"ഇതൊട്ടും ഗുണകരമല്ലാത്ത പ്രവണതയാണ് ചങ്ങാതീ.ഈ കൊടുംതണുപ്പില്‍ ഒരുമിച്ച് നമ്മള്‍ അത്താഴം കഴിച്ചു...തീകാഞ്ഞു.അതിനപ്പുറം എന്ത് ബന്ധമാണ് നമ്മള്‍ തമ്മിലുള്ളത്?..എന്നിട്ടും ചോദ്യങ്ങള്‍ കൊണ്ട് നിങ്ങൾ എന്നെ വലയ്ക്കുന്നു.അപരിചിതനായ ഒരുവന്റെ വ്യക്തിത്വം ചൂഴ്ന്നെടുക്കുവാനുള്ള പ്രവണത ബാലിശമായ അധമപ്രചോദനമല്ലേ?..താങ്കളില്‍ നിന്നും മാന്യതയും കുലീനതയുമാണ് ഞാന്‍ പ്രതീക്ഷിച്ചത്.നിരാശാജനകം...തീര്‍ത്തും നിരാശാജനകം."
ഫാദര്‍ വെസാല്‍കോയുടെ ചോദ്യശരങ്ങളെ ഇപ്രകാരമാണ് അപരിചിതന്‍ പ്രതിരോധിച്ചത്.ഏതൊരുവനും ചൂളിപ്പോകുന്ന ഈ മറുപടിയെ അതിജീവിക്കുവാന്‍ വെസാല്‍കോ പുഞ്ചിരിച്ചുകൊണ്ട് മൃദുവായ ശബ്ദത്തില്‍ വീണ്ടും ശ്രമിച്ചു.
"ക്ഷമിക്കണം...എനിക്ക് അങ്ങനെയൊരു ദുരുദ്ദേശമില്ല.താങ്കളുടെ സാമീപ്യം എന്‍റെ ആത്മാവില്‍ ശക്തമായ ഊര്‍ജ്ജപ്രവാഹം സൃഷ്ടിക്കുന്നു "
ഗൌരവഭാവത്തോടെ അയാള്‍ വെസാല്‍കോയ്ക്ക് തൊട്ടുമുന്നില്‍ മുട്ടുകുത്തി മുഖത്തുനിന്നും കണ്ണെടുക്കാതെ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.
"ആണോ?...അപ്രകാരമാണോ...എങ്കില്‍ ദൈവദാസാ...നിങ്ങള്‍ കടുത്ത മറവിരോഗത്തിന്റെ പിടിയിലാണ്.എഴുതിക്കുറിച്ചു തന്നാല്‍പ്പോലും പ്രയോജനമില്ല. നിന്റെ തലച്ചോറത്രയും കാപട്യക്കാരനായ കര്‍ത്താവ് കാര്‍ന്നു തിന്നിരിക്കുന്നു."
ചടുലമായി അയാള്‍ എഴുന്നേറ്റ് നിന്നു.ചിരിയുടെ കുത്തൊഴുക്ക് സൃഷ്ടിച്ച ഫലിതം പറഞ്ഞാസ്വദിച്ച മട്ടില്‍ ഒരു മുഴുക്കുടിയനെപ്പോലെ വീണ്ടും വീണ്ടും ഉറക്കെചിരിച്ചുകൊണ്ട് വേച്ചുവേച്ച് അയാള്‍ പിന്തിരിഞ്ഞു നടന്നു.
ഈ രംഗമത്രയും കണ്ട് അന്ധാളിച്ചു പോയ ലൂയിസ്,ഫാദര്‍ വെസാല്‍കോയ്ക്ക് അരുകിലേക്ക് മെല്ലെ നിരങ്ങി നീങ്ങി സ്വകാര്യമായിമന്ത്രിച്ചു.
