### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Thursday, June 25, 2015

പരേതന്റെ വിചിത്ര വിരുന്ന് (നോവല്‍ എ.ഡി-1632)

നോവല്‍ (എ.ഡി-1632)

ഭാഗം 1 -അദ്ധ്യായം 6 

പരേതന്റെ വിചിത്ര വിരുന്ന്   


അത് തീര്‍ത്തും അനാര്‍ഭാടമായ ഒരു ചടങ്ങായിരുന്നു.ഫാദര്‍ വെസാല്‍കോയുടെ സാദ്ധിധ്യം ഒഴിവാക്കിയാല്‍, ഒരു ചത്ത നായയെ കുഴിച്ചിടും പോലെ അത്രയ്ക്കും ലളിതമായ  ചടങ്ങ്.പള്ളിയിലേക്ക് ഒരുപാട് ദൂരം ഉള്ളതുകൊണ്ടും ലോപ്പസിന്റെ വൃദ്ധശരീരം ദുര്‍ഗന്ധം വമിപ്പിച്ചു തുടങ്ങിയിരുന്നതിനാലും വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കുന്നതാവും ഉചിതമെന്ന് ബെര്‍നാല്‍ഡിനോ ഫാദര്‍ വെസാല്‍കോയോട് അഭിപ്രായപ്പെട്ടു.ആ നിര്‍ദ്ദേശം അദ്ദേഹത്തിനും സ്വീകാര്യമായി തോന്നി.ഉദ്യാനത്തിന് പിന്നിലെ പുല്‍ത്തകിടിയില്‍ ബിര്‍ച്ച് മരത്തിനു പിന്നിലായി ലോപ്പസിനുള്ള കുഴി തയ്യാറായി.പരേതനോട്  യാതൊരു മമതയും ഇല്ലാതിരുന്നിട്ടും ലൂയിസ് അടക്കമുള്ളവര്‍ ആ ജോലി സ്വമേധയാ ഏറ്റെടുത്ത് വെടിപ്പായി പൂര്‍ത്തിയാക്കി.ജുവാനയുടെ മുത്തശ്ശിയും വൃദ്ധപരിചാരികയുമായ "മാര്‍ത്ത" വെളുത്ത ലില്ലിപ്പൂക്കള്‍ക്കൊണ്ട് മനോഹരമായ ഒരു റീത്ത് തയ്യാറാക്കി ജുവാനയുടെ കൈവശം കൊടുത്തുവിട്ടു.



"പൂക്കള്‍ വാടാതിരിക്കുന്നത് എന്‍റെ കണ്ണുനീരുകൊണ്ടാണ് " എന്ന് അതില്‍  എഴുതി ചേര്‍ത്തിരുന്നു.



  ലോപ്പസ് ജീവിച്ചിരിക്കവേ ഒരിക്കല്‍പ്പോലും അയാളുടെ മുന്നില്‍ വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത മാര്‍ത്ത ഇങ്ങനെയൊരു വാചകം കുറിച്ചിട്ടതിന്റെ പൊരുള്‍ ആര്‍ക്കും മനസിലായില്ല. രണ്ടുപേരും മറ്റുള്ളവര്‍ക്ക് പൊതുവേ താല്‍പ്പര്യമില്ലാത്ത വൃദ്ധവ്യക്തിത്വങ്ങള്‍-സ്വാഭാവികമായും അവരാരും അതെക്കുറിച്ച് ചിന്തിച്ചു മിനക്കെടാന്‍ തുനിഞ്ഞതുമില്ല.ഫാദര്‍ വെസാല്‍കോയ്ക്കുള്ള  ഒരു കത്തുകൂടി മാര്‍ത്ത ജുവാനയെ ഏല്‍പ്പിച്ചിരുന്നു. അപക്വമതിയായ ജുവാനയാകട്ടെ, തീര്‍ത്തും അനുചിതമായ അവസരത്തിലാണ് അത് അദ്ദേഹത്തിന് കൈമാറിയത്-അന്ത്യശുശ്രൂഷയുടെ ഹ്രസ്വമായ ഒരിടവേളയില്‍. നീരസത്തോടെ വെസാല്‍കോ അതുവാങ്ങി കീശയില്‍ തിരുകി.



