കൂടി കൈവന്നതിനാല്‍ ഒരു നിമിഷം പോലും വൈകാതെ ലൂയിസിനെ കണ്ടേ മതിയാകൂ എന്ന് ജുവാന ഉറപ്പിച്ചു. അങ്ങനെ ട്രുജിലോയില്‍ നിന്നും മടങ്ങി വന്ന് രണ്ടാം ആഴ്ച ലൂയിസിനെ അവള്‍ സന്ധിച്ചു.ബെര്‍നാല്‍ഡിനോയുടെ ഭവനത്തില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങവേ അവള്‍ കുതിരലായത്തിലെത്തി.ആ സായഹ്നത്തിലും ലൂയിസ് തിരക്കിട്ട ജോലിയിലായിരുന്നു.കുമ്മായക്കട്ടകളും നരച്ച ഉരുളന്‍ കല്ലുകളും കൊണ്ട് ചുവരിനോട് ചേര്‍ന്ന് ഒരു മുറി കൂടി അവന്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. അതാകട്ടെ ഒരു നായ്ക്കുട്ടിക്ക് പോലും നിവര്‍ന്ന് കിടക്കാന്‍ വലിപ്പമില്ലാത്തതും. അതുകണ്ടപ്പോള്‍ കൌതുകവും തമാശയുമാണ് ആദ്യം അവള്‍ക്ക് തോന്നിയത്. എന്നാല്‍ തന്‍റെ സാന്നിധ്യത്തെ പോലും തീരെ അവഗണിച്ചുകൊണ്ട് അവന്‍ അതിന്റെ പണിയില്‍ കൂടുതല്‍ വ്യാപൃതനായപ്പോള്‍ കേട്ടതൊന്നും വെറും കിംവദന്തിയല്ലെന്നും ലൂയിസിന് മാനസികവിഭ്രാന്തി പിടിപെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും ജുവാനയ്ക്ക്  ബോധ്യമായി.



മാര്‍ത്ത മുത്തശ്ശിക്കൊപ്പം അത്താഴം കഴിക്കുമ്പോഴും അവരെ ഉറക്കറയിലേക്ക് താങ്ങിപ്പിടിച്ചുകൊണ്ട് പോയപ്പോഴുമെല്ലാം ഈ വിഷയമായിരുന്നു അവളുടെ മനസ്സില്‍.മുത്തശ്ശിയുടെ അഭിപ്രായത്തോട് താന്‍ മൌനം പാലിച്ചത് തെറ്റായിപ്പോയെന്നും ഈ രണ്ടാഴ്ചക്കാലം ലൂയിസിനെ കാണാന്‍ ശ്രമിക്കാതിരുന്നത് അവനെ എത്രമാത്രം തെറ്റിധരിപ്പിച്ചിരിക്കാമെന്നും അവള്‍ തിരിച്ചറിഞ്ഞു.നിശ്ചയമായും  അവന്റെ വിഭ്രാന്തി താന്‍  മൂലമാണ് സംഭവിചിട്ടുള്ളതെന്ന മനസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി.



സ്ത്രീകള്‍ അങ്ങനെയാണ്...അവര്‍ പ്രണയത്തില്‍ പെയ്തിറങ്ങുന്ന ഉന്മാദമായി പരിണമിക്കണമെങ്കില്‍  ഏറ്റവും അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കേണ്ടത് അനിവാര്യമാണ്...കാമുകന്റെ ആത്മഹൂതിയോ അല്ലെങ്കില്‍ ഇവിടെ സംഭവിച്ചതുപോലെ അതിലും ദാരുണമായ പതനമോ അവരെ സംബന്ധിച്ചിടത്തോളം പ്രണയത്തില്‍ ഏര്‍പ്പെടാനുള്ള ആത്മീയ അനുമതി മാത്രമേ ആകുന്നുള്ളൂ.പിന്നീട് അങ്ങോട്ട്‌ സംഭവിക്കുന്നതെന്തും...നിസ്സംശയം പറയാം ...അത് പ്രണയം മാത്രമായിരിക്കും. 



വിഷാദ ചിന്തകളുടെ ആലസ്യത്തില്‍ അവള്‍ മെല്ലെ മയങ്ങി.അതൊരു കൊച്ചു മയക്കമായിരുന്നു.മുത്തശ്ശിയുടെ മുറിയിലെ നെരിപ്പോട് അണയ്ക്കുവാന്‍ മറന്നുവല്ലോ എന്നോര്‍ത്ത് വെമ്പലോടെ അവള്‍ പിടഞ്ഞെണീറ്റു.അതൊട്ടും ശാസ്ത്രീയമായി തയ്യാറാക്കിയ നെരിപ്പോട് ആയിരുന്നില്ല.ഒരു വൃദ്ധപരിചാരികയുടെ തല്ലിക്കൂട്ടിയ വീട്ടിലെ,നാളിതുവരെ കല്‍ക്കരി കണ്ടിട്ടുപോലുമില്ലാത്ത,വിറക് കമ്പുകള്‍ മാത്രം ശീലിച്ച ദാരിദ്ര്യം പിടിച്ച ഒരു നെരിപ്പോട്.എങ്കിലും അത്രകണ്ട് അപകട സാധ്യതയൊന്നുമില്ല.പുക പുറത്തേയ്ക്ക് പോകുവാന്‍ ചിമ്മിനിയുണ്ട്.എന്നിരിക്കിലും ഒരു മുന്‍കരുതലെന്ന നിലയില്‍ മാര്‍ത്ത മുത്തശ്ശി ഉറങ്ങിയ ശേഷം ജുവാന മുറിയിലെത്തി കനലുകള്‍ തട്ടിയുടച്ച്‌ തീയണയ്ക്കും.അതാണ്‌ പതിവ്.അന്നവള്‍ പതിവിലും ഒരല്‍പം താമസിച്ചുപോയി.വെപ്രാളപ്പെട്ട് റാന്തലിന്റെ തിരി തെളിച്ചു.അതിന്റെ നാളത്തെ ക്രമപ്പെടുത്തുവാന്‍ മിനക്കെടാതെ അതുമായി മാര്‍ത്തമുത്തശ്ശിയുടെ മുറിയിലേക്കോടി.വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.കതകുപാളിക്ക് പിന്നില്‍ പുറത്തേക്ക് ഇഴഞ്ഞു പടരുന്ന പുകച്ചുരുളുകള്‍ റാന്തല്‍ വെളിച്ചത്തിന്റെ മഞ്ഞപ്പില്‍ മരണമറിയിക്കുന്ന പാമ്പുകളായി അവളെ പൊതിഞ്ഞു.ഉറക്കെ നിലവിളിച്ചു കൊണ്ട് കതക് വലിച്ചുതുറന്ന്  ജുവാന അകത്തേക്ക് പാഞ്ഞു...അവിടെ ദരിദ്രമായ കിടക്കയിലെ വെടിപ്പുള്ള വിരിപ്പില്‍ മാര്‍ത്ത മുത്തശ്ശി ഉറങ്ങുന്നുണ്ടായിരുന്നു. തിണര്‍ത്ത ഞരമ്പുകള്‍ വലകെട്ടിയ ശോഷിച്ച മുഷ്ടികള്‍ കിടക്കയെ നിശ്ചലമായി ഇറുക്കിപ്പിടിച്ചിരുന്നു.നടുവ് ഉയര്‍ത്തി വായ തുറന്ന്,അല്‍പ്പം മുന്‍പ് അവസാന ശ്വാസം പ്രതീക്ഷിച്ച അതേ അവസ്ഥയില്‍.



      മരവിച്ച കൈകളിലെ മരണത്തിന്റെ തണുപ്പിനേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റെന്തോ ഭാവമായിരുന്നു അവരുടെ മുഖത്ത്.പുക കുത്തിനിറഞ്ഞ ഇടുങ്ങിയ മുറിക്കുള്ളില്‍ നിന്നും പുറത്തേക്ക് പാഞ്ഞ ജുവാന ആഞ്ഞൊന്ന് ശ്വാസമെടുക്കുകപോലും ചെയ്യാതെയാണ് സഹായം അഭ്യര്‍ഥിച്ച് ഉറക്കെ നിലവിളിച്ച് പുറത്തേക്കോടിയത്.ദൈവമേ...അതെന്തൊരു നിലവിളിയായിരുന്നു!. 



എങ്കിലും അവള്‍ക്കൊന്നു  തിരിഞ്ഞു നോക്കുവാന്‍ തോന്നിയില്ല.കല്ലുകള്‍കൊണ്ട് ആരോ മനപൂര്‍വ്വം അടച്ച ചിമ്മിനിയുടെ മുകളറ്റം ഒരുപക്ഷേ ആ രാത്രിയില്‍ ജുവാനയ്ക്ക് കാണുവാന്‍ സാധിക്കുമായിരുന്നില്ല.എങ്കിലും ആ വൃദ്ധയുടെ മരണം ഉറപ്പിച്ചശേഷം ചിമ്മിനിയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന കറുത്ത വേഷം ധരിച്ച ഒരുവനെ നിശ്ചയമായും അവള്‍ക്ക് കാണുവാന്‍ കഴിയുമായിരുന്നു.പിന്നീട് എപ്പോഴെങ്കിലും ഇക്കാര്യം ലൂയിസിനോട് പറയുമ്പോള്‍...അത്  മറ്റാരുമല്ല ട്രുജിലോയിലെ കറുത്ത മെത്രാന്‍ തന്നെയെന്ന് നിസ്സാരമായി തിരിച്ചറിയുവാനും അവന് കഴിയുമായിരുന്നു.പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല....അതില്‍ സാംഗത്യവുമില്ല.ദൈവ പുത്രന്മാരുടെ ജനനത്തിനു പിന്നിലെ അപദാനങ്ങള്‍ വാഴ്ത്തുവാനേ വിശ്വാസികള്‍ക്കറിയൂ, കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന അതിന്റെ മറുപൂരണമായ ഇരുട്ടിന്റെ സന്തതികളുടെ ജന്മത്തിന് പിന്നിലും സജ്ജീവമായ ഇടപെടലുകള്‍ ഉണ്ട് എന്നത് അവരാരും കാണുന്നതേയില്ല .

                                                                                                   (തുടരും) 

Thursday, October 15, 2015

ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍ (നോവല്‍ എ.ഡി-1632)

നോവല്‍ -എ ഡി 1632 

ഭാഗം 1 
അദ്ധ്യായം 11  
ദൌര്‍ഭാഗ്യം വിതയ്ക്കുന്നവര്‍ 

                                                                  The beginning was HERE

നിരനിരയായി വെട്ടിയൊതുക്കിയ അലങ്കാര ചെടികള്‍ കൊണ്ട് മനോഹരമാക്കിയ കൊച്ചു മുറ്റം.കല്ലു പാകിയ ഇടുങ്ങിയ നടപ്പാതയുടെ ഓരങ്ങളിൽ ചുവന്ന പുള്ളികളുള്ള വെളുത്ത കാർനേഷൻ പൂക്കളും മഞ്ഞ ലില്ലിയും ഇടയ്ക്കിടെ എത്തിനോക്കുന്ന നീലമണിപ്പൂക്കളും.തെളിഞ്ഞ പ്രഭാതത്തില്‍ ആ പൂക്കളത്രയും കടും നിറത്തിന്റെ മനോഹാരിതയിലും ഇലകളാകമാനം ഉജ്വലമായ പച്ചപ്പിലും തുടിച്ചുനിന്നു.ചേതോഹരമായ ആ ചുറ്റുപാടില്‍ സ്വയം മറന്ന് പ്രഭാത നടത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന ജുവാന,ആ സമയമത്രയും നിശ്ചയമായും ലൂയിസിനെക്കുറിച്ച് ചിന്തിച്ചിരിക്കുവാനാണ് സാധ്യത.അവരുടെ പ്രണയം അതിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് ഊര്‍ജ്ജസ്വലമായ യൌവ്വനത്തിലേക്ക് കടന്നിട്ട് അധികനാളുകളായിരുന്നില്ല.അതിന്റെ സ്വാഭാവികമായ എല്ലാവിധ ആശങ്കകള്‍ക്കുമൊപ്പം സ്ത്രീസഹജമായ അതിവൈകാരികതയും ചേര്‍ന്നുള്ള സുഖകരമായ  അലട്ടലില്‍ നിന്നും അവളെ ഉണര്‍ത്തിയത് അവിടേക്ക് അടുത്തുകൊണ്ടിരിന്ന കുതിരക്കുളമ്പടി ശബ്ദമാണ്.  

നീളന്‍ കുപ്പായം ഉയര്‍ത്തിപ്പിടിച്ച്‌,ഇലപ്പടര്‍പ്പുകള്‍ തീര്‍ത്ത കമാനത്തിനരുകിലേക്ക് ലോലമായ പാദങ്ങളെ അവള്‍ വേഗം ചലിപ്പിച്ചു. ലൂയിസിനെ കണ്ട മാത്രയില്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്ന് പ്രണയാതുരമായി. ഫാദര്‍ വെസാല്‍കോയെ ഇറങ്ങുവാന്‍ അവന്‍ സഹായിച്ചു.അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ലൂയിസ് അവള്‍ക്കരുകിലേക്ക് വന്നു.തലേന്ന് ലോപ്പസിന്റെ സംസ്കാരചടങ്ങിനിടെ അവളോട്‌ സംസാരിച്ചപ്പോള്‍ വെസാല്‍കോയുടെ ഓരോ വാക്കുകളിലും വൈദികന്റെ സഹജമായ സ്ത്രീവിരക്തിയുടെ പരുക്കന്‍ ഭാവമുണ്ടായിരുന്നുവെങ്കില്‍, ഇത്തവണ അത് തരളമായ വാത്സല്യമായി പരിണമിച്ചു കഴിഞ്ഞിരുന്നു.പുലര്‍ച്ചെ എത്തിയ ആ അപ്രതീക്ഷിത അതിഥികള്‍ സമ്മാനിച്ച അമ്പരപ്പ് അവളുടെ കുഞ്ഞു മുഖത്ത് അത്രയ്ക്കും പ്രകടമായിരുന്നു.

"ജുവാനാ....കൊച്ചുസുന്ദരീ....അങ്ങനെയല്ലേ നിന്റെ പേര്?..നീയെന്താണ് ഇങ്ങനെ അമ്പരന്നു നില്‍ക്കുന്നത്?.ചെല്ലൂ..മാര്‍ത്ത മുത്തശ്ശിയോടു പറയൂ...പഴയ വികൃതി ചെറുക്കന്‍ വെസാല്‍കോ ... ഇതാ... ഇവിടെയിങ്ങനെ കാത്തുനില്‍ക്കുന്നുവെന്ന് ..."




അവള്‍ക്കൊന്നും മനസിലായില്ല.ആകെ ആശയക്കുഴപ്പം...വ്യക്തത പ്രതീക്ഷിച്ചു കൊണ്ടാവണം അവള്‍ ലൂയിസിനെ നോക്കിയത് ...അവനാകട്ടെ ജുവാനയുടെ വെപ്രാളവും തത്രപ്പാടും ശരിക്കും ആസ്വദിച്ച് മനോഹരമായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് .

"അകത്തേക്ക് വരൂ...ഞാന്‍ മുത്തശ്ശിയെ വിളിക്കാം"

ചെളിപുരണ്ട ഷൂസ് അഴിച്ചുവെയ്ക്കാതെ സ്വീകരണ മുറിയിലേക്ക് പ്രവേശിക്കവേ വെസാല്‍കോ മെല്ലെ ലൂയിസിനോട് പറഞ്ഞു .

