### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Friday, April 3, 2015

പദ്ധതികള്‍ വ്യക്തമാണ്..നിഗൂഡവുമാണ്

എ .ഡി -1 6 3 2 (നോവല്‍ )

ഭാഗം 1
അദ്ധ്യായം 3
പദ്ധതികള്‍ വ്യക്തമാണ് ...നിഗൂഡവുമാണ്  



മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ ചാടിത്തിമിര്‍ക്കുന്ന ശബ്ദ കോലാഹലങ്ങളും ചുവരുകള്‍ക്ക് താഴെ ഉടഞ്ഞു ചിതറിയ മുട്ടകളെ നോക്കി വിലപിക്കുന്ന നനഞ്ഞു കുതിര്‍ന്ന ഏതോ ഒരു പെണ്പ്രാവിന്റെ കുറുകലും കേട്ടാണ് നാലാം ദിവസം പുലര്‍ച്ചെ ഫാദര്‍ വെസാല്‍കോ ഉണര്‍ന്നത്.പാതിയൊടുങ്ങിയ മെഴുകുതിരിയുടെ മഞ്ഞ ശോഭയില്‍ തെളിഞ്ഞു നിന്ന തന്‍റെ വിശാലമായ കിടപ്പുമുറി,ഒരു  നവജാത ശിശുവിന്റെ ജിജ്ഞാസയോടെ കിടന്ന കിടപ്പില്‍ത്തന്നെ അദ്ദേഹം പലവട്ടം നിരീക്ഷിച്ചു.ആദ്യം നിഴലുകള്‍..പിന്നെ നിറങ്ങള്‍....അങ്ങനെ ഒന്നൊന്നായി ഗ്രഹിച്ചെടുക്കുവാന്‍ ശ്രമിച്ചു.ചിരപരിചിതമായ എഴുത്തുമേശയും അടുക്കിവെച്ച കടലാസുകളും പഠന ഗ്രന്ഥങ്ങളും മഷിക്കുപ്പിയില്‍ നാവ് നനച്ചുറങ്ങിപ്പോയ ആമത്തോട് കൊണ്ടുണ്ടാക്കിയ തൂലികയുമെല്ലാം തീര്‍ത്തും അപരിചിതമായ പുരാവസ്തുക്കളെപ്പോലെ  അദ്ദേഹത്തിന്റെ പ്രജ്ഞയോട് കലഹിച്ച് അകന്നുമാറിനിന്നു.    



വെസാല്‍കോ കിടക്കയില്‍ എഴുന്നേറ്റിരുന്നു.കനംതൂങ്ങിയ കണ്പോളകള്‍ തിരുമ്മിയുടച്ച് കാഴ്ച്ചയെ ഒന്നുകൂടി വ്യക്തമാക്കി.നെറ്റിയിലെ ഈര്‍പ്പം ഉണങ്ങിയ പരുക്കന്‍ തുണിക്കഷണം,അദ്ദേഹത്തിന്‍റെ മടിയിലേക്ക് അടര്‍ന്നുവീണു. മുറിയാകെ കുത്തിനിറഞ്ഞു നിന്ന പനിമണം അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തി.പുതപ്പ് ചുരുട്ടി മൂലയിലേക്കെറിഞ്ഞ്,നിദ്രാടകനെപ്പോലെ തോളില്‍ കുരുങ്ങിക്കിടന്ന പുതപ്പിന്റെ ഒരഗ്രവും വലിച്ചുകൊണ്ട് മുറിക്കുള്ളില്‍ അലക്ഷ്യമായി വേച്ചുവേച്ചു നടന്നു. എന്തിനേറെപ്പറയുന്നു...ജനാലയ്ക്കരുകില്‍ മഴ കണ്ടു നില്‍ക്കുമ്പോള്‍ സത്യമായും അദ്ദേഹത്തിന് തന്‍റെ പേരു പോലും ഓര്‍മ്മയുണ്ടായിരുന്നില്ല.



