### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, April 5, 2016

ഡാമിയൻ സത്രം-എ.ഡി 1632

നോവല്‍-എ.ഡി.1632

ഭാഗം -1 

അദ്ധ്യായം 14

ഡാമിയൻ സത്രം 


   

"ഡാമിയൻ സത്രം" അതിനോട് ചേർന്നുള്ള മദ്യശാലയുടെ പേരിൽ മാത്രമല്ല മറ്റു പലവിധത്തിലും (കു)പ്രശസ്തമാണ്.തെരുവ് തെണ്ടികളും വേശ്യകളും കൊലപാതികികളും വികലാംഗരും ധനികരും മുഴുക്കുടിയന്മാരും എല്ലാം ചേർന്ന് അതിനെ സന്ധ്യാസമയത്ത് നോഹയുടെ പേടകമാക്കി മാറ്റാറുണ്ട്. പരസ്പരം ആക്രോശിച്ച് തെരുവ് യോദ്ധാക്കള്‍ പോർവിളി നടത്തുമ്പോൾ, മേശമേലുള്ള മുഷ്ടിപ്രയോഗത്തിൽ മെഴുകുതിരിക്കാലുകൾ പ്രകമ്പനം കൊള്ളുകയും അതിൽ ഉറപ്പിച്ച മെഴുകുതിരി അടർന്നു വീഴുകയോ ഇളകിത്തെറിക്കുകയോ ചെയ്യും.അവർക്കിടയിലൂടെ സാവധാനം നടന്ന് മെഴുകുതിരിയോരോന്നും സത്രമുടമയായ ഡാമിയൻ തന്നെ ക്ഷമയോടെ പെറുക്കിയെടുക്കും.അങ്ങനെ ഓരോ തവണ അയാൾ കുനിഞ്ഞുനിവരുമ്പോഴും കൈപ്പുസ്തകത്തിൽ തിടുക്കപ്പെട്ട് കുത്തിക്കുറിക്കുന്നത് കാണാം.ഉടഞ്ഞതും ചതഞ്ഞതുമെല്ലാം ചേർത്ത് ഇടപാടുകാരനിൽ നിന്നും കുറഞ്ഞത്‌ മൂന്നിരട്ടിയെങ്കിലും തുക ആ ഇനത്തിൽ മാത്രം ഡാമിയൻ വസൂലാക്കും. ഇത് വളരെ സമാധാനപരമായ ഏർപ്പാടായി തോന്നാം.എന്നാൽ മറ്റുചിലപ്പോൾ ഇങ്ങനെയൊന്നും ആവണമെന്നില്ല സംഭവിക്കുന്നത്‌.കലഹവും രക്തവും തർക്കവും സുരതവുമാണ് നിത്യവും അവിടെ നടക്കാറുള്ളത്. അതിലേക്ക് നയിക്കുന്ന പ്രേരണയിൽ മാത്രമേ  അവ്യക്തതയുള്ളൂ.



    തിളച്ചുരുകിയ മെഴുകുതലാപ്പാവുമായി ചിലപ്പോൾ തിരി ചെന്നുപതിക്കുന്നത് തീരെ വിലകുറഞ്ഞ ഏതെങ്കിലും രാക്കിളിയുടെ നിതംബത്തിലോ കെട്ടിവലിച്ചുയർത്തിയ മാറിലോ ആയിരിക്കും.എങ്കിൽ രംഗം കൂടുതൽ കൊഴുക്കും. രേതസ് കലർന്ന അവളുടെ തുപ്പൽ മേശയ്ക്ക് ചുറ്റുമുള്ള സകലവന്മാരുടെയും മുഖത്തേക്ക് ചിതറും.മുടിക്കുത്തിനു പിടിച്ച് മേശയിലേക്ക്‌ അവളെ ഒന്നുറക്കെ അടിക്കേണ്ട താമസം,അവളുമായി നിഴൽബന്ധമുള്ള സകല കാമുകന്മാരും ചേർന്ന് അവന്റെ വൃഷണം ഉടയ്ക്കും.അടിവയറ്റിൽ ആരെങ്കിലും ചിലപ്പോൾ ഒരു ചെറു തുളയിട്ടെന്നും വരാം.അതിലൂടെ എത്തിനോക്കുന്ന കുടലും പൊത്തിപ്പിടിച്ച് മരണ വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞാലും രക്ഷയില്ല...ഡാമിയൻ അവനെ തടഞ്ഞു നിർത്തും.ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മൂന്നിരട്ടി പിഴ.അതാണ്‌ ചട്ടം.