"പണ്ടും എന്‍റെ ഈ ശീലമാണ് ചെറിയമ്മയെ ഏറ്റവും പ്രകോപിപ്പിചിട്ടുള്ളത്. പിന്നീട് ഞാന്‍ അത് ഉപേക്ഷിച്ചെങ്കിലും ഇന്നിപ്പോള്‍ മനപൂര്‍വ്വം അത് ആവര്‍ത്തിക്കുന്നതില്‍ കുട്ടിത്തത്തിന്റെ ഒരു സുഖമുണ്ട്..."

വെടിപ്പുള്ള കൊച്ചു സ്വീകരണമുറിയിലെ ടീപ്പോയിയില്‍ നിരതെറ്റാതെ അടുക്കി വെച്ച തുകല്‍ച്ചട്ടയുള്ള മൂന്നു പുസ്തകങ്ങള്‍.അതില്‍,അജ്ഞാതമായ ഏതോ നാട്ടിലേക്ക് ഭാഗ്യം തേടിപ്പോയ സാഹസികനായ യുവനാവികന്‍റെ ദിനസരിക്കുറിപ്പുകള്‍ വിവരിക്കുന്ന പുസ്തകം എണ്ണമറ്റ ആവര്‍ത്തി വായിക്കപ്പെട്ടത്തിന്‍റെ പരുക്കുകളോടെ തള്ളിനിന്നു. വെസാല്കോ അത് ഒന്നോടിച്ചു മറിച്ച് നോക്കവേ തൊട്ടരുകില്‍ ഒരു വൃദ്ധയുടെ വിഷാദ ശബ്ദം ഇങ്ങനെ പറഞ്ഞു .

"ഇല്ല ..വെസാല്‍കോ...നിന്നോട് പണ്ട് നൂറ് ആവര്‍ത്തി പറഞ്ഞ കഥകളേ അതിലുള്ളൂ.സാഹസികരാരും മടങ്ങി വരില്ല. അജ്ഞാതമായ തുരുത്തുകളില്‍ അവര്‍ സുഖമായി ജീവിച്ചു എന്ന പരിസമാപ്തിയില്‍ എല്ലാം അവസാനിക്കും...അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ വിസ്മരിക്കപ്പെടും...കഥയിലും ജീവിതത്തിലും."

മാര്‍ത്തയില്‍  കാലം അടയാളപ്പെടുത്തിയ ചുളിവുകളെ അരനിമിഷം അമ്പരപ്പോടെ നോക്കിയ ശേഷം ആ വൃദ്ധയെ വെസാല്‍കോ വാരിപ്പുണര്‍ന്നു. മൈക്കലേഞ്ചലോയുടെ "പിയാത്തെ" ശില്പത്തെ അനുസ്മരിപ്പിക്കുന്ന സാന്ത്വന രംഗം...വൈകാരിക പ്രക്ഷുബ്ധതയെ നെടുവീർപ്പുകളിൽ അവർ ഒതുക്കിനിർത്തി.

അവരുടെ സ്വകാര്യതയെ മാനിച്ച് ലൂയിസ് മുറ്റത്തേക്ക് ഇറങ്ങി.ഫാദര്‍ വെസാല്‍കൊയെ പ്രാതലിന് ക്ഷണിച്ചശേഷം ജുവാന അടുക്കളയിലേക്ക് നീങ്ങി. സ്ത്രീ സഹജമായ കൌതുകവും ഈ നാടകീയ രംഗങ്ങള്‍ ഉളവാക്കിയ ജിജ്ഞാസയും ചെവികളെ സ്വീകരണ മുറിയില്‍ ഉപേക്ഷിച്ച് മടങ്ങുവാന്‍ ജുവാനയെ പ്രേരിപ്പിച്ചത് സ്വാഭാവികം.എന്നാല്‍ അവരുടെ സംഭാഷണമാവട്ടെ രഹസ്യ സ്വഭാവമുള്ളതോ  അടക്കിപ്പിടിച്ചതോ ആയിരുന്നില്ല.

അതിവൈകാരികതയോടെ തുടങ്ങിവെച്ച പൂര്‍വ്വകാല സ്മരണകളെയെല്ലാം പൊട്ടിച്ചിരിയിലും സന്തോഷാശ്രുക്കള്‍ ഇടനിലക്കാരായ ഗദ്ഗദങ്ങളിലുമായി അവര്‍ അവസാനിപ്പിച്ചു.മാര്‍ത്ത ചെറിയമ്മയുടെ തിരോധാനത്തിന്റെ നാളുകളെക്കുറിച്ച് വെസാല്‍കോ യാതൊന്നും ചോദിച്ചില്ല.

പ്രാതല്‍ സമയത്ത്  ഒപ്പമിരിക്കുവാന്‍  ലൂയിസിനെ  കൂടി വെസാല്‍കോ ക്ഷണിച്ചു.അവന്‍ ഒന്നു മടിച്ചു.

"ഇന്നലെ അത്താഴം ഒരുമിച്ചായിരുന്നുവെങ്കില്‍ ഇന്നത്തെ പ്രാതലും അങ്ങനെതന്നെ...വരൂ ...എനിക്കരുകില്‍ ഇരിക്കൂ "

നെയ്യില്‍ വറുത്ത ടര്‍ക്കിക്കോഴിയുടെ മാംസവും മുന്തിരി വീഞ്ഞും രുചികരമായിരുന്നു.ജുവാനയുടെ പാചകത്തെ പ്രശംസിക്കുവാന്‍ ലൂയിസ് ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും ആ സാഹചര്യത്തില്‍ അത് അനുചിതമായി തോന്നി.

തീന്‍ മേശയില്‍ സംസാരിക്കുന്നത്  മാര്‍ത്ത മുത്തശ്ശിക്ക് ഇഷ്ടമല്ല എന്നറിയാവുന്നതു കൊണ്ടാണ് വെസാല്‍കോയും അതിന് തുനിയാതിരുന്നത്. എന്നാല്‍ ആ പതിവ് ലംഘിച്ച് ജീവിതത്തില്‍ ആദ്യമായും അവസാനമായും മാര്‍ത്ത മുത്തശ്ശി തീന്മേശയില്‍ സംസാരിച്ചു .

"വെസാല്‍കോ...നമുക്കിടയില്‍ മുഖവുരയുടെ ആവശ്യമില്ല.നീ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ സാന്റോ ഡോമിനോ പള്ളിയിലോ  അരമനയിലോ നിന്നെത്തേടി ഞാന്‍ എത്തുമായിരുന്നു...ഒരേയൊരു കാരണം ജുവാനയാണ്. അവള്‍ നമ്മുടെ പൈതൃകത്തിന്റെ ശേഷിപ്പാണ്...അതുകൊണ്ടുതന്നെ നീ അവള്‍ക്ക് പിതൃസ്ഥാനീയനും.വൈദികന്  ബന്ധുത്വം നിഷേധിക്കാം...പക്ഷെ മാതൃത്വത്തിന്റെ കല്‍പ്പനയെ അവഗണിക്കുവാന്‍ കഴിയില്ല.നിന്റെ പിതാവിന്റെ സഹോദരി എന്നതിലും ഉപരിയായി നിനക്ക് ഞാന്‍ മാതൃതുല്യയാണ്.നാലുവരി കുത്തിക്കുറിച്ച എന്‍റെ  കത്ത് ഈ വെളുപ്പാന്‍കാലത്ത് നിന്നെ ഇവിടം വരെ എത്തിച്ചുവെങ്കില്‍ അതിന് പ്രേരിപ്പിച്ചതും മറ്റൊന്നുമാകുവാന്‍ ഇടയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ഞാന്‍ വൃദ്ധയാണ് ...ജുവാനയുടെ ഭാവിയെ കരുതി എനിക്ക് ആശങ്കയുണ്ട്.അവള്‍ അനാഥയാകരുത് എന്നുമാത്രമേ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നുള്ളൂ.എനിക്ക് ശേഷം അവളുടെ സംരക്ഷണം നീ ഏറ്റെടുക്കണം. സഭയ്ക്ക് ഒരു കന്യാസ്ത്രീയെ അല്ല ഞാന്‍ വാഗ്ദാനം ചെയ്യുന്നത്.സ്വാഭാവികമായ ലൌകിക ജീവിതം അവള്‍ക്ക് ലഭിക്കണം. അതാണ്‌ ഞാന്‍ കാംക്ഷിക്കുന്നത്. നിന്നെ ബുദ്ധിമുട്ടിക്കുവാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല...ഈ ചുമതലകള്‍ സ്വയം നിറവേറ്റണം എന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ....അഥവാ എനിക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രം ...."

ഗദ്ഗദം കൊണ്ട്  അവരുടെ വാക്കുകള്‍ മുറിഞ്ഞു ...ഒരിറക്ക് വീഞ്ഞിനൊപ്പം അതിനെ അതിജീവിച്ചുകൊണ്ട് അവര്‍  തുടര്‍ന്നു.

"ജുവാനയ്ക്ക് കുലീനനായ ഒരു ചെറുപ്പക്കാരനെ കണ്ടെത്തുവാന്‍ നിന്റെ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.അവന്‍ ഭാഗ്യാന്വേഷിയായ സമുദ്രസഞ്ചാരിയോ മദ്യപാനിയോ യോദ്ധാവോ പരുക്കന്‍ തൊഴിലാളിയോ ആകരുത്....സമ്പന്നനായ മദ്ധ്യ വയസ്കനും ആരോഗ്യവാനായ ദരിദ്രനും എനിക്ക് ഒരേപോലെ അനഭിമിതരാണ്...എന്താ വെസാല്‍കോ...ഈ കിഴവി വല്ലാത്ത കാര്‍ക്കശ്യക്കാരിയായി തോന്നുന്നുണ്ടോ ? " 

മാര്‍ത്ത എണ്ണിപ്പറഞ്ഞ ഓരോ വിഭാഗവും അവരുടെ ദുരിത ജീവിതത്തില്‍ പരിക്കുകള്‍ സമ്മാനിച്ച വ്യക്തികളെയാവാം പ്രതിനിധീകരിക്കുന്നതെന്ന് വെസാല്‍കോ ഊഹിച്ചു ..

"കുടുംബത്തെ ദേവാലയമായി കാണുവാന്‍ കഴിയുന്ന ,വിശ്വാസിയായ... ശാന്തനായ ഒരു യുവാവ് ....അത്രയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ."

ഈ വിഷയത്തില്‍ മാര്‍ത്ത മുത്തശ്ശിക്ക് തന്‍റെ പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തശേഷമാണ് വെസാല്‍കോ വിടവാങ്ങിയത്.കൂടിക്കാഴ്ച ഇരുവര്‍ക്കും സന്തോഷവും പ്രതീക്ഷയുമാണ് നല്‍കിയത്.എന്നാല്‍ ജുവാനയ്ക്കും ലൂയിസിനും അത് സമ്മാനിച്ചത്‌ തങ്ങളുടെ പ്രണയഭംഗത്തിന്റെ സൂചനയും അതുളവാക്കിയ കടുത്ത നിരാശയുമാണ്‌. പരസ്പരം ഒന്ന് കാണുവാനോ ഒരുവാക്കെങ്കിലും സംസാരിക്കുവാനോ കഴിഞ്ഞിരുന്നെങ്കില്‍  പോലും ഈ അവസ്ഥയ്ക്ക് ഒരല്‍പം അയവ് ലഭിച്ചേനെ ...എന്നാല്‍ ഒരു മാത്ര പോലും പാഴാക്കാതെ ഫാദര്‍ വെസാല്‍കോയുമായി അവന് ട്രുജിലോയിലേക്ക് തിരിക്കേണ്ടി വന്നു

ഈ സമയം സാന്റോ ഡോമിനോ പള്ളിയുടെ കുമ്പസാരക്കൂട്ടിനരുകില്‍ കാത്തുന്നിന്നു മുഷിഞ്ഞ കുപിതനായ മറ്റൊരു ചെറുപ്പക്കാരന്‍ ഫാദര്‍ വെസാല്‍കൊയുടെ വിശ്വസ്ത പരിചാരകനായ ബെനിറ്റൊയോട് കയര്‍ക്കുകയായിരുന്നു ..

"എത്ര മണിക്കൂറുകളായി ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയാണ്... കുമ്പസാരത്തിലൂടെ പാപമോചിതനാകാമെന്ന ദുരാഗ്രഹമൊന്നും എനിക്കില്ല... ഇടവകക്കാരുടെ പ്രേരണകൊണ്ടാവാം,ജീവിതത്തില്‍  ആദ്യമായി ഈ ഏര്‍പ്പാടില്‍ കൌതുകം തോന്നി...കൃത്യനിഷ്ടയും സത്യസന്ധതയുമാണ് ഒരു വൈദികന് വേണ്ട മൌലിക ഗുണങ്ങള്‍...നിന്റെ യജമാനന്‍ വെസാല്‍കോയ്ക്ക് ഇത് രണ്ടുമില്ല.ഇനിയും ഈ നായ്ക്കൂടിന് കാവല്‍ നില്‍ക്കുവാന്‍ എന്നെ കിട്ടില്ല ...വികാരി വരുമ്പോള്‍ നീയിത് അയാളോട് വിസ്തരിച്ചു പറഞ്ഞോളൂ."

വീട്ടിലെത്തിയ ഗോണ്‍സാലസ് ആ കാത്തുനില്‍പ്പിന്റെ മടുപ്പും ദേഷ്യവുമെല്ലാം മദ്യത്തില്‍ അലിയിച്ചു.ഒട്ടും വൈകാതെ ജോലിയില്‍ വ്യാപൃതനായി.നാല് മുയല്‍ത്തോലുകള്‍ ഊറയ്ക്കിട്ടു.ചോരയൊലിപ്പിച്ച് പ്രാണവേദനയില്‍ പിടയുന്നവയില്‍ നിന്നും മുഴുത്ത ഒരെണ്ണത്തെ ഉച്ചഭക്ഷണത്തിനായി പിടികൂടി നുറുക്കവേ ഗോണ്‍സാലസ് സ്വയം പറഞ്ഞു

"ഞാന്‍ എന്തിന് കുമ്പസാരിക്കണം?..അതിനുതക്ക എന്ത് പാപമാണ് ഞാന്‍ ചെയ്തിട്ടുള്ളത് ....ഞാന്‍ ദയാലുവാണ്?..ഭക്ഷണത്തിനു വേണ്ടി മാത്രമാണ് ഒന്നിന്റെ പ്രാണന്‍ എടുത്തത്"

മദ്യലഹരിയില്‍ എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞ് വേച്ചുവേച്ച്‌ അയാള്‍ മുറ്റത്തെത്തി.തോലുരിയപ്പെട്ട മൂന്നുമുയലുകളും അപ്പോഴേക്കും പ്രാണന്‍ വെടിഞ്ഞിരുന്നു. അവറ്റകളുടെ ശരീരത്തില്‍ ചോരയോട് ഒട്ടിക്കുഴഞ്ഞ പൊടിയും മാംസത്തില്‍ ആര്‍ത്തിയോടെ കടിച്ചുതൂങ്ങിയ കുറേ ചുവന്ന ഉറുമ്പുകളും.

"ഹാ...നോക്കൂ...ഞാന്‍ തോലുമാത്രമേ എടുത്തുള്ളൂ....ജീവനെടുത്തിരുന്നില്ല. വാഴ്ത്തപ്പെടുന്ന കര്‍ത്താവോ...നിന്റെയൊക്കെ പ്രാണന്‍ തന്നെ മോഷ്ടിച്ചു.. എന്നിട്ടും ഞാന്‍ അവന് മുന്നില്‍ കുമ്പസാരിക്കണമെന്നോ?"

അവറ്റകളെ ഒന്നൊന്നായി ഗോണ്‍സാലസ് വേലിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു .എന്നിട്ട് വീണ്ടും പിറുപിറുത്തു .