  ഫാദര്‍ വെസാല്‍കോയ്ക്ക്  അന്ത്യകൂദാശ നല്‍കുവാന്‍ ഇടവകക്കാര്‍ ഏര്‍പ്പാടാക്കിയ "വിലപിടിപ്പുള്ള"മെത്രാന്‍ ആ മുറിയില്‍ പ്രവേശിച്ചതോ വെസാല്‍കോയുടെ പ്രേതം ജനാലയില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുവെന്ന് അലറിക്കൂവി ഓടിപ്പോയതോ അദ്ദേഹം അറിഞ്ഞില്ല.ഉച്ചകഴിഞ്ഞ്  കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം "വെസാല്‍കോ,വെസാല്‍കോ, വെസാല്‍കോ" എന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തിരിഞ്ഞു നോക്കിയതും സ്വബോധത്തിലേക്ക് മടങ്ങി വന്നതും.



അള്‍ത്താരയില്‍ മോഹാലസ്യപ്പെട്ടുവീണ ഫാദര്‍ വെസാല്‍കോ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ കടുത്ത ജ്വരം പിടിപെട്ട്  ബോധരഹിതനായി കിടക്കയില്‍ത്തന്നെയായിരുന്നു.ഈ ദിവസങ്ങളത്രയും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ്‌ അദ്ദേഹം ഉറക്കെയുറക്കെ നിലവിളിച്ചിരുന്നു.മൂന്നാം ദിവസം രാത്രി അദ്ദേഹത്തിന്‍റെ നില തീര്‍ത്തും വഷളാകുകയും ഇടവകയിലെ ഏറ്റവും വിദഗ്ധനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിന്‍ -"ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന്‍ പ്രഖ്യാപിക്കുകയും ചെയ്തു.രോഗ നിര്‍ണ്ണയത്തില്‍ ഡോ:അഗോസ്റ്റിനുള്ള അസാമാന്യ പാടവത്തില്‍ ഇടവകക്കാര്‍ക്ക് നൂലിട സംശയമില്ലായിരുന്നു.(അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത് പോലും "കരിങ്കണ്ണന്‍" എന്നായിരുന്നു).അങ്ങനെയാണ് ഇടവകക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട വികാരിക്ക് അന്ത്യകൂദാശനല്‍കുവാന്‍ മെത്രാനെ ഏർപ്പാടാക്കിയത്. വര്‍ഷങ്ങളായി ഫാദറിനെ സേവിച്ചുപോന്നിരുന്ന അദ്ദേഹത്തിന്‍റെ വിശ്വസ്ത പരിചാരകന്‍ "ബെനിറ്റോ" ജലപാനം പോലും വെടിഞ്ഞ് വെസാല്‍കോയ്ക്ക് അരുകില്‍ത്തന്നെയുണ്ടായിരുന്നു.ഇളം ചൂട് വെള്ളത്തില്‍ ശരീരം തുടച്ചും നെറ്റിയില്‍ ടവ്വല്‍ നനച്ചിട്ടും വരണ്ടു വിറയ്ക്കുന്ന ചുണ്ടുകളില്‍ വെള്ളം ഒപ്പിക്കൊടുത്തുമെല്ലാം തന്നെക്കൊണ്ടാവും വിധം അയാള്‍ അദ്ദേഹത്തെ പരിപാലിച്ചു.എന്നാല്‍ മൂന്നാം ദിവസം രാത്രിയിലെ "ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന അന്ത്യപ്രഖ്യാപനത്തോടെ ബെനിറ്റോ മുറിവിട്ടു പോയി. തന്‍റെ യജമാനന്റെ മരണത്തിനു സാക്ഷ്യം വഹിക്കുവാനുള്ള കരുത്ത് ആ പാവത്തിനില്ലായിരുന്നു.



