### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Wednesday, March 11, 2015

സ്വര്‍ഗ്ഗീയ ശാപങ്ങള്‍ (എ.ഡി-1632 )

എ.ഡി-1632 (നോവല്‍)

ഭാഗം 1 

അദ്ധ്യായം -2 

സ്വര്‍ഗ്ഗീയ ശാപങ്ങള്‍


      മെസ്ബോണിൽ എത്തിച്ചേര്‍ന്നതിന്റെ രണ്ടാം ആഴ്ചയിലാണ് "സാന്റോ ഡോമിനോ" പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ ആദ്യമായി ഗോണ്‍സാലസ് പങ്കുകൊണ്ടത്.പട്ടിണിയും...ഭൂമി ഇടപാടില്‍ കബളിക്കപ്പെട്ടതിന്റെ കൊടുംനിരാശയും...സ്വയം ശപിച്ചുകൊണ്ടാണ് പള്ളിയില്‍ പ്രവേശിച്ചത്.എന്നാല്‍ ആ വരവ് ഒരു ആത്മീയ സ്വാന്ത്വനം തേടിയുമായിരുന്നില്ല.ഒരല്‍പ്പം വീഞ്ഞിലും ഒരു തുണ്ട് അപ്പക്കഷണത്തിലും കൊതിപൂണ്ട്‌ അക്ഷമനായി കാത്തിരിക്കവേ പുരോഹിതന്റെ വചനങ്ങളോരോന്നും പരിഹാസ ശരങ്ങളായി ആയാള്‍ക്ക്  തോന്നി.



   പുതിയ വികാരി-വെസാൽകോ-ഹൃദ്യമായ ശൈലിയിൽ ദൈവമഹനീയതയെക്കുറിച്ച് ആവേശപൂർവ്വം പ്രസംഗിക്കുകയായിരുന്നു. പരിത്യജിക്കലിനെക്കുറിച്ചും അതുവഴി പ്രാപ്തമാകുവാനിടയുള്ള പരലോക സുഖങ്ങളെക്കുറിച്ചും ഫാദർ വെസാൽകോ വാചാലനായപ്പോള്‍ ഗോണ്‍സാലസ് പല്ലുഞ്ഞെരിച്ചു.പ്രതിധ്വനി സൃഷ്ടിക്കുന്ന ഉയര്‍ന്ന മേല്‍ക്കൂരയും കടും നിറങ്ങളില്‍ ചാലിച്ച ചുവര്‍ചിത്രങ്ങളും  തന്നെ കൊത്തിവലിക്കുന്നതായി അയാള്‍ക്ക് തോന്നി. കമാന ആകൃതിയിലുള്ള വലീയ ജനാലകള്‍...അതില്‍ ചതുരാകൃതിയില്‍ കളങ്ങളായി തിരിച്ച മങ്ങിയ ചില്ലുകള്‍...ശ്മശാനത്തില്‍ നിന്നും എത്തിനോക്കുന്ന കുരിശിന്‍ തലപ്പുകള്‍.അലങ്കരിച്ച അള്‍ത്താരയിലെ ചേതനയറ്റ ശരീരത്തെ ഗോണ്‍സാലസ് വിശപ്പോടെ നോക്കി.കാല്‍ച്ചുവട്ടിലെ രക്തത്തുള്ളികളില്‍ അയാള്‍ക്ക് ദാഹം തോന്നി.



