### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Friday, November 13, 2015

മാര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ് (എ.ഡി1632)

                                           നോവല്‍ എ.ഡി-1632 

                                                       ഭാഗം 1

                                                  അദ്ധ്യായം 12

                         മാര്‍ത്തയുടെ മരണം നിശ്ചയിക്കപ്പെട്ടതാണ് 

                                                                               The beginning is HERE



ട്രുജിലോയില്‍ നിന്നും മടങ്ങിയെത്തി രണ്ടാഴ്ചകൂടി കഴിഞ്ഞ ശേഷമാണ്  ലൂയിസ് ജുവാനയുമായി നേരില്‍ കണ്ടത്.ഈ രണ്ടാഴ്ചക്കാലമത്രയും അവന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു.ഭാവിയില്‍ സംഭവിക്കുവാന്‍ ഇടയുണ്ട് എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരു സംഗതിയെ ഭാവനയില്‍ ഇടതടവില്ലാതെ മനനം ചെയ്തുകൊണ്ടിരുന്നാല്‍,ഒരു ഘട്ടം കഴിയുമ്പോള്‍ മനസിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും,ഇനിയും വന്നുഭവിച്ചിട്ടില്ലാത്ത ഭാവിയിലെ ആ സാങ്കല്‍പ്പിക ഭവിഷ്യത്തിന്റെ നടുവിലാണ് താന്‍ എന്ന വിഭ്രാന്തിയില്‍പ്പെട്ടുപോവുകയും ചെയ്യും.നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും ഗുരുതരമായ ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നവനെ സംബന്ധിച്ചിടത്തോളം ഇത് മരണതുല്യമായ അവസ്ഥയാണ്. ജുവാനുടെ  വിവാഹം  സംബന്ധിച്ച മാര്‍ത്ത മുത്തശ്ശിയുടെ പരാമര്‍ശമാണ് തുടക്കത്തില്‍ ലൂയിസിനെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്.തന്‍റെ ശപിക്കപ്പെട്ട ആ പൂര്‍വ്വകാല ഏകാന്തജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് വിധിക്കപ്പെട്ടു കഴിഞ്ഞതായി അവന്‍ ഉറപ്പിച്ചു.വിരസതയും എകാന്തതയും നിറഞ്ഞ ഇന്നലെയുടെ ആവര്‍ത്തനങ്ങളെ ഓരോ നിമിഷവും ഭീതിയോടെ പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് ആ മൂര്‍ത്തഭാവത്തില്‍ അവന്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. ചിന്തകളോരോന്നും ഭാവിയുടെ നേര്‍ക്കാഴ്ചകളാണെന്ന അടിയുറച്ച വിശ്വാസത്തില്‍ അവന്റെ എല്ലാ ചെയ്തികളിലും അസ്വാഭാവികത പ്രകടമായി. തുടക്കത്തില്‍ ആരും അത് ശ്രദ്ധിച്ചില്ലെങ്കിലും മരിച്ചു  രണ്ടാഴ്ചയായ ലോപ്പസിന്റെ കുഴിമാടത്തില്‍ നിന്നും ഈച്ച അരിച്ചു തുടങ്ങിയപ്പോള്‍ സംഭവം ഗൌരവമായി. ട്രുജിലോയില്‍ നിന്നും മടങ്ങിവന്ന ലൂയിസിന് ഭ്രാന്തു പിടിച്ചെന്നും അവനാണ് കല്ലറ ഇളക്കിയതെന്നുമുള്ള അഭ്യൂഹം പരന്നു.ചുരുക്കത്തില്‍,ഇനിയും ലൂയിസിനെ കണ്ടു സംസാരിച്ചില്ലെങ്കില്‍ അവന്‍ മുഴുഭ്രാന്തനാകുമെന്ന് ജുവാനയ്ക്ക് ഏറെക്കുറെ ഉറപ്പായി.



