### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, May 10, 2016

മുഴുക്കുടിയനായ സിമോണ്‍ (എ.ഡി 1632)


നോവല്‍ എ.ഡി 1632
ഭാഗം 1-അദ്ധ്യായം 15
മുഴുക്കുടിയനായ സിമോണ്‍


ഉരുളക്കിഴങ്ങ് വാറ്റിയ ഒന്നരക്കോപ്പ മദ്യവും അയമോദകം വിതറിയ,നെയ്ക്കുമിളകൾ വീർത്തുപൊട്ടുന്ന കനലിൽ ചുട്ട മാട്ടിറച്ചിയുമാണ്  ഡാമിയൻ തന്‍റെ പുതിയ  അതിഥിക്ക് വിളമ്പിയത്.സത്രത്തിന്‍റെ പറഞ്ഞുകേട്ട അതിശയോക്തിയെ കണ്ണുകൾ കൊണ്ട് തെരയുന്ന തെരക്കിലായിരുന്ന ഗോൺസാലസ്,തന്‍റെ എതിർവശം ഇരുന്നിരുന്നവൻ കൊതിയോടെ മൂക്കുവിടർത്തി പാത്രത്തെ അപ്പാടെ ആസ്വദിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ചില്ല. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ചൂളിപ്പോയ അജ്ഞാതൻ അത് മറയ്ക്കുവാൻ മുരടനക്കി മുഖം വെട്ടിച്ചു.നെറ്റിയിലും കവിളുകളിലും കയ്പ്പിന്‍റെ ചുളിവുകൾ പ്രകടമാക്കി തിടുക്കപ്പെട്ട് വിലകുറഞ്ഞ മദ്യം  ഒരൊറ്റവലിക്ക് അകത്താക്കി. എന്നിട്ടും വിട്ടുമാറാത്ത ജാള്യതയെ നാടകീയമായി കീഴടക്കിക്കൊണ്ട് പൊടുന്നനെ  അയാൾ ചോദിച്ചു."നിങ്ങൾ ഇവിടെ  ആദ്യമാണ്‌ ...അല്ലേ ?"ആവിപറക്കുന്ന പാത്രം മെല്ലെ മുന്നോട്ട് നിരക്കി നീക്കിക്കൊണ്ട് ഗോൺ സാലസ് കുസൃതിഭാവത്തില്‍  മന്ത്രിച്ചു."അതെ...ഈ  ചവർപ്പുള്ള ലഹരി  മുന്തിയ ഇനംതന്നെ .നമുക്കതിനെ ഈ  ചുട്ട നാൽക്കാലിയുമായി ചേർത്ത് ആസ്വദിക്കാം ""താങ്കൾ അത്  ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും" .പറഞ്ഞുതീരും മുൻപേ ഒരു  തടിയൻ ഇറച്ചിത്തുണ്ട്  അയാൾ കടിച്ച് അടർത്തിയെടുത്തു.ആർത്തിയോടെ അതിനെ ചവച്ചു മെരുക്കുമ്പോൾ കീഴ്ത്താടിയിലെ  ചെമ്പൻ രോമങ്ങളിലേക്ക് ഒലിച്ചിറങ്ങിയ കൊഴുപ്പിനെ കൈത്തണ്ടകൊണ്ട് വശത്തേക്ക് തുടച്ചുമാറ്റി,ബദ്ധപ്പെട്ട് പറഞ്ഞൊപ്പിച്ചു."താങ്കളെ  മുൻപും ഞാൻ കണ്ടിട്ടുണ്ട്...ചന്തയിൽ... പൊടിപൊടിക്കുന്ന തുകൽക്കച്ചവടക്കാരൻ"  "അതേ ..ഞാൻ  ഗോൺസാലസ്.പക്ഷെ  കച്ചവടം  അത്രയ്ക്കങ്ങ്  പൊടിപൊടിക്കുന്നൊന്നുമില്ല ""അറിയാം..അറിയാം...അറിയാം ചങ്ങാതീ...പേര്  അത്ര പരിചിതമല്ലെന്നേയുള്ളൂ.നിങ്ങളെപ്രതി ഞാൻ ഇടയ്ക്കൊക്കെ കീശ  വീർപ്പിച്ചിട്ടുമുണ്ട്."