"ഞാന്‍ കൂടുതല്‍ ദയാലുവാകുന്നു...കുറുക്കന്മാര്‍ക്കും വിശപ്പടങ്ങട്ടെ " 

                                                                                                               (തുടരും) 

Wednesday, September 2, 2015

ട്രുജിലോയിലെ കറുത്ത മെത്രാന്‍ (നോവല്‍ എ.ഡി-1632)

നോവല്‍ എ.ഡി -1632
ഭാഗം 1
അദ്ധ്യായം 10
ട്രുജിലോയിലെ കറുത്ത മെത്രാന്‍ 

To read from beginning click HERE 

"ഇതൊട്ടും ഗുണകരമല്ലാത്ത പ്രവണതയാണ് ചങ്ങാതീ.ഈ കൊടുംതണുപ്പില്‍ ഒരുമിച്ച് നമ്മള്‍ അത്താഴം കഴിച്ചു...തീകാഞ്ഞു.അതിനപ്പുറം എന്ത് ബന്ധമാണ് നമ്മള്‍ തമ്മിലുള്ളത്?..എന്നിട്ടും ചോദ്യങ്ങള്‍ കൊണ്ട് നിങ്ങൾ എന്നെ വലയ്ക്കുന്നു.അപരിചിതനായ ഒരുവന്റെ വ്യക്തിത്വം ചൂഴ്ന്നെടുക്കുവാനുള്ള പ്രവണത ബാലിശമായ അധമപ്രചോദനമല്ലേ?..താങ്കളില്‍ നിന്നും മാന്യതയും കുലീനതയുമാണ് ഞാന്‍ പ്രതീക്ഷിച്ചത്.നിരാശാജനകം...തീര്‍ത്തും നിരാശാജനകം."



ഫാദര്‍ വെസാല്‍കോയുടെ ചോദ്യശരങ്ങളെ ഇപ്രകാരമാണ് അപരിചിതന്‍ പ്രതിരോധിച്ചത്.ഏതൊരുവനും ചൂളിപ്പോകുന്ന ഈ മറുപടിയെ അതിജീവിക്കുവാന്‍ വെസാല്‍കോ പുഞ്ചിരിച്ചുകൊണ്ട് മൃദുവായ ശബ്ദത്തില്‍ വീണ്ടും ശ്രമിച്ചു.



"ക്ഷമിക്കണം...എനിക്ക് അങ്ങനെയൊരു ദുരുദ്ദേശമില്ല.താങ്കളുടെ സാമീപ്യം എന്‍റെ ആത്മാവില്‍ ശക്തമായ ഊര്‍ജ്ജപ്രവാഹം സൃഷ്ടിക്കുന്നു "



ഉറക്കെ പൊട്ടിചിരിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു.



ആത്മാവോ?..അതെന്താണ് ?



"എന്നിലും നിന്നിലും കുടികൊള്ളുന്ന സംശുദ്ധമായ പ്രകൃതി.അതില്‍ നമ്മള്‍ പരിചിതരാണ്.അതിന്റെ വ്യക്തതയാണ് ഞാന്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്. എന്‍റെ അബോധമണ്ഡലത്തില്‍ താങ്കള്‍ സുപരിചിതനാണ്...അതെ...എനിക്ക് ഉറപ്പാണ്.പക്ഷെ ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല."



ഗൌരവഭാവത്തോടെ അയാള്‍ വെസാല്‍കോയ്ക്ക് തൊട്ടുമുന്നില്‍ മുട്ടുകുത്തി മുഖത്തുനിന്നും കണ്ണെടുക്കാതെ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.



"ആണോ?...അപ്രകാരമാണോ...എങ്കില്‍ ദൈവദാസാ...നിങ്ങള്‍ കടുത്ത മറവിരോഗത്തിന്റെ പിടിയിലാണ്.എഴുതിക്കുറിച്ചു തന്നാല്‍പ്പോലും പ്രയോജനമില്ല. നിന്റെ തലച്ചോറത്രയും കാപട്യക്കാരനായ കര്‍ത്താവ് കാര്‍ന്നു തിന്നിരിക്കുന്നു."



ചടുലമായി അയാള്‍ എഴുന്നേറ്റ് നിന്നു.ചിരിയുടെ കുത്തൊഴുക്ക് സൃഷ്ടിച്ച ഫലിതം പറഞ്ഞാസ്വദിച്ച മട്ടില്‍ ഒരു മുഴുക്കുടിയനെപ്പോലെ വീണ്ടും വീണ്ടും ഉറക്കെചിരിച്ചുകൊണ്ട്‌ വേച്ചുവേച്ച്‌ അയാള്‍ പിന്തിരിഞ്ഞു നടന്നു.



ഈ രംഗമത്രയും കണ്ട് അന്ധാളിച്ചു പോയ ലൂയിസ്,ഫാദര്‍ വെസാല്‍കോയ്ക്ക് അരുകിലേക്ക്‌ മെല്ലെ നിരങ്ങി നീങ്ങി സ്വകാര്യമായിമന്ത്രിച്ചു.



"ഇയാള്‍ക്ക് മുഴുഭ്രാന്താണ് ...എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകുന്നതാണ് ഉചിതം "



അര്‍ദ്ധമനസോടെ ഫാദര്‍ വെസാല്‍കോ എഴുന്നെല്‍ക്കവേ ദൂരെ ഇരുട്ടില്‍ നിന്നും വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു.



"ദൈവദാസാ . . .നിനക്ക് എഴുതിക്കുറിച്ചു തന്നാല്‍പ്പോലും പ്രയോജനമില്ല..ആ കുതിരയേക്കാള്‍ ഓര്‍മ്മകെട്ട ജീവിയാണ് നീ.കുന്തിരിക്കത്തിന്റെ ഗന്ധവും കുറെ കള്ളസാക്ഷ്യങ്ങളുമല്ലാതെ മറ്റൊന്നും നിന്റെ തലയിലില്ല"



ഹീനമായ ജല്‍പ്പന്നങ്ങള്‍-അതവഗണിച്ച് ഇരുവരും കുതിരയ്ക്ക് അരുകിലേയ്ക്ക് വേഗത്തില്‍ നടന്നു.ഏതാനും ചുവടുകള്‍ക്ക് ശേഷം എന്തോ പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ വെസാല്‍കോ നിന്നു.അമ്പരപ്പോടെ ളോഹയുടെ കീശയിലേക്ക്‌ കൈ തിരുകി.നനഞ്ഞുകുതിര്‍ന്ന ഒരു കടലാസ് കീറിപ്പോകാതെ സൂക്ഷ്മതയോടെ മെല്ലെ പുറത്തെടുത്തു.



"ഓഹ് ...ലൂയിസ് ...ഞാനിത് മറന്നു പോയി.ലോപ്പസിന്റെ സംസ്കാരചടങ്ങിനിടെ ആ പെണ്‍കുട്ടി നല്‍കിയ കത്താണിത്.. 



മാര്‍ത്ത മുത്തശ്ശി ജുവാനയുടെ കൈവശം കൊടുത്തുവിട്ട കുറിപ്പ് നനഞ്ഞു കുതിര്‍ന്നിരുന്നു.കീറിപ്പോകാതെ സൂക്ഷ്മതയോടെ വെസാല്‍കോ അത് നിവര്‍ത്തി- മഷി പടര്‍ന്ന് വികൃതമായ ഒരു ലഘു സന്ദേശം.എങ്കിലും നീല പടര്‍പ്പുകള്‍ക്ക് പിന്നിലെ അക്ഷരങ്ങള്‍ നിഴല്‍പോലെ ഏകദേശ സംവേദനത്തിന് പര്യാപ്തമായിരുന്നു.അതൊന്ന് വായിച്ചെടുക്കുവാനുള്ള ആകാംക്ഷയില്‍ "ഒരു നിമിഷം ,ഞാന്‍ ഇപ്പോള്‍ വരാം "എന്ന് പറഞ്ഞുകൊണ്ട് വെസാല്‍കോ തിരിഞ്ഞു നടന്നു.തീയണഞ്ഞിരുന്നില്ല.അതേ ഉരുളന്‍ കല്ലില്‍ ഇരുന്നുകൊണ്ട് വെസാല്‍കോ ആയാസപ്പെട്ട്‌ അത് വായിക്കുവാന്‍ ശ്രമിച്ചു.ലോലമായ വെള്ളിചങ്ങലകൊണ്ട് ളോഹയുടെ മാറില്‍ കൊരുത്ത,ആനക്കൊമ്പില്‍ ഉറപ്പിച്ച  കൊച്ചു വട്ടക്കണ്ണട വലത് നേത്രഗോളത്തിന് മുന്നില്‍ കണ്പോളകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ച് ,ഏറെ ആയാസപ്പെട്ടാണ് വെസാല്‍കോ അത് വായിച്ചത്.അദ്ദേഹത്തിന്‍റെ ആ തത്രപ്പാട് ലൂയിസ് ദൂരെ നിന്ന് സാകൂതം വീക്ഷിച്ചു.തികഞ്ഞ അസ്വസ്ഥതതയോടെ ഒരു ബാധ്യതപോലെയാണ് അദ്ദേഹം വായന തുടങ്ങിയതെങ്കില്‍,തുടര്‍ന്നുള്ള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതേ മുഖത്ത് അത്ഭുതവും വൈകാരിക പിരിമുറുക്കങ്ങളും തെളിഞ്ഞു. ദീര്‍ഘനിശ്വാസത്തോടെ വെസാല്‍കോ ഒരിക്കല്‍ക്കൂടി ആ കത്ത് വായിച്ചു.ആര്‍ദ്രമായ മുഖഭാവത്തോടെ ലൂയിസിനരുകിലേക്ക് അദ്ദേഹം പാഞ്ഞടുത്തു.



"ലൂയിസ്...എന്നോട് ക്ഷമിക്കൂ..നമുക്ക് തിരിച്ചുപോകാം.ബെര്‍നാല്‍ഡിനോയുടെ വൃദ്ധ പരിചാരികയെ എനിക്ക് കണ്ടേ മതിയാകൂ"



"ദൈവമേ ...താങ്കള്‍ എന്താണീ പറയുന്നത്.അങ്ങേയ്ക്ക് പുലര്‍ച്ചെ ട്രുജിലോയില്‍ എത്തുവാനുള്ളതല്ലേ.ഇനി രണ്ടര മണിക്കൂര്‍ കൊണ്ട് നമുക്ക് അവിടെയെത്താം. എന്തിനാണ് വീണ്ടും മടങ്ങിപ്പോകുന്നത്‌?.ഈ ദുര്‍ഘടം പിടിച്ച പാതയത്രയും വീണ്ടും പിന്നിലേക്ക്‌ പോകണമെന്നാണോ താങ്കള്‍ ആവശ്യപ്പെടുന്നത് ?"



വെസാല്‍കൊയുടെ പെട്ടെന്നുള്ള ഈ മനംമാറ്റം ലൂയിസിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.പുലര്‍ച്ചെ ട്രുജിലോയിലേക്ക് പോയാല്‍ മതിയെന്ന് പലവട്ടം താന്‍ സൂചിപ്പിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ,പേമാരിയും കൊടുംതണുപ്പുമെല്ലാം അതിജീവിച്ച് അര്‍ദ്ധരാത്രിയില്‍ ദൂരമിത്രയും സാഹസികമായി താണ്ടിയശേഷം ,പെട്ടെന്ന് മടങ്ങിപ്പോകണം എന്ന ആവശ്യം ഏതൊരുവനെയും കുപിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.



"ലൂയിസ്...വീണ്ടും ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.മാര്‍ത്ത മുത്തശ്ശിയെ എനിക്ക് കണ്ടേ മതിയാകൂ..അവര്‍ എനിക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവരാണ്.ഈ കത്ത് എനിക്ക് നല്‍കിയ ആ പെണ്‍കുട്ടി ആരാണ് ?"



"ജുവാന."



"അതേ ...ജുവാന.അവള്‍ മാര്‍ത്ത മുത്തശ്ശിയുടെ ചെറുമകളാണോ?"



"അങ്ങിനെയാണ് എന്‍റെ അറിവ്."



കൂടുതലൊന്നും ചോദിക്കാതെ അവന്റെ കയ്യില്‍ പിടിച്ച് "വരൂ"എന്നുമാത്രം പറഞ്ഞുകൊണ്ട് വെസാല്‍കോ കുതിരയ്ക്കരുകിലേക്ക് വേഗത്തില്‍ നടന്നു. ജുവാനയുമായി ബന്ധപ്പെട്ടുള്ള ആ മടങ്ങിപ്പോക്ക് ലൂയിസിലും ആകാംക്ഷയുളവാക്കി.കുതിരവണ്ടിക്കുള്ളില്‍ ചിന്താഭാരത്താല്‍ വലഞ്ഞു നിശബ്ദനായിരിക്കുന്ന ഫാദര്‍ വെസാല്‍കൊയോട് അപ്പോള്‍ കാര്യം തെരക്കുന്നത് അനുചിതമായി ലൂയിസിന് തോന്നി.കുതിരയുടെ കടിഞ്ഞാണെടുത്ത് അവന്‍ ഉറക്കെക്കുടഞ്ഞു.ഉത്സാഹത്തോടെ ഏതാനും ചുവടുകള്‍ മുന്നോട്ടുവെച്ച കറുമ്പന്‍  കുതിരയെ,പെട്ടെന്നവന്‍ പിന്നിലേക്ക്‌ ഉറക്കെ  കടിഞ്ഞാണ്‍ വലിച്ച് നിര്‍ത്തി.ആ വേദനയില്‍ അവനൊന്ന് ചിനച്ചു-വണ്ടിയൊന്നാകെ ഉലഞ്ഞു നിന്നു.



"എന്തുപറ്റി ?...എന്താണ് നീ നിര്‍ത്തിയത്?".പിന്നില്‍ നിന്നും വെസാല്‍കോ ചോദിച്ചു.



"നാശം...ആ ചമ്മട്ടി ഞാന്‍ അവിടെ വെച്ച് മറന്നു .ഒരു നിമിഷം...അത് എടുത്തിട്ടു വരാം" ചാടിയിറങ്ങി ലൂയിസ് പിന്നിലേക്ക്‌ ഓടി.



തീയണഞ്ഞിരുന്നു.ചുവന്ന കനലുകളുടെ പ്രഭയില്‍ ,ഉരുളന്‍ കല്ലിന് ഓരംചേര്‍ന്നു കിടന്ന ചമ്മട്ടി അവന്‍ കുനിഞ്ഞെടുത്തു.അല്‍പ്പം അകലെ,തന്‍റെ മുഷിഞ്ഞ മാറാപ്പില്‍ നിന്നും പിഞ്ചിദ്രവിച്ച   മേല്‍വസ്ത്രം വലിച്ച് പുറത്തെടുക്കുന്ന ആ ഭ്രാന്തനെ ലൂയിസ് കണ്ടില്ലെന്നു നടിച്ചു.അവന്‍ ധൃതിയില്‍ തിരിഞ്ഞുനടക്കവേ അയാള്‍ ഏറ്റവും സൌമ്യമായി പറഞ്ഞു ..



