### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Friday, June 22, 2012

ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി


            ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മെയില്‍ വായിക്കുവാന്‍ ഞാന്‍ മാറ്റിവയ്ക്കാറുണ്ട്. ബ്ലോഗ്‌ എഴുതുന്നതിലുള്ള അതേ താൽപ്പര്യം ഇക്കാര്യത്തിലുമുണ്ട്. കഥകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾക്കെല്ലാം മറുപടിയും നൽകാറുണ്ട്.മുന്‍പ് ഫേസ് ബുക്കില്‍ ഫാംവില്ല സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. പിന്നെപ്പോഴോ അതുപേക്ഷിച്ചു. പക്ഷെ ഇപ്പോഴും എന്റെ സുഹൃത്തുക്കളിൽ പലരും പൂമ്പാറ്റകളേയും പക്ഷികളേയുമൊക്കെ  അയച്ചുതരാറുണ്ട്.ആ അറിയിപ്പുകള്‍ മെയില്‍ ബോക്സിന്റെ പകുതിയും നിറയ്ക്കും.തുറന്നുപോലും നോക്കാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്.പലപ്പോഴും പ്രധാനപ്പെട്ട മെയിലുകളും അബദ്ധവശാൽ ആ കൂട്ടക്കുരുതിയിൽ അകപ്പെടാറുണ്ട്.രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സിജോ ജോസഫ് എന്നയാളുടെ ഹ്രസ്വമായ ഒരു മെയിൽ ഉണ്ടായിരുന്നു.കഥകളെ സംബന്ധിച്ച അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ആയിരുന്നില്ലത്  .എഴുതിയിരുന്നത് ഇത്രമാത്രം.




        "ബ്ലോഗിലെ കഥകള്‍ വായിച്ചിരുന്നു.താങ്കളുമായി ചാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.സൗകര്യപ്രദമായ ദിവസവും സമയവും അറിയിക്കുമല്ലോ ?".




            ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം ഞാൻ ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് മറുപടി നല്‍കി.ഓണ്‍ലൈന്‍ ആയപ്പോള്‍ സിജോയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടു.അത് ഞാന്‍ സ്വീകരിച്ചു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചാറ