### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, November 19, 2013

"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി"-ഗ്രീൻ ബുക്സ് പുറത്തിറക്കി

പ്രിയ സുഹൃത്തുക്കളേ ,
      നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്‌സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" എന്നൊരു ഒരു നോവൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അറുപത്തിയേഴ്‌ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ് ഹിറ്റ്‌ലറെ" ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുൻപോട്ട് പോകണം എന്ന ഓർമ്മപ്പെടുത്തൽ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെർക്ക്നവ് കലാപം ഉൾപ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക പൂർത്തിയാക്കുവാനും ധൈര്യം പകർന്നത് പ്രിയ ചങ്ങാതിമാർ ഓരോരുത്തരം നൽകിയ നിസ്സീമമായ പ്രചോദനമാണ്‌. 
    

    മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഗ്രീൻ ബുക്സ് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" പ്രസിദ്ധീകരിച്ച വിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു.

(പുസ്തകവിചാരം-നവംബർ 2013) 

  ഗ്രീൻ ബുക്സിന്റെ വെബ്‌ സൈറ്റിൽ നിന്നും ഓണ്‍ലൈനായി  പുസ്തകം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 


        എല്ലാ ചങ്ങാതിമാരോടും ഒരിക്കൽക്കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു.
                                                                                          സസ്നേഹം 
                                                                                     അരുണ്‍ ആർഷ     


Saturday, July 27, 2013

ഒരു കള്ളുകുടിയുടെ പഴമ്പുരാണം(നർമ്മ കഥ)

         ഈ കഴിഞ്ഞ ദിവസം ആഫീസിൽ തകൃതിയായി ജോലിചെയ്തുകൊണ്ടിരിക്കവേ പോക്കറ്റിൽ കിടന്ന മൊബൈല് നിലവിളി തുടങ്ങി.അങ്ങേ തലയ്ക്കൽ ഘനഗംഭീരമായ ശബ്ദത്തിൽ ഒരു ചോദ്യം.




"എടേ ..നീ ഏതാണ്ട് ബ്ലോഗോ കിടുതാപ്പോ മറ്റോ എഴുതുന്നുണ്ടെന്ന് കേട്ടു. സംഗതി നേരുതന്നെ!"




ശബ്ദം കേട്ടപ്പോൾ ആളെ മനസിലായി...നമ്മുടെ സഖാവ്. 





"അത് കമ്പ്യൂട്ടറിൽ എങ്ങനെയാ വായിക്കുന്നതെന്ന് ഒന്ന് പറഞ്ഞുതാ."



   എന്റെ ഉള്ളൊന്ന് കാളി.അവനെങ്ങാനും അത് വായിച്ചാൽ പണി പാളും. അവനെക്കുറിച്ച് പലതും  ഞാൻ  എഴുതിപ്പിടിപ്പിച്ചിരുന്നല്ലോ. അതെങ്ങാനും കക്ഷി  കണ്ടാലുള്ള അവസ്ഥ!...തമ്പുരാനേ...പിന്നെ പന്തലിനും പെട്രോമാക്സിനും  ഓർഡറ് കൊടുത്താൽ മതി.ബ്ലോഗ്‌ എഴുത്ത് നിർത്തിയെന്ന് പറഞ്ഞ് തൽക്കാലം ഞാൻ തടിതപ്പി.അടുത്ത ആഴ്ച അവൻ എറണാകുളത്തുനിന്നും നിന്നും കോട്ടയം വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും പറഞ്ഞ് ഫോണ്‍ വെച്ചു.പണ്ട് ഞങ്ങൾ നടത്തിയ ഒരു ട്രെയിൻ യാത്രയാണ് അപ്പോഴെന്റെ മനസ്സിൽ വന്നത്.