"ഹേയ് ...ചങ്ങാതീ ...നീയെന്നെ ഭയപ്പെടേണ്ടതില്ല.ഞാനൊട്ടും അപകടകാരിയല്ല "



 അയാള്‍ ലൂയിസിന് അരുകിലെത്തി അവന്റെ തോളില്‍ മെല്ലെ അമര്‍ത്തിക്കൊണ്ട്  ഉന്മാദിയായ ഒരു പ്രവാചകനെപ്പോലെ പുലമ്പി



"നിന്റെ സവാരിക്കാരന്‍ ഓര്‍മ്മകെട്ടവനാണ് ...ഒരു കത്തു വായിക്കുവാന്‍ പോലും ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടി വന്നു.നീ അങ്ങനെയാവരുത്.എന്‍റെ മുഖം നീ മറക്കരുത്. നിശ്ചയമായും നിനക്കത് ഉപകരിക്കും.അടുത്ത കാലത്തൊന്നും ആവണമെന്നില്ല ..ഒരുപക്ഷെ സംവല്‍സരങ്ങള്‍ക്ക് ശേഷമായിരിക്കാം...നാല് ചുറ്റും തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന തുരുത്തില്‍,നിരാലംബനായ നീ എന്‍റെ പ്രഭുവിന്റെ കാരുണ്യം അനുഭവിക്കുവാന്‍ ഇടവരും ...അതെ ...സത്യമായും അതുണ്ടാവും "



അയാളുടെ കൈ തട്ടിമാറ്റി ലൂയിസ് മുന്നോട്ടോടി...വീണ്ടും അയാള്‍ ഉറക്കെയലറി.



"വിഡ്ഢീ ...നിങ്ങളുടെ ഈ മരണപ്പാച്ചില്‍ എന്‍റെ പ്രഭുവിന്റെ ജന്മം കുറിക്കുവാനാണ് ...അതേ..എന്‍റെ പ്രഭുവിന്റെ പിതൃത്വം നിനക്കവകാശപ്പെട്ടതല്ല.നീ വെറും ഇടനിലക്കാരന്‍...ആ പെണ്ണിന്റെ വെറും കാമുകനായി ഒടുങ്ങിത്തീരുവാന്‍ വിധിക്കപ്പെട്ട മഠയന്‍..."



അവസാന വാചകത്തില്‍ ലൂയിസിന്റെ ഓട്ടം നിലച്ചു.അത് അവന്റെ ഹൃദയത്തില്‍ ചൂണ്ട പോലെ കൊത്തിവലിച്ചു.പിന്തിരിഞ്ഞു നോക്കിയപ്പോള്‍,അപരിചിതനായ ഭ്രാന്തന്‍ തന്‍റെ മേല്‍വസ്ത്രവുമണിഞ്ഞ്, ചെമ്മണ്‍ പാതയിലൂടെ മെല്ലെ അവരെ അനുധാവനം ചെയ്യുകയാണെന്ന് അവന് തോന്നി.അയാളുടെ വേഷം ലൂയിസില്‍ ഒരല്‍പം ഞെട്ടലുളവാക്കി...കറുത്തു ദ്രവിച്ച പുരോഹിത കുപ്പായം.പണ്ടെന്നോ സഭ പുറത്താക്കിയ,ട്രുജിലോയിലെ കുപ്രശസ്തനായ ആ കറുത്ത മെത്രാന്‍ .         

                                                                                   (തുടരും)                     

Tuesday, August 18, 2015

പാപികളുടെ അത്താഴം (എ.ഡി-1632)


പാപികളുടെ അത്താഴം
നോവല്‍ -എ .ഡി -1 6 3 2
ഭാഗം -1
അദ്ധ്യായം -9 

                                                   Click HERE to read from the beginning

   

    പുതപ്പിനുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന ഒരു കൃശഗാത്രരൂപം-അങ്ങനെയാണ് ആദ്യം തോന്നിയത്.അടുത്തുചെന്നപ്പോള്‍ അത് പുറം തിരിഞ്ഞിരുന്ന് തീ കായുന്ന ദൃഡഗാത്രനായ പുരുഷനാണ് എന്നവര്‍ക്ക് മനസിലായി.അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍വേണ്ടി മാത്രം ഏതോ അപ്രധാന വിഷയത്തില്‍ ഉറക്കെ സംസാരിച്ചുകൊണ്ടാണ് ഇരുവരും അവിടേക്ക് കടന്നു ചെന്നത്.തീര്‍ത്തും അന്യനായ ഒരുവനെ സമീപിക്കുമ്പോള്‍ ,ആ അപരിചിതത്വത്തെ മറികടക്കുവാനും സ്വാഭാവികമായ സംഭാഷണത്തിന് തുടക്കമിടുവാന്‍ അപരിചിതനെ പ്രേരിപ്പിക്കുവാനും,ശബ്ദമുഖരിതമായ കടന്നുചെല്ലല്‍ ഉപകരിക്കുമെന്ന് മുന്‍കാല അനുഭവങ്ങളില്‍    നിന്നും ലൂയിസ് മനസിലാക്കിയിരുന്നു.എരിയുന്ന വിറകിന് കുറുകെ തെറ്റാലിയുടെ ആകൃതിയില്‍ ഉറപ്പിച്ച കമ്പുകളില്‍ കോര്‍ത്ത,സാമാന്യം വലിപ്പമുള്ള ഇറച്ചിക്കഷണം ചുട്ടെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ആ അപരിചിതനാവട്ടെ, അവരെ തിരിഞ്ഞു നോക്കിയതു പോലുമില്ല.ഒരു കൊച്ചു കമ്പുകൊണ്ട് കനല്‍ കുത്തിയിളക്കി തീ ആളിക്കുവാന്‍ പണിപ്പെടുന്ന അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ലൂയിസ് മൂന്നു പ്രാവശ്യം ഉച്ചത്തില്‍ -വൃകൃതമായി-മുരടനക്കി.തന്‍റെ ജോലി അല്‍പ്പസമയം നിര്‍ത്തിവെച്ച് ഒന്നു തിരിഞ്ഞു പോലും നോക്കാതെ,വലതു കൈ അലസമായി ചലിപ്പിച്ച്  മുന്നിലേക്ക്‌ കടന്നു വരുവാന്‍ അയാള്‍ ആംഗ്യം കാണിച്ചു.



മറ്റേത് അവസരത്തിലായിരുന്നെങ്കിലും ഇത്ര ഉദാസീനമായ ക്ഷണം സ്വീകരിക്കുവാന്‍ ഫാദര്‍ വെസാല്‍കോ ഒരുപക്ഷെ  തയ്യാറാവുമായിരുന്നില്ല. ആതിഥേയന് അഭിമുഖമായിക്കിടന്ന ഉരുളന്‍ കല്ലുകളിലൊന്നില്‍ സ്ഥാനംപിടിച്ച് തിടുക്കപ്പെട്ട് അദ്ദേഹം തീയിലേക്ക് കൈപ്പത്തി നീട്ടി.തണുത്തു മരവിച്ച വിരല്‍ത്തുമ്പുകളില്‍ പടര്‍ന്നു കയറുന്ന സുഖകരമായ ചൂടിനെ ആസ്വദിച്ചുകൊണ്ട്‌ കണ്ണുകള്‍ ഇറുക്കെ പൂട്ടി.മരവിച്ചു പോയ കൈത്തണ്ടയിലെ രോമങ്ങള്‍ കരിയുന്ന ദുര്‍ഗന്ധം പോലും അദ്ദേഹം അറിഞ്ഞില്ല . . .



കനല്‍ കുത്തിയിളക്കുന്ന കൊച്ചു കമ്പുകൊണ്ട് വെസാല്‍കൊയുടെ കൈപ്പത്തി മെല്ലെ തട്ടിമാറ്റിക്കൊണ്ട് ,അജ്ഞാതനായ ആതിഥേയന്‍ പിറുപിറുത്തു.



"വൈദികന്റെ മാംസം എനിക്കിഷ്ടമല്ല . . ."



ആ പ്രയോഗം ലൂയിസിന്  രസിച്ചു . പുരികം മെല്ലെ  ഉയര്‍ത്തി വെസാല്‍കോയെ നോക്കി അവന്‍ ഒന്നമര്‍ത്തി പുഞ്ചിരിച്ചു.ജാള്യതയെ മറയ്ക്കുവാന്‍ വെസാല്‍കോ പെട്ടെന്ന്  പ്രതികരിച്ചു.



"പക്ഷെ വിശ്വാസികള്‍ക്ക് അത് അപ്പമാണ് "



മറുപടി ഒട്ടും താമസിച്ചില്ല ..



"പുളിച്ച അപ്പവും കയ്പുള്ള വീഞ്ഞും മാത്രം ശീലിച്ച കുരുടന്മാര്‍ക്ക് ... "



അവജ്ഞയോടെ അങ്ങനെ പുലമ്പിയ അപരിചിതന്റെ മുഖം വ്യക്തമായി കാണുവാന്‍ വെസാല്‍കോ തലയുയര്‍ത്തി നോക്കി.പ്രകാശം ജ്വലിപ്പിക്കുന്ന അതേ ജ്വാലകള്‍ തന്നെ അപ്പോഴും ആതിഥേയന്റെ മുഖത്തിനു മറപിടിച്ചു.



അയാള്‍ അല്പ്പവസ്ത്ര ധാരിണിയായിരുന്നു.നഗ്നമായ ചുമലുകളും മാറും മെലിഞ്ഞ് നീളമുള്ള കാലുകളും.അരയ്ക്കു താഴെ മുഷിഞ്ഞ ഒരു പരുക്കന്‍ തുണിക്കക്ഷണം മാത്രം.നെഞ്ചിനും താഴേയ്ക്ക് വളര്‍ന്ന ഇടതൂര്‍ന്ന ദീക്ഷ...മുടിയൊന്നാകെ പിന്നിലേക്ക്‌ വലിച്ച് കെട്ടിയിരിക്കുന്നു.എന്നോ എവിടെയോ കണ്ടുമറന്ന ഒരു നിഴല്‍രൂപം അയാളില്‍ വെസാല്‍കോയ്ക്ക് അനുഭവപ്പെട്ടു.ചുളുങ്ങി വികൃതമായ രണ്ട് കോപ്പകളില്‍ മുന്‍പേ പകര്‍ന്നു വെച്ചിരുന്ന ചെറുചൂടുള്ള കാപ്പി അവര്‍ക്ക് നീട്ടി."നിങ്ങള്‍ ഒരല്‍പം വൈകിപ്പോയി പോയി"..എന്ന മുഖവുരയോടെ.



ആദ്യം മടിച്ചെങ്കിലും വെസാല്‍കോ അത് വാങ്ങി . . .ലൂയിസും.ചുണ്ടോട് ചേര്‍ത്തപ്പോള്‍ പഴകിയ കാപ്പിപ്പൊടിയുടെ കനച്ച മണം മൂക്കു തുളയ്ക്കുന്നതുപോലെ  ലൂയിസിന് തോന്നി.ഫാദര്‍ വെസാല്‍കോ അത് ആസ്വദിച്ച് നുണഞ്ഞിറക്കുന്നത് അവന് അവിശ്വസനീയമായി തോന്നി.ശ്വാസം പിടിച്ച് ഒറ്റ വലിക്ക് അവന്‍ അത് തീര്‍ത്തു.ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കമിടുവാനുള്ള വാക്കുകള്‍ക്കായി വെസാല്‍കോ പരതി കഷ്ടപ്പെടവേ മുഖം ഉയര്‍ത്താതെ വീണ്ടും ആതിഥേയന്‍ ചോദിച്ചു ..



"നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ ...?"



തൊട്ടു മുന്നില്‍ ,കനലില്‍ വെന്തുപാകമായ കാട്ടാടിന്റെ ഇറച്ചി...ഉരുകിത്തിളച്ച് ഇറ്റുവീഴുന്ന നെയ്ത്തുള്ളികള്‍ തീയെ ആളിക്കുകയും മാംസത്തിന്റെ സ്വാദിഷ്ടമായ ചൂരിനോപ്പം വിശപ്പിന്റെ ഗന്ധം അവിടമാകെ വന്യമായി പടര്‍ത്തുകയും ചെയ്തിരിക്കവേ ആ ചോദ്യം തന്നെ അപ്രസക്തമായിരുന്നു.



കമ്പില്‍ നിന്നും അടര്‍ത്തിയെടുത്ത ചൂടുള്ള വെന്ത മാംസം അത്തിയിലയില്‍ പൊതിഞ്ഞ് അയാള്‍ നെടുകെ പകുത്തു.അതൊരു പ്രാകൃതമായ വീതംവെയ്പ്പായിരുന്നു.രണ്ട് ഇലക്കീറുകളിലായി അയാള്‍ അത് അവര്‍ക്ക് നീട്ടി.



അല്‍പ്പം മാറി ,പിടലിയ്ക്ക് താഴെ ചോരപടര്‍ന്ന നനുനനുത്ത രോമക്കുപ്പായത്തിന്റെ ചുളിവുകള്‍ മാത്രമായി അവശേഷിച്ച കാട്ടാടിന്റെ പാതിയടഞ്ഞ കണ്ണുകള്‍ അവരുടെ ആര്‍ത്തിപൂണ്ട അത്താഴത്തിനു സാക്ഷ്യം വഹിച്ചു.ഫാദര്‍ വെസാല്‍കോ അത് കണ്ടില്ലെന്ന് നടിച്ചു.ലൂയിസാവട്ടെ...യാതൊരു സങ്കോചവുമില്ലാതെ അതിന്റെ മുതുക് ആസ്വദിച്ചു.  

                                                                                                                                                                                                                                                                                                                        NEXT CHAPTER


Thursday, July 30, 2015

വെസാല്‍കോയുടെ നരകയാത്ര (എ.ഡി 1632)

വെസാല്‍കോയുടെ നരകയാത്ര
നോവല്‍ -എ.ഡി1 632
ഭാഗം -1
അദ്ധ്യായം -8   


ആ മൂകയാത്ര കാപ്രിയോ പര്‍വ്വതത്തിന്റെ ദുസ്സഹമായ കയറ്റം പൂര്‍ത്തിയാക്കുവാന്‍ നാല് ഫര്‍ലോങ്ങ്‌ മാത്രം ശേഷിക്കവേ,അതിശക്തമായ കിഴക്കന്‍ കാറ്റില്‍ ചുരം മൂളിത്തുടങ്ങി.ശീതക്കാറ്റ് ചെവിക്കുള്ളില്‍ കുത്തിനോവിച്ചപ്പോള്‍ തോളുയര്‍ത്തി ലൂയിസ് വലതു ചെവി മറച്ചു.കുതിരയുടെ മുതുകില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ തുടരെ തുടരെ പ്രഹരിച്ച് പരമാവധി വേഗത്തില്‍ അതിനെ അവന്‍ നിലം തൊടാതെ പായിച്ചു.അതില്‍ അസ്വസ്ഥത തോന്നി ലൂയിസിനെ വിലക്കുവാന്‍ തുനിഞ്ഞ ഫാദറിനെ സുഖകരമല്ലാത്ത പരുക്കന്‍ വാക്കുകള്‍ കൊണ്ടാണ് അവന്‍ കീഴ്പ്പെടുത്തിയത്...

         










"ദയവു ചെയ്ത് ഇപ്പോള്‍ താങ്കള്‍  ഇതില്‍ ഇടപെടരുത് ...മറ്റേത് അവസരത്തിലുമെന്നതുപോലെ ധാര്‍മ്മികതയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമല്ലിത്. ഞങ്ങള്‍ക്കിടയിലെ ആശയവിനിമയമായി മാത്രം ഇപ്പോള്‍ ഇതിനെ കണ്ടാല്‍മതി " 




ആ മറുപടി അത്ര സ്വീകാര്യമായി തോന്നിയില്ലെങ്കിലും ഫാദര്‍ വെസാല്‍കോ പ്രതിഷേധ സൂചകമായി പിടലിവെട്ടിച്ച് ഒന്നിളകിയിരുന്നു.എങ്കിലും ചാട്ടയുടെ കാതടപ്പിക്കുന്ന തുടര്‍ച്ചയായുള്ള ശബ്ദവും  ആ നാല്‍ക്കാലി പ്രകടിപ്പിക്കുന്ന ദയനീയ വിധേയത്വവും വെസാല്‍കോയെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനാക്കി.




"എന്തുതന്നെ പറഞ്ഞാലും ഇതൊരു പൈശാചികമായ പ്രവൃത്തിയാണ്‌ ലൂയിസ്. ആ മിണ്ടാപ്രാണിയുടെ ആത്മാവ് ഓരോ പ്രഹരത്തിലും ആയിരം പ്രാവശ്യമെങ്കിലും  നിന്നെ ശപിക്കുന്നുണ്ട്"




അവന്‍ പെട്ടെന്ന് കുതിരയെ നിര്‍ത്തി.അല്‍പ്പസമയത്തെ നിസ്സംഗതയ്ക്ക് ശേഷം പിന്നിലേക്ക്‌ തിരിഞ്ഞ് ഒരു കൃതൃമ വിനയത്തോടെ,പതിഞ്ഞ ശബ്ദത്തില്‍ വെസാല്‍കോയോട് പറഞ്ഞു.




അതെയോ ?. . . എങ്കില്‍ ഇതുകൂടി അറിഞ്ഞുകൊള്ളൂ . . .ശക്തമായ കിഴക്കന്‍ കാറ്റ് വീശുന്നുണ്ട്. അല്‍പ്പ സമയത്തിനുള്ളില്‍ മഴയുണ്ടാവും.അങ്ങനെ സംഭവിച്ചാല്‍ കാപ്രിയോ സുന്ദരി അവളുടെ അരഞ്ഞാണത്തിലേക്ക് കുഴഞ്ഞ ചെളിമണ്ണു ചുരത്തും.ഇവന്റെ കുളമ്പും ചക്രങ്ങളും അതില്‍ പുതഞ്ഞു തെന്നിയാല്‍,ഞാനും താങ്കളും ഇവനും അങ്ങുതാഴെ എന്നെക്കാള്‍ മാന്യതകെട്ട ജന്തുക്കള്‍ക്ക് ഭക്ഷണമാകും.അങ്ങനെ സംഭവിച്ചാല്‍ സുവിശേഷം പ്രസംഗിച്ചു ശീലച്ച ഒരു ആത്മാവുകൂടി എന്നെ പഴിചാരും...അതുകൊണ്ട് ....ഇപ്പോള്‍ അങ്ങ് ദയവായി ആത്മീയ വിശകലനങ്ങള്‍ക്ക് മെനക്കെടാതെ യുക്തിയുടെ പ്രായോഗിക വശംകൊണ്ട്  ചിന്തിക്കുക...എന്നിട്ടും ധാര്‍മ്മിക ബോധം അങ്ങയെ വിട്ടൊഴിയുന്നില്ലെങ്കില്‍....ഇവനില്‍ ഞാന്‍ ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ ഓരോന്നും നമ്മള്‍ മൂവരുടേയും അതിജീവനത്തെ കരുതിയുള്ള  പ്രാര്‍ഥനയായി കരുതിക്കൊള്ളൂ.




ഒഴുക്കന്‍ മട്ടിലാണ് ലൂയിസ് പൂര്‍ത്തിയാക്കിയത്.അവസാന വാചകം ഫാദറിനെ തെല്ലൊന്ന് അമ്പരപ്പിച്ചു.കാപ്രിയോ പര്‍വ്വതത്തിന്റെ പകുതിയും പിന്നിട്ടുകഴിഞ്ഞ ആ മൂവര്‍ സംഘത്തെയും,അവരെ നയിക്കുന്ന ഇടുങ്ങിയ പാതയേയും, കാതങ്ങള്‍ക്ക് താഴെ ഇലപ്പടര്‍പ്പുകള്‍ക്ക് പിന്നില്‍  നിരാശ പൂണ്ട ആര്‍ത്തിയോടെ അവരെ തലയുയര്‍ത്തി വീക്ഷിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളേയുമെല്ലാം തെളിമയോടെ ക്ഷണനേരം അടയാളപ്പെടുത്തിക്കൊണ്ട് ഒരു ചുവന്ന മിന്നല്‍പ്പിണർ കാപ്രിയോ സുന്ദരിയുടെ പിന്നിലേക്ക് പാഞ്ഞോളിച്ചു... തൊട്ടുപിന്നാലെ... കോടാനുകോടി ലോഹമുത്തുകള്‍ വാരിയെറിഞ്ഞ പോലെ സൂചിത്തുമ്പുള്ള മഴത്തുള്ളി പ്രവാഹം . . .




"ദൈവമേ . . .ഇതെന്തൊരു പരീക്ഷണമാണ് ...മുന്നോട്ടുള്ള യാത്ര അപകടമാണെങ്കില്‍ നമുക്ക് തിരികെ പോകാം ലൂയിസ്...യാത്ര നാളത്തേക്ക് മാറ്റാം "




"ഇല്ല . . . ഇനിയത് സാധ്യമല്ല . . .ഈ ഇടുങ്ങിയ പാതയില്‍ വണ്ടി തിരിക്കാന്‍ കഴിയില്ല.ചിലപ്പോള്‍ ആ ശ്രമം ഇവനെ വെകിളി പിടിപ്പിച്ചെന്നും വരാം  ...അത് കൂടുതല്‍ അപകടമാണ് ..."




രണ്ടാം ചുരവും പിന്നിട്ട് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുപാതയിലേക്ക് അവര്‍ പ്രവേശിച്ഛപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ ഒരു ചാറ്റമഴയുടെ വിദൂര ലക്ഷണം പോലുമില്ലാത്ത ഒട്ടും ഈര്‍പ്പമില്ലാത്ത തണുത്ത അന്തരീക്ഷമാണ് അവരെ സ്വാഗതം ചെയ്തത്... ലൂയിസിന്റെ കറുമ്പന്‍ കുതിര ഉത്സാഹത്തോടെ ചുവടുകള്‍ക്ക് വേഗത കൂട്ടി.




"സാവധാനത്തില്‍ പോകൂ ലൂയിസ്.ഞാനാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു.ഈ തണുത്തകാറ്റില്‍ ഞാന്‍ വിറച്ചുമരിക്കും...ഹൊ...ഇതെന്തൊരു കാലാവസ്ഥയാണ്!"




"മലയോര പ്രദേശങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണ് ഫാദര്‍..മലമ്പാതകളില്‍ കാലാവസ്ഥയ്ക്ക് സ്ഥിരതയില്ല-പെണ്ണിന്റെ മനസ്സ് പോലെ...ഒന്നാം മടക്കില്‍ മഹാമാരിയെങ്കില്‍ മൂന്നാം മടക്കില്‍ കൊടുംതണുപ്പായിരിക്കാം...ഇപ്പോള്‍ സംഭവിച്ചതുപോലെ...നമ്മളെ അല്‍പ്പം ഭയപ്പെടുത്തിയെങ്കിലും അതത്ര കാര്യമായി പെയ്തില്ല...നന്നായി...അല്ലെങ്കില്‍ എന്‍റെ മടക്കയാത്ര ആകെ ദുരിതത്തിലായേനെ."




"എന്‍റെ ജീവിതത്തില്‍ ഇതാദ്യമായാണ് ലൂയിസ് . . .ഇത്ര ഗതികെട്ട ഒരു ദിവസം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല..ലോപ്പസിന്റെ ശവസംസ്കാരം മുതല്‍ക്ക്‌ ഇതുവരെയുള്ളതെല്ലാം എനിക്ക്  അപശകുനങ്ങളായി തോന്നുന്നു...ഞാനും ഏറ്റവും മോശമായ എന്തിന്റെയൊക്കെയോ ഭാഗഭാക്താവുന്നത് പോലെ . . .




തലപ്പൊക്കം വളര്‍ന്ന കാട്ടുപുല്ലുകളും ഇടക്കിടെ ഇല്ലിക്കൂട്ടങ്ങളും നിറഞ്ഞ വിസ്താരം കുറഞ്ഞ പീഠഭൂമിയുടെ ഒരം ചേര്‍ന്നു പോകവേ . . .ലൂയിസിന്റെ ചുമലില്‍ മെല്ലെ തട്ടിവിളിച്ചു കൊണ്ട് ഫാദര്‍ വെസാല്‍കോ അല്‍പ്പം ദൂരേക്ക്‌ വിരല്‍ ചൂണ്ടി ...




"നോക്കൂ ...ലൂയിസ് . . .ആരോ അവിടെ തീ കായുന്നു.നമുക്ക് അവിടേക്ക് പോകാം.ഞാന്‍ ആകെ കുതിര്‍ന്നിരിക്കുന്നു .ഇനി ഒരു നിമിഷം പോലും എനിക്ക് ഈ തണുപ്പ് സഹിക്കാനാവില്ല. "

                                                               NEXT CHAPTER


Wednesday, July 15, 2015

ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ(എ.ഡി1632)

നോവൽ എ .ഡി 1 6 3 2
ഭാഗം 1 -അദ്ധ്യായം 7
ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ 

   

    ഇടവിട്ടുള്ള മഴച്ചാറ്റലില്‍ ലൂയിസ് നനഞ്ഞുകുതിര്‍ന്നു.ആ നശിച്ച യാത്ര പെട്ടെന്ന്‍ അവസാനിപ്പിക്കുവാനുള്ള തത്രപ്പാടില്‍ അവന്റെ കറുമ്പന്‍ കുതിര അതിന്റെ സര്‍വ്വ ശക്തിയുമെടുത്താണ് പാഞ്ഞത്.ലൂയിസിന്റെ നനഞ്ഞൊട്ടിയ കുപ്പായത്തിനുള്ളില്‍ ഈര്‍പ്പമുള്ള വായുവിന്റെ കുമിളകള്‍ അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് തെന്നിപ്പാഞ്ഞുനടന്നു.കുത്തിനോവിക്കുന്ന മഴത്തുള്ളികളെ പ്രാകി,ഒരു മരപ്പാവ പോലെ ലൂയിസ് തണുത്തു മരവിച്ചിരുന്നു. അവന്‍ ബോധാരഹിതനായില്ലെന്നേയുള്ളൂ, കടിഞ്ഞാണ്‍ എപ്പോഴോ ഉതിര്‍ന്നുവീണ് ,നിലത്ത് ചെളിയില്‍ ഇഴയുകയായിരുന്നു. ഫാദര്‍ വെസാല്‍കോയുടെ ഭയംകലര്‍ന്ന വാക്കുകളാണ് അവനെ ഉണര്‍ത്തിയത്.



"ദൈവമേ ...ഇതെന്തൊരു മരണപ്പാച്ചിലാണ് ...നീയെന്താ ഉറങ്ങുകയാണോ ?




പെട്ടെന്നവന്‍ കുതിരയെ നിയന്ത്രിച്ചു.ആ ഇടപെടല്‍ ഒട്ടും രസിക്കാത്ത മട്ടില്‍ അതൊന്നിളകി നിന്നു.കാപ്രിയോ മലയുടെ താഴ് വാരത്തില്‍ അല്‍പ്പസമയം വിശ്രമിച്ച ശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്.പെയ്തൊഴിഞ്ഞ വിദൂരതയിൽ , തിളങ്ങുന്ന കുഞ്ഞു  വെണ്‍മേഘങ്ങൾ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു. ചേതോഹരമായ ആകാശക്കാഴ്ച ലൂയിസിനെ ആദ്യം ഉല്ലാസഭരിതനാക്കിയെങ്കിലും തൊട്ടുപിന്നാലെ നിരാശപ്പെടുത്തുകയും ചെയ്തു-ഒരു വൈദികനൊപ്പം യാത്രചെയ്യുന്നതിനോളം വിരസമായ മറ്റൊരു ഏര്‍പ്പാടില്ലെന്നാണ് അവനപ്പോൾ തോന്നിയത് .




ഒലീവ് മരങ്ങൾ അതിര്‍ത്തി പാകിയ മണ്‍നിരത്തിൽ കൂടിയാണ് അവരപ്പോൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നത്.ഇലച്ചാര്‍ത്തുകള്‍ക്ക് പിന്നില്‍ വിസ്തൃതമായ ഉരുളക്കിഴങ്ങ് പാടങ്ങൾ ...അതിനപ്പുറം കൂമ്പുകൾ ഇളകിയാടുന്ന ചോളത്തലപ്പുകൾ ..ഇളം നീല ആവരണത്തിൽ അവ്യക്തമായ കാഴ്ച. കുതിരക്കുളമ്പിന്റെ ക്രമമായ ശബ്ദത്തെ ഒന്ന് ,രണ്ട് ,മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ട് അവൻ  കാഴ്ചകൾ ആസ്വദിച്ചു ...



"ആഹാ ...പ്രണയം പോലെ നീല "



തൊട്ടു പിന്നിൽ നിന്നും ഫാദർ വെസാൽകൊ ആ മനോഹര ദൃശ്യത്തെ അങ്ങനെയാണ് വിശേഷിപ്പിച്ചത്‌.ഒരു വൈദികന്റെ പ്രണയോപമയിൽ നിശ്ചയമായും അമ്പരപ്പിനുള്ള വകയുണ്ട്.അതുകൊണ്ടാവാം വിസ്മയ ഭാവത്തോടെ  ലൂയിസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയത് ..



"അതെ ...ഒരു ചിത്രകാരനായിരുന്നുവെങ്കിൽ ,നിശ്ചയമായും ഈ ചിത്രത്തിന് അങ്ങനെയൊരു തലക്കെട്ടേ ഞാൻ നൽകുമായിരുന്നുള്ളൂ....മാത്രവുമല്ല ക്രൂശിത രൂപത്തിന്റെ കാൽച്ചുവട്ടിൽ  പ്രണയത്തിന്റെ ദൈവിക പ്രതീകമായി അത് പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു "    



പൊട്ടിചിരിച്ചുകൊണ്ടാണ് ലൂയിസ് മറുപടി നല്‍കിയത്  



"നന്നായി . . . .അങ്ങൊരു ചിത്രകാരനല്ലാത്തത് എന്തുകൊണ്ടും നന്നായി ...ആയിരുന്നുവെങ്കിൽ സാന്റോ ഡോമിനോ പള്ളിയുടെ അൾത്താരയിൽ വിശ്വാസികൾ കല്ലുകൾകൊണ്ട് കൂടാരം പണിയുമായിരുന്നു .അതിന്റെ മുകളിൽ  താമരക്കൂമ്പ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വികാരിയുടെ തലയും ...അതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ "



ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു.അതത്ര രസിക്കാത്ത മട്ടില്‍ ലൂയിസിന്റെ കറുമ്പന്‍ കുതിര തലകുടഞ്ഞു.



"നോക്കൂ ...ലൂയിസ് ..നിന്റെ ചങ്ങാതിക്ക് നമ്മുടെ ശബ്ദകോലാഹലങ്ങള്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു... "



"ഹേയ് ...അതൊന്നുമല്ല..ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവാം അവന്റെ സവാരിക്കാരില്‍ നിന്നും സന്തോഷസൂചകമായ ശബ്ദം അവന്‍ കേള്‍ക്കുന്നത്. അത് അവന് തീരെ  പരിചയമില്ലാത്തതാണല്ലോ - പെട്ടെന്ന് ..പെട്ടെന്ന് പെട്ടെന്ന് ...ട്ധപ്പേ .. ട്ധപ്പേ-അതൊക്കെയാണ് ഇവന് കേട്ടുപരിചയം.



