### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, May 26, 2015

കിഴവന്‍ ലോപ്പസിന്റെ മരണം(എ.ഡി-1632)

നോവല്‍- എ.ഡി.1632   

ഭാഗം 1
അദ്ധ്യായം 5
കിഴവന്‍ ലോപ്പസിന്റെ മരണം 


"ജുവാനാ...ഞാന്‍ ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാണ്.നമ്മുടെ യജമാനന് മുഴുഭ്രാന്താണ്"കുതിരയ്ക്ക് വെള്ളം കൊടുക്കുവാന്‍ കുനിഞ്ഞ ജുവാനയുടെ മുഴച്ചു തെളിഞ്ഞ സ്തനഭംഗി വ്യക്തമായി കാണുവാന്‍ ലൂയിസ് അല്‍പ്പം കൂടി മുന്നിലേക്ക്‌ നീങ്ങി നിന്നു.സ്ത്രീസഹജമായ കൌശലത്തോടെ അവനെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ജുവാന ഗൌരവം ഭാവിച്ചു. "മാന്യനായ ആ പന്നിക്ക് യാതൊരു കുഴപ്പവുമില്ല.(ബെര്‍നാല്‍ഡിനോയെ മറ്റു ഭ്രുത്യര്‍ക്ക് മുന്നില്‍ ഇങ്ങനെ അഭിസംബോധന ചെയ്യുന്നതില്‍  ജുവാന രസം കൊണ്ടിരുന്നു).ഇന്നലെയും മൂന്നു പ്രാവശ്യം അയാള്‍ എന്‍റെ തന്തയ്ക്കു വിളിച്ചു. അത്താഴ സമയത്ത് മൃദുവായി നിതംബത്തില്‍ തഴുകി ...ആഹ്."ഈ പ്രയോഗം ലൂയിസിനെ ചൊടിപ്പിക്കുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. മുഖം വെട്ടിച്ച് കുപിതനായി ഇറങ്ങിപ്പോകുവാന്‍ തുനിഞ്ഞ ലൂയിസിനെ തിടുക്കത്തില്‍ പാഞ്ഞെത്തി അവള്‍ തടഞ്ഞുനിര്‍ത്തി.അവന്റെ കവിളുകളില്‍ നുള്ളിപ്പിടിച്ച് പ്രണയപൂര്‍വ്വം ചുംബിച്ചു."ലൂയിസ്...അയാള്‍ക്ക് ഒരു കുഴപ്പവും ഇല്ല.കൌശലവും കുതന്ത്രങ്ങളും കൂടിക്കുഴഞ്ഞ ഒരു പിത്തരൂപം..നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?.യജമാനന്‍ എന്തൊക്കെയോ തിരക്കിട്ട ജോലിയിലാണ്. ഇന്നലെ രാത്രി വൈകിയും മുറിയില്‍ വിളക്ക് എരിയുന്നുണ്ടായിരുന്നു.അഞ്ചു പ്രാവശ്യം എന്നെ വിളിച്ച് കാപ്പി ആവശ്യപ്പെട്ടു. വെളുപ്പിന് മുറിയില്‍ ചെന്നപ്പോള്‍ വെള്ളപ്പന്നി മഹോദരം പിടിച്ച് ചത്തു മലര്‍ന്നു കിടക്കുന്നതുപോലെ അയാള്‍ നിലത്തു വീണുറങ്ങുന്നുണ്ടായിരുന്നു.എനിക്കും ആശ്ചര്യം തോന്നി.കാര്യമായി കുടിച്ചിരുന്നിരിക്കണം.അതല്ലാതെ മറ്റൊന്നുമാവില്ല. മഷിക്കുപ്പി മറിഞ്ഞു മേശപ്പുറവും നിലവും ആകെ വൃത്തികേടായി.എല്ലാം തുടച്ചു വൃത്തിയാക്കി അടുക്കി വെച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്.ആര്‍ക്കൊക്കെയോ അയാള്‍ കത്തുകള്‍ എഴുതിക്കൂട്ടുന്നുണ്ട് .പൂര്‍ത്തിയാക്കാത്ത ഒരെണ്ണം...ദാ...ഇപ്പോഴും ആ മേശപ്പുറത്ത് കിടപ്പുണ്ട്  ""നീയത് വായിച്ചു നോക്കിയില്ലേ പെണ്ണേ?""ഛെ... അത്രയ്ക്ക് മോശമായി പെരുമാറുവാന്‍ കുതിരയുടെ ചെള്ള്  പെറുക്കുന്ന നിനക്കേ കഴിയൂ ചെറുക്കാ ""എങ്കിലും ...?".