വെസാല്‍കോയുടെ നരകയാത്ര
നോവല്‍ -എ.ഡി1 632
ഭാഗം -1
അദ്ധ്യായം -8
ആ മൂകയാത്ര കാപ്രിയോ പര്‍വ്വതത്തിന്റെ ദുസ്സഹമായ കയറ്റം പൂര്‍ത്തിയാക്കുവാന്‍ നാല് ഫര്‍ലോങ്ങ് മാത്രം ശേഷിക്കവേ,അതിശക്തമായ കിഴക്കന്‍ കാറ്റില്‍ ചുരം മൂളിത്തുടങ്ങി.ശീതക്കാറ്റ് ചെവിക്കുള്ളില്‍ കുത്തിനോവിച്ചപ്പോള്‍ തോളുയര്‍ത്തി ലൂയിസ് വലതു ചെവി മറച്ചു.കുതിരയുടെ മുതുകില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ തുടരെ തുടരെ പ്രഹരിച്ച് പരമാവധി വേഗത്തില്‍ അതിനെ അവന്‍ നിലം തൊടാതെ പായിച്ചു.അതില്‍ അസ്വസ്ഥത തോന്നി ലൂയിസിനെ വിലക്കുവാന്‍ തുനിഞ്ഞ ഫാദറിനെ സുഖകരമല്ലാത്ത പരുക്കന്‍ വാക്കുകള്‍ കൊണ്ടാണ് അവന്‍ കീഴ്പ്പെടുത്തിയത്...
"ദയവു ചെയ്ത് ഇപ്പോള്‍ താങ്കള്‍ ഇതില്‍ ഇടപെടരുത് ...മറ്റേത് അവസരത്തിലുമെന്നതുപോലെ ധാര്‍മ്മികതയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമല്ലിത്. ഞങ്ങള്‍ക്കിടയിലെ ആശയവിനിമയമായി മാത്രം ഇപ്പോള്‍ ഇതിനെ കണ്ടാല്‍മതി "
ആ മറുപടി അത്ര സ്വീകാര്യമായി തോന്നിയില്ലെങ്കിലും ഫാദര്‍ വെസാല്‍കോ പ്രതിഷേധ സൂചകമായി പിടലിവെട്ടിച്ച് ഒന്നിളകിയിരുന്നു.എങ്കിലും ചാട്ടയുടെ കാതടപ്പിക്കുന്ന തുടര്‍ച്ചയായുള്ള ശബ്ദവും ആ നാല്‍ക്കാലി പ്രകടിപ്പിക്കുന്ന ദയനീയ വിധേയത്വവും വെസാല്‍കോയെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനാക്കി.
"എന്തുതന്നെ പറഞ്ഞാലും ഇതൊരു പൈശാചികമായ പ്രവൃത്തിയാണ് ലൂയിസ്. ആ മിണ്ടാപ്രാണിയുടെ ആത്മാവ് ഓരോ പ്രഹരത്തിലും ആയിരം പ്രാവശ്യമെങ്കിലും നിന്നെ ശപിക്കുന്നുണ്ട്"
അവന്‍ പെട്ടെന്ന് കുതിരയെ നിര്‍ത്തി.അല്‍പ്പസമയത്തെ നിസ്സംഗതയ്ക്ക് ശേഷം പിന്നിലേക്ക് തിരിഞ്ഞ് ഒരു കൃതൃമ വിനയത്തോടെ,പതിഞ്ഞ ശബ്ദത്തില്‍ വെസാല്‍കോയോട് പറഞ്ഞു.