"ആണോ ...എങ്കില്‍ ഒരല്‍പ്പസമയം അവന്റെ കടിഞ്ഞാണ് കൂടി ഞാന്‍ കൈകാര്യം ചെയ്തുകൊള്ളട്ടെ ...നീ അനുവദിക്കുമെങ്കില്‍ മാത്രം "



ഒരു കൊച്ചുകുട്ടിയുടെ ആവേശത്തിമിര്‍പ്പോടെ ഫാദര്‍ വെസാല്‍ക്കോ കുതിരയുടെ നിയന്ത്രണം ഏറ്റെടുത്തു.ഇടയ്ക്കിടെ ലൂയിസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും
കാപ്രിയോ പര്‍വ്വതത്തിന്റെ ഇടുങ്ങിയ മലമ്പാതയുടെ തുടക്കം വരെ വെസാല്‍കോ കുതിരയെ നിയന്ത്രിച്ചു.അവിടെവെച്ച് അദ്ദേഹത്തോട് പിന്നിലേക്ക്‌ നീങ്ങിയിരിക്കുവാന്‍ ലൂയിസ് അപേക്ഷിച്ചു.ഇടയ്ക്കിടെ ലൂയിസ് ആകാശത്തേക്ക് നോക്കി



"എന്തുപറ്റി ചങ്ങാതീ ...നമുക്ക് സമയം പാഴാക്കാനില്ല.ഇപ്പോള്‍ തന്നെ വൈകിയെന്നാണ് തോന്നുന്നത് .പുലരും മുന്‍പേ എനിക്ക് ട്രുജിലോയില്‍ എത്തേണ്ടതാണ് "



"ഒരല്‍പ്പസമയം ക്ഷമിക്കൂ ഫാദര്‍ ...ഇനിയങ്ങോട്ടുള്ള വഴി ഇടുങ്ങിയതാണ് ..കയറ്റവും...നമ്മുടെ വഴികാട്ടി നല്ല ഉശിരന്‍ നാല്‍ക്കാലി തന്നെ ..എങ്കിലും രണ്ട് സവാരിക്കാരുമായി കാപ്രിയോ പാതയെ അതിജീവിക്കുവാന്‍ ഇവന് നന്നായി അദ്ധ്വാനിക്കേണ്ടിവരും.ഇടയ്ക്ക് ഇവന്‍ നുര തുപ്പിയാല്‍ യാത്രതന്നെ മുടങ്ങും... ഒരല്‍പ്പസമയം ഇവന് വിശ്രമം നല്‍കാം"



ആ ഇടവേളയില്‍ ലൂയിസ് അല്‍പ്പം ഉറങ്ങി... ട്രുജിലോയില്‍ പിറ്റേന്നു ചെയ്തു തീര്‍ക്കാനുള്ള തെരക്കിട്ട ജോലികളെ മനസ്സില്‍ ക്രമപ്പെടുത്തുന്നത്തിനിടയില്‍ വെസാല്‍ക്കോയും ഇടയ്ക്കെപ്പോഴോ സുഖനിദ്രയിലേക്ക് കൂപ്പുകുത്തി...ഇരുവരും  സ്വപ്നങ്ങളില്‍ പൂണ്ടുപോയി...



സാന്റോ ഡോമിനോ പള്ളിയില്‍ താനൊരു വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുന്ന സ്വപ്നമാണ് ഫാദര്‍ വെസാല്‍ക്കോ കണ്ടത്.വധുവിന്റെ മുഖം അത്ര സുപരിചിതമായിരുന്നില്ലെങ്കിലും ദീര്‍ഘകായനായ വരന്റെ രൂപം വെസാല്‍കോയെ ഞെട്ടലോടെ  ഉറക്കമുണര്‍ത്തി-പണ്ടൊരിക്കല്‍ തനിക്കു മുന്നില്‍ വീഞ്ഞു യാചിച്ച അലസനായ അതേ ചെറുപ്പക്കാരന്‍. നിലത്തുവീണുടഞ്ഞ വീഞ്ഞുപാത്രത്തിന്റെ ഒരായിരം ചീളുകള്‍ ശിരസില്‍ കുത്തിയിറക്കുന്ന വേദനയില്‍ വെസാല്‍കോ  പിടഞ്ഞെഴുന്നേറ്റു... 



ലൂയിസ് അപ്പോഴേക്കും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു."പോകാം " എന്ന ഒറ്റവാക്കില്‍ അവന്‍ വികാരിയെ ക്ഷണിച്ചു.ലൂയിസിന്റെ കറുമ്പന്‍ കുതിര കാപ്രിയോ പര്‍വ്വതത്തിന്റെ അരഞ്ഞാണം പോലെ ഇടുങ്ങിയ പാതയിലൂടെ അലസമായി ചുവടുവെച്ചു....ഒരല്‍പം പിഴച്ചാല്‍  അങ്ങുതാഴെ അജ്ഞാതമായ വനാന്തരങ്ങള്‍...അശ്രദ്ധമായാണ് ലൂയിസ് കുതിരയെ തെളിച്ചത്..അവന്‍ ദുഖിതനായിരുന്നു..വണ്ടിയില്‍ യാത്ര ചെയ്യുന്ന വെസാല്‍കോയോട് പൊടുന്നനെയുണ്ടായ അകാരണമായ നീരസമായിരുന്നു അവന്റെ മനസ്സില്‍.ആ വിദ്വേഷത്തിന്റെ യുക്തിയില്ലായ്മയെക്കുറിച്ച് അവന്‍ തികച്ചും ബോധവാനായിരുന്നു...എങ്കിലും അത് അവനെ അസ്വസ്ഥതപ്പെടുത്തി ..എന്തുകൊണ്ടെന്നാല്‍ ....മറ്റൊരാളുമായി ജുവാനയുടെ വിവാഹം നടക്കുന്നതായും അതിന് ഫാദര്‍ വെസാല്‍കോ കാര്‍മ്മികത്വം വഹിക്കുന്നതുമായിരുന്നു അവനെ അസ്വസ്ഥതപ്പെടുത്തിയ നിദ്രാദര്‍ശനം             
                                                                                              NEXT CHAPTER

Thursday, June 25, 2015

പരേതന്റെ വിചിത്ര വിരുന്ന് (നോവല്‍ എ.ഡി-1632)

നോവല്‍ (എ.ഡി-1632)

ഭാഗം 1 -അദ്ധ്യായം 6 

പരേതന്റെ വിചിത്ര വിരുന്ന്   


അത് തീര്‍ത്തും അനാര്‍ഭാടമായ ഒരു ചടങ്ങായിരുന്നു.ഫാദര്‍ വെസാല്‍കോയുടെ സാദ്ധിധ്യം ഒഴിവാക്കിയാല്‍, ഒരു ചത്ത നായയെ കുഴിച്ചിടും പോലെ അത്രയ്ക്കും ലളിതമായ  ചടങ്ങ്.പള്ളിയിലേക്ക് ഒരുപാട് ദൂരം ഉള്ളതുകൊണ്ടും ലോപ്പസിന്റെ വൃദ്ധശരീരം ദുര്‍ഗന്ധം വമിപ്പിച്ചു തുടങ്ങിയിരുന്നതിനാലും വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കുന്നതാവും ഉചിതമെന്ന് ബെര്‍നാല്‍ഡിനോ ഫാദര്‍ വെസാല്‍കോയോട് അഭിപ്രായപ്പെട്ടു.ആ നിര്‍ദ്ദേശം അദ്ദേഹത്തിനും സ്വീകാര്യമായി തോന്നി.ഉദ്യാനത്തിന് പിന്നിലെ പുല്‍ത്തകിടിയില്‍ ബിര്‍ച്ച് മരത്തിനു പിന്നിലായി ലോപ്പസിനുള്ള കുഴി തയ്യാറായി.പരേതനോട്  യാതൊരു മമതയും ഇല്ലാതിരുന്നിട്ടും ലൂയിസ് അടക്കമുള്ളവര്‍ ആ ജോലി സ്വമേധയാ ഏറ്റെടുത്ത് വെടിപ്പായി പൂര്‍ത്തിയാക്കി.ജുവാനയുടെ മുത്തശ്ശിയും വൃദ്ധപരിചാരികയുമായ "മാര്‍ത്ത" വെളുത്ത ലില്ലിപ്പൂക്കള്‍ക്കൊണ്ട് മനോഹരമായ ഒരു റീത്ത് തയ്യാറാക്കി ജുവാനയുടെ കൈവശം കൊടുത്തുവിട്ടു.



"പൂക്കള്‍ വാടാതിരിക്കുന്നത് എന്‍റെ കണ്ണുനീരുകൊണ്ടാണ് " എന്ന് അതില്‍  എഴുതി ചേര്‍ത്തിരുന്നു.



  ലോപ്പസ് ജീവിച്ചിരിക്കവേ ഒരിക്കല്‍പ്പോലും അയാളുടെ മുന്നില്‍ വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത മാര്‍ത്ത ഇങ്ങനെയൊരു വാചകം കുറിച്ചിട്ടതിന്റെ പൊരുള്‍ ആര്‍ക്കും മനസിലായില്ല. രണ്ടുപേരും മറ്റുള്ളവര്‍ക്ക് പൊതുവേ താല്‍പ്പര്യമില്ലാത്ത വൃദ്ധവ്യക്തിത്വങ്ങള്‍-സ്വാഭാവികമായും അവരാരും അതെക്കുറിച്ച് ചിന്തിച്ചു മിനക്കെടാന്‍ തുനിഞ്ഞതുമില്ല.ഫാദര്‍ വെസാല്‍കോയ്ക്കുള്ള  ഒരു കത്തുകൂടി മാര്‍ത്ത ജുവാനയെ ഏല്‍പ്പിച്ചിരുന്നു. അപക്വമതിയായ ജുവാനയാകട്ടെ, തീര്‍ത്തും അനുചിതമായ അവസരത്തിലാണ് അത് അദ്ദേഹത്തിന് കൈമാറിയത്-അന്ത്യശുശ്രൂഷയുടെ ഹ്രസ്വമായ ഒരിടവേളയില്‍. നീരസത്തോടെ വെസാല്‍കോ അതുവാങ്ങി കീശയില്‍ തിരുകി.



ഉച്ചതിരിഞ്ഞ് നാലുമണിക്കായിരുന്നു സംസ്കാരം.ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ അതില്‍ പങ്കെടുത്തില്ല.അവരൊന്നും ഈ വാര്‍ത്ത ഒരുപക്ഷെ അറിഞ്ഞുപോലും കാണണമെന്നില്ല.അഥവാ അറിഞ്ഞിരുന്നെങ്കില്‍ തന്നെയും സമയം മെനക്കെടുത്തിയുള്ള ഒരു ഔപചാരിക പ്രകടനത്തിന് തക്കതായ ബന്ധം അവര്‍ക്കാര്‍ക്കും പരേതനോട് ഇല്ലായിരുന്നുതാനും.



വികാരിക്ക് പിന്നില്‍ ശവമഞ്ചം ചുമന്ന് മാഷിന്‍ ,നിക്കോളാസ് ,ലൂയിസ് എന്നീ ഭ്രുത്യരും അവരെക്കൂടാതെ ജുവാനയും.ലോപ്പസിന്റെ എല്ലുന്തിയ മുടന്തന്‍ നായ ശോകയാത്രയെ പൂന്തോട്ടം വരെ അനുഗമിച്ചു.(അതിനപ്പുറം പോകുവാന്‍ പണ്ടും അതിന് അനുവാദമില്ലായിരുന്നു).അവിടെ കുത്തിയിരുന്നും ഇടയ്ക്കിടെ പൂന്തോട്ടത്തിന് ചുറ്റും മോങ്ങി നടന്നും അവന്‍ ജന്മസിദ്ധമായ നന്ദി പ്രകടിപ്പിച്ചു. ലോപ്പസിനെപ്പോലെ തന്നെ മുരടനും നിശബ്ദനുമായിരുന്ന ആ നായയുടെ ചേഷ്ടകള്‍ ശവമഞ്ചം ചുമന്നിരുന്നവരെ പോലും കൌതുകപ്പെടുത്തി.ചടങ്ങില്‍ യജമാനനായ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യം ഏവരും ശ്രദ്ധിച്ചു. "അയാളെ വിളിച്ചുകൊണ്ടുവരൂ" എന്ന് ഫാദർ വെസാൽകൊ പരുഷമായി ആവശ്യപ്പെട്ടൂ.



സ്വീകരണമുറിയിലേക്ക്  ഓടിച്ചെന്നു കയറിയ ലൂയിസ് ഒരൽപം സ്തംഭിച്ചു പോയി.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച-ബെർനാൽഡിനോ പ്രധാനപ്പെട്ട ഏതോ ഒരു അതിഥിയ്ക്ക് മദ്യം വിളമ്പുന്നു.വ്യാപാര ഉടമ്പടികളെക്കുറിച്ചും ലാഭക്കണക്കുകളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു.അവന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുരികം ഉയരത്തി അയാള്‍ ലൂയിസിനെ നോക്കി ...മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരുത്താതെ ഇടതുകൈ ഉയരത്തി ,വിരലുകൾ മെല്ലെ ചലിപ്പിച്ച് ഇറങ്ങിപ്പോകുവാൻ ആഗ്യം കാണിച്ചു-ഒരു ആജ്ഞയുടെ എല്ലാ കാർക്കശ്യത്തോടും കൂടിത്തന്നെ..



യജമാനന്റെ പെരുമാറ്റം അവനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അതിലുമേറെ വിഷമിപ്പിച്ചത് ബെര്‍നാല്‍ഡിനോയ്ക്കായി കാത്തുനില്‍ക്കുന്നവരോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു. വളരെ സാവധാനമാണ്‌ ലൂയിസ് തിരിച്ചുനടന്നത്. ബെര്‍നാല്‍ഡിനോയുടെ  നിന്ദ്യമായ പെരുമാറ്റം ഏവര്‍ക്കും മുന്നില്‍ അമര്‍ഷത്തോടെ വിവരിക്കണം എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഒരു ജഡത്തെ സാക്ഷിയാക്കി അങ്ങനെ ചെയ്യുവാന്‍ മനസാക്ഷി അനുവദിച്ചില്ല. അതുകൊണ്ട് ഒരൊറ്റ വാചകത്തില്‍ അവന്‍ എല്ലാം ഒതുക്കി .



"അദ്ദേഹം ഒരല്‍പം തെരക്കിലാണ് ഫാദര്‍ ..."



"തെരക്കിലോ!...എന്തു തെരക്ക്?... ഈ സമയം അയാള്‍ ഇവിടെയുണ്ടായേ മതിയാകൂ...ഒരന്‍പതടി നടക്കുവാന്‍ കഴിയാത്തവിധം എന്ത് തെരക്കാണ് നിന്റെ യജമാനനുള്ളത് ?"



എന്തു മറുപടി നല്‍കണം എന്നറിയാതെ ലൂയിസ് പരിഭ്രമിച്ചു..എല്ലാവരുടെയും നോട്ടം അവനില്‍ തറഞ്ഞു..വികാരിയുടെ ചോദ്യത്തിനുള്ള മറുപടി എല്ലാവര്‍ക്കും അറിയണമായിരുന്നു.ലൂയിസ് തലകുനിച്ച് വീണ്ടും ആവര്‍ത്തിച്ചു..



"യജമാനന്‍ തെരക്കിലാണ് ..."



കൂടുതലൊന്നും ചോദിച്ച് എന്നെ വിഷമിപ്പിക്കരുത് എന്ന അപേക്ഷ കൂടിയായിരുന്നു ആ മറുപടി.