പുരികം ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ടുള്ള കുസൃതി പൊടിയുന്ന ആ ചോദ്യം അവളെ രസിപ്പിച്ചു.ആഹ് ...ഏതോ ഒരു പോളോയ്ക്കുള്ള കത്ത്...ആ ..ആര്‍ക്കറിയാം.ജവാനയെ അരുകിലേക്ക്‌ ചേര്‍ത്തുപിടിച്ച് ചുംബിക്കുവാനുള്ള വ്യഗ്രതയില്‍ അവള്‍ തുടര്‍ന്നു പറഞ്ഞത്  ലൂയിസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല."എനിക്കതൊന്നും മനസിലായില്ല.കുറെ ആളുകളുടെ പേരുവിവരങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നു....ആ...ആര്‍ക്കറിയാം.എന്തായാലും നീയും ഭാഗ്യവാന്‍ തന്നെ ലൂയിസ് ..."പരിധി ലംഘിച്ച കുസൃതികളെ പ്രലോഭിപ്പിച്ചുകൊണ്ട്  അവള്‍ ലൂയിസിനെ തള്ളിമാറ്റി."ദൈവമേ ....നീ ഇത് എന്തു ഭാവിച്ചാണ്?..ഇതിലും ഭേദം ആ വെള്ളപ്പന്നിയാണ് "കുതറിത്തെറിച്ച് ഓടിപ്പോകവേ പറയുവാന്‍ വിട്ടുപോയ പ്രധാനപ്പെട്ടതെന്തോ ഓര്‍ത്തെടുത്ത് അവള്‍ ഒന്ന് നിന്നു.മടങ്ങിവരുവാന്‍ തുനിഞ്ഞെങ്കിലും ആര്‍ത്തുവന്ന മഴ ജുവാനയെ അതിനനുവദിച്ചില്ല.മഴനൂലുകള്‍ക്കപ്പുറം അവന്റെ കണ്ണുകളില്‍ മഞ്ഞുപോലൊരു പ്രണയപുഞ്ചിരി സമ്മാനിച്ചുകൊണ്ട് നേര്‍ത്തു മനോഹരമായ പാദങ്ങളെ അതിവേഗം ചലിപ്പിച്ച് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ അവള്‍ ബെര്‍നാല്‍ഡിനോയുടെ ഭവനത്തെ ലക്ഷ്യമാക്കി ഓടി.അതിശൈത്യത്തിലെ മഴ....മഞ്ഞും മഴയും മണ്ണില്‍ പുണര്‍മരുമ്പോള്‍ ചുറ്റും കരിമ്പിന്‍ തോട്ടങ്ങള്‍ പോലെ മുളച്ചുപൊങ്ങുന്ന ധൂപനാളങ്ങള്‍...അതിനുമപ്പുറം അകന്നുമറയുന്ന ജുവാന...സുഖകരമായ ഈ അസ്വസ്ഥാനുഭൂതിയെ തഴുകിയും തലോടിയും മഴ ഒന്നടങ്ങുവോളം കുതിരച്ചാണകം ഉണങ്ങിപ്പിടിച്ച ചുവരില്‍ പുറം ചാരിയിരുന്ന് ലൂയിസ് പ്രണയചിന്തകളില്‍ മുഴുകി.എത്ര സുഖപ്രദമായ നിമിഷങ്ങളില്‍ കൂടിയാണ് ജീവിതം  അലക്ഷ്യമായി ഒഴുകിനീങ്ങുന്നതെന്നോര്‍ത്ത് അയാള്‍ വിസ്മയിച്ചു.ഒരുകാലഘട്ടത്തില്‍ ബാലിശവികാരങ്ങളായി കരുതിപ്പോന്നിരുന്ന പ്രണയവും കാമവും ഇന്നിപ്പോള്‍ ഓരോനിമിഷവും അനേകായിരം പ്രാവശ്യം തന്നെ കീഴടക്കുന്നതോര്‍ത്ത് അയാള്‍ ലജ്ജിച്ചു.എങ്കിലും അതില്‍ അഭിമാനം കൊള്ളുകയുംചെയ്തു.മാന്യത അഭിനയിച്ചും ധീരത പ്രകടിപ്പിച്ചും ജുവാനയെ തന്നിലേക്ക് അടുപ്പിക്കുവാന്‍ നടത്തിയ വിഫല ശ്രമങ്ങളെക്കുറിച്ചും ലൂയിസ് മനനം ചെയ്തു.അന്നവള്‍ തന്നെ ഗൌനിച്ചിരുന്നത് പോലുമില്ല...പ്രണയ സാധ്യതയുടെ പ്രതീക്ഷയറ്റപ്പോള്‍ ജുവാനയില്‍ കല്പ്പിച്ചുപോന്നിരുന്ന മഹനീയ സങ്കല്‍പ്പങ്ങളും വിശുദ്ധ ആരാധനയും എല്ലാം വെടിഞ്ഞ് അവളെ ഒരു "പെണ്ണായി" കാണുവാന്‍ ലൂയിസ് ശീലിച്ചു തുടങ്ങി.നാവിലും കണ്ണിലും കാമം മാത്രം നിറച്ച് അവളോട്‌ ഇടപെട്ടു തുടങ്ങിയപ്പോള്‍ ആദ്യമായി അവള്‍ ലൂയിസിനെ നോക്കി പുഞ്ചിരിച്ചു.