ഉച്ചതിരിഞ്ഞ് നാലുമണിക്കായിരുന്നു സംസ്കാരം.ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ അതില്‍ പങ്കെടുത്തില്ല.അവരൊന്നും ഈ വാര്‍ത്ത ഒരുപക്ഷെ അറിഞ്ഞുപോലും കാണണമെന്നില്ല.അഥവാ അറിഞ്ഞിരുന്നെങ്കില്‍ തന്നെയും സമയം മെനക്കെടുത്തിയുള്ള ഒരു ഔപചാരിക പ്രകടനത്തിന് തക്കതായ ബന്ധം അവര്‍ക്കാര്‍ക്കും പരേതനോട് ഇല്ലായിരുന്നുതാനും.



വികാരിക്ക് പിന്നില്‍ ശവമഞ്ചം ചുമന്ന് മാഷിന്‍ ,നിക്കോളാസ് ,ലൂയിസ് എന്നീ ഭ്രുത്യരും അവരെക്കൂടാതെ ജുവാനയും.ലോപ്പസിന്റെ എല്ലുന്തിയ മുടന്തന്‍ നായ ശോകയാത്രയെ പൂന്തോട്ടം വരെ അനുഗമിച്ചു.(അതിനപ്പുറം പോകുവാന്‍ പണ്ടും അതിന് അനുവാദമില്ലായിരുന്നു).അവിടെ കുത്തിയിരുന്നും ഇടയ്ക്കിടെ പൂന്തോട്ടത്തിന് ചുറ്റും മോങ്ങി നടന്നും അവന്‍ ജന്മസിദ്ധമായ നന്ദി പ്രകടിപ്പിച്ചു. ലോപ്പസിനെപ്പോലെ തന്നെ മുരടനും നിശബ്ദനുമായിരുന്ന ആ നായയുടെ ചേഷ്ടകള്‍ ശവമഞ്ചം ചുമന്നിരുന്നവരെ പോലും കൌതുകപ്പെടുത്തി.ചടങ്ങില്‍ യജമാനനായ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യം ഏവരും ശ്രദ്ധിച്ചു. "അയാളെ വിളിച്ചുകൊണ്ടുവരൂ" എന്ന് ഫാദർ വെസാൽകൊ പരുഷമായി ആവശ്യപ്പെട്ടൂ.



സ്വീകരണമുറിയിലേക്ക്  ഓടിച്ചെന്നു കയറിയ ലൂയിസ് ഒരൽപം സ്തംഭിച്ചു പോയി.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച-ബെർനാൽഡിനോ പ്രധാനപ്പെട്ട ഏതോ ഒരു അതിഥിയ്ക്ക് മദ്യം വിളമ്പുന്നു.വ്യാപാര ഉടമ്പടികളെക്കുറിച്ചും ലാഭക്കണക്കുകളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു.അവന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുരികം ഉയരത്തി അയാള്‍ ലൂയിസിനെ നോക്കി ...മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരുത്താതെ ഇടതുകൈ ഉയരത്തി ,വിരലുകൾ മെല്ലെ ചലിപ്പിച്ച് ഇറങ്ങിപ്പോകുവാൻ ആഗ്യം കാണിച്ചു-ഒരു ആജ്ഞയുടെ എല്ലാ കാർക്കശ്യത്തോടും കൂടിത്തന്നെ..