"ഓഹോ ...അത് കൊള്ളാമല്ലോ...ഊം ...ഞാൻ വിശ്വസിച്ചു."

മറുപടിയിലെ അവിശ്വാസത്തിന്‍റെ  നർമ്മരസം അപരിചിതനേയും രസിപ്പിച്ചു.അയാൾ  കൂടുതൽ വാചാലനായി.
"സത്യം...ഗവർണ്ണറുടെ രണ്ടാം ഭാര്യയ്ക്കും സർജ്ജന്‍റിന്‍റെ സഹോദരിക്കും നിങ്ങളോട് കലശലായ പ്രേമമാണ്.നിങ്ങളൊരു അരസികൻ...ച്ഛായ്...ഇതൊന്ന് താങ്കളോട്  അവതരിപ്പികുവാൻ രണ്ടുപേരും  എന്നെയാണ് ശട്ടംകെട്ടിയത്.ഒരു സത്യം കൂടി  പറയട്ടെ ..ചങ്ങാതീ..നിന്‍റെ പ്രണയ ഭാഷണങ്ങൾ ഭാവനയിൽ മെനെഞ്ഞെടുത്ത് കഴിഞ്ഞ അഞ്ചെട്ടു മാസങ്ങളായി തരക്കേടില്ലാതെ ഞാൻ അവർക്ക് വിൽന്നുണ്ട്.ഭാവനയുടെ ഭംഗിക്കനുസരിച്ച് ചില്ലറയും തടയുന്നുണ്ട്‌. അല്ല ചങ്ങാതീ....അതിലൊന്നിനെ  അങ്ങ് പ്രേമിക്കരുതോ?.ഇടയ്ക്കൊക്കെ നടുവിനൊരു വ്യായാമം എന്തുകൊണ്ടും നല്ലതാണ്. 

ചുവപ്പൻ നീര് തലയിൽ അടുപ്പുകൂട്ടിയ ലഹരിയുടെ ആനന്ദത്തിലല്ല,സത്യസന്ധമായ ആ ഫലിതത്തിലാണ് ഗോൺസാലാസ് ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചത്. 
"എന്‍റെ നടുവനക്കം നിങ്ങൾക്കും പ്രയോജനപ്പെടുമെങ്കിൽ രണ്ടിനേയും മാറിമാറി ആയിരംവട്ടം മാറിമാറി  ഞാനങ്ങ് പ്രണയിച്ചേക്കാം "
ഇത്രയും പറഞ്ഞുകൊണ്ട് ഗോൺസാലസ് തന്‍റെ മദ്യ ചഷകം ഉയർത്തി. ലഹരിയിൽ കുഴഞ്ഞ അപരിചിതൻ അതിലേക്ക് പാനപാത്രം മുട്ടിച്ചതും ഗോൺസാലസിന്‍റെ ചില്ലുപാത്രം ഉടഞ്ഞു.
"ഉരുളക്കിഴങ്ങിന്‍റെ വാറ്റിയ സത്ത നിങ്ങളേയും അതിഗാഡമായി പ്രണയിക്കുന്നുണ്ട്"
ഇങ്ങനെയൊരു ഫലിതം പോട്ടിച്ചുകൊണ്ടാണ് അസ്വസ്ഥത പടർന്ന ആ സാഹചര്യത്തെ ഗോണ്‍സാലസ് ചിരിയില്‍ മുക്കിയത്. അതിന്‍റെ അവരോഹണക്കിതപ്പിൽ ഗോൺസാലസ് ചോദിച്ചു.
"ചങ്ങാതീ...നിന്‍റെ ആ വൃത്തികെട്ട പേര് മാത്രം ഇതുവരെ പറഞ്ഞില്ല"
സിമോണിന്‍റെ ചുണ്ടനക്കത്തിനും മുൻപേ,ഉടഞ്ഞ ചില്ല്  കോപ്പയ്ക്ക് പകരം മറ്റൊന്ന് മേശപ്പുറത്ത് വെച്ചുകൊണ്ട്,അപരിചിതന്‍റെ ചുണ്ടനക്കത്തെ കീഴടക്കി ഡാമിയൻ ആ പേര് പറഞ്ഞു.
"സിമോൺ ....നിർഭാഗ്യവാനായ സിമോൺ ".