എല്ലാ കലഹങ്ങൾക്കും പിഴ ഇവ്വിധമാണെന്ന് ധരിക്കേണ്ടതില്ല. അഭിസാരികമാരുമായിട്ടുള്ള മൂന്നാം കിട സംഘട്ടനങ്ങളൊഴികെയുള്ള  ധീരമായ ഏർപ്പാടുകൾ കൈകാര്യം ചെയ്യുന്ന രീതിയേ ഇതല്ല.വീഞ്ഞിൽ മൂക്കുന്ന തർക്കങ്ങളും കലഹങ്ങളും കയ്യാങ്കളിയിൽ എത്തുന്നത് ഡാമിയൻ സത്രത്തിൽ സ്വാഗതാർഹമാണ്.അതവിടെ രണ്ട് ചേരികളിലായി പണം കൊയ്യുന്ന പന്തയമാണ്.എന്നിരിക്കവേ അതിൽ ഉണ്ടാവുന്ന നാശ നഷ്ടങ്ങൾ ഡാമിയൻ ഗൌനിക്കാറേയില്ല.സത്രം സൂക്ഷിപ്പുകാരൻ രക്തക്കറ തുടച്ചു വൃത്തിയാക്കിക്കൊള്ളും,ഉടഞ്ഞ ഗ്ലാസുകളും പാത്രങ്ങളും പെറുക്കിമാറ്റുവാൻ പരിചാരകരുമുണ്ട്...പക്ഷെ പന്തയത്തുക ഡാമിയൻ വീതം വെയ്ക്കും.ഒരേയൊരു നിബന്ധന-തുകയുടെ മൂന്നിൽ രണ്ട് സത്രമുടമയ്ക്ക്.



ഇടുങ്ങിയ പ്രവേശന കവാടം.അത് തുറക്കുന്നത് ഒരു ഒൻപതടി ഉയരമുള്ള ഇടനാഴിയിലെക്കാണ് ചുവരുകളിൽ  പരമ്പരാഗതമായ സ്പാനിഷ് മാതൃകയിൽ വെങ്കലത്തിൽ തീർത്ത കൊത്തുപണിയുള്ള ചിമ്മിനി വിളക്കുകൾ.അവ ചൊരിയുന്ന പ്രഭ നിലത്ത് വിരിച്ച ചുവന്ന കംബളത്തിന് ഭീതിപ്പെടുത്തുന്ന ഒരു  മനോഹാരിത സമ്മാനിക്കുന്നുണ്ട്.ഇടനാഴിയുടെ പകുതി ദൂരം പിന്നിട്ടാല്‍ കടന്നൽക്കൂട്ടത്തിന്റെ ഇരമ്പൽ പോലെ അകത്തുനിന്നുള്ള ആരവങ്ങൾ കേൾക്കാം.പിന്നീടങ്ങോട്ട് വയ്ക്കുന്ന ഓരോ ചുവടിലും ആ ഇരമ്പൽ ബഹളമായും കോലാഹങ്ങളായും രൂപാന്തരം പ്രാപിച്ച്...ഏറ്റവുമവസാനം നരകത്തിലെ അറവുശാലയുടെ പ്രതീതിയുളവാക്കും. ഉയരമുള്ള മേൽക്കൂര.തൂണുകളിൽ  കരിവീട്ടിയുടെ പലകകൾ പാകി മേൽക്കൂരയ്ക്ക് താഴെ ഒരു നിലകൂടി സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിൽ നിന്നും വഴിയെ രണ്ടായി പകുത്ത്, ഭീതിപ്പെടുത്തുന്ന ആ ചുവപ്പ് കംബളം വിരിച്ച പാത,വിശാലമായ അകത്തളത്തിന്റെ ചങ്ങലകെട്ടിത്തിരിച്ച ഓരം ചേർന്ന് പടികളിൽ കൂടി രണ്ടാം നിലയിലേക്ക് നീളും.അപ്രകാരം ഒരേ മുറിക്കുള്ളിൽ  സജ്ജീകരിച്ച രണ്ട് ലോകമാണ് ഡാമിയൻ  സത്രം. പരസ്പരബന്ധിയായ രണ്ട് വൈരുദ്ധ്യങ്ങൾ.