"ഇയാള്‍ക്ക് മുഴുഭ്രാന്താണ് ...എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകുന്നതാണ് ഉചിതം "
അര്‍ദ്ധമനസോടെ ഫാദര്‍ വെസാല്‍കോ എഴുന്നെല്‍ക്കവേ ദൂരെ ഇരുട്ടില്‍ നിന്നും വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിച്ചു.
"ദൈവദാസാ . . .നിനക്ക് എഴുതിക്കുറിച്ചു തന്നാല്‍പ്പോലും പ്രയോജനമില്ല..ആ കുതിരയേക്കാള്‍ ഓര്‍മ്മകെട്ട ജീവിയാണ് നീ.കുന്തിരിക്കത്തിന്റെ ഗന്ധവും കുറെ കള്ളസാക്ഷ്യങ്ങളുമല്ലാതെ മറ്റൊന്നും നിന്റെ തലയിലില്ല"
ഹീനമായ ജല്‍പ്പന്നങ്ങള്‍-അതവഗണിച്ച് ഇരുവരും കുതിരയ്ക്ക് അരുകിലേയ്ക്ക് വേഗത്തില്‍ നടന്നു.ഏതാനും ചുവടുകള്‍ക്ക് ശേഷം എന്തോ പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ വെസാല്‍കോ നിന്നു.അമ്പരപ്പോടെ ളോഹയുടെ കീശയിലേക്ക് കൈ തിരുകി.നനഞ്ഞുകുതിര്‍ന്ന ഒരു കടലാസ് കീറിപ്പോകാതെ സൂക്ഷ്മതയോടെ മെല്ലെ പുറത്തെടുത്തു.
"ഓഹ് ...ലൂയിസ് ...ഞാനിത് മറന്നു പോയി.ലോപ്പസിന്റെ സംസ്കാരചടങ്ങിനിടെ ആ പെണ്‍കുട്ടി നല്‍കിയ കത്താണിത്..
മാര്‍ത്ത മുത്തശ്ശി ജുവാനയുടെ കൈവശം കൊടുത്തുവിട്ട കുറിപ്പ് നനഞ്ഞു കുതിര്‍ന്നിരുന്നു.കീറിപ്പോകാതെ സൂക്ഷ്മതയോടെ വെസാല്‍കോ അത് നിവര്‍ത്തി- മഷി പടര്‍ന്ന് വികൃതമായ ഒരു ലഘു സന്ദേശം.എങ്കിലും നീല പടര്‍പ്പുകള്‍ക്ക് പിന്നിലെ അക്ഷരങ്ങള്‍ നിഴല്‍പോലെ ഏകദേശ സംവേദനത്തിന് പര്യാപ്തമായിരുന്നു.അതൊന്ന് വായിച്ചെടുക്കുവാനുള്ള ആകാംക്ഷയില്‍ "ഒരു നിമിഷം ,ഞാന്‍ ഇപ്പോള്‍ വരാം "എന്ന് പറഞ്ഞുകൊണ്ട് വെസാല്‍കോ തിരിഞ്ഞു നടന്നു.തീയണഞ്ഞിരുന്നില്ല.അതേ ഉരുളന്‍ കല്ലില്‍ ഇരുന്നുകൊണ്ട് വെസാല്‍കോ ആയാസപ്പെട്ട് അത് വായിക്കുവാന്‍ ശ്രമിച്ചു.ലോലമായ വെള്ളിചങ്ങലകൊണ്ട് ളോഹയുടെ മാറില്‍ കൊരുത്ത,ആനക്കൊമ്പില്‍ ഉറപ്പിച്ച കൊച്ചു വട്ടക്കണ്ണട വലത് നേത്രഗോളത്തിന് മുന്നില്‍ കണ്പോളകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ച് ,ഏറെ ആയാസപ്പെട്ടാണ് വെസാല്‍കോ അത് വായിച്ചത്.അദ്ദേഹത്തിന്‍റെ ആ തത്രപ്പാട് ലൂയിസ് ദൂരെ നിന്ന് സാകൂതം വീക്ഷിച്ചു.തികഞ്ഞ അസ്വസ്ഥതതയോടെ ഒരു ബാധ്യതപോലെയാണ് അദ്ദേഹം വായന തുടങ്ങിയതെങ്കില്‍,തുടര്‍ന്നുള്ള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതേ മുഖത്ത് അത്ഭുതവും വൈകാരിക പിരിമുറുക്കങ്ങളും തെളിഞ്ഞു. ദീര്‍ഘനിശ്വാസത്തോടെ വെസാല്‍കോ ഒരിക്കല്‍ക്കൂടി ആ കത്ത് വായിച്ചു.ആര്‍ദ്രമായ മുഖഭാവത്തോടെ ലൂയിസിനരുകിലേക്ക് അദ്ദേഹം പാഞ്ഞടുത്തു.