യജമാനന്റെ പെരുമാറ്റം അവനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അതിലുമേറെ വിഷമിപ്പിച്ചത് ബെര്‍നാല്‍ഡിനോയ്ക്കായി കാത്തുനില്‍ക്കുന്നവരോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു. വളരെ സാവധാനമാണ്‌ ലൂയിസ് തിരിച്ചുനടന്നത്. ബെര്‍നാല്‍ഡിനോയുടെ  നിന്ദ്യമായ പെരുമാറ്റം ഏവര്‍ക്കും മുന്നില്‍ അമര്‍ഷത്തോടെ വിവരിക്കണം എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഒരു ജഡത്തെ സാക്ഷിയാക്കി അങ്ങനെ ചെയ്യുവാന്‍ മനസാക്ഷി അനുവദിച്ചില്ല. അതുകൊണ്ട് ഒരൊറ്റ വാചകത്തില്‍ അവന്‍ എല്ലാം ഒതുക്കി .



"അദ്ദേഹം ഒരല്‍പം തെരക്കിലാണ് ഫാദര്‍ ..."



"തെരക്കിലോ!...എന്തു തെരക്ക്?... ഈ സമയം അയാള്‍ ഇവിടെയുണ്ടായേ മതിയാകൂ...ഒരന്‍പതടി നടക്കുവാന്‍ കഴിയാത്തവിധം എന്ത് തെരക്കാണ് നിന്റെ യജമാനനുള്ളത് ?"



എന്തു മറുപടി നല്‍കണം എന്നറിയാതെ ലൂയിസ് പരിഭ്രമിച്ചു..എല്ലാവരുടെയും നോട്ടം അവനില്‍ തറഞ്ഞു..വികാരിയുടെ ചോദ്യത്തിനുള്ള മറുപടി എല്ലാവര്‍ക്കും അറിയണമായിരുന്നു.ലൂയിസ് തലകുനിച്ച് വീണ്ടും ആവര്‍ത്തിച്ചു..



"യജമാനന്‍ തെരക്കിലാണ് ..."



കൂടുതലൊന്നും ചോദിച്ച് എന്നെ വിഷമിപ്പിക്കരുത് എന്ന അപേക്ഷ കൂടിയായിരുന്നു ആ മറുപടി.



പിന്നെ അമാന്തിച്ചില്ല...ചടങ്ങുകള്‍ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യത്തില്‍ തന്നെ പൂര്‍ത്തിയാക്കി.ജുവാന രണ്ടുപ്രാവശ്യം ശവപേടകത്തിനു  മുകളില്‍ മണ്ണ് വിതറി.രണ്ടാമത് വിതറിയത് മാര്‍ത്ത മുത്തശിക്ക് വേണ്ടിയാണെന്നും അവര്‍ അത് പ്രത്യേകം പറഞ്ഞു ചുമതലപ്പെടുത്തിയിരുന്നെന്നും ലൂയിസിനോട് അവള്‍ അടക്കം പറഞ്ഞു .സന്ധ്യയോടെ എല്ലാവരും പിരിഞ്ഞു.ജുവാനയെ യാത്രയാക്കി ലൂയിസ് ഫാദര്‍ വെസാല്‍കോയുടെ അരുകിലെത്തി.അദ്ദേഹത്തെ തിരികെ ട്രുജിലോയില്‍ എത്തിക്കുവാനുള്ള ചുമതല അവനുണ്ടായിരുന്നു.വികാരിക്ക് തന്‍റെ യജമാനനോട് യാത്ര ചോദിക്കുവാനും  ഒരല്‍പ്പസമയം വിശ്രമിക്കാനുമായി അദ്ദേഹത്തെ ബെര്‍നാല്‍ഡിനോയുടെ ഭവനത്തിലേക്ക്‌ അവന്‍ ക്ഷണിച്ചു.കുറച്ചു മുന്‍പ് സംഭവിച്ച കാര്യങ്ങളില്‍ വെസാല്‍കൊയുടെ കോപം അടങ്ങിയിട്ടില്ലെന്നും ഒരു വൈദികനായതുകൊണ്ടുമാത്രം അദ്ദേഹം സംയമനം പാലിക്കുകയാണെന്നും ലൂയിസിന് അറിയാമായിരുന്നു.എങ്കിലും ഔപചാരികതയെ കരുതി അവന്‍ അദ്ദേഹത്തെ ക്ഷണിക്കുക തന്നെ ചെയ്തു.പൂന്തോട്ടത്തിനും അപ്പുറത്ത് മുന്‍കാലുകളില്‍ തലതാഴ്ത്തി മോങ്ങിത്തളര്‍ന്നു കിടക്കുന്ന നായയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വെസാല്‍കോ ശാന്തമായി പറഞ്ഞു ..