ഈ അടുത്ത കാലത്ത്...അതായത് കേവലം നാല് മാസം മുൻപാണ് അങ്ങനെയൊരു രണ്ടാം നില അവിടെ സജ്ജീകരിച്ചത്.അതൊരു  തല്ലിക്കൂട്ട്‌ ഏറുമാടം ആയിരുന്നില്ല.ഉരച്ചു  മിനുസപ്പെടുത്തിയ  നല്ല  ചുവപ്പൻ തേക്കിൻ തടി കൊണ്ടുള്ള  പടികൾ.പൊളിഞ്ഞ കപ്പൽലുകൾ കൊണ്ടായിരുന്നില്ല നിലം പാകിയിരുന്നത്.പനാമയിലെ തുറമുഖ ചന്തയിൽ നിന്നും വിദേശികളായ കപ്പൽക്കാരോട് പൊന്നും വിലയ്ക്ക്   വാങ്ങി,കാതങ്ങളോളം കുതിരകൾ നിലം തൊടാതെ എത്തിച്ച ചന്ദനപ്പാളികൾ.ആകാശത്ത്‌ തങ്ങി നിന്നു തിളങ്ങുന്ന മഴമുത്തുകൾ  പോലെ മൃദു വെളിച്ചം വിതറുന്ന നൂറുകണക്കിന്  ചെറുതും വലുതുമായ  സ്ഫടിക  ഗോളങ്ങൾ . അവിടേക്ക്  ആഹാരം  തയ്യാറാക്കുവാനായി പ്രത്യേക കുശിനിയും മദ്യശാലയും.തീർന്നില്ല ...അവിടെ  ഓരോ  മേശയ്ക്ക് അരുകിലും അതിഥികളെ ഏതു വിധേനയും-ചുണ്ടുകൾ കൊണ്ടോ സ്തനങ്ങൾ കൊണ്ടോ തൃപ്തിപ്പെടുത്തുവാൻ വിടർന്നു നിൽക്കുന്ന സുന്ദര പെൺപുഷ്പങ്ങൾ...അവർ പരിപൂർണ്ണ സ്ത്രൈണ വടിവുകൾ പ്രദർശിപ്പിച്ചു നിൽക്കുമ്പോൾ ആ വിദൂര ദൃശ്യം കാംക്ഷിച്ച് എത്തുന്ന പടുവൃദ്ധന്മാരാരെ സത്യസന്ധനായ വായനക്കാരാ നിങ്ങളും  കുറ്റപ്പെടുത്തില്ല. ചുരുക്കത്തിൽ  ഡാമിയൻ   തന്റെ സത്രത്തിന്റെ മേൽപകുതിയെ വിസ്മയംകൊണ്ട് നിറച്ചു.എന്നാൽ അയാളാകട്ടെ ആർക്കും അവിടേക്ക് പ്രവേശനം  അനുവദിച്ചതുമില്ല.അതൊരു  അഭിമാന പ്രശനം ആയി തോന്നിയതിനാൽ ചില പ്രാദേശിക ധനികന്മാർ തങ്ങളാലാകുന്ന ഏറ്റവും കനത്ത കിഴിതന്നെ ഡാമിയന്  നല്‍കി.അയാളത് സന്തോഷ  പൂർവ്വം സ്വീകരിക്കുകയും ചെയ്തു.അത്യാഹ്ലാദത്തോടെ മേൽത്തട്ടിലേക്ക് അവർ ഓരോ പടികളും കയറുമ്പോൾ  ഡാമിയന്‍ ചുവട്ടില്‍  നിന്ന്  ഉറക്കെ  വിളിച്ചു പറയും.



"ആയിരം പെസോ  ...രണ്ടായിരം പെസോ .....മൂവായിരം പെസോ...ആഹാ ...ചങ്ങാതീ  താങ്കള്‍  നല്‍കിയ  പണസഞ്ചി മൂന്നാം  പടിയില്‍  ചത്തു കിടക്കുന്നത് കണ്ടില്ലേ...!.ഒന്ന്  കുരിശു വരച്ച് ... അതേ  മാന്യതയോടെ  ഇങ്ങ്  ഇറങ്ങിവരൂ ".