      വിശ്വാസികള്‍ പുരോഹിതനില്‍ നിന്നും ഭക്തിപുരസരം വീഞ്ഞും അപ്പവും സ്വീകരിക്കവേ ഗോണ്‍സാലസ് പാപചിന്തകളില്‍ നിന്നും മോചിതനായി തിടുക്കത്തോടെ മുന്നോട്ട് നീങ്ങി.ആളുകളെ വകഞ്ഞുമാറ്റി ഒട്ടും മാന്യതയില്ലാതെ തന്നെ സമീപിക്കുന്ന പ്രാകൃത രൂപം ഫാദര്‍ വെസാല്‍കോയുടെ കണ്ണിലുടക്കി. ആ അപരിചിത സത്വത്തെ കൌതുകത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. വൃത്തിഹീനമായ വേഷം,തോളറ്റം വളര്‍ന്ന ഇടതൂര്‍ന്ന കറുത്ത മുടി.അതില്‍ ചിലത് താടിയിലെ കുറ്റിരോമങ്ങളില്‍ ഉടക്കിക്കിടക്കുന്നു.അലസമായ ചേഷ്ടകളും ചുവടുകളും.മാനസാന്തരം പ്രാപിച്ച ഒരു പുരോഗമന വാദിയുടെയും ദൈവനിഷേധിയായ ക്ഷുഭിത യൌവ്വനത്തിന്റെയും ലക്ഷണങ്ങള്‍ ഒരേസമയം പ്രകടമായ ഒരു അപൂര്‍വ്വ വ്യക്തിത്വം.അനുകമ്പയോടെ ആ ചെറുപ്പക്കാരന് വീഞ്ഞുപകരുവാന്‍ തുനിയവേ ഫാദര്‍ വെസാല്‍ക്കോയ്ക്ക് ശക്തമായ ഒരു ആത്മീയ വിലക്ക് അനുഭവപ്പെട്ടു.ഗോണ്‍സാലസിന്റെ ചുണ്ടിലേക്ക് വീഞ്ഞ് ചഷകം ചേര്‍ക്കവേ പിന്നില്‍ കടന്നല്‍ കൂട്ടത്തിന്റെ ഇരമ്പല്‍ പോലെ ആരുടെയൊക്കെയോ ശാപവചനങ്ങള്‍.പ്രാണന്‍ വെടിയുന്ന ഒരുവന്റെ ദീന രോദനത്തില്‍ വീഞ്ഞുപാത്രം ആയിരം കഷണങ്ങളായി ചിതറി.അതില്‍ ദേവാലയവും ആള്‍ക്കൂട്ടവും അള്‍ത്താരയുമെല്ലാം അപ്രത്യക്ഷമായി.മുന്നിലും പിന്നിലും തെളിഞ്ഞ ഭീതിജനകമായ കാഴ്ചകളില്‍  അദ്ദേഹത്തിന് പ്രജ്ഞ നഷ്ടപ്പെട്ടു.



    അപരിചിതരായ കുറെ മനുഷ്യര്‍..അര്‍ദ്ധ നഗ്നരായ സ്ത്രീകള്‍.ഭയന്ന് വിതുമ്പി നില്‍ക്കുന്ന ആ  അപരിഷ്കൃത ജനത അച്ചടക്കത്തോടെ വകഞ്ഞുമാറിയ വീഥിയിലൂടെ നിരനിരയായി നീങ്ങുന്ന കുതിരപ്പടയാളികള്‍...ഏറ്റവും പിന്നില്‍ ഞൊറികളുള്ള ചുവന്ന തലാപ്പാവ് ധരിച്ച ഒരു യുവാവ്. അയാളുടെ അരപ്പട്ടയില്‍ രാജകീയ ചിഹ്നങ്ങള്‍ പതിപ്പിച്ചിരിക്കുന്നു.ഒരു അപരിഷ്കൃത ഗോത്രമേധാവിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ആ ചെറുപ്പക്കാരന്റെ ഇരുകൈകളും പിന്നിലേക്ക് പിണച്ചു കെട്ടിയിരുന്നു.പടയാളികള്‍ കുതിരപ്പുറത്തുനിന്നും അയാളെ പിടിച്ചിറക്കി ചത്വരത്തിന്റെ മധ്യത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അന്യദേശക്കാരായ പടയാളികളെ പ്രാകിക്കൊണ്ട് ജനങ്ങള്‍  അവര്‍ക്ക് നേരെ മണ്ണുവാരി എറിയുന്നു. ഗോത്രത്തിന്റെ പരമ്പരാഗത യോദ്ധാക്കളില്‍ ചിലര്‍ ബന്ധനസ്ഥനായ തങ്ങളുടെ യജമാനന് മുന്നില്‍ മുട്ടികുത്തിയിരുന്ന്‍ തങ്ങളുടെ ആത്മാവിനെ സ്വീകരിക്കുവാന്‍ യാചിച്ചുകൊണ്ട് അയാള്‍ക്ക് മുന്നില്‍ ആത്മാഹൂതി ചെയ്യുന്നു.