അവളുടെ സൌന്ദര്യത്തെ അളന്നാസ്വദിക്കുവാന്‍ ലഭിച്ച ഒരവസരവും ലൂയിസ് പാഴാക്കിയില്ല.സ്വന്തം കാഴ്ചപ്പാടില്‍ താന്‍ അവളോട്‌ ഏറ്റവും നിന്ദ്യമായാണ് പെരുമാറുന്നത് എന്ന കുറ്റബോധം ക്രമേണ ലൂയിസില്‍ ഉടലെടുത്തു.ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ ആ പാപബോധത്തിന്‍റെ മുളയെ നുള്ളി ദൂരെയെറിഞ്ഞു. "ലൂയിസ് ..പുരുഷന്മാര്‍ ചെളിക്കുണ്ടാണ്...അവര്‍ അതിന് മുകളില്‍ പൂക്കള്‍ വിതറി ആകര്‍ഷകമാക്കുവാന്‍ ശ്രമിക്കുന്നു.ചുറ്റും വമിക്കുന്ന ദുര്‍ഗന്ധത്തെക്കുറിച്ച് തെല്ലും അവബോധമില്ലാത്ത പമ്പരവിഡ്ഢികള്‍.എന്നോടുള്ള നിന്റെ പെരുമാറ്റം കാമവെറി പൂണ്ടാതാണെന്നുള്ള തിരിച്ചറിവും ഈ ഏറ്റുപറച്ചിലുമെല്ലാം നല്ലത് തന്നെ... എങ്കിലും തിരുത്തുവാന്‍ മിനക്കെടേണ്ടതില്ല...അതില്‍ തന്നെ തുടരുക.ഏറ്റവും സത്യസന്ധവും സ്വാഭാവികവുമായ പുരുഷമാനോഭാവത്തെ നഷ്ടപ്പെടുത്താതിരിക്കൂ ...പ്രിയങ്കരനായ വിഷയലമ്പടാ "കിഴവന്‍ ലോപ്പസിന്റെ മരണശേഷം ബെര്‍നാല്‍ഡിനോയുടെ ഭൃത്യപദവി ഉപേക്ഷിച്ചു പോകുവാന്‍ തീരുമാനിച്ച ലൂയിസിനെ വീണ്ടും അവിടെ കെട്ടിയിട്ടത് ജുവാനയുടെ ഈ വാക്കുകളും അവളുടെ തീക്ഷ്ണസൌന്ദര്യത്തിന്മേലുള്ള അവന്റെ ആസക്തിയുമായിരുന്നു.ലോപ്പസിന്റെ മരണം മാസങ്ങളോളം ലൂയിസിന്റെ ഉറക്കം കെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ അസ്വാഭാവിക മരണമോ അതിന്റെ പിന്നിലെ ദുരൂഹതയോ ലൂയിസിനെ വേട്ടയാടിയിരുന്നില്ല.ജുവാനയുടെ സാമീപ്യം അവനില്‍ അത്രയ്ക്കും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.എങ്കിലും താക്കീതിന്റെ സ്വരത്തില്‍ ജുവാന പറഞ്ഞ ഒരൊറ്റ വാചകം അവന്റെ സ്വാസ്ഥ്യം കെടുത്തി ... "നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?"          പെയ്തു കുതിര്‍ന്ന തണുത്ത സായാഹ്നത്തില്‍ പ്രണയ ചിന്തകള്‍ സമ്മാനിച്ച സുഖകരമായ ഉറക്കത്തില്‍ നിന്നും അസ്വസ്ഥത നിറഞ്ഞ ഈ ആശങ്കകളിലേക്കാണ് ലൂയിസ് ഉറക്കമുണര്‍ന്നത്.മഴ പാടെ നിലച്ചിരുന്നു.അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ചീവീടുകളും മറ്റു ബഹളക്കാരുമെല്ലാം മുങ്ങിച്ചത്തു പോയിരുന്നിരിക്കണം.ഇരുണ്ട ആകാശത്തില്‍ ഒരു തുണ്ടുവെളിച്ചത്തിന്റെ നിഴല്‍പ്പാട് മാത്രം.ഇലക്കൂമ്പുകളില്‍ ഉരുണ്ടുകൂടിയ നീര്‍ക്കണങ്ങള്‍ താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പതിക്കുന്ന താളാത്മകമായ ശബ്ദം.ആ ശബ്ദം അശുഭകരമായതെന്തോ സംഭവിക്കുവാന്‍ പോകുന്നുവെന്ന് തന്നോട് മന്ത്രിക്കുന്നതായി ലൂയിസിന് തോന്നി...സന്ധ്യാ സമയത്തെ ഉറക്കം സമ്മാനിച്ച അകാരണമായ വിഷാദലക്ഷണങ്ങള്‍ തന്നെ വലയ്ക്കുകയാണല്ലോ എന്ന് ചിന്താഭാരത്തോടെ അവന്‍ ജോലികളില്‍ കൂടുതലായി വ്യാപൃതനാകുവാന്‍ ശ്രമിച്ചു...എങ്കിലും കിഴവന്‍ ലോപ്പസിനെ പെട്ടെന്നങ്ങ് മനസ്സില്‍ നിന്നും പിഴുതു എറിയുവാന്‍ ലൂയിസിന് സാധിച്ചില്ല.ജുവാനയും മറ്റു ഭ്രുത്യരും വരുന്നതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബെര്‍നാല്‍ഡിനോയ്ക്ക് ഒപ്പം ലൂയിസ് ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ചൂതുകളിയില്‍ നിന്നും സ്ത്രീ ഇടപാടുകളില്‍ നിന്നും ലാഭം കൊയ്ത് ബെര്‍നാല്‍ഡിനോ  ഒറ്റക്കുതിരയെ പൂട്ടുന്ന കുതിരവണ്ടി വാങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ.പ്രഭുക്കന്മാരുമായി നടത്തിയിരുന്ന ഇടപാടുകളില്‍ അയാള്‍ അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയിരുന്നു.സന്തത സഹചാരിയും വിശ്വസ്തനുമായ കിഴവന്‍ ലോപ്പസുമായി മാത്രമേ അന്നൊക്കെ അയാള്‍ സംസാരിച്ചിരുന്നത് പോലുമുള്ളൂ.കാഴ്ചയില്‍ ലോപ്പസ് ഒത്ത ഉയരമുള്ള ഉടയാത്ത വസ്ത്രം ധരിക്കുന്ന മാന്യവയോദ്ധികനാണെങ്കിലും പൊതുവേ അന്തര്‍മുഖനായിരുന്നു. സ്ത്രീകളുമായി നോട്ടം കൊണ്ടുപോലും ബന്ധപ്പെടരുതെന്ന കാര്‍ക്കശ്യം പുലര്‍ത്തുന്ന തനിമുരടന്‍. വിരളമായെ മാത്രമേ ലോപ്പസിനെ വീടിനു വെളിയില്‍ കണ്ടിട്ടുള്ളൂ. യജമാനനൊപ്പം ഒരിക്കല്‍ ട്രുജിലോയില്‍ നിന്നുള്ള ഒരു മടക്കയാത്രയിലാണ് ലൂയിസ് ആദ്യമായി അയാളെ ഒന്നടുത്തു കണ്ടതും പതിഞ്ഞു ചിലമ്പിച്ച  ശബ്ദം കേട്ടതും.അതാകട്ടെ ...ക്ഷീണിച്ച ഒരു ശകാരം."വല്ലാത്ത തണുപ്പുണ്ട് ...നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട ആവശ്യമില്ല ...സാവധാനം പോയാല്‍ മതി"കുതിരയെ നിയന്ത്രിച്ചു വേഗത കുറച്ചപ്പോള്‍ അവരുടെ സംസാരം കുറച്ചുകൂടി വ്യക്തമായി ലൂയിസ് കേട്ടു.തുടക്കത്തില്‍ ചെവി  കൊടുത്തില്ലെങ്കിലും അത് വെറും സംഭാഷണമല്ലെന്നും അവര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നതെന്നും തോന്നി.മനുഷ്യ സഹജമായ ജിജ്ഞാസയില്‍ ലൂയിസ് അവര്‍ക്കിടയിലേക്ക് തന്‍റെ കാത് തിരുകി.വ്യാപാര വിഷയമായതിനാല്‍ കൂടുതലൊന്നും മനസിലായതുമില്ല. എങ്കിലും ബെര്‍നാല്‍ഡിനോയെ കിഴവന്‍ ലോപ്പസ് പുലഭ്യം പറയുന്നതും എന്തോ ഇടപാടില്‍ നിന്നും പിന്മാറുവാന്‍    നിരന്തരം നിര്‍ബന്ധിക്കുന്നതായും ലൂയിസിന് തോന്നി.അവരുടെ സംഭാഷണം താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് ബെര്‍ നാല്‍ഡിനോയെ ധരിപ്പിക്കുവാന്‍ ലൂയിസ് ഇടയ്ക്കിടെ കുതിരയെ ശകാരിക്കുകയും പ്രഹരിക്കുകയും ചെയ്തു.