"ലൂയിസ്...എന്നോട് ക്ഷമിക്കൂ..നമുക്ക് തിരിച്ചുപോകാം.ബെര്‍നാല്‍ഡിനോയുടെ വൃദ്ധ പരിചാരികയെ എനിക്ക് കണ്ടേ മതിയാകൂ"
"ദൈവമേ ...താങ്കള്‍ എന്താണീ പറയുന്നത്.അങ്ങേയ്ക്ക് പുലര്‍ച്ചെ ട്രുജിലോയില്‍ എത്തുവാനുള്ളതല്ലേ.ഇനി രണ്ടര മണിക്കൂര്‍ കൊണ്ട് നമുക്ക് അവിടെയെത്താം. എന്തിനാണ് വീണ്ടും മടങ്ങിപ്പോകുന്നത്?.ഈ ദുര്‍ഘടം പിടിച്ച പാതയത്രയും വീണ്ടും പിന്നിലേക്ക് പോകണമെന്നാണോ താങ്കള്‍ ആവശ്യപ്പെടുന്നത് ?"
വെസാല്‍കൊയുടെ പെട്ടെന്നുള്ള ഈ മനംമാറ്റം ലൂയിസിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.പുലര്‍ച്ചെ ട്രുജിലോയിലേക്ക് പോയാല്‍ മതിയെന്ന് പലവട്ടം താന്‍ സൂചിപ്പിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ,പേമാരിയും കൊടുംതണുപ്പുമെല്ലാം അതിജീവിച്ച് അര്‍ദ്ധരാത്രിയില്‍ ദൂരമിത്രയും സാഹസികമായി താണ്ടിയശേഷം ,പെട്ടെന്ന് മടങ്ങിപ്പോകണം എന്ന ആവശ്യം ഏതൊരുവനെയും കുപിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
"ലൂയിസ്...വീണ്ടും ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.മാര്‍ത്ത മുത്തശ്ശിയെ എനിക്ക് കണ്ടേ മതിയാകൂ..അവര്‍ എനിക്ക് അത്രയ്ക്കും വേണ്ടപ്പെട്ടവരാണ്.ഈ കത്ത് എനിക്ക് നല്‍കിയ ആ പെണ്‍കുട്ടി ആരാണ് ?"