കാലിക്കീശയുമായി ഇറങ്ങി വരുന്നവനെ വെള്ളപ്പാണ്ട് പിടിച്ച നരച്ച കൂത്തിച്ചികൾ പോലും കൂക്കി വിളിച്ചു.ചില ദരിദ്ര മുഴുക്കുടിയന്മാർ അൽപ്പം ഗുരുതരമായ ഫലിതം പ്രയോഗിക്കുവാനും മടിച്ചില്ല.



"പൃഷ്ടം കാണിച്ച് മുകളിലേക്ക് പോയ  യജമാനൻ ....ഇതാ ....ചുരുണ്ട  മുൻവാലും ആട്ടി നമ്മളിലേക്ക് ഇറങ്ങി വരുന്നു..."



ചെലവേറിയതെങ്കിലും ആഡ്യ മൂഡൻമാർ ചുരുങ്ങിയകാലം കൊണ്ട്  ഇതും  ഒരു വാരാന്ത്യ  വിനോദമാക്കി മാറ്റി.അഞ്ചു പടികൾ , എട്ടു പടികൾ ,പന്ത്രണ്ട് പടികൾ എന്നിങ്ങനെ ഓരോ  ധനികരുടെയും ആസ്തിവ്യാപ്തി ഡാമിയൻ സത്രത്തിന്റെ രണ്ടാം നിലയിലെ ചവിട്ടുപടികളിൽ അടയാളപ്പെടുത്തപ്പെട്ടു.സ്വർഗ്ഗതുല്യമായ മേൽത്തട്ടിൽ പ്രവേശിക്കുക എന്നതിനു പകരം തന്റെ എതിരാളിയേക്കാൾ ഒരു ചുവട് മുന്നിൽ എന്ന ലക്ഷ്യമേ അവർ ഓരോരുത്തർക്കും ഉണ്ടായിരുന്നുള്ളൂ.മാർട്ടിൻ ഗാസ എന്ന എണ്ണക്കച്ചവടക്കാരൻ കിടപ്പാടം ഉൾപ്പെടെ  സകല സമ്പാദ്യവും വിറ്റിട്ടാണ് പന്ത്രണ്ടാം പടി വരെ കയറിയത്.തന്റെ കാമുകിയെ സ്വന്തമാക്കിയ ധനികനായ മിഗുവലിനെ തോൽപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു അവനെ അതിന് പ്രേരിപ്പിച്ചതെങ്കിൽ കുടുംബ സ്വത്തിൽ ഭൂരിഭാഗവും കൈക്കലാക്കിയ അനുജനേക്കാൾ ധനികനാണ് താൻ എന്ന് സ്വയം പ്രഖ്യാപിക്കുവാനാണ് മിഗുവൽ തൊട്ടുതലേ ആഴ്ച്ച  പതിനൊന്നായിരം പെസോ ഡാമിയൻ പടികളിൽ പൊടിച്ചത്.അതിന് മുൻപ്  പതിനായിരം പെസോ മിഗുവലിന്റെ സഹോദരനായ ഗോമസ് പറത്തിയതിന് പിന്നിലും മറ്റൊരു കാരണം ഉണ്ടായിരുന്നിരിക്കാം.എന്തുതന്നെയായാലും "പടികയറ്റം"ചുരുങ്ങിയ നാളുകൾക്കുള്ളിൽ വീറുറ്റ പുരുഷത്വ പ്രതീകമായി മാറിയെന്നു തന്നെ പറയാം. എന്നിരിക്കിലും ഡാമിയൻ  സത്രത്തിലെ ഒരു വേശ്യയും പടിയിറങ്ങിയ "ധനികനെ " വശീകരിക്കുവാൻ മെനക്കെട്ടില്ല. ഒരുകോപ്പ പുളിച്ച വീഞ്ഞോ മൂത്ത കോഴിയുടെ പൊരിച്ച തീട്ടസഞ്ചിയോ പോലും വാങ്ങിക്കൊടുക്കുവാൻ ആസ്ഥിയില്ലാതെ പടിയിറങ്ങിയവനു വേണ്ടി എന്തിനു നീറ്റൽ സഹിക്കണം? ഓരോ ചുവട് വയ്ക്കുമ്പോഴും തൊണ്ട പൊട്ടുമാറു ഉറക്കെ പ്രോസാഹിപ്പിച്ച അതേ ദരിദ്ര പരിഷകൾ തന്നെ "കുരിശു  വരച്ച് " പരമ ദരിദ്രനായി പടിയിറങ്ങുന്നവനെ കീഴ്  വായൂ  കൊണ്ടുപോലും ആശ്വസിപ്പിച്ചതുമില്ല.