വേഗത കൂടുമ്പോഴെല്ലാം തികച്ചും അക്ഷോഭ്യനായി ലോപ്പസ് ആവര്‍ത്തിച്ചു."നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട...സാവധാനം പോയാല്‍ മതി"-തങ്ങളുടെ സംഭാഷണത്തിന് ഒരു ശ്രോതാവിനെ സൃഷ്ടിക്കുവാനുള്ള കിഴവന്‍ ലോപ്പസിന്‍റെ കൌശലബുദ്ധി അന്ന് ലൂയിസിന് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല.കുതിരയെ ലായത്തില്‍ പൂട്ടി അവറ്റകള്‍ക്ക് തീറ്റയും കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.ആ കൊടുംതണുപ്പിലും പൂന്തോട്ടത്തിന് മുന്‍പിലെ ബിര്‍ച്ച് മരച്ചുവട്ടില്‍ ബെര്‍നാല്‍ഡിനോ കിഴവന്‍ ലോപ്പസിനെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നതും ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അപേക്ഷിക്കുന്നതും കണ്ടു.ഈ സംഭവത്തിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോപ്പസിന്റെ സ്വഭാവത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി. അധികസമയവും അയാള്‍ വീടിനു പുറത്ത് ചിലവഴിച്ചു. അന്തര്‍മുഖനായ ലോപ്പസ് മറ്റു ഭൃത്യരോട് കൂടുതലായി ഇടപഴകിത്തുടങ്ങി.തന്‍റെ മുറിയിലെ ജനാലയ്ക്ക് ഒട്ടും കനമില്ലാത്ത നേര്‍ത്ത കര്‍ട്ടന്‍ പിടിപ്പിക്കുകയും മേശ അതിനോട് ചേര്‍ത്തിടുകയും ചെയ്തു. ഒരു കൊഴുപ്പ് വിളക്ക് നിത്യവും പുലരുവോളം ആ മുറിയില്‍ ഇടമുറിയാതെ തെളിഞ്ഞു നില്‍ക്കുന്നത് ഭൃത്യരുടെ ലായങ്ങളില്‍ നിന്നുപോലും വ്യക്തമായി കാണാമായിരുന്നു.      ലോപ്പസ് കൂടുതല്‍ സുതാര്യനാകുവാന്‍ ശ്രമിക്കുന്നതുപോലെയോ ആരേയൊക്കെയോ ഭയപ്പെടുന്നതുപോലെയോ ലൂയിസിന് തോന്നി.പക്ഷെ അന്ന് അതത്ര കാര്യമായി എടുത്തില്ല.ഈ സംഭവങ്ങള്‍ക്കുശേഷം ഏതാണ്ട് ഒരുമാസം കൂടി പിന്നിട്ടപ്പോള്‍ തന്‍റെ സുഹൃത്തുക്കള്‍ക്കും പ്രഭുക്കന്മാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കുമായി ബെര്‍നാല്‍ഡിനോ ഒരു രാത്രികാല വിരുന്നു സംഘടിപ്പിച്ചു. പുലരുവോളം നീണ്ട ആഘോഷങ്ങള്‍ക്കിടയില്‍ എപ്പോഴോ കിഴവന്‍ ലോപ്പസിന്റെ മുറിയിലെ നാളം അണഞ്ഞു.പിറ്റേന്ന് രാവിലെ വിരുന്നുകാര്‍ പിരിഞ്ഞപ്പോള്‍ ബെര്‍നാല്‍ഡിനോ  ഭൃത്യരെ ഒന്നടങ്കം വിളിച്ചുകൂട്ടി ദുഖകരമായ ഒരു വാര്‍ത്ത അറിയിച്ചു."വിരുന്നില്‍ അമിതമായി മദ്യപിച്ച നമ്മുടെ പ്രിയങ്കരനായ ലോപ്പസ് ഇന്ന് പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു.ദയവായി അദ്ദേഹത്തിന്‍റെ അന്ത്യകര്‍ങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാലും"അന്ത്യശുശ്രൂഷകള്‍ക്കായി ട്രുജിലോയില്‍ നിന്നും ഫാദര്‍ വെസാല്‍കോയെ അയാള്‍ഇടപാടാക്കി.കൂട്ടിക്കൊണ്ടുവരുവാനുള്ള ചുമതല ലൂയിസിനായിരുന്നു.