     1991ലാണ് സംഭവം.അന്ന് ഞാനും സഖാവും  വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവം.ആ വർഷം കണ്ണൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഞങ്ങൾ ഇരുവരും പ്രതിനിധികളായിരുന്നു.മൂന്നു ദിവസം നീണ്ട സമ്മേളനം. അമേരിക്കയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി,അതിന്റെ ശ്രാദ്ധവും ഉണ്ട് നീട്ടിയൊരു ഏമ്പക്കവും വിട്ടപ്പോൾ സഖാവിന്‌ ചെറീയൊരു ആശ്വാസം കിട്ടി.ആവേശം അണപൊട്ടുമ്പോൾ സഖാവ് ചാടിയെഴുന്നേറ്റ് രണ്ട്‌ "ഇങ്ക്വിലാബ്"അങ്ങ് കാച്ചും. ഉറങ്ങിക്കിടക്കുന്നവന്റെ നെഞ്ചത്ത് ആന ചവിട്ടിയതുപോലെ അപ്പോഴൊക്കെ ഞാൻ ചാടിപ്പിടഞ്ഞ് എഴുന്നേൽക്കും. ഹെന്റമ്മോ...എങ്ങനെയൊക്കെയോ ആ മൂന്നു ദിവസം തള്ളിനീക്കി.കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയിൽ സഖാവ് ചോദിച്ചു.



"കൈയ്യിൽ കാശ് അത്രയുണ്ട്‌"""?"


"നുള്ളിപ്പെറുക്കിയാൽ എണ്‍പത് കണ്ടേക്കും"



"ഊം ...ടിക്കറ്റിന് എത്രയാകും?"


"രണ്ടു പേർക്കും കൂടി അൻപത്"


"മിച്ചം മുപ്പത് ...ഒന്ന് തൊണ്ട നനച്ചാലോ"



കോഴി കഴുത്തു വെട്ടിക്കുന്നതുപോലെ ഇടതുവശത്തുള്ള "മൂന്നക്ഷരം" ആലേഖനം ചെയ്ത ബോർഡിൽ സഖാവിന്റെ കണ്ണുകൾ ഉടക്കിനിന്നു... എന്റേയും.ഇരുട്ട് വീണ മുറിയിൽ,ഒരു മേശയ്ക്ക് ഇരുവശത്തുമിരുന്ന് അമേരിക്കയുടെ വിദേശനയവും ലാറ്റിനമേരിക്കൻ ബദലും ഞങ്ങൾ സവിസ്തരം ചർച്ച ചെയ്തു.ബാറിന് പുറത്തിറങ്ങിയപ്പോൾ ഒരുകാര്യം കൂടി എനിക്ക് മനസിലായി.ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റ കനത്ത തിരിച്ചടി ഞങ്ങളേയും ബാധിച്ചിരിക്കുന്നു...പോക്കറ്റിൽ മിച്ചം വെറും 26 രൂപ 50 പൈസ.




"ഒരാൾക്കുള്ള ടിക്കറ്റിന് തികയുമല്ലോ?..മതി.പ്രതിസന്ധികളെ അതിജീവിക്കുന്നവനാണെടാ യഥാർത്ഥ കമ്യൂണിസ്റ്റ് "




"പക്ഷേ...റയിൽവേക്ക് അത് അറിയണമെന്നില്ലല്ലോ?"



മറുചോദ്യം സഖാവിന്‌ ഇഷ്ടപ്പെട്ടില്ല.എന്റെ കൈയ്യിൽ നിന്നും പണവും വാങ്ങി സഖാവ് കൗണ്ടറിലേക്ക് പോയി ഒരു ടിക്കറ്റുമായി മടങ്ങിവന്നു.



"ഇന്നാ...പിടിച്ചോ."