ഫാദര്‍ വെസാല്‍കോയുടെ മരണാനന്തര ശുശ്രൂഷ അടുത്ത ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കുമെന്നും അതുകൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കേണ്ട താന്‍ ഒരല്‍പ്പ സമയം ഉറങ്ങിയ ശേഷം പുലര്‍ച്ചയോടെ വെസാല്‍കോയ്ക്ക് അന്ത്യകൂദാശ നല്‍കുന്നതായിരിക്കും ഉചിതമെന്നും തുടര്‍ന്ന്‍ പിറ്റേന്നുള്ള അദ്ദേഹത്തിന്‍റെ മരണാനന്തര ശുശ്രൂഷകള്‍ ഊര്‍ജ്ജസ്വലതയോടെ കൈകാര്യം ചെയ്യാമെന്നും മെത്രാന്‍ കണക്കാക്കി.അപ്രകാരം ഒരു കൊച്ചുറക്കവും കഴിഞ്ഞ് അതിന്റെ ആലസ്യത്തില്‍ അന്ത്യകൂദാശ നല്‍കുവാന്‍ എത്തിയ അദ്ദേഹം "ജനാലയില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഫാദര്‍ വെസാല്‍കോയുടെ പ്രേതത്തെക്കണ്ട് " ഭയന്നോടി.പിന്നീട് കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം പേര് വിളിച്ചു.ഫാദര്‍ വെസാല്‍കോ തികച്ചും യാദിര്‍ശ്ചികമായി ആ സമയത്തുതന്നെ മോഹാലസ്യത്തില്‍ നിന്നും ഉണര്‍ന്നു.ഇവ തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നുവെങ്കിലും കര്‍ദ്ദിനാളിന്റെ "അത്ഭുത പ്രവൃത്തിയായി" ഈ സംഭവം പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. 



ഫാദര്‍ വെസാല്‍കോയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് വിശ്വാസികള്‍ക്ക് അനിര്‍വ്വചനീയമായ സന്തോഷവും ആശ്വാസവും പകര്‍ന്നു. ഇത് ദൈവത്തിന്റെ ദൃഷ്ടാന്തമാണെന്ന്‍ കന്യാസ്ത്രീകള്‍ പ്രചരിപ്പിച്ചു. തന്‍റെ പ്രവചനം തെറ്റിപ്പോയെങ്കിലും ഡോ:അഗോസ്റ്റിനും സന്തോഷിക്കുവാനുള്ള വകയുണ്ടായിരുന്നു.വെസാല്‍കോയുടെ അതിജീവനത്തിലൂടെ ഡോക്ടറുടെ "കരിക്കണ്ണന്‍" എന്ന അപരനാമാധേയം ഒരു പരിധിവരെ മാറിക്കിട്ടി.



"ലാസറസിനെ മൂന്നു പ്രാവശ്യം പേരുവിളിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ജീസ്സസ്-മൂന്നാം വിളിയില്‍ ഫാദര്‍ വെസാല്‍കോയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കര്‍ദ്ദിനാള്‍".ദൈവിക ദൃഷ്ടാന്തം സാക്ഷ്യപ്പെടുത്തിയ വിശുദ്ധനായ കര്‍ദ്ദിനാള്‍...അതെ...."വിശുദ്ധനായ കര്‍ദ്ദിനാള്‍".കര്‍ദ്ദിനാളിന്റെ പേരും അത്ഭുത പ്രവൃത്തിയും  ഇടവകക്കാരുടെ മുഴുവന്‍ കയ്യൊപ്പോടെ എണ്ണൂറ്റി ഇരുപത്തി മൂന്ന്  കടലാസുകളിലായി റോമിലേക്ക് പോയ.അതോടെ സന്തോഷാശ്രുക്കള്‍ കൊണ്ട് സ്വന്തം പാദം കഴുകിവെളുപ്പിച്ച് കര്‍ദ്ദിനാള്‍ കാത്തിരിപ്പ് തുടങ്ങി-മാര്‍പ്പാപ്പയുടെ ചുണ്ടുകള്‍ തന്‍റെ പേര് ഉച്ചരിക്കുന്നതും അങ്ങനെ അനതിവിദൂര ഭാവിയില്‍ തനിക്കു ചുറ്റും വിശ്വാസികളും മെഴുകുതിരികളും നിറയുന്ന "ആ" നാളെക്കായി.