പിന്നെ അമാന്തിച്ചില്ല...ചടങ്ങുകള്‍ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യത്തില്‍ തന്നെ പൂര്‍ത്തിയാക്കി.ജുവാന രണ്ടുപ്രാവശ്യം ശവപേടകത്തിനു  മുകളില്‍ മണ്ണ് വിതറി.രണ്ടാമത് വിതറിയത് മാര്‍ത്ത മുത്തശിക്ക് വേണ്ടിയാണെന്നും അവര്‍ അത് പ്രത്യേകം പറഞ്ഞു ചുമതലപ്പെടുത്തിയിരുന്നെന്നും ലൂയിസിനോട് അവള്‍ അടക്കം പറഞ്ഞു .സന്ധ്യയോടെ എല്ലാവരും പിരിഞ്ഞു.ജുവാനയെ യാത്രയാക്കി ലൂയിസ് ഫാദര്‍ വെസാല്‍കോയുടെ അരുകിലെത്തി.അദ്ദേഹത്തെ തിരികെ ട്രുജിലോയില്‍ എത്തിക്കുവാനുള്ള ചുമതല അവനുണ്ടായിരുന്നു.വികാരിക്ക് തന്‍റെ യജമാനനോട് യാത്ര ചോദിക്കുവാനും  ഒരല്‍പ്പസമയം വിശ്രമിക്കാനുമായി അദ്ദേഹത്തെ ബെര്‍നാല്‍ഡിനോയുടെ ഭവനത്തിലേക്ക്‌ അവന്‍ ക്ഷണിച്ചു.കുറച്ചു മുന്‍പ് സംഭവിച്ച കാര്യങ്ങളില്‍ വെസാല്‍കൊയുടെ കോപം അടങ്ങിയിട്ടില്ലെന്നും ഒരു വൈദികനായതുകൊണ്ടുമാത്രം അദ്ദേഹം സംയമനം പാലിക്കുകയാണെന്നും ലൂയിസിന് അറിയാമായിരുന്നു.എങ്കിലും ഔപചാരികതയെ കരുതി അവന്‍ അദ്ദേഹത്തെ ക്ഷണിക്കുക തന്നെ ചെയ്തു.പൂന്തോട്ടത്തിനും അപ്പുറത്ത് മുന്‍കാലുകളില്‍ തലതാഴ്ത്തി മോങ്ങിത്തളര്‍ന്നു കിടക്കുന്ന നായയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വെസാല്‍കോ ശാന്തമായി പറഞ്ഞു ..



"അവന്റെ കൂട്ടിലേക്കാണ് നീയെന്നെ ക്ഷണിച്ചിരുന്നതെങ്കില്‍ അത് ഞാന്‍ ഹൃദയംകൊണ്ട് സ്വീകരിക്കുമായിരുന്നു.അതിന്റെ നഖം തുടയ്ക്കുവാന്‍ പോലും നിന്റെ യജമാനന്‍ യോജ്യനല്ല...എനിക്ക് ക്ഷീണമില്ല..എത്രയും പെട്ടെന്ന് നീയെന്നെ ട്രുജിലോയിലേക്ക് തിരികെ കൊണ്ടുചെന്നാക്കുക.നിന്റെ യജമാനനോട് യാത്ര പറയുവാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല"



അവരുടെ സംഭാഷണം മുറിച്ചുകൊണ്ട് മഴ പൊടിഞ്ഞു തുടങ്ങി...



"ഓഹ് ...ഇതിന്റെ കുറവുകൂടിയുണ്ടായിരുന്നു...വരൂ...നമുക്ക് നിന്റെ ഭവനത്തിലേക്ക്‌ പോകാം "



ലൂയിസ് ജാള്യതയോടെ ചോദിച്ചു ..."ആ കുതിരലായത്തിലേക്കോ?"

"നിശ്ചയമായും ചങ്ങാതീ...ചോര്‍ച്ചയില്ലാത്ത ഒരു മേല്‍ക്കൂരയാണ് ഇപ്പോള്‍ നമുക്കാവശ്യം... "



ഒട്ടും മടിക്കാതെ വെസാല്‍കോ അവിടേക്കോടി...പിന്നാലെ ലൂയിസും.മഴ തോരുവാനെടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ബെര്‍നാല്‍ഡിനോയുടെ നിന്ദ്യമായ പെരുമാറ്റം അവര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി.സ്വീകരണ മുറിയില്‍ താന്‍ കണ്ട കാഴ്ചയും തന്നോട് ഇറങ്ങിപ്പോകുവാന്‍ ആംഗ്യം കാണിച്ചതും ഉള്‍പ്പെടെ എല്ലാം ലൂയിസ് അദ്ദേഹത്തോട് പറഞ്ഞു...ട്രുജിലോയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബെര്‍നാല്‍ഡിനോയും ലോപ്പസും തമ്മില്‍ കലഹിച്ചതും സൂചിപ്പിച്ചു .മറുപടിയായി വെസാല്‍കോ ഒന്ന് ഇരുത്തി മൂളി ...



"അയാള്‍ മരണപ്പെട്ടു.....അതിന് ഇടവരുത്തിയത് പരപ്രേരണയാണെങ്കില്‍ ...."ആ വാചകം പൂര്‍ത്തിയാക്കാതെ വെസാല്‍കോ തന്‍റെ മടക്കയാത്രയിലേക്ക് വിഷയത്തെ വ്യതിചലിപ്പിച്ചു



ചെങ്കുത്തായ മലമ്പാതയില്‍ കൂടി ട്രുജിലോയിലേക്കുള്ള രാത്രിയാത്ര ശ്രമകരവും അപകടം നിറഞ്ഞതുമാകയാല്‍ പിറ്റേന്ന് കാലത്ത് പുറപ്പെടുന്നതാണ്‌ ഉചിതമെന്ന് ലൂയിസ് അഭിപ്രായപ്പെട്ടെങ്കിലും ഫാദര്‍ വെസാല്‍കോ  സമ്മതിച്ചില്ല..



"ഇല്ല ...നാളെ പുലര്‍ച്ചയ്ക്ക് മുന്‍പേ എനിക്കവിടെ എത്തിയേ മതിയാകൂ"



 രാത്രിയാത്രയില്‍ ഏറ്റവും സമര്‍ഥനായ കറുമ്പന്‍ കുതിരയെ തന്നെ ലൂയിസ് വണ്ടിയില്‍ പൂട്ടി.ക്ഷണനേരത്തിനുള്ളില്‍ ഇരുവരും തയ്യാറായി...കറുമ്പന്റെ മുതുകിലെ ആദ്യപ്രഹരത്തില്‍ മുന്‍കാലുകള്‍ ഉയര്‍ത്തി അവനൊന്ന് ചിനച്ചു.പൂന്തോട്ടവും ബിര്‍ച്ച് മരവും പിന്നിട്ട് ഇരുള്‍ മൂടിയ പാതയില്‍ അവര്‍ മറഞ്ഞു ...നനഞ്ഞ് കുതിര്‍ന്ന മുടന്തന്‍ നായ ഉറക്കെക്കുരച്ചുകൊണ്ട് കുറച്ചുദൂരം പിന്നാലെ ഓടി....



അങ്ങകലെ  വിജനമായ കാട്ടുപാതയുടെ ഓരത്ത്, കറുത്തു പിഞ്ചിയ ളോഹയിട്ട ഒരു ഭ്രാന്തന്‍ മെത്രാന്‍ കൊഴുപ്പു വിളക്കിന്റെ നാളത്തെ വിറകു കൂനയിലേക്ക് പടര്‍ത്താനുള്ള കിണഞ്ഞ പരിശ്രമത്തിലായിരുന്നു.മൂന്നു കല്ലുകള്‍ കൊണ്ട് അയാളൊരു അടുപ്പുണ്ടാക്കി.ചുളുങ്ങി വൃകൃതമായ തകരപ്പാട്ടയില്‍ രണ്ട് ഗ്ലാസ് വെള്ളം അളന്നൊഴിച്ചു.മുഷിഞ്ഞ തുണിക്കെട്ടില്‍ നിന്നും പരതിയെടുത്ത ഡപ്പി കടിച്ചുതുറന്നു.ഈര്‍പ്പം തട്ടിയ കാപ്പിപ്പൊടി പൂപ്പല്‍ പിടിച്ചുവോ എന്ന് വിരലില്‍ കുത്തിയെടുത്ത് മണത്തുനോക്കി.പാതിരാത്രിയിലെ കൊടുംതണുപ്പില്‍ രണ്ട് അതിഥികളെ  സ്വീകരിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ആ ഭ്രാന്തന്‍ മെത്രാന്‍ ...

                                                                                                                                                                                      NEXT CHAPTER                          

     

                                

Tuesday, May 26, 2015

കിഴവന്‍ ലോപ്പസിന്റെ മരണം(എ.ഡി-1632)

നോവല്‍- എ.ഡി.1632   

ഭാഗം 1
അദ്ധ്യായം 5
കിഴവന്‍ ലോപ്പസിന്റെ മരണം 


"ജുവാനാ...ഞാന്‍ ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാണ്.നമ്മുടെ യജമാനന് മുഴുഭ്രാന്താണ്"



കുതിരയ്ക്ക് വെള്ളം കൊടുക്കുവാന്‍ കുനിഞ്ഞ ജുവാനയുടെ മുഴച്ചു തെളിഞ്ഞ സ്തനഭംഗി വ്യക്തമായി കാണുവാന്‍ ലൂയിസ് അല്‍പ്പം കൂടി മുന്നിലേക്ക്‌ നീങ്ങി നിന്നു.സ്ത്രീസഹജമായ കൌശലത്തോടെ അവനെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ജുവാന ഗൌരവം ഭാവിച്ചു. 



"മാന്യനായ ആ പന്നിക്ക് യാതൊരു കുഴപ്പവുമില്ല.(ബെര്‍നാല്‍ഡിനോയെ മറ്റു ഭ്രുത്യര്‍ക്ക് മുന്നില്‍ ഇങ്ങനെ അഭിസംബോധന ചെയ്യുന്നതില്‍  ജുവാന രസം കൊണ്ടിരുന്നു).ഇന്നലെയും മൂന്നു പ്രാവശ്യം അയാള്‍ എന്‍റെ തന്തയ്ക്കു വിളിച്ചു. അത്താഴ സമയത്ത് മൃദുവായി നിതംബത്തില്‍ തഴുകി ...ആഹ്."



ഈ പ്രയോഗം ലൂയിസിനെ ചൊടിപ്പിക്കുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. മുഖം വെട്ടിച്ച് കുപിതനായി ഇറങ്ങിപ്പോകുവാന്‍ തുനിഞ്ഞ ലൂയിസിനെ തിടുക്കത്തില്‍ പാഞ്ഞെത്തി അവള്‍ തടഞ്ഞുനിര്‍ത്തി.അവന്റെ കവിളുകളില്‍ നുള്ളിപ്പിടിച്ച് പ്രണയപൂര്‍വ്വം ചുംബിച്ചു.



"ലൂയിസ്...അയാള്‍ക്ക് ഒരു കുഴപ്പവും ഇല്ല.കൌശലവും കുതന്ത്രങ്ങളും കൂടിക്കുഴഞ്ഞ ഒരു പിത്തരൂപം..നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?.യജമാനന്‍ എന്തൊക്കെയോ തിരക്കിട്ട ജോലിയിലാണ്. ഇന്നലെ രാത്രി വൈകിയും മുറിയില്‍ വിളക്ക് എരിയുന്നുണ്ടായിരുന്നു.അഞ്ചു പ്രാവശ്യം എന്നെ വിളിച്ച് കാപ്പി ആവശ്യപ്പെട്ടു. വെളുപ്പിന് മുറിയില്‍ ചെന്നപ്പോള്‍ വെള്ളപ്പന്നി മഹോദരം പിടിച്ച് ചത്തു മലര്‍ന്നു കിടക്കുന്നതുപോലെ അയാള്‍ നിലത്തു വീണുറങ്ങുന്നുണ്ടായിരുന്നു.എനിക്കും ആശ്ചര്യം തോന്നി.കാര്യമായി കുടിച്ചിരുന്നിരിക്കണം.അതല്ലാതെ മറ്റൊന്നുമാവില്ല. മഷിക്കുപ്പി മറിഞ്ഞു മേശപ്പുറവും നിലവും ആകെ വൃത്തികേടായി.എല്ലാം തുടച്ചു വൃത്തിയാക്കി അടുക്കി വെച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്.ആര്‍ക്കൊക്കെയോ അയാള്‍ കത്തുകള്‍ എഴുതിക്കൂട്ടുന്നുണ്ട് .പൂര്‍ത്തിയാക്കാത്ത ഒരെണ്ണം...ദാ...ഇപ്പോഴും ആ മേശപ്പുറത്ത് കിടപ്പുണ്ട്  "



"നീയത് വായിച്ചു നോക്കിയില്ലേ പെണ്ണേ?"



"ഛെ... അത്രയ്ക്ക് മോശമായി പെരുമാറുവാന്‍ കുതിരയുടെ ചെള്ള്  പെറുക്കുന്ന നിനക്കേ കഴിയൂ ചെറുക്കാ "



"എങ്കിലും ...?".പുരികം ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ടുള്ള കുസൃതി പൊടിയുന്ന ആ ചോദ്യം അവളെ രസിപ്പിച്ചു.



ആഹ് ...ഏതോ ഒരു പോളോയ്ക്കുള്ള കത്ത്...ആ ..ആര്‍ക്കറിയാം.



ജവാനയെ അരുകിലേക്ക്‌ ചേര്‍ത്തുപിടിച്ച് ചുംബിക്കുവാനുള്ള വ്യഗ്രതയില്‍ അവള്‍ തുടര്‍ന്നു പറഞ്ഞത്  ലൂയിസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.



"എനിക്കതൊന്നും മനസിലായില്ല.കുറെ ആളുകളുടെ പേരുവിവരങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നു....ആ...ആര്‍ക്കറിയാം.എന്തായാലും നീയും ഭാഗ്യവാന്‍ തന്നെ ലൂയിസ് ..."



പരിധി ലംഘിച്ച കുസൃതികളെ പ്രലോഭിപ്പിച്ചുകൊണ്ട്  അവള്‍ ലൂയിസിനെ തള്ളിമാറ്റി.



"ദൈവമേ ....നീ ഇത് എന്തു ഭാവിച്ചാണ്?..ഇതിലും ഭേദം ആ വെള്ളപ്പന്നിയാണ് "



കുതറിത്തെറിച്ച് ഓടിപ്പോകവേ പറയുവാന്‍ വിട്ടുപോയ പ്രധാനപ്പെട്ടതെന്തോ ഓര്‍ത്തെടുത്ത് അവള്‍ ഒന്ന് നിന്നു.മടങ്ങിവരുവാന്‍ തുനിഞ്ഞെങ്കിലും ആര്‍ത്തുവന്ന മഴ ജുവാനയെ അതിനനുവദിച്ചില്ല.മഴനൂലുകള്‍ക്കപ്പുറം അവന്റെ കണ്ണുകളില്‍ മഞ്ഞുപോലൊരു പ്രണയപുഞ്ചിരി സമ്മാനിച്ചുകൊണ്ട് നേര്‍ത്തു മനോഹരമായ പാദങ്ങളെ അതിവേഗം ചലിപ്പിച്ച് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ അവള്‍ ബെര്‍നാല്‍ഡിനോയുടെ ഭവനത്തെ ലക്ഷ്യമാക്കി ഓടി.



അതിശൈത്യത്തിലെ മഴ....മഞ്ഞും മഴയും മണ്ണില്‍ പുണര്‍മരുമ്പോള്‍ ചുറ്റും കരിമ്പിന്‍ തോട്ടങ്ങള്‍ പോലെ മുളച്ചുപൊങ്ങുന്ന ധൂപനാളങ്ങള്‍...അതിനുമപ്പുറം അകന്നുമറയുന്ന ജുവാന...സുഖകരമായ ഈ അസ്വസ്ഥാനുഭൂതിയെ തഴുകിയും തലോടിയും മഴ ഒന്നടങ്ങുവോളം കുതിരച്ചാണകം ഉണങ്ങിപ്പിടിച്ച ചുവരില്‍ പുറം ചാരിയിരുന്ന് ലൂയിസ് പ്രണയചിന്തകളില്‍ മുഴുകി.എത്ര സുഖപ്രദമായ നിമിഷങ്ങളില്‍ കൂടിയാണ് ജീവിതം  അലക്ഷ്യമായി ഒഴുകിനീങ്ങുന്നതെന്നോര്‍ത്ത് അയാള്‍ വിസ്മയിച്ചു.ഒരുകാലഘട്ടത്തില്‍ ബാലിശവികാരങ്ങളായി കരുതിപ്പോന്നിരുന്ന പ്രണയവും കാമവും ഇന്നിപ്പോള്‍ ഓരോനിമിഷവും അനേകായിരം പ്രാവശ്യം തന്നെ കീഴടക്കുന്നതോര്‍ത്ത് അയാള്‍ ലജ്ജിച്ചു.എങ്കിലും അതില്‍ അഭിമാനം കൊള്ളുകയുംചെയ്തു.മാന്യത അഭിനയിച്ചും ധീരത പ്രകടിപ്പിച്ചും ജുവാനയെ തന്നിലേക്ക് അടുപ്പിക്കുവാന്‍ നടത്തിയ വിഫല ശ്രമങ്ങളെക്കുറിച്ചും ലൂയിസ് മനനം ചെയ്തു.അന്നവള്‍ തന്നെ ഗൌനിച്ചിരുന്നത് പോലുമില്ല...പ്രണയ സാധ്യതയുടെ പ്രതീക്ഷയറ്റപ്പോള്‍ ജുവാനയില്‍ കല്പ്പിച്ചുപോന്നിരുന്ന മഹനീയ സങ്കല്‍പ്പങ്ങളും വിശുദ്ധ ആരാധനയും എല്ലാം വെടിഞ്ഞ് അവളെ ഒരു "പെണ്ണായി" കാണുവാന്‍ ലൂയിസ് ശീലിച്ചു തുടങ്ങി.നാവിലും കണ്ണിലും കാമം മാത്രം നിറച്ച് അവളോട്‌ ഇടപെട്ടു തുടങ്ങിയപ്പോള്‍ ആദ്യമായി അവള്‍ ലൂയിസിനെ നോക്കി പുഞ്ചിരിച്ചു.അവളുടെ സൌന്ദര്യത്തെ അളന്നാസ്വദിക്കുവാന്‍ ലഭിച്ച ഒരവസരവും ലൂയിസ് പാഴാക്കിയില്ല.സ്വന്തം കാഴ്ചപ്പാടില്‍ താന്‍ അവളോട്‌ ഏറ്റവും നിന്ദ്യമായാണ് പെരുമാറുന്നത് എന്ന കുറ്റബോധം ക്രമേണ ലൂയിസില്‍ ഉടലെടുത്തു.ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ ആ പാപബോധത്തിന്‍റെ മുളയെ നുള്ളി ദൂരെയെറിഞ്ഞു. 



"ലൂയിസ് ..പുരുഷന്മാര്‍ ചെളിക്കുണ്ടാണ്...അവര്‍ അതിന് മുകളില്‍ പൂക്കള്‍ വിതറി ആകര്‍ഷകമാക്കുവാന്‍ ശ്രമിക്കുന്നു.ചുറ്റും വമിക്കുന്ന ദുര്‍ഗന്ധത്തെക്കുറിച്ച് തെല്ലും അവബോധമില്ലാത്ത പമ്പരവിഡ്ഢികള്‍.എന്നോടുള്ള നിന്റെ പെരുമാറ്റം കാമവെറി പൂണ്ടാതാണെന്നുള്ള തിരിച്ചറിവും ഈ ഏറ്റുപറച്ചിലുമെല്ലാം നല്ലത് തന്നെ... എങ്കിലും തിരുത്തുവാന്‍ മിനക്കെടേണ്ടതില്ല...അതില്‍ തന്നെ തുടരുക.ഏറ്റവും സത്യസന്ധവും സ്വാഭാവികവുമായ പുരുഷമാനോഭാവത്തെ നഷ്ടപ്പെടുത്താതിരിക്കൂ ...പ്രിയങ്കരനായ വിഷയലമ്പടാ "



കിഴവന്‍ ലോപ്പസിന്റെ മരണശേഷം ബെര്‍നാല്‍ഡിനോയുടെ ഭൃത്യപദവി ഉപേക്ഷിച്ചു പോകുവാന്‍ തീരുമാനിച്ച ലൂയിസിനെ വീണ്ടും അവിടെ കെട്ടിയിട്ടത് ജുവാനയുടെ ഈ വാക്കുകളും അവളുടെ തീക്ഷ്ണസൌന്ദര്യത്തിന്മേലുള്ള അവന്റെ ആസക്തിയുമായിരുന്നു.ലോപ്പസിന്റെ മരണം മാസങ്ങളോളം ലൂയിസിന്റെ ഉറക്കം കെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ അസ്വാഭാവിക മരണമോ അതിന്റെ പിന്നിലെ ദുരൂഹതയോ ലൂയിസിനെ വേട്ടയാടിയിരുന്നില്ല.ജുവാനയുടെ സാമീപ്യം അവനില്‍ അത്രയ്ക്കും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.എങ്കിലും താക്കീതിന്റെ സ്വരത്തില്‍ ജുവാന പറഞ്ഞ ഒരൊറ്റ വാചകം അവന്റെ സ്വാസ്ഥ്യം കെടുത്തി ... "നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?"



          പെയ്തു കുതിര്‍ന്ന തണുത്ത സായാഹ്നത്തില്‍ പ്രണയ ചിന്തകള്‍ സമ്മാനിച്ച സുഖകരമായ ഉറക്കത്തില്‍ നിന്നും അസ്വസ്ഥത നിറഞ്ഞ ഈ ആശങ്കകളിലേക്കാണ് ലൂയിസ് ഉറക്കമുണര്‍ന്നത്.മഴ പാടെ നിലച്ചിരുന്നു.അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ചീവീടുകളും മറ്റു ബഹളക്കാരുമെല്ലാം മുങ്ങിച്ചത്തു പോയിരുന്നിരിക്കണം.ഇരുണ്ട ആകാശത്തില്‍ ഒരു തുണ്ടുവെളിച്ചത്തിന്റെ നിഴല്‍പ്പാട് മാത്രം.ഇലക്കൂമ്പുകളില്‍ ഉരുണ്ടുകൂടിയ നീര്‍ക്കണങ്ങള്‍ താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പതിക്കുന്ന താളാത്മകമായ ശബ്ദം.ആ ശബ്ദം അശുഭകരമായതെന്തോ സംഭവിക്കുവാന്‍ പോകുന്നുവെന്ന് തന്നോട് മന്ത്രിക്കുന്നതായി ലൂയിസിന് തോന്നി...സന്ധ്യാ സമയത്തെ ഉറക്കം സമ്മാനിച്ച അകാരണമായ വിഷാദലക്ഷണങ്ങള്‍ തന്നെ വലയ്ക്കുകയാണല്ലോ എന്ന് ചിന്താഭാരത്തോടെ അവന്‍ ജോലികളില്‍ കൂടുതലായി വ്യാപൃതനാകുവാന്‍ ശ്രമിച്ചു...എങ്കിലും കിഴവന്‍ ലോപ്പസിനെ പെട്ടെന്നങ്ങ് മനസ്സില്‍ നിന്നും പിഴുതു എറിയുവാന്‍ ലൂയിസിന് സാധിച്ചില്ല.



ജുവാനയും മറ്റു ഭ്രുത്യരും വരുന്നതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബെര്‍നാല്‍ഡിനോയ്ക്ക് ഒപ്പം ലൂയിസ് ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ചൂതുകളിയില്‍ നിന്നും സ്ത്രീ ഇടപാടുകളില്‍ നിന്നും ലാഭം കൊയ്ത് ബെര്‍നാല്‍ഡിനോ  ഒറ്റക്കുതിരയെ പൂട്ടുന്ന കുതിരവണ്ടി വാങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ.പ്രഭുക്കന്മാരുമായി നടത്തിയിരുന്ന ഇടപാടുകളില്‍ അയാള്‍ അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയിരുന്നു.സന്തത സഹചാരിയും വിശ്വസ്തനുമായ കിഴവന്‍ ലോപ്പസുമായി മാത്രമേ അന്നൊക്കെ അയാള്‍ സംസാരിച്ചിരുന്നത് പോലുമുള്ളൂ.കാഴ്ചയില്‍ ലോപ്പസ് ഒത്ത ഉയരമുള്ള ഉടയാത്ത വസ്ത്രം ധരിക്കുന്ന മാന്യവയോദ്ധികനാണെങ്കിലും പൊതുവേ അന്തര്‍മുഖനായിരുന്നു. സ്ത്രീകളുമായി നോട്ടം കൊണ്ടുപോലും ബന്ധപ്പെടരുതെന്ന കാര്‍ക്കശ്യം പുലര്‍ത്തുന്ന തനിമുരടന്‍. വിരളമായെ മാത്രമേ ലോപ്പസിനെ വീടിനു വെളിയില്‍ കണ്ടിട്ടുള്ളൂ. യജമാനനൊപ്പം ഒരിക്കല്‍ ട്രുജിലോയില്‍ നിന്നുള്ള ഒരു മടക്കയാത്രയിലാണ് ലൂയിസ് ആദ്യമായി അയാളെ ഒന്നടുത്തു കണ്ടതും പതിഞ്ഞു ചിലമ്പിച്ച  ശബ്ദം കേട്ടതും.അതാകട്ടെ ...ക്ഷീണിച്ച ഒരു ശകാരം.



"വല്ലാത്ത തണുപ്പുണ്ട് ...നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട ആവശ്യമില്ല ...സാവധാനം പോയാല്‍ മതി"



കുതിരയെ നിയന്ത്രിച്ചു വേഗത കുറച്ചപ്പോള്‍ അവരുടെ സംസാരം കുറച്ചുകൂടി വ്യക്തമായി ലൂയിസ് കേട്ടു.തുടക്കത്തില്‍ ചെവി  കൊടുത്തില്ലെങ്കിലും അത് വെറും സംഭാഷണമല്ലെന്നും അവര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നതെന്നും തോന്നി.മനുഷ്യ സഹജമായ ജിജ്ഞാസയില്‍ ലൂയിസ് അവര്‍ക്കിടയിലേക്ക് തന്‍റെ കാത് തിരുകി.വ്യാപാര വിഷയമായതിനാല്‍ കൂടുതലൊന്നും മനസിലായതുമില്ല. എങ്കിലും ബെര്‍നാല്‍ഡിനോയെ കിഴവന്‍ ലോപ്പസ് പുലഭ്യം പറയുന്നതും എന്തോ ഇടപാടില്‍ നിന്നും പിന്മാറുവാന്‍    നിരന്തരം നിര്‍ബന്ധിക്കുന്നതായും ലൂയിസിന് തോന്നി.അവരുടെ സംഭാഷണം താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് ബെര്‍ നാല്‍ഡിനോയെ ധരിപ്പിക്കുവാന്‍ ലൂയിസ് ഇടയ്ക്കിടെ കുതിരയെ ശകാരിക്കുകയും പ്രഹരിക്കുകയും ചെയ്തു.വേഗത കൂടുമ്പോഴെല്ലാം തികച്ചും അക്ഷോഭ്യനായി ലോപ്പസ് ആവര്‍ത്തിച്ചു.



"നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട...സാവധാനം പോയാല്‍ മതി"-തങ്ങളുടെ സംഭാഷണത്തിന് ഒരു ശ്രോതാവിനെ സൃഷ്ടിക്കുവാനുള്ള കിഴവന്‍ ലോപ്പസിന്‍റെ കൌശലബുദ്ധി അന്ന് ലൂയിസിന് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല.



കുതിരയെ ലായത്തില്‍ പൂട്ടി അവറ്റകള്‍ക്ക് തീറ്റയും കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.ആ കൊടുംതണുപ്പിലും പൂന്തോട്ടത്തിന് മുന്‍പിലെ ബിര്‍ച്ച് മരച്ചുവട്ടില്‍ ബെര്‍നാല്‍ഡിനോ കിഴവന്‍ ലോപ്പസിനെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നതും ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അപേക്ഷിക്കുന്നതും കണ്ടു.ഈ സംഭവത്തിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോപ്പസിന്റെ സ്വഭാവത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി. അധികസമയവും അയാള്‍ വീടിനു പുറത്ത് ചിലവഴിച്ചു. അന്തര്‍മുഖനായ ലോപ്പസ് മറ്റു ഭൃത്യരോട് കൂടുതലായി ഇടപഴകിത്തുടങ്ങി.തന്‍റെ മുറിയിലെ ജനാലയ്ക്ക് ഒട്ടും കനമില്ലാത്ത നേര്‍ത്ത കര്‍ട്ടന്‍ പിടിപ്പിക്കുകയും മേശ അതിനോട് ചേര്‍ത്തിടുകയും ചെയ്തു. ഒരു കൊഴുപ്പ് വിളക്ക് നിത്യവും പുലരുവോളം ആ മുറിയില്‍ ഇടമുറിയാതെ തെളിഞ്ഞു നില്‍ക്കുന്നത് ഭൃത്യരുടെ ലായങ്ങളില്‍ നിന്നുപോലും വ്യക്തമായി കാണാമായിരുന്നു.



      ലോപ്പസ് കൂടുതല്‍ സുതാര്യനാകുവാന്‍ ശ്രമിക്കുന്നതുപോലെയോ ആരേയൊക്കെയോ ഭയപ്പെടുന്നതുപോലെയോ ലൂയിസിന് തോന്നി.പക്ഷെ അന്ന് അതത്ര കാര്യമായി എടുത്തില്ല.ഈ സംഭവങ്ങള്‍ക്കുശേഷം ഏതാണ്ട് ഒരുമാസം കൂടി പിന്നിട്ടപ്പോള്‍ തന്‍റെ സുഹൃത്തുക്കള്‍ക്കും പ്രഭുക്കന്മാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കുമായി ബെര്‍നാല്‍ഡിനോ ഒരു രാത്രികാല വിരുന്നു സംഘടിപ്പിച്ചു. പുലരുവോളം നീണ്ട ആഘോഷങ്ങള്‍ക്കിടയില്‍ എപ്പോഴോ കിഴവന്‍ ലോപ്പസിന്റെ മുറിയിലെ നാളം അണഞ്ഞു.പിറ്റേന്ന് രാവിലെ വിരുന്നുകാര്‍ പിരിഞ്ഞപ്പോള്‍ ബെര്‍നാല്‍ഡിനോ  ഭൃത്യരെ ഒന്നടങ്കം വിളിച്ചുകൂട്ടി ദുഖകരമായ ഒരു വാര്‍ത്ത അറിയിച്ചു.



"വിരുന്നില്‍ അമിതമായി മദ്യപിച്ച നമ്മുടെ പ്രിയങ്കരനായ ലോപ്പസ് ഇന്ന് പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു.ദയവായി അദ്ദേഹത്തിന്‍റെ അന്ത്യകര്‍ങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാലും"



അന്ത്യശുശ്രൂഷകള്‍ക്കായി ട്രുജിലോയില്‍ നിന്നും ഫാദര്‍ വെസാല്‍കോയെ അയാള്‍ഇടപാടാക്കി.കൂട്ടിക്കൊണ്ടുവരുവാനുള്ള ചുമതല ലൂയിസിനായിരുന്നു.

                                                                                       NEXT CHAPTER