"അപ്പോൾ നീയെങ്ങനെ വരും"



"ടിക്കറ്റില്ലാതെ യാത്രചെയ്യും ..എന്നാടാ ഈ ടിക്കറ്റ് ഒക്കെ ഉണ്ടായത്"


        മുഖത്ത് ഒരു പുച്ഛഭാവം വരുത്തിക്കൊണ്ട്  സഖാവ് മുന്നിൽ നടന്നു.ഞങ്ങൾ ജനറൽ കമ്പാർട്ട്മെന്റിൽ കയറി.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ട്രെയിൻ കണ്ണൂരിൽ നിന്നും പുറപ്പെട്ടു.തൃശൂർ കഴിഞ്ഞപ്പോഴേക്കും സഖാവിന്റെ ലഹരിയിറങ്ങിത്തുടങ്ങി.എലിപ്പെട്ടിക്കകത്ത് പെട്ടതുപോലെ കക്ഷി തേരാപ്പാര ഓട്ടം തുടങ്ങി.ഇടയ്ക്കിടയ്ക്ക് എന്റെയടുക്കൽ വന്നിരുന്നു.അങ്കലാപ്പ് സഹിക്കുവാൻ വയ്യാതായപ്പോൾ എന്നോട് ചോദിച്ചു



"അളിയാ ...ടി.ടി.ആർ വരുമോടാ?"



"ഏയ്...അല്ല...ഇനി വന്നാലെന്താ..  ഈ ടിക്കറ്റ് ഒക്കെ എന്നാ ഉണ്ടായത്"



"പോടാ ...# %***!*&&"



ചിങ്ങവനം ആകാറായതോടെ കളി കാര്യമായി.കറുത്ത കോട്ടിട്ട ഒരു കാപാലികൻ കമ്പാർട്ട്മെന്റിലെത്തി.പത്തു മിനിട്ടിനുള്ളിൽ കോട്ടയമാകും. പക്ഷേ അതിനു മുൻപ് അയാൾ ഞങ്ങളോട് ടിക്കറ്റ് ചോദിക്കും എന്ന് ഉറപ്പായി.സഖാവ് പൂക്കുലപോലെ വിറയ്ക്കുകയാണ്. എന്തുചെയ്യണം എന്ന് എനിക്കും അറിയില്ല.സഖാവ് അടുത്തോട്ട് ചേർന്നിരുന്ന് പറഞ്ഞു.



"ഒറ്റവഴിയേ ഉള്ളൂ."



എന്റെ ചെവിയിൽ അവൻ "ഐഡിയ" പറഞ്ഞു. അതോടെ എന്റെ നല്ല ജീവൻ പോയി.ഞാൻ ചോദിച്ചു.



"സഖാവേ ..അത് വേണോ?     



"പ്ലീസ്"



ടി.ടി.ആർ അടുത്തെത്തിയതും സഖാവ് എഴുന്നേറ്റ് ഒറ്റയോട്ടം.തുറന്നു കിടക്കുന്ന കമ്പാർട്ട്മെന്റുകൾ. ഒന്നിൽ നിന്നും അടുത്തതിലേക്ക് സഖാവ് പാഞ്ഞുകൊണ്ടിരുന്നു.ഒസാമയെ പിന്തുടരുന്ന അമേരിക്കൻ കമാൻഡോയെപ്പോലെ തൊട്ടുപിന്നാലെ ടി.ടി.ആറും.കാഴ്ചക്കാരായ ഒരു ബറ്റാലിയൻ യാത്രക്കാർ വേറെ.അപ്പോഴേക്കും ട്രെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു.സഖാവ് പെട്ടെന്ന് ഓട്ടം നിർത്തി തിരിഞ്ഞു നിന്നു.പാഞ്ഞുവന്ന ടി.ടി.ആറിനോട് വിനീതനായി ചോദിച്ചു.