ഇപ്രകാരം കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചതായി ഏവരും ആശ്വസിച്ചു.എല്ലാവരും സന്തോഷിച്ചു..കര്‍ദ്ദിനാളും കന്യാസ്ത്രീകളും ബെനിറ്റോയും ഇടവകക്കാരും...ഒരു പരിധിവരെ വെസാല്‍കോയും.വ്യക്തിക്കോ സമൂഹത്തിനോ സമ്മാനിക്കപ്പെടുന്ന അസ്വാഭാവികമായ ആഹ്ലാദം ഒരു ഗൂഡാലോചനയുടെ തുടക്കമാണ്...പ്രകൃതിയോ കാലമോ അവര്‍ക്കുമേല്‍ നടത്തുന്ന നിഗൂഡമായ ഒരു നീക്കത്തിന്റെ തുടക്കം.ആഹ്ലാദം ചിന്തയെ തടയും...ബുദ്ധിയെ മരവിപ്പിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല.



    "വെസാല്‍കോയുടെ പ്രേതം ജനാലയ്ക്കരുകില്‍" എന്ന്‍ അലറി വിളിച്ച് ഓടിപ്പോയ സുഖിമാനായ മെത്രാനെക്കുറിച്ച് മാത്രം ആരും പിന്നീട് അന്വേഷിച്ചില്ല.ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഫാദര്‍ വെസാല്‍കോയ്ക്ക് സഭയുടെ ഒരു ഔദ്യോഗിക കത്തുകിട്ടി-സഭയേയും വിശ്വാസങ്ങളേയും ഉപേക്ഷിച്ച് കറുത്ത പുരോഹിത വേഷം ധരിച്ച് തെരുവില്‍ അലയുന്ന ഒരു ഭ്രാന്തന്‍ മെത്രാനെ സഭയില്‍ നിന്നും പുറത്താക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ്.



അടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സഭയുടെ കത്ത് വെസാല്‍കോ പള്ളിയില്‍ വായിച്ചു-തികച്ചും സ്വാഭാവികമായി.



എത്ര അലക്ഷ്യമായാണ് വെസാല്‍കോ ആ കത്ത് വായിച്ചത്..കേവലമായ ഒരു പുനര്‍വായന നടത്തിയിരുന്നെങ്കില്‍ കൂടിയും അയാള്‍ക്ക് ചിലതൊക്കെ വ്യാഖ്യാനിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു.തന്നെ മോഹലാസ്യപ്പെടുത്തിയ വിഭ്രാതി ദര്‍ശനങ്ങളിലെ കറുത്ത വസ്ത്രം ധരിച്ച പുരോഹിത സാന്നിദ്ധ്യം ഒരു യാദിര്‍ശ്ചികതയായിപ്പോലും അദ്ദേഹത്തിനപ്പോള്‍ തോന്നിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.    

                                                               NEXT CHAPTER                                                                                                                                                                                                                     

13 comments:

  1. വായിച്ചു.അഭിപ്രായം പറയാന്‍ അറിയില്ല.നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ഒഷ്വിട്സ് വായിച്ചപ്പോള്‍ അത് അരുണിന്റെ മികച്ച നോവല്‍ ആയിരിക്കും എന്ന് കരുതി .ഇപ്പോള്‍ തോന്നുന്നു ഇത് അതിനും അപ്പുറം പോകും.അഭിനന്ദനങ്ങള്‍ .തുടരുക ..ഒപ്പമുണ്ട്

    ReplyDelete
  2. തുടരുക ആശംസകൾ .

    ReplyDelete
  3. തുടരട്ടെ..
    ആശംസകൾ...

    ReplyDelete
  4. ആകാംക്ഷാഭരിതം!
    ആശംസകള്‍

    ReplyDelete
  5. സസ്പെന്‍സ് ത്രില്ലര്‍ ആണല്ലോ.

    ReplyDelete
  6. പിടിച്ചുനിര്‍ത്തുന്നു.

    ReplyDelete
  7. ആദ്യത്തെ മൂന്നു പാരഗ്രാഫ് വായിച്ച രസം താഴേക്ക് വന്നപ്പോള്‍ അല്പം കുറഞ്ഞുവോ എന്ന് സംശയമുണ്ട്‌. മെത്രാന്റെ വിവരണങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണ്. പലയിടത്തായി ചിതറിക്കിടക്കുന്ന അവ ഒന്ന് റീ-അറേഞ്ച് ചെയ്‌താല്‍ ഭംഗിയാകും എന്നൊരു അഭിപ്രായമുണ്ട്.

    ReplyDelete
  8. തുടര്‍ന്ന് വായിക്കുന്നു...

    ReplyDelete