    നീല നിറമുള്ള ഇളകിയാടുന്ന ഒരു പരവതാനി  പോലെയാണ് വെസാല്‍കോയ്ക്ക് ആദ്യം തോന്നിയത്.വെള്ളിനിറമുള്ള ആകാശ ഞരമ്പുകള്‍ കാഴ്ചയ്ക്ക് വ്യക്തത നല്‍കി.ഇളകിമറിയുന്ന പര്‍വ്വത സമാനമായ തിരമാലകള്‍ .അതിന്റെ ഉച്ചിയില്‍ നിന്നും താഴേയ്ക്ക് കൂപ്പുകുത്തുന്ന പായ്മരങ്ങള്‍ തകര്‍ന്ന കൊച്ചു കപ്പല്‍.മരണം ഉറപ്പിച്ച നാവികര്‍ പ്രാണനില്‍ ഭയന്ന്‍ ഉറക്കെയുറക്കെ നിലവിളിക്കുന്നു. ആയിരം കറുത്ത തോരണങ്ങള്‍ പോലെ ഉലഞ്ഞു കീറിയ പായ്ത്തുണികള്‍ കൊടുങ്കാറ്റില്‍ മരണത്തെ സ്വാഗതം ചെയ്യുന്നു.ഇളകിയ മേല്‍പ്പലകയില്‍ കറുത്ത വസ്ത്രം ധരിച്ച ഒരു പുരോഹിതന്‍ ഒടിഞ്ഞ മരത്തൂണില്‍ കെട്ടിപ്പിടിച്ച്, കപ്പലിന്റെ ഉലച്ചിലില്‍ തെന്നിമാറുന്ന നനഞ്ഞു കുതിര്‍ന്ന വേദപുസ്തകം കാലുകൊണ്ട്‌ നീട്ടിപ്പിടിക്കുവാന്‍ ശ്രമിക്കുന്നു.കൊഴുപ്പ് വിളക്കിന്റെ മങ്ങിയ വെളിച്ചം നിറഞ്ഞ കൊച്ചുമുറിയില്‍ ഒരു ചാറ്റല്‍ മഴ ആസ്വദിക്കുന്ന ലാഘവത്തോടെ ഇതെല്ലാം നോക്കിക്കാണുന്ന ഒരു ചെറുപ്പക്കാരന്‍...ഉയര്‍ന്ന ചുമലുകളും കുറ്റിത്താടിയുമുള്ള ഒരു അലസ യുവത്വം.



    ചുവന്ന തലപ്പാവ് ധരിച്ച ഗോത്രമേധാവിയെ ബന്ധനവിമുക്തനാക്കി പുരോഹിതന്‍റെ അരുകിലേക്ക്‌ നീക്കിനിര്‍ത്തുന്നു.മതപരമായ എല്ലാ ചടങ്ങുകളോടും കൂടി അദ്ദേഹം അയാളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു.അനന്തരം തന്‍റെ പ്രജകളോട് സംസാരിക്കുവാന്‍ അയാള്‍ക്ക് അനുവാദം നല്‍കപ്പെടുന്നു. തനിക്കായി തയ്യാറാക്കിയ മണ്കുഴി ചൂണ്ടി ആവേശത്തോടെ അയാള്‍ പൊട്ടിത്തെറിച്ചു-



"ഞാന്‍ ഇവിടെ വിശ്രമിക്കില്ല...എങ്കിലും മാന്യമായ മരണത്തിനു വേണ്ടി ഈ അപമാനം ഞാന്‍ ഏറ്റുവാങ്ങുന്നു"



തനിക്കു മുന്നില്‍ ആത്മാഹൂതി ചെയ്തവരെ നോക്കി വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു..