"എന്താണ് സർ"



കിതച്ച് അവശനായ തമിഴൻ ടി.ടി.ആർ ക്ഷുഭിതനായി പൊട്ടിത്തെറിച്ചു



"എന്നാ സാറെന്നോ...ടിക്കറ്റില്ലാതെ സവാരി പണ്ണിയിട്ട്...തിരിട്ടു റാസ്കൽ... ഉന്നെ നാൻ പോലീസിക്ക് ഒപ്പ വെക്ക പോറേൻ"



"എതുക്ക്‌ സാർ ..ടിക്കറ്റ് ഇറുക്ക്‌ സർ "



സഖാവ് ടിക്കറ്റ് എടുത്തുനീട്ടി.ടി.ടി.ആർ ഒന്ന് അമ്പരന്നു.



"പിന്നെ എതുക്കെടാ എന്നെ പാത്തതും നീ ..."അത് മുഴുമിപ്പിച്ചില്ല.തനിക്കിട്ട്‌ പണി കിട്ടിയ കാര്യം മനസിലാക്കിയ ടി.ടി.ആർ ശരംവിട്ടപോലെ എന്നെ പിടികൂടുവാൻ പുറകിലെത്തെ കമ്പാർട്ട്മെന്റിലേക്ക് പാഞ്ഞു.അതിനോടകം ഞാൻ റയിൽവേ സ്റ്റേഷന്റെ പുറത്ത് എത്തിക്കഴിഞ്ഞിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.



     സഖാവിന്റെ കൗശലബുദ്ധിയിൽ എനിക്ക് അൽപ്പസ്വൽപ്പം മതിപ്പ് തോന്നാതിരിന്നില്ല.ഗറില്ലായുദ്ധത്തിൽ വിജയിച്ച ചെഗുവേരയുടെ പത്രാസോടെ അൽപ്പം കഴിഞ്ഞപ്പോൾ സഖാവുമെത്തി. രണ്ടു പേർക്കും നല്ല "ഹാങ്ങ് ഓവർ" ഉണ്ടായിരുന്നു.ഓരോ ചെറുതുകൂടി അടിച്ചാൽ മാറാവുന്നതേയുള്ളൂ.പക്ഷേ കയ്യിലാണെങ്കിൽ ബസ് കൂലിക്ക് പോലും കാശില്ല.പരിചയക്കാരെ വല്ലതും കണ്ടുമുട്ടിയാൽ "അന്തസ്സായി"കടം ചോദിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കോളേജിലേക്ക് നടന്നു.



    പ്രീഡിഗ്രീ സെക്കൻറ് ഗ്രൂപ്പിലെ ഒരു "ബൂർഷ്വാസി" പയ്യനെത്തന്നെ കിട്ടി.അവന് മോട്ടോർ സൈക്കിളുണ്ട്,വാച്ചുണ്ട് രണ്ട് കാമുകിമാരുമുണ്ട്. വർഗ്ഗശത്രുവായ ബൂർഷ്വാസിയാകുവാൻ ഇത്രയൊക്കെത്തന്നെ ധാരാളം.



"എടേ ..ഒരു അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ?"



   സഖാവ് ചോദിക്കേണ്ട താമസം നൂറിന്റെ അഞ്ച് താളുകൾ അവൻ നീട്ടി.അത് വാങ്ങി പോക്കറ്റിൽ തിരുകവേ സഖാവ് എന്നോട് ആജ്ഞാപിച്ചു.



"നാളെ അഞ്ഞൂറിന്റെ ഒറ്റനോട്ട് ഇവന് കൊടുത്തേക്കണം"
    



        എനിക്കിട്ട് അവൻ ഒരു കതിനാ വെച്ചെങ്കിലും മേടിച്ചാൽ തിരിച്ചു കൊടുക്കുന്ന ശീലം പണ്ടേ ഇല്ലാത്തതിനാൽ എനിക്കതിൽ ഒട്ടും "മനപ്രിങ്ങ്യാസം" തോന്നിയില്ല.വണ്ടിക്കാശിനുള്ള തുക ആദ്യമേ മാറ്റിവെച്ച് ബാക്കികൊണ്ട് "ഹാങ്ങ് ഓവർ"തീർത്തു.ഏഴുമണിയോടെ സഖാവിനെ കെ.എസ് .ആർ .ടി .സി സ്റ്റാന്റിൽ വിട്ടശേഷം ഞാൻ മടങ്ങി.