                                                                                       NEXT CHAPTER                                                                                                                      

                                                                                               

13 comments:

 1. മെയില്‍ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ തന്നെ വായിച്ചു തീര്‍ത്ത്‌ .ഈ നോവല്‍ എഴുതുന്നതില്‍ അരുണ്‍ ഒരുപാട് താമസം വരുത്തുന്നു എന്ന പരാതിയുണ്ട് ...നോവലിനെ വിലയിരുത്താന്‍ അറിയില്ല.പക്ഷെ ഇങ്ങനെ ഒന്ന് മുന്‍പ് ഒരിക്കലും വായിച്ചിട്ടില്ല.ഏറ്റവും അപരിചിതമായ പ്രമേയം ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാന്‍ അരുണിന് കഴിയുന്നു എന്നതാണ് നിങ്ങളുടെ ഹൈലൈറ്റ് ..തുടരുക ..കാത്തിരിക്കുന്നു

  ReplyDelete
 2. ആദ്യത്തെ ഒന്നു രണ്ടു പാരഗ്രാഫ് വായിച്ചതേ ഉള്ളൂ.. മനോഹരമായിട്ടുണ്ട്. (മുഴുവൻ വായിക്കാത്തത് പുസ്തകമായി ഇറങ്ങുമ്പോൾ വായിക്കാൻ വേണ്ടിയാണ്, നോവലുകളുടെ ഓരോ ഭാഗം വായിക്കുന്നതിലും ഞാൻ ഇഷ്ടപ്പെടുന്നത് ഒന്നിച്ചുള്ള വായനയാണ്..)

  ReplyDelete
 3. വായനാസുഖം തരുന്നുണ്ട് എഴുത്ത്....
  ഇതേ ശൈലിയിലൂടെ തുടരുക...........
  ആശംസകള്‍

  ReplyDelete
 4. ആകാംഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്.... നന്നായിട്ടുണ്ട് അരുണ്‍

  ആശംസകള്‍

  ReplyDelete
 5. സത്യം പറഞ്ഞാൽ ഇവിടെ ഇപ്പോൾ വരാറേയില്ല. ഓഷ്വിറ്റ്സിലെ പോരാളി സ്വന്തമാക്കാൻ വളരെ നാളായുള്ള കാത്തിരിപ്പുണ്ട്. എനിക്ക് വായിക്കാൻ ഇഷ്ടമുള്ള് എഴുത്താണിത്.. തുടരുക, എല്ലാ ആശംസകളും..

  ReplyDelete
 6. ചുവന്ന പോരാളിക്ക് യോജിച്ച പിന്‍‌ഗാ‍മി തന്നെ ഈ നോവല്‍. പുസ്തകമാകുമ്പോള്‍ ഒന്നുകൂടി വായിക്കണം. ഇങ്ങനത്തെ വായനയില്‍ ഒരു കണ്ടിന്യുവിറ്റി കിട്ടുന്നില്ല

  ReplyDelete
 7. പ്ലോട്ട് ഇച്ചിരി കോംപ്ലിക്കേറ്റഡ് ആണന്നു തോന്നുന്നു. പോകെ പോകെ പിടികിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. Dear Arun,

  Valare nannayittundu, adutha lakkathinu vendi kathirikkunnu.

  ReplyDelete
 9. പുതിയ പുതിയ കഥകൾ.

  ReplyDelete