അനിശ്ചിതത്വത്തിന്റെ ഉത്കണ്ഠയില്‍പ്പെട്ട് കമിതാവ് ഉഴലുന്നത് ഏതൊരു പ്രേയസിലും കൌതുകം ഉണര്‍ത്തും.അതിനെ പ്രണയത്തിന്റെ ഏതോ ഉദാത്ത ഭാവമായി കരുതുവാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.എന്നാല്‍ ഇവിടെ സ്ഥിതിഗതികള്‍ക്ക് നിഗൂഡ പരിവേഷം കൂടി കൈവന്നതിനാല്‍ ഒരു നിമിഷം പോലും വൈകാതെ ലൂയിസിനെ കണ്ടേ മതിയാകൂ എന്ന് ജുവാന ഉറപ്പിച്ചു. അങ്ങനെ ട്രുജിലോയില്‍ നിന്നും മടങ്ങി വന്ന് രണ്ടാം ആഴ്ച ലൂയിസിനെ അവള്‍ സന്ധിച്ചു.ബെര്‍നാല്‍ഡിനോയുടെ ഭവനത്തില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങവേ അവള്‍ കുതിരലായത്തിലെത്തി.ആ സായഹ്നത്തിലും ലൂയിസ് തിരക്കിട്ട ജോലിയിലായിരുന്നു.കുമ്മായക്കട്ടകളും നരച്ച ഉരുളന്‍ കല്ലുകളും കൊണ്ട് ചുവരിനോട് ചേര്‍ന്ന് ഒരു മുറി കൂടി അവന്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. അതാകട്ടെ ഒരു നായ്ക്കുട്ടിക്ക് പോലും നിവര്‍ന്ന് കിടക്കാന്‍ വലിപ്പമില്ലാത്തതും. അതുകണ്ടപ്പോള്‍ കൌതുകവും തമാശയുമാണ് ആദ്യം അവള്‍ക്ക് തോന്നിയത്. എന്നാല്‍ തന്‍റെ സാന്നിധ്യത്തെ പോലും തീരെ അവഗണിച്ചുകൊണ്ട് അവന്‍ അതിന്റെ പണിയില്‍ കൂടുതല്‍ വ്യാപൃതനായപ്പോള്‍ കേട്ടതൊന്നും വെറും കിംവദന്തിയല്ലെന്നും ലൂയിസിന് മാനസികവിഭ്രാന്തി പിടിപെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും ജുവാനയ്ക്ക്  ബോധ്യമായി.



മാര്‍ത്ത മുത്തശ്ശിക്കൊപ്പം അത്താഴം കഴിക്കുമ്പോഴും അവരെ ഉറക്കറയിലേക്ക് താങ്ങിപ്പിടിച്ചുകൊണ്ട് പോയപ്പോഴുമെല്ലാം ഈ വിഷയമായിരുന്നു അവളുടെ മനസ്സില്‍.മുത്തശ്ശിയുടെ അഭിപ്രായത്തോട് താന്‍ മൌനം പാലിച്ചത് തെറ്റായിപ്പോയെന്നും ഈ രണ്ടാഴ്ചക്കാലം ലൂയിസിനെ കാണാന്‍ ശ്രമിക്കാതിരുന്നത് അവനെ എത്രമാത്രം തെറ്റിധരിപ്പിച്ചിരിക്കാമെന്നും അവള്‍ തിരിച്ചറിഞ്ഞു.നിശ്ചയമായും  അവന്റെ വിഭ്രാന്തി താന്‍  മൂലമാണ് സംഭവിചിട്ടുള്ളതെന്ന മനസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി.



സ്ത്രീകള്‍ അങ്ങനെയാണ്...അവര്‍ പ്രണയത്തില്‍ പെയ്തിറങ്ങുന്ന ഉന്മാദമായി പരിണമിക്കണമെങ്കില്‍  ഏറ്റവും അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കേണ്ടത് അനിവാര്യമാണ്...കാമുകന്റെ ആത്മഹൂതിയോ അല്ലെങ്കില്‍ ഇവിടെ സംഭവിച്ചതുപോലെ അതിലും ദാരുണമായ പതനമോ അവരെ സംബന്ധിച്ചിടത്തോളം പ്രണയത്തില്‍ ഏര്‍പ്പെടാനുള്ള ആത്മീയ അനുമതി മാത്രമേ ആകുന്നുള്ളൂ.പിന്നീട് അങ്ങോട്ട്‌ സംഭവിക്കുന്നതെന്തും...നിസ്സംശയം പറയാം ...അത് പ്രണയം മാത്രമായിരിക്കും. 