ട്രുജിലോയിലെ   ദൈനംദിന  ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ഡാമിയൻ സത്രം സ്വാധീനിച്ചു തുടങ്ങി.അവിടേക്ക് ഒന്ന് ഒളിഞ്ഞുപോലും നോക്കാത്ത വീട്ടമ്മമാരും കുട്ടികളും പോലും അതിൽ ഭാഗഭാക്തായി.അവർ അതിനെ നരകത്തിലെ ചെളിക്കുണ്ട് എന്ന് വിശേഷിപ്പിച്ചു.ചുണ്ടിൽ ഡാമിയൻ വീഞ്ഞിന്റെ  മണവുമായി എത്തുന്ന കുടുംബ നാഥനെ സംശത്തോടെ മാത്രം ഭാര്യമാർ വീക്ഷിച്ചു.അതിസുന്ദരികളായ ഇടുങ്ങിയ അരക്കെട്ടുള്ള സ്ത്രീകൾ മുലക്കുമ്പിളിലാവാം  വീഞ്ഞ്  വിളമ്പുന്നത് എന്ന് ഭാവനാ സമ്പന്നയായ ഏതോ ഒരുവൾ പ്രകടിപ്പിച്ച സംശയം നാല് വായ മറിഞ്ഞപ്പോൾ സാക്ഷ്യവചനമായി പരിണമിച്ചു.കക്കൂസിലെ ചെകുത്താന്മാരാണ് ഡാമിയൻ വീഞ്ഞിൽ ലഹരിപടർത്തുന്നതെന്ന് വിശ്വാസികൾ പ്രചരിപ്പിച്ചു.ജ്ഞാനസ്നാനം ചെയ്യുമ്പോൾ തലതൊട്ടപ്പന്മാർ വികാരിയറിയാതെ ഒരു വാക്കുകൂടി കൂട്ടിച്ചേർത്ത് ഇങ്ങനെ മന്ത്രിച്ചു.



"സ്വർഗസ്ഥനായ പിതാവേ,പാപത്തിൽ നിന്നും  ചെകുത്താന്മാരിൽ നിന്നും  ഡാമിയൻ  സത്രത്തിൽ നിന്നും ഈ കുഞ്ഞിനെ അകറ്റി നിർത്തണമേ"



എണ്ണമറ്റ മെഴുകുതിരികൾ കാംക്ഷിച്ചു കാംക്ഷിച്ച് ദൈവം അത്യാഗ്രഹിയായതാവാം അല്ലെങ്കിൽ വീട്ടമ്മമാരുടേയും വിശ്വാസികളുടെയും  അന്തമില്ലാത്ത ശാപവചനങ്ങൾ ചെകുത്താനെ ഉത്തേജിപ്പിച്ചതുമാവാം.ആ നാലക്ഷരം ട്രുജിലോയിൽ നാലാം സ്ഥാനക്കാരനായി...ആണ് ..പെണ്ണ് ..സുരതം ...ഡാമിയൻ.



അപ്രകാരം ഡാമിയൻ  സത്രം  ഇരുട്ടിലെ പറുദീസയെന്ന് ഖ്യാതിനേടിയ നാളുകളിൽ ഒരുദിവസം ഗോൺസാലസും  ആദ്യമായി അവിടെയെത്തി... സംഭവബഹുലമായ  കഥ പറയുന്ന, കറുപ്പും വെളുപ്പും കടലാസുകൾ തുന്നിക്കെട്ടിയ അവസാനമില്ലാത്ത പുസ്തകത്തിലെ  അടയാളപ്പെടുത്തൽ  പോലെ 

(തുടരുമായിരിക്കും) 

2 comments:

  1. "സ്വര്‍ഗസ്ഥനായ പിതാവേ,പാപത്തില്‍നിന്നും, ചെകുത്താന്മാരില്‍നിന്നും, ഡാമിയന്‍ സത്രത്തില്‍നിന്നും ഈ കുഞ്ഞിനെഅകറ്റിനിര്‍ത്തണമേ"
    ഹോ!വര്‍ണ്ണന ഗംഭീരം!!
    ആശംസകള്‍

    ReplyDelete