    പിറ്റേന്ന് രാവിലെ സഖാവിന്റെ അമ്മ എന്നെ ഫോണ്‍ വിളിച്ച് കരച്ചിലോട് കരച്ചിൽ.കയ്യൊടിഞ്ഞ് സഖാവ് ആശുപത്രിയിലാണെന്നും ശരീരമാകെ പരുക്കാണെന്നും എന്താണ് സംഭവിച്ചതെന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ലെന്നും ഞാൻ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞു.ഇത് കേട്ട് ഞാനും ഞെട്ടി.തലേന്ന് ഞങ്ങൾ പിരിയുംവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.അടുത്ത ബസിന് ഞാൻ ഏറണാകുളത്തേക്ക് വെച്ചുപിടിച്ചു.ആശുപത്രിയിലെത്തിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു.നടന്ന സംഭവം എന്നോട് മാത്രം അവൻ വിശദീകരിച്ചു.




"പണികിട്ടി...മച്ചമ്പീ"



"എന്താടാ സംഭവിച്ചത്?"



"പറയാം ...ഇന്നലെ കെ.എസ് .ആർ .ടി .സി സ്റ്റാന്റിൽ ഒരു മണിക്കൂറ് കാത്തു നിന്നശേഷമാണ് ഒരു   എറണാകുളം ബസ് വന്നത്.നല്ല തിരക്കുണ്ടായിരുന്നതുകൊണ്ട് സ്റ്റാൻഡിലേക്ക് ബസ് കയറും മുന്നേ ഞാൻ ചാടിക്കയറി.ആ ബസിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന കുറേ കണ്ടക്ടർമാരും ഉണ്ടായിരുന്നു.അതിലൊരുവന് എന്റെ ചാടിയുള്ള ആ കയറ്റം അത്ര പിടിച്ചില്ല.അവൻ ആണെങ്കിൽ മകുടിയൂതിയാൽ ആടുന്ന പരുവം...എന്നെ അങ്ങോട്ട്‌ ചീത്ത വിളിതുടങ്ങി.അത് കേട്ട് മിണ്ടാതിരിക്കുവാൻ എന്റെ വയറ്റിലും പാലൊന്നുമല്ലല്ലോ?.ഞാനും തിരിച്ചു വിളിച്ചു.അവൻ എന്റെ നേരെ കയ്യോങ്ങി.മുഖമടച്ച് ഞാൻ ഒരെണ്ണമങ്ങ് പൊട്ടിച്ചു.പെരണ്ട് എഴുന്നേറ്റ അവന്റെ വായിൽ നിന്നും കുടുകുടാ ചോര.അതോടെ കളം പാളി. ബാക്കിയുള്ള കണ്ടക്ടർമാർ എല്ലാവരും എഴുന്നേറ്റു.ബസ്‌ സ്റ്റാന്റ് വിട്ടിട്ടില്ല എന്നോർക്കണം. അവന്മാർ എന്നെ പഞ്ഞിക്കിടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ബെല്ലടിച്ചു.പോലീസ് വന്നിട്ട് പോയാൽ മതിയെന്ന് ഉറക്കെപ്പറഞ്ഞു.തടി രക്ഷിക്കുവാൻ ഒരു നമ്പർ ഇറക്കിയതാണ്.ഏതായാലും സംഗതി ഏറ്റു.സ്റ്റാന്റിന്റെ മുൻവശത്തായി ബസ്‌ നിർത്തിയിട്ടു.അമ്പത് മീറ്റർ അകലെ   ഫ്ലയിംഗ് സ്ക്വാഡിന്റെ ജീപ്പ്.പോലീസിനെ വിളിക്കാനെന്ന ഭാവേന ഇറങ്ങി ഓടാനായിരുന്നു എന്റെ പദ്ധതി.അത് മുൻകൂട്ടി കണ്ട ചിലവന്മാർ ബസിൽ നിന്നും ഇറങ്ങിനിന്നു.ഓടിയാൽ പുറകെ വന്ന് പിടിക്കുമെന്ന് ഉറപ്പ്.അവസാനം രണ്ടും കൽപ്പിച്ച് ഞാൻ പോലീസിന് നേരെ നടന്നു.സബ്-ഇൻസ്പെക്ടറോട് പറഞ്ഞു.