കൈപ്പുസ്തകത്തിൽ കുത്തിക്കുറിക്കൽ  നടത്തവേ,മദ്യ കച്ചവടക്കാരന്‍റെ കപട ഭവ്യതയോടെ വീണ്ടും ഡാമിയൻ ചോദിച്ചു.
"മറ്റെന്തെങ്കിലും ?".
അനവസരത്തിലുള്ള അയാളുടെ ഇടപെടലിലുള്ള അതൃപ്തിയോടെ ഡാമിയന് മുഖം കൊടുക്കാതെ പരുഷമായി ഗോൺസാലസ് പറഞ്ഞു .
"ഞങ്ങൾക്ക് നാല് കോപ്പ മദ്യവും താങ്കളിൽ നിന്നും ഒരൽപ്പം കൂടി മാന്യതയും".
ബുദ്ധിപ്പാനീയം മേശമേല്‍ വന്നുനിരന്നിട്ടും സിമോൺ മുഖം ഉയർത്തിയില്ല.കാത്തിരിപ്പിനൊടുവിൽ ഒന്നരക്കോപ്പ കൂടി ഉള്ളിൽച്ചെന്ന തീക്കനലിൽ ഗോൺസാലസിന് ചോദിക്കാതിരിക്കുവാൻ  കഴിഞ്ഞില്ല.
"ആ  തന്തയ്ക്ക്  പിറക്കാത്തവൻ എന്തോ പറഞ്ഞു .അതിന്  നീയെന്തിനാടാ  കഴുവേറീ ഇങ്ങനെ കഴുത്തൊടിച്ചിരിക്കുന്നത്."
 തലയുയർത്താതെ തന്നെ സിമോൺ പിറുപിറുത്തു.
"നിർഭാഗ്യവാനായ സിമോൺ"....ആ വിശേഷണം എനിക്കുമേൽ സ്ഥാപിക്കപ്പെട്ട അത്രയ്ക്കും സത്യസന്ധമായ ശാപമായതുകൊണ്ട്... സമ്പർക്കപ്പെടുന്നവർക്ക് നിർഭാഗ്യം മാത്രം ചൊരിയുന്ന ചെകുത്താനാണ്‌ ഞാനെന്ന് ഏവരും കുറ്റപ്പെടുത്തുന്നു."
കുറച്ചു സമയം അയാളൊന്നും സംസാരിച്ചില്ല.പിന്നെ തുടര്‍ന്നു.
"നോക്കൂ...ഇപ്പോൾ ഞാനൊരു പാതിക്കിഴവൻ ആയിക്കഴിന്നിരിക്കുന്നു. പണ്ട് എനിക്കുമൊരു ബാല്യമുണ്ടായിരുന്നു.ഹോ...അതൊന്നു തീർന്നുകിട്ടുവാൻ ഞാൻ എത്ര പ്രാർഥിച്ചിട്ടുണ്ടെന്ന് അറിയുമോ?.മാർക്കോ പോളോയെപ്പോലെ കടലിനെ ഇളക്കിമറിക്കുന്ന നാവികൻ ആകണമെന്ന് ഞാൻ ആഗ്രഹിച്ചു.ആ പ്രലോഭനങ്ങളിൽ കണ്ട സ്വപ്നങ്ങൾക്കും അതിരില്ലായിരുന്നു. ആകാശത്ത്‌ ചിറകു വിടർത്തുന്ന കഴുകനെപ്പോലെ,എന്‍റെ വാൾമുനയിലൂടെ കടലിനെ കീറിപ്പായുന്ന ഒരു കൂറ്റൻ മരപ്പക്ഷി...തിമിർത്തു പെയ്യുന്ന മഹാമാരിയിലും തകർത്തെറിയുന്ന കൊടുംകാറ്റിലും കല്ലിനെ പിളർക്കുന്ന ആജ്ഞകൾ ഞാൻ നൽകുന്നു.ഇരട്ട മരണഭീതിയിൽ എന്‍റെ നാവികർ ആകാശ ഗർജ്ജനത്തെ മറന്ന് എന്നെ മാത്രം കാതോർക്കുന്നു...ആഹ്"
ആവേശത്തോടെ ഒരു കോപ്പ മദ്യം അകത്താക്കി സിമോൺ തുടർന്നു.
"അറിയാമോ ചങ്ങാതീ ...ഈ മദ്യത്തെക്കാൾ ലഹരിപകരുന്ന എത്രയോ കടൽ സ്വപ്നങ്ങൾ പതിനാലാം വയസുമുതൽക്കേ എന്നെ ഹരം കൊള്ളിച്ചിരുന്നു.അതിലൊന്നിൽ ആകാശവിതാനങ്ങളെ തട്ടിയിളക്കുന്ന കൂറ്റൻ തിരമാലകളാണ് ഞാൻ കണ്ടത്.പൊട്ടിയ പായച്ചരടുകളിൽ നിന്നും ശരീരത്തെ വിട്ട് പ്രാണൻ പിടഞ്ഞിറങ്ങുന്നതുപോലെ ഉതിർന്നൂറിത്തെറിക്കുന്ന പായത്തുണ്ടുകൾ...ഭയന്നു വിറച്ച എന്‍റെ നാവികർ....അയ്യോ...ചങ്ങാതീ പറയാൻ ഞാൻ മറന്നു-ആ കപ്പലിലെ കപ്പിത്താൻ ഞാനായിരുന്നു...അവർ-ഭയന്നുവിറച്ച എന്‍റെ നാവികർ,പായ്മരത്തിന്റെ ചുവട്ടിൽ കോടാലി വെച്ചു.ഒരു കപ്പിത്താനെ സംബന്ധിച്ചിടത്തോളം അത് അവന്റെ ലിംഗത്തിൽ കത്തി വയ്ക്കുന്നത് പോലെയല്ലേ "
"ആണോ?"
"ആഹ് ...അതെ.രസം കെടുത്തരുതേ ചങ്ങാതീ...ഞാനൊന്ന് പറഞ്ഞു തീർത്തോട്ടെ."
നാലാമത്തെ കോപ്പയും തീർത്ത്‌ അത്യാവേശത്തോടെ സിമോൺ തുടർന്നു.
"കൊടുംകാറ്റിനേക്കാൾ വേഗതയിൽ വാൾത്തലപ്പുകൊണ്ട് ഭീരുക്കളായ ആ പതിനെട്ടു നാവികരുടെയും തല ഞാൻ മുഴുത്ത മുലയുള്ള മത്സ്യകന്യകമാർക്ക് നൽകി.ഭൂമിയെ മുഴുവനും വിഴുങ്ങുവാൻ കരുത്തുള്ള അത്യുഗ്രൻ തിരയുടെ തലപ്പത്തായിരുന്നു അപ്പോൾ എന്‍റെ കപ്പൽ.നിന്നെപ്പോലെയുള്ള പാപികൾക്ക് പ്രവേശനമില്ലാത്ത സ്വർഗത്തിന്‍റെ അടിത്തട്ടിൽ എന്‍റെ തലമുട്ടിയെന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ?... സത്യമായും...കുരിശിൽത്തറച്ച കർത്താവിന്‍റെ കാൽപ്പാദം എന്‍റെ അത്രയ്ക്കും തൊട്ടു മുന്നിലായിരുന്നു. വാൾമുനകൊണ്ട് എനിക്ക് തുരുമ്പിച്ച ആ ആണിത്തുമ്പ് ചുരണ്ടി ദൂരെത്തെറിപ്പിക്കാമായിരുന്നു.പക്ഷെ അന്നും ഞാൻ നിർഭാഗ്യവാനായിരുന്നു...ഒരു കൂപ്പുകുത്തൽ...ആ സ്വർഗ്ഗവിതാനത്തിൽ നിന്നും കടലിന്‍റെ മണൽത്തറയിലേക്ക്-പെണ്ണിന്‍റെ വഞ്ചനയേക്കാൾ വേഗത്തിലുള്ള കൂപ്പുകുത്തൽ. കപ്പലിന്‍റെ മുനമ്പ്‌ മണൽത്തറയിൽ തറച്ചു നിന്നു.മെല്ലെ ഞാൻ നിലത്തിറങ്ങി.നീ കടലിന്‍റെ അടിത്തട്ട് കണ്ടിട്ടുണ്ടോ?..അവിടം നക്ഷത്രങ്ങളെക്കാൾ പ്രകാശം വിതറുന്ന പെണ്മീനുകളുടെ കണ്ണുനീർത്തിളക്കത്താൽ ജ്വലിച്ചുനിൽക്കും.മുജ്ജന്മങ്ങളില്‍ നഷ്ടപ്രണയങ്ങളില്‍ പ്രാണന്‍ വെടിഞ്ഞ,കുഞ്ഞു മുലകളും നീലക്കണ്ണുകളുമുള്ള,മാലാഖമാരേക്കാള്‍ നിഷ്കളങ്കരായ സുന്ദരിപ്പെണ്‍കൊടികളാണ് ആ പെന്മീനുകള്‍.കുലടകളായ സ്ത്രീകൾ പക്ഷെ കടലിന്‍റെ കൂരിരുട്ടിൽ മത്സ്യകന്യകമാരായി പുനർജ്ജനിക്കും.ഞാൻ തലയരിഞ്ഞ ആ പതിനെട്ട് നാവികർ എപ്പോഴൊക്കെയോ ഭോഗിച്ച പതിനെട്ട് വേശ്യകളിൽ നിന്നും പുനർജ്ജനിച്ച പതിനെട്ട് മത്സ്യകന്യകകൾ ഒരു മിന്നൽപ്പിണർ പോലെ...അവരെന്നെ നേടുകയും കുറുകയും പകുത്തെടുത്തു...."