"ഈ യോദ്ധാക്കള്‍ എനിക്കായി കാത്തു നില്‍ക്കുന്നു.ഇവരെ അനുധാവനം ചെയ്യും മുന്‍പേ പറഞ്ഞുകൊള്ളട്ടെ ...വഞ്ചകനായ ചെറുപ്പക്കാരാ ...നിന്നോട് കാണിച്ച ഔദാര്യമായിരുന്നു ഞാന്‍ ചെയ്ത ആദ്യത്തെ അപരാധം.എന്നില്‍ നിന്നും എല്ലാം നീ അപഹരിച്ചെടുത്തു...ഇപ്പോഴിതാ എന്‍റെ പ്രാണനും. അറിഞ്ഞുകൊള്ളൂ...എന്‍റെ ആത്മാവ് മേഘങ്ങള്‍ക്കും മുകളില്‍ ജ്വലിക്കുന്നു.ഈ കൊടിയ വഞ്ചനയുടെ പാപം തലമുറകള്‍ക്ക് മുന്‍പേ നിന്നില്‍ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു...തലമുറകള്‍ക്കും മുന്‍പേ ..."



കുപിതനായ അയാള്‍ പുരോഹിതനില്‍ നിന്നും വിശുദ്ധ ഗ്രന്ഥം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു .



   കാലത്തിന്റെ കണ്കെട്ട് പോലെ ഒരു നിമിഷത്തെ വിഭ്രാന്തി-ഫാദര്‍ വെസാല്‍കോയ്ക്ക്  ചുറ്റും കാലവും കാഴ്ചയുമെല്ലാം കീഴിന്മേല്‍ മറിഞ്ഞു.ഭയന്ന് വിറങ്ങലിച്ചുപോയ വെസാല്‍കോ തനിക്കു മുന്നില്‍ തിരുരക്തത്തിനായി കാത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ ഒന്നേ നോക്കിയുള്ളൂ.അതേ അലസ നേത്രങ്ങള്‍,ഉയര്‍ന്ന ചുമലുകള്‍.വീഞ്ഞ് പാത്രം നിലത്തുവീണ് ചിതറവേ...ഭയന്ന് വിറച്ച് അതിദയനീയമായി ഗോണ്‍സാലസിന്റെ ചെവിയില്‍ അദ്ദേഹം ഇങ്ങനെ അപേക്ഷിച്ചു.



"പാപികളുടെ സൃഷ്ടാവേ ...ദയവായി എന്‍റെ കണ്മുന്നില്‍ നിന്നും പോകൂ ..എന്നെ ഭയപ്പെടുത്താതിരിക്കൂ "



  അമ്പരപ്പോടെ ഗോണ്‍സാലസ് പുരോഹിതനെ നോക്കി.അപരിചിതനായ തന്നെ ഇവ്വിധം അപമാനിച്ചതിന്‍റെ സാംഗത്യം അയാള്‍ക്ക് മനസിലായില്ല.കഠിനമായ ഹൃദയ വേദനയോടെ അയാള്‍ പുരോഹിതനുനേരെ വീണ്ടും മുഖമുയര്‍ത്തി. മറിച്ച് എന്തെങ്കിലും ചോദിക്കും മുന്‍പേ ഫാദര്‍ വെസാല്‍കോ മോഹലാസ്യപ്പെട്ടുവീണു. വിശ്വാസികള്‍ വൈദികന് ചുറ്റും ഓടിക്കൂടവേ അവര്‍ക്കിടയില്‍ കൂടി ഗോണ്‍സാലസ് പുറത്തേയ്ക്ക് നൂണ്ടിറങ്ങി...കീശയില്‍ കുത്തിനിറച്ച അപ്പക്കഷണങ്ങളും കയ്യില്‍ ഒരുകുപ്പി വീര്യമുള്ള മുന്തിരി വീഞ്ഞുമായി...                                                                                                         

                                                                                  NEXT CHAPTER

23 comments:

  1. ഗോണ്‍സാലസിന്റെ നാലാം തലമുറയില്‍ ഈ നോവല്‍ അവസാനിക്കും....ആധുനിക ലോകത്തെ ഒരു ചരിത്ര നിഗൂഡതയുടെ മുനമ്പില്‍ ....