അതെയോ ?. . . എങ്കില്‍ ഇതുകൂടി അറിഞ്ഞുകൊള്ളൂ . . .ശക്തമായ കിഴക്കന്‍ കാറ്റ് വീശുന്നുണ്ട്. അല്‍പ്പ സമയത്തിനുള്ളില്‍ മഴയുണ്ടാവും.അങ്ങനെ സംഭവിച്ചാല്‍ കാപ്രിയോ സുന്ദരി അവളുടെ അരഞ്ഞാണത്തിലേക്ക് കുഴഞ്ഞ ചെളിമണ്ണു ചുരത്തും.ഇവന്റെ കുളമ്പും ചക്രങ്ങളും അതില്‍ പുതഞ്ഞു തെന്നിയാല്‍,ഞാനും താങ്കളും ഇവനും അങ്ങുതാഴെ എന്നെക്കാള്‍ മാന്യതകെട്ട ജന്തുക്കള്‍ക്ക് ഭക്ഷണമാകും.അങ്ങനെ സംഭവിച്ചാല്‍ സുവിശേഷം പ്രസംഗിച്ചു ശീലച്ച ഒരു ആത്മാവുകൂടി എന്നെ പഴിചാരും...അതുകൊണ്ട് ....ഇപ്പോള്‍ അങ്ങ് ദയവായി ആത്മീയ വിശകലനങ്ങള്‍ക്ക് മെനക്കെടാതെ യുക്തിയുടെ പ്രായോഗിക വശംകൊണ്ട് ചിന്തിക്കുക...എന്നിട്ടും ധാര്‍മ്മിക ബോധം അങ്ങയെ വിട്ടൊഴിയുന്നില്ലെങ്കില്‍....ഇവനില്‍ ഞാന്‍ ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ ഓരോന്നും നമ്മള്‍ മൂവരുടേയും അതിജീവനത്തെ കരുതിയുള്ള പ്രാര്‍ഥനയായി കരുതിക്കൊള്ളൂ.
ഒഴുക്കന്‍ മട്ടിലാണ് ലൂയിസ് പൂര്‍ത്തിയാക്കിയത്.അവസാന വാചകം ഫാദറിനെ തെല്ലൊന്ന് അമ്പരപ്പിച്ചു.കാപ്രിയോ പര്‍വ്വതത്തിന്റെ പകുതിയും പിന്നിട്ടുകഴിഞ്ഞ ആ മൂവര്‍ സംഘത്തെയും,അവരെ നയിക്കുന്ന ഇടുങ്ങിയ പാതയേയും, കാതങ്ങള്‍ക്ക് താഴെ ഇലപ്പടര്‍പ്പുകള്‍ക്ക് പിന്നില്‍ നിരാശ പൂണ്ട ആര്‍ത്തിയോടെ അവരെ തലയുയര്‍ത്തി വീക്ഷിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളേയുമെല്ലാം തെളിമയോടെ ക്ഷണനേരം അടയാളപ്പെടുത്തിക്കൊണ്ട് ഒരു ചുവന്ന മിന്നല്‍പ്പിണർ കാപ്രിയോ സുന്ദരിയുടെ പിന്നിലേക്ക് പാഞ്ഞോളിച്ചു... തൊട്ടുപിന്നാലെ... കോടാനുകോടി ലോഹമുത്തുകള്‍ വാരിയെറിഞ്ഞ പോലെ സൂചിത്തുമ്പുള്ള മഴത്തുള്ളി പ്രവാഹം . . .
"ദൈവമേ . . .ഇതെന്തൊരു പരീക്ഷണമാണ് ...മുന്നോട്ടുള്ള യാത്ര അപകടമാണെങ്കില്‍ നമുക്ക് തിരികെ പോകാം ലൂയിസ്...യാത്ര നാളത്തേക്ക് മാറ്റാം "
"ഇല്ല . . . ഇനിയത് സാധ്യമല്ല . . .ഈ ഇടുങ്ങിയ പാതയില്‍ വണ്ടി തിരിക്കാന്‍ കഴിയില്ല.ചിലപ്പോള്‍ ആ ശ്രമം ഇവനെ വെകിളി പിടിപ്പിച്ചെന്നും വരാം ...അത് കൂടുതല്‍ അപകടമാണ് ..."
രണ്ടാം ചുരവും പിന്നിട്ട് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുപാതയിലേക്ക് അവര്‍ പ്രവേശിച്ഛപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ ഒരു ചാറ്റമഴയുടെ വിദൂര ലക്ഷണം പോലുമില്ലാത്ത ഒട്ടും ഈര്‍പ്പമില്ലാത്ത തണുത്ത അന്തരീക്ഷമാണ് അവരെ സ്വാഗതം ചെയ്തത്... ലൂയിസിന്റെ കറുമ്പന്‍ കുതിര ഉത്സാഹത്തോടെ ചുവടുകള്‍ക്ക് വേഗത കൂട്ടി.
"സാവധാനത്തില്‍ പോകൂ ലൂയിസ്.ഞാനാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു.ഈ തണുത്തകാറ്റില്‍ ഞാന്‍ വിറച്ചുമരിക്കും...ഹൊ...ഇതെന്തൊരു കാലാവസ്ഥയാണ്!"
"മലയോര പ്രദേശങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണ് ഫാദര്‍..മലമ്പാതകളില്‍ കാലാവസ്ഥയ്ക്ക് സ്ഥിരതയില്ല-പെണ്ണിന്റെ മനസ്സ് പോലെ...ഒന്നാം മടക്കില്‍ മഹാമാരിയെങ്കില്‍ മൂന്നാം മടക്കില്‍ കൊടുംതണുപ്പായിരിക്കാം...ഇപ്പോള്‍ സംഭവിച്ചതുപോലെ...നമ്മളെ അല്‍പ്പം ഭയപ്പെടുത്തിയെങ്കിലും അതത്ര കാര്യമായി പെയ്തില്ല...നന്നായി...അല്ലെങ്കില്‍ എന്‍റെ മടക്കയാത്ര ആകെ ദുരിതത്തിലായേനെ."
"എന്‍റെ ജീവിതത്തില്‍ ഇതാദ്യമായാണ് ലൂയിസ് . . .ഇത്ര ഗതികെട്ട ഒരു ദിവസം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല..ലോപ്പസിന്റെ ശവസംസ്കാരം മുതല്‍ക്ക് ഇതുവരെയുള്ളതെല്ലാം എനിക്ക് അപശകുനങ്ങളായി തോന്നുന്നു...ഞാനും ഏറ്റവും മോശമായ എന്തിന്റെയൊക്കെയോ ഭാഗഭാക്താവുന്നത് പോലെ . . .
തലപ്പൊക്കം വളര്‍ന്ന കാട്ടുപുല്ലുകളും ഇടക്കിടെ ഇല്ലിക്കൂട്ടങ്ങളും നിറഞ്ഞ വിസ്താരം കുറഞ്ഞ പീഠഭൂമിയുടെ ഒരം ചേര്‍ന്നു പോകവേ . . .ലൂയിസിന്റെ ചുമലില്‍ മെല്ലെ തട്ടിവിളിച്ചു കൊണ്ട് ഫാദര്‍ വെസാല്‍കോ അല്‍പ്പം ദൂരേക്ക് വിരല്‍ ചൂണ്ടി ...
"നോക്കൂ ...ലൂയിസ് . . .ആരോ അവിടെ തീ കായുന്നു.നമുക്ക് അവിടേക്ക് പോകാം.ഞാന്‍ ആകെ കുതിര്‍ന്നിരിക്കുന്നു .ഇനി ഒരു നിമിഷം പോലും എനിക്ക് ഈ തണുപ്പ് സഹിക്കാനാവില്ല. "
expecting your valuable feedback..no fb share plz
ReplyDeleteപ്രതികൂല സാഹചര്യങ്ങളിൽ അനുഭവസമ്പത്ത് സിമ്പതിയേക്കാളും, ചിലരുടെ ജീവിതമൂല്യങ്ങളേക്കാളും ഒരുപാട് മുകളിലായിരിക്കും എന്ന് ലൂയീസിന്റെ ഒറ്റ മറുപടിയിൽ മനസ്സിലാക്കാം.. ഗംഭീര അവതരണം അരുൺ, ഒരുമിച്ച് വായിക്കാൻ കൂടുതൽ താല്പര്യപ്പെടുന്നു.. :)
ReplyDeleteത്രില്ലടിപ്പിക്കുകയാണ് അരുണ്‍. തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലി
ReplyDeleteഅരുൺ ഭായി..... അധ്യായം പെട്ടന്നു വായിച്ചു തീർന്നുപോയി.....
ReplyDeleteഗംഭീര അവതരണം......
വായനക്കാരെ കഥാപാത്രങ്ങളോടൊപ്പം കൂട്ടികെട്ടികൊണ്ടുള്ള സവാരി . പൊഴിയുന്ന മഞ്ഞും സൂചിത്തുമ്പുള്ള മഴത്തുള്ളി പ്രവാഹവും എല്ലാം അനുഭവപ്പെടുന്നു.
ReplyDeleteWow... Superb!
ReplyDeleteആകാംക്ഷയുടെ മുള്‍മുനയിലൂടെ യാത്ര..............................
ReplyDeleteആശംസകള്‍
മനോഹരം...
ReplyDelete