"അവന്റെ കൂട്ടിലേക്കാണ് നീയെന്നെ ക്ഷണിച്ചിരുന്നതെങ്കില്‍ അത് ഞാന്‍ ഹൃദയംകൊണ്ട് സ്വീകരിക്കുമായിരുന്നു.അതിന്റെ നഖം തുടയ്ക്കുവാന്‍ പോലും നിന്റെ യജമാനന്‍ യോജ്യനല്ല...എനിക്ക് ക്ഷീണമില്ല..എത്രയും പെട്ടെന്ന് നീയെന്നെ ട്രുജിലോയിലേക്ക് തിരികെ കൊണ്ടുചെന്നാക്കുക.നിന്റെ യജമാനനോട് യാത്ര പറയുവാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല"



അവരുടെ സംഭാഷണം മുറിച്ചുകൊണ്ട് മഴ പൊടിഞ്ഞു തുടങ്ങി...



"ഓഹ് ...ഇതിന്റെ കുറവുകൂടിയുണ്ടായിരുന്നു...വരൂ...നമുക്ക് നിന്റെ ഭവനത്തിലേക്ക്‌ പോകാം "



ലൂയിസ് ജാള്യതയോടെ ചോദിച്ചു ..."ആ കുതിരലായത്തിലേക്കോ?"

"നിശ്ചയമായും ചങ്ങാതീ...ചോര്‍ച്ചയില്ലാത്ത ഒരു മേല്‍ക്കൂരയാണ് ഇപ്പോള്‍ നമുക്കാവശ്യം... "



ഒട്ടും മടിക്കാതെ വെസാല്‍കോ അവിടേക്കോടി...പിന്നാലെ ലൂയിസും.മഴ തോരുവാനെടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ബെര്‍നാല്‍ഡിനോയുടെ നിന്ദ്യമായ പെരുമാറ്റം അവര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി.സ്വീകരണ മുറിയില്‍ താന്‍ കണ്ട കാഴ്ചയും തന്നോട് ഇറങ്ങിപ്പോകുവാന്‍ ആംഗ്യം കാണിച്ചതും ഉള്‍പ്പെടെ എല്ലാം ലൂയിസ് അദ്ദേഹത്തോട് പറഞ്ഞു...ട്രുജിലോയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബെര്‍നാല്‍ഡിനോയും ലോപ്പസും തമ്മില്‍ കലഹിച്ചതും സൂചിപ്പിച്ചു .മറുപടിയായി വെസാല്‍കോ ഒന്ന് ഇരുത്തി മൂളി ...



"അയാള്‍ മരണപ്പെട്ടു.....അതിന് ഇടവരുത്തിയത് പരപ്രേരണയാണെങ്കില്‍ ...."ആ വാചകം പൂര്‍ത്തിയാക്കാതെ വെസാല്‍കോ തന്‍റെ മടക്കയാത്രയിലേക്ക് വിഷയത്തെ വ്യതിചലിപ്പിച്ചു



ചെങ്കുത്തായ മലമ്പാതയില്‍ കൂടി ട്രുജിലോയിലേക്കുള്ള രാത്രിയാത്ര ശ്രമകരവും അപകടം നിറഞ്ഞതുമാകയാല്‍ പിറ്റേന്ന് കാലത്ത് പുറപ്പെടുന്നതാണ്‌ ഉചിതമെന്ന് ലൂയിസ് അഭിപ്രായപ്പെട്ടെങ്കിലും ഫാദര്‍ വെസാല്‍കോ  സമ്മതിച്ചില്ല..