വിഷാദ ചിന്തകളുടെ ആലസ്യത്തില്‍ അവള്‍ മെല്ലെ മയങ്ങി.അതൊരു കൊച്ചു മയക്കമായിരുന്നു.മുത്തശ്ശിയുടെ മുറിയിലെ നെരിപ്പോട് അണയ്ക്കുവാന്‍ മറന്നുവല്ലോ എന്നോര്‍ത്ത് വെമ്പലോടെ അവള്‍ പിടഞ്ഞെണീറ്റു.അതൊട്ടും ശാസ്ത്രീയമായി തയ്യാറാക്കിയ നെരിപ്പോട് ആയിരുന്നില്ല.ഒരു വൃദ്ധപരിചാരികയുടെ തല്ലിക്കൂട്ടിയ വീട്ടിലെ,നാളിതുവരെ കല്‍ക്കരി കണ്ടിട്ടുപോലുമില്ലാത്ത,വിറക് കമ്പുകള്‍ മാത്രം ശീലിച്ച ദാരിദ്ര്യം പിടിച്ച ഒരു നെരിപ്പോട്.എങ്കിലും അത്രകണ്ട് അപകട സാധ്യതയൊന്നുമില്ല.പുക പുറത്തേയ്ക്ക് പോകുവാന്‍ ചിമ്മിനിയുണ്ട്.എന്നിരിക്കിലും ഒരു മുന്‍കരുതലെന്ന നിലയില്‍ മാര്‍ത്ത മുത്തശ്ശി ഉറങ്ങിയ ശേഷം ജുവാന മുറിയിലെത്തി കനലുകള്‍ തട്ടിയുടച്ച്‌ തീയണയ്ക്കും.അതാണ്‌ പതിവ്.അന്നവള്‍ പതിവിലും ഒരല്‍പം താമസിച്ചുപോയി.വെപ്രാളപ്പെട്ട് റാന്തലിന്റെ തിരി തെളിച്ചു.അതിന്റെ നാളത്തെ ക്രമപ്പെടുത്തുവാന്‍ മിനക്കെടാതെ അതുമായി മാര്‍ത്തമുത്തശ്ശിയുടെ മുറിയിലേക്കോടി.വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.കതകുപാളിക്ക് പിന്നില്‍ പുറത്തേക്ക് ഇഴഞ്ഞു പടരുന്ന പുകച്ചുരുളുകള്‍ റാന്തല്‍ വെളിച്ചത്തിന്റെ മഞ്ഞപ്പില്‍ മരണമറിയിക്കുന്ന പാമ്പുകളായി അവളെ പൊതിഞ്ഞു.ഉറക്കെ നിലവിളിച്ചു കൊണ്ട് കതക് വലിച്ചുതുറന്ന്  ജുവാന അകത്തേക്ക് പാഞ്ഞു...അവിടെ ദരിദ്രമായ കിടക്കയിലെ വെടിപ്പുള്ള വിരിപ്പില്‍ മാര്‍ത്ത മുത്തശ്ശി ഉറങ്ങുന്നുണ്ടായിരുന്നു. തിണര്‍ത്ത ഞരമ്പുകള്‍ വലകെട്ടിയ ശോഷിച്ച മുഷ്ടികള്‍ കിടക്കയെ നിശ്ചലമായി ഇറുക്കിപ്പിടിച്ചിരുന്നു.നടുവ് ഉയര്‍ത്തി വായ തുറന്ന്,അല്‍പ്പം മുന്‍പ് അവസാന ശ്വാസം പ്രതീക്ഷിച്ച അതേ അവസ്ഥയില്‍.