"സാർ...ആ ബസിൽ തല്ല് നടക്കുന്നു"



     കേട്ട പാതി കേൾക്കാത്ത പാതി അദ്ദേഹവും മൂന്നാല് കടാമുട്ടൻ പോലീസുകാരും അവിടേക്ക് നടന്നു.പിന്നാലെ ഞാനും.ബസിന് പുറത്ത് നിന്നവർ ഞാൻ പോലീസുമായി വരുന്നത് കണ്ടതോടെ ബസിനുള്ളിലേക്ക് കയറി.അടുത്ത നിമിഷം ഞാൻ വലിഞ്ഞു.അപ്പുറത്തെ പ്ലാറ്റ് ഫോമിലേക്ക് മിന്നൽ വേഗത്തിൽ ഒറ്റയോട്ടം.നീങ്ങിത്തുടങ്ങിയ ഒരു കൊട്ടാരക്കര ബസിൽ ഞാൻ ചാടിക്കയറി.അങ്ങനെ കഷ്ടിച്ച് തടിതപ്പിയെന്ന് പറയാം.പക്ഷെ എനിക്ക് പോകേണ്ടത് എറണാകുളത്തിനാണല്ലോ.ഒരു സ്റ്റോപ്പ്‌ പിന്നിട്ടശേഷം ഞാൻ കണ്ടക്റ്ററുടെ അടുത്തുചെന്ന് ചോദിച്ചു



"സാർ ..ഈ വണ്ടി എറണാകുളം പോകുമോ"



"നാശം...എവിടെ നോക്കിയാടോ കയറിയത്.ഇത് കൊട്ടാരക്കര വണ്ടിയാ.ഇവിടെ ഇറങ്ങ്"



    എന്നെ കോടിമതയിൽ ഇറക്കിവിട്ടു.പക്ഷെ കോടിമതയിൽ നിന്നും ഏറണാകുളത്തിന് ബസ് കിട്ടില്ലല്ലോ? .അവിടെനിന്നും ഒരു കിലോമീറ്റർ മാറി ബേക്കർ ജംങ്ഷനിൽ ചെന്നാലേ എറണാകുളം വണ്ടി കിട്ടൂ.പതിനഞ്ചു മിനിട്ടുകൊണ്ട് ഞാൻ അവിടെയെത്തി.ഒരു  സിഗരട്ട് പുകച്ചു തീർന്നില്ല അപ്പോഴേക്കും ബസ്സും വന്നു."



   ഇത്രയും കേട്ടപ്പോൾ സഖാവിന്റെ ബുദ്ധിശക്തിയെ അംഗീകരിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.



"സമ്മതിച്ചു...നിന്റെ ബുദ്ധിയും ധൈര്യവും അപാരം തന്നെ... അല്ല... പിന്നെങ്ങനെയാണ് ഈ പരുക്കൊക്കെ സംഭവിച്ചത്"



"അതുപിന്നെ...അളിയാ...പോലീസും ബഹളവും ഒക്കെ കാരണം ഞാൻ ആദ്യം കയറിയ ആ എറണാകുളം ബസ്‌,ഇരുപത് മിനിറ്റ് വൈകിയാണ് സ്റ്റാന്റിൽ നിന്നും എടുത്തത്"