കൂടുതലൊന്നും ചോദിക്കാതെ അവന്റെ കയ്യില്‍ പിടിച്ച് "വരൂ"എന്നുമാത്രം പറഞ്ഞുകൊണ്ട് വെസാല്‍കോ കുതിരയ്ക്കരുകിലേക്ക് വേഗത്തില്‍ നടന്നു. ജുവാനയുമായി ബന്ധപ്പെട്ടുള്ള ആ മടങ്ങിപ്പോക്ക് ലൂയിസിലും ആകാംക്ഷയുളവാക്കി.കുതിരവണ്ടിക്കുള്ളില്‍ ചിന്താഭാരത്താല്‍ വലഞ്ഞു നിശബ്ദനായിരിക്കുന്ന ഫാദര്‍ വെസാല്‍കൊയോട് അപ്പോള്‍ കാര്യം തെരക്കുന്നത് അനുചിതമായി ലൂയിസിന് തോന്നി.കുതിരയുടെ കടിഞ്ഞാണെടുത്ത് അവന്‍ ഉറക്കെക്കുടഞ്ഞു.ഉത്സാഹത്തോടെ ഏതാനും ചുവടുകള്‍ മുന്നോട്ടുവെച്ച കറുമ്പന്‍ കുതിരയെ,പെട്ടെന്നവന്‍ പിന്നിലേക്ക് ഉറക്കെ കടിഞ്ഞാണ്‍ വലിച്ച് നിര്‍ത്തി.ആ വേദനയില്‍ അവനൊന്ന് ചിനച്ചു-വണ്ടിയൊന്നാകെ ഉലഞ്ഞു നിന്നു.
"എന്തുപറ്റി ?...എന്താണ് നീ നിര്‍ത്തിയത്?".പിന്നില്‍ നിന്നും വെസാല്‍കോ ചോദിച്ചു.
"നാശം...ആ ചമ്മട്ടി ഞാന്‍ അവിടെ വെച്ച് മറന്നു .ഒരു നിമിഷം...അത് എടുത്തിട്ടു വരാം" ചാടിയിറങ്ങി ലൂയിസ് പിന്നിലേക്ക് ഓടി.
തീയണഞ്ഞിരുന്നു.ചുവന്ന കനലുകളുടെ പ്രഭയില്‍ ,ഉരുളന്‍ കല്ലിന് ഓരംചേര്‍ന്നു കിടന്ന ചമ്മട്ടി അവന്‍ കുനിഞ്ഞെടുത്തു.അല്‍പ്പം അകലെ,തന്‍റെ മുഷിഞ്ഞ മാറാപ്പില്‍ നിന്നും പിഞ്ചിദ്രവിച്ച മേല്‍വസ്ത്രം വലിച്ച് പുറത്തെടുക്കുന്ന ആ ഭ്രാന്തനെ ലൂയിസ് കണ്ടില്ലെന്നു നടിച്ചു.അവന്‍ ധൃതിയില്‍ തിരിഞ്ഞുനടക്കവേ അയാള്‍ ഏറ്റവും സൌമ്യമായി പറഞ്ഞു ..
അയാള്‍ ലൂയിസിന് അരുകിലെത്തി അവന്റെ തോളില്‍ മെല്ലെ അമര്‍ത്തിക്കൊണ്ട് ഉന്മാദിയായ ഒരു പ്രവാചകനെപ്പോലെ പുലമ്പി
"നിന്റെ സവാരിക്കാരന്‍ ഓര്‍മ്മകെട്ടവനാണ് ...ഒരു കത്തു വായിക്കുവാന്‍ പോലും ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടി വന്നു.നീ അങ്ങനെയാവരുത്.എന്‍റെ മുഖം നീ മറക്കരുത്. നിശ്ചയമായും നിനക്കത് ഉപകരിക്കും.അടുത്ത കാലത്തൊന്നും ആവണമെന്നില്ല ..ഒരുപക്ഷെ സംവല്‍സരങ്ങള്‍ക്ക് ശേഷമായിരിക്കാം...നാല് ചുറ്റും തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന തുരുത്തില്‍,നിരാലംബനായ നീ എന്‍റെ പ്രഭുവിന്റെ കാരുണ്യം അനുഭവിക്കുവാന്‍ ഇടവരും ...അതെ ...സത്യമായും അതുണ്ടാവും "
അയാളുടെ കൈ തട്ടിമാറ്റി ലൂയിസ് മുന്നോട്ടോടി...വീണ്ടും അയാള്‍ ഉറക്കെയലറി.