      മരവിച്ച കൈകളിലെ മരണത്തിന്റെ തണുപ്പിനേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റെന്തോ ഭാവമായിരുന്നു അവരുടെ മുഖത്ത്.പുക കുത്തിനിറഞ്ഞ ഇടുങ്ങിയ മുറിക്കുള്ളില്‍ നിന്നും പുറത്തേക്ക് പാഞ്ഞ ജുവാന ആഞ്ഞൊന്ന് ശ്വാസമെടുക്കുകപോലും ചെയ്യാതെയാണ് സഹായം അഭ്യര്‍ഥിച്ച് ഉറക്കെ നിലവിളിച്ച് പുറത്തേക്കോടിയത്.ദൈവമേ...അതെന്തൊരു നിലവിളിയായിരുന്നു!. 



എങ്കിലും അവള്‍ക്കൊന്നു  തിരിഞ്ഞു നോക്കുവാന്‍ തോന്നിയില്ല.കല്ലുകള്‍കൊണ്ട് ആരോ മനപൂര്‍വ്വം അടച്ച ചിമ്മിനിയുടെ മുകളറ്റം ഒരുപക്ഷേ ആ രാത്രിയില്‍ ജുവാനയ്ക്ക് കാണുവാന്‍ സാധിക്കുമായിരുന്നില്ല.എങ്കിലും ആ വൃദ്ധയുടെ മരണം ഉറപ്പിച്ചശേഷം ചിമ്മിനിയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന കറുത്ത വേഷം ധരിച്ച ഒരുവനെ നിശ്ചയമായും അവള്‍ക്ക് കാണുവാന്‍ കഴിയുമായിരുന്നു.പിന്നീട് എപ്പോഴെങ്കിലും ഇക്കാര്യം ലൂയിസിനോട് പറയുമ്പോള്‍...അത്  മറ്റാരുമല്ല ട്രുജിലോയിലെ കറുത്ത മെത്രാന്‍ തന്നെയെന്ന് നിസ്സാരമായി തിരിച്ചറിയുവാനും അവന് കഴിയുമായിരുന്നു.പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല....അതില്‍ സാംഗത്യവുമില്ല.ദൈവ പുത്രന്മാരുടെ ജനനത്തിനു പിന്നിലെ അപദാനങ്ങള്‍ വാഴ്ത്തുവാനേ വിശ്വാസികള്‍ക്കറിയൂ, കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന അതിന്റെ മറുപൂരണമായ ഇരുട്ടിന്റെ സന്തതികളുടെ ജന്മത്തിന് പിന്നിലും സജ്ജീവമായ ഇടപെടലുകള്‍ ഉണ്ട് എന്നത് അവരാരും കാണുന്നതേയില്ല .

                                                                                                   (തുടരും) 

7 comments:

  1. എല്ലാ കഥകളും എന്നോ എവിടെയോ സംഭവിച്ചതിന്റെ കാലാതീതമായ അടയാളപ്പെടുത്തലുകളാണ്

    ReplyDelete
  2. നല്ല എഴുത്ത്.........................
    ആശംസകള്‍

    ReplyDelete
  3. ഖണ്ഡശ: പ്രസിദ്ധീകരിക്കുന്ന ഒരു ആഖ്യായിക ഒന്നിച്ചു ഒറ്റവീർപ്പിനു വായിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി ആസ്വദിക്കുവാൻ ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്..

    ReplyDelete
  4. ഖണ്ഡശ: പ്രസിദ്ധീകരിക്കുന്ന ഒരു ആഖ്യായിക ഒന്നിച്ചു ഒറ്റവീർപ്പിനു വായിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി ആസ്വദിക്കുവാൻ ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്..

    ReplyDelete
  5. നല്ല എഴുത്ത്.........................
    ആശംസകള്‍

    ReplyDelete
  6. ഈ അദ്ധ്യായം ഇന്നാണു വായിക്കാൻ സാധിച്ചത്. ഭാഷ അല്പം സങ്കീർണ്ണമാകുന്നില്ലേയെന്ന് വായനക്കാരൻ എന്ന നിലയിൽ എനിക്കൊരു സംശയം

    ReplyDelete
  7. വീണ്ടും ആകാംക്ഷ....!!

    ReplyDelete