    ReplyDelete
  2. രണ്ടു വട്ടം വായിച്ചു.മുന്നോട്ട്‌ പോകട്ടെ.

    ReplyDelete
    Replies
    1. മുന്നിലേക്ക് അല്ല സുധീ ...നമുക്ക് പിന്നിലേക്ക് പോകാം.അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് ....

      Delete
  3. Replies
    1. അതെ ...പിന്നിലേക്ക്

      Delete
  4. ചരിത്രനിഗൂഢതകള്‍ ഓരോന്നായി തുറന്ന് വരട്ടെ, നമുക്ക് പിന്നിലേക്ക് പോകാം!

    ReplyDelete
    Replies
    1. അതേ ...അജിത്തേട്ടാ

      Delete
  5. Replies
    1. തിരൂര്‍ തുഞ്ചന്‍ മീറ്റില്‍ വരുന്നുണ്ടോ?

      Delete
  6. രണ്ടാം അദ്ധ്യായവും വായിച്ചു.

    ReplyDelete
    Replies
    1. മൂന്നാം സാക്ഷ്യം പണിപ്പുരയിലാണ്

      Delete
  7. അടുത്തത് വായിക്കാനുള്ള ആകാംക്ഷ സൃഷ്ടിച്ചുകൊണ്ടുത്തന്നെ രണ്ടാമദ്ധ്യായവും അവസാനിപ്പിച്ചത് നന്നായി
    ആശംസകള്‍

    ReplyDelete
  8. തുടര്‍ന്നേക്കാം -അല്ല, തുടരും എന്നാണ് വേണ്ടത് :) .തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ.. ആശംസകള്‍

    ReplyDelete
  9. പാപികളുടെ സൃഷ്ടാവ്, ദേവാലയത്തിൽ നിന്ന് തിരുരക്തവും ശരീരവുമായി പുറത്തേക്കോടി.


    എന്നിട്ട്???

    ReplyDelete
    Replies
    1. വാചകത്തിന്റെ തുടക്കം എന്നെ ചെറുതല്ലാത്ത വിധം ഒന്ന് അത്ഭുതപ്പെടുത്തി ...

      Delete
  10. പിന്നിലേക്ക്‌ തന്നെ പോവാം അല്ലേ അരുണ്‍.... അടുത്ത അദ്ധ്യായത്തിന് കാത്തിരിക്കുന്നു.... ആശംസകള്‍

    ReplyDelete
  11. പിറകിലേയ്ക്ക് നൂണ്ടിറങ്ങാം..

    ReplyDelete
  12. നന്നായി കേട്ടോ,
    അഞ്ചു തലമുറകളുടെ കഥ പറഞ്ഞ മാര്‍ക്കേസിന്റെ മോക്കൊണ്ട മനസ്സിലുണ്ട്.

    ഈ വരിയുടെ ഭംഗിയില്‍ മനസ്സ്കുളിര്‍ന്നു.

    //ചേതനയറ്റ ശരീരത്തെ ഗോണ്‍സാലസ് വിശപ്പോടെ നോക്കി. കാല്‍ച്ചുവട്ടിലെ രക്തത്തുള്ളികളില്‍ അയാള്‍ക്ക് ദാഹം തോന്നി.//

    ReplyDelete
  13. വായിച്ചു. ഞാനും കൂടട്ടെ.. പിന്നിലേയ്ക്ക്..

    ReplyDelete
  14. തുടരധ്യായങ്ങള്‍ കൂടി വായിക്കട്ടെ..

    ReplyDelete