"വിഡ്ഢീ ...നിങ്ങളുടെ ഈ മരണപ്പാച്ചില്‍ എന്‍റെ പ്രഭുവിന്റെ ജന്മം കുറിക്കുവാനാണ് ...അതേ..എന്‍റെ പ്രഭുവിന്റെ പിതൃത്വം നിനക്കവകാശപ്പെട്ടതല്ല.നീ വെറും ഇടനിലക്കാരന്‍...ആ പെണ്ണിന്റെ വെറും കാമുകനായി ഒടുങ്ങിത്തീരുവാന്‍ വിധിക്കപ്പെട്ട മഠയന്‍..."
അവസാന വാചകത്തില്‍ ലൂയിസിന്റെ ഓട്ടം നിലച്ചു.അത് അവന്റെ ഹൃദയത്തില്‍ ചൂണ്ട പോലെ കൊത്തിവലിച്ചു.പിന്തിരിഞ്ഞു നോക്കിയപ്പോള്‍,അപരിചിതനായ ഭ്രാന്തന്‍ തന്‍റെ മേല്‍വസ്ത്രവുമണിഞ്ഞ്, ചെമ്മണ്‍ പാതയിലൂടെ മെല്ലെ അവരെ അനുധാവനം ചെയ്യുകയാണെന്ന് അവന് തോന്നി.അയാളുടെ വേഷം ലൂയിസില്‍ ഒരല്‍പം ഞെട്ടലുളവാക്കി...കറുത്തു ദ്രവിച്ച പുരോഹിത കുപ്പായം.പണ്ടെന്നോ സഭ പുറത്താക്കിയ,ട്രുജിലോയിലെ കുപ്രശസ്തനായ ആ കറുത്ത മെത്രാന്‍ .
ഈ നോവല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞാല്‍, പെസഫിക്കിലെ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്ക് നടുവില്‍ ഈ ഭ്രാന്തന്‍ മെത്രാനേയും ലൂയിസിനെയും വീണ്ടും നമുക്ക് കാണാം..ഒപ്പം ഇനിയും പിറവിയെടുത്തിട്ടില്ലാത്ത ആ പ്രഭുവിന്റെ സാന്നിധ്യത്തില്‍ ...ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ നിഗൂഡതയും ഒപ്പം അനാവരണം ചെയ്യുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ . . . .If you enjoyed this chap...get ready to travel with the most cruel ocean explorers of 16 th century...expecting your valuable remarks...(no fb share plz)
ഈ നോവല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞാല്‍, പെസഫിക്കിലെ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്ക് നടുവില്‍ ഈ ഭ്രാന്തന്‍ മെത്രാനേയും ലൂയിസിനെയും വീണ്ടും നമുക്ക് കാണാം..ഒപ്പം ഇനിയും പിറവിയെടുത്തിട്ടില്ലാത്ത ആ പ്രഭുവിന്റെ സാന്നിധ്യത്തില്‍ ...ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ നിഗൂഡതയും ഒപ്പം അനാവരണം ചെയ്യുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ . . . .If you enjoyed this chap...get ready to travel with the most cruel ocean explorers of 16 th century...expecting your valuable remarks...(no fb share plz)
ReplyDeleteആകാംക്ഷയോടെ കാത്തിരിക്കുന്നു.
ReplyDeleteഒരു ഹോളിവുഡ് സിനിമ കാണുന്ന സുഖം നല്‍കുന്ന എഴുത്ത്.മലയാളി നോവലിസ്റ്റുകള്‍ക്ക് അപ്രാപ്യമായ ശൈലി.രണ്ടാം നോവലും അതിമാനോഹരമാകും .അഭിനന്ദനങ്ങള്‍
ReplyDeleteWell... Go ahead
ReplyDeleteWell... Go ahead
ReplyDeleteWell... Go ahead
ReplyDeleteത്രില്ല്ലിംഗ് സെന്‍സേഷന്‍!!!
ReplyDeleteആകാംക്ഷാഭരിതം!
ReplyDeleteആശംസകള്‍
OMG
ReplyDelete