ലഹരിഭാരത്താൽ സിമോണിന്‍റെ തല മേശപ്പുറത്തേക്ക് കൂമ്പിവീണു.ബദ്ധപ്പെട്ട് തപ്പിപ്പിടിച്ച് എഴുന്നേറ്റിരുന്ന്  കുഴഞ്ഞ നാവോടെ തുടർന്നു.
"അങ്ങനെ പത്തൊൻപതാം വസസ്സുവരെയുള്ള ഒരുപാട് ഒരുപാട് സ്വപ്നങ്ങൾക്കൊടുവിൽ ആദ്യമായി എനിക്കൊരു കപ്പൽ ജോലി തരപ്പെട്ടു.കപ്പിത്താനോ നാവികനോ ഒന്നുമായിട്ടല്ല കേട്ടോ...അടിത്തട്ടിലെ തുഴച്ചിൽക്കാരായ  അടിമകൾക്ക് ആഹാരം കൊടുക്കുന്നതും അവരുടെ തീട്ടം കോരുന്നതും മൂത്രം തുടയ്ക്കുന്നതുമായിരുന്നു ജോലി.ചിലപ്പോഴൊക്കെ അവരുടെ പുറം പൊളിയ്ക്കുന്ന ചമ്മട്ടി പ്രയോഗവും ഞാൻ നടത്തിയിട്ടുണ്ട്. നിസ്സംശയം പറയാം....മൂന്നിലും ഞാൻ  ആത്മാർഥമായി യത്നിച്ചു. ഒരിക്കൽ എന്‍റെ ചമ്മട്ടിത്തുമ്പ്‌ ഒരു കറുമ്പൻ പുഴുവിന്‍റെ വാരിയെല്ല് വരെ പറിച്ചെടുത്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും എനിക്ക് മുകൾത്തട്ടിലേക്ക് പ്രവേശനമില്ലായിരുന്നു. മാസങ്ങളോളം റാന്തൽ വെട്ടത്തിൽ...കടലിലെ നിയമങ്ങൾ  കരയിലേക്കാൾ ഒരുപാട് കർശനമാണ്.അതുമായി സമരസപ്പെടലാണ്  ആദ്യപാഠം. അടങ്ങാത്ത അഭിവാച്ഛ കൊണ്ടായിരിക്കാം കലഹമേതുമില്ലാതെ അതുമായി ഞാൻ പെട്ടന്നിണങ്ങി.പക്ഷെ എന്‍റെ ആദ്യ യാത്ര...അത് എന്‍റെ നിർഭാഗ്യത്തിന്‍റെയും തുടക്കമായിരുന്നു. മാസങ്ങളോളം മുകൾത്തട്ട് കണ്ടില്ല.എങ്കിലും ഞാൻ സംതൃപ്തനായിരുന്നു."
മുട്ടറ്റം വെള്ളത്തിൽ പോലും ഇറങ്ങിയിട്ടില്ലാത്ത ഗോൺസാലസ്, ആകാംക്ഷയിൽ വിടർന്ന ലഹരിക്കണ്ണുകളോടെ ചോദിച്ചു.
"എന്നിട്ട് ?"

                                                                                  (തുടരുമായിരിക്കും )