"ഇല്ല ...നാളെ പുലര്‍ച്ചയ്ക്ക് മുന്‍പേ എനിക്കവിടെ എത്തിയേ മതിയാകൂ"



 രാത്രിയാത്രയില്‍ ഏറ്റവും സമര്‍ഥനായ കറുമ്പന്‍ കുതിരയെ തന്നെ ലൂയിസ് വണ്ടിയില്‍ പൂട്ടി.ക്ഷണനേരത്തിനുള്ളില്‍ ഇരുവരും തയ്യാറായി...കറുമ്പന്റെ മുതുകിലെ ആദ്യപ്രഹരത്തില്‍ മുന്‍കാലുകള്‍ ഉയര്‍ത്തി അവനൊന്ന് ചിനച്ചു.പൂന്തോട്ടവും ബിര്‍ച്ച് മരവും പിന്നിട്ട് ഇരുള്‍ മൂടിയ പാതയില്‍ അവര്‍ മറഞ്ഞു ...നനഞ്ഞ് കുതിര്‍ന്ന മുടന്തന്‍ നായ ഉറക്കെക്കുരച്ചുകൊണ്ട് കുറച്ചുദൂരം പിന്നാലെ ഓടി....



അങ്ങകലെ  വിജനമായ കാട്ടുപാതയുടെ ഓരത്ത്, കറുത്തു പിഞ്ചിയ ളോഹയിട്ട ഒരു ഭ്രാന്തന്‍ മെത്രാന്‍ കൊഴുപ്പു വിളക്കിന്റെ നാളത്തെ വിറകു കൂനയിലേക്ക് പടര്‍ത്താനുള്ള കിണഞ്ഞ പരിശ്രമത്തിലായിരുന്നു.മൂന്നു കല്ലുകള്‍ കൊണ്ട് അയാളൊരു അടുപ്പുണ്ടാക്കി.ചുളുങ്ങി വൃകൃതമായ തകരപ്പാട്ടയില്‍ രണ്ട് ഗ്ലാസ് വെള്ളം അളന്നൊഴിച്ചു.മുഷിഞ്ഞ തുണിക്കെട്ടില്‍ നിന്നും പരതിയെടുത്ത ഡപ്പി കടിച്ചുതുറന്നു.ഈര്‍പ്പം തട്ടിയ കാപ്പിപ്പൊടി പൂപ്പല്‍ പിടിച്ചുവോ എന്ന് വിരലില്‍ കുത്തിയെടുത്ത് മണത്തുനോക്കി.പാതിരാത്രിയിലെ കൊടുംതണുപ്പില്‍ രണ്ട് അതിഥികളെ  സ്വീകരിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ആ ഭ്രാന്തന്‍ മെത്രാന്‍ ...

                                                                                                                                                                                      NEXT CHAPTER                          

     

                                

6 comments:

  1. ഈ നോവലിന്റെ അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കി പ്രസിധീകരിക്കുന്നതിലെ കാലതാമസം ക്ഷമിക്കുന്നതോടൊപ്പം ...അഭിപ്രായം അറിയിക്കുവാനും മറക്കരുത്. നേരിട്ട് മെസേജ് അയക്കുവാന്‍ സൈഡ് ബാറിലെ കോണ്ടാക്റ്റ് ഫോം ഉപയോഗിക്കാം.

    ReplyDelete
  2. നല്ല വായനാനുഭവം. നന്നായി പുരോഗമിക്കുന്നു. ആശംസകള്‍.

    ReplyDelete
  3. മനസ്സിരുത്തി എഴുതുന്നതിന്‍റെ മികവ് വായനയിലും അനുഭവിക്കാന്‍ കഴിയുന്നുണ്ട്............
    ആശംസകള്‍

    ReplyDelete
  4. ആശംസകള്‍. നോവല്‍ ആകാംക്ഷാഭരിതമായി പുരോഗമിക്കുന്നുണ്ട്

    ReplyDelete
  5. വായിക്കാന്‍ വൈകി... നന്നാവുന്നുണ്ട്. ആകാംഷയോടെ കാത്തിരിക്കുന്നു... Good Job, keep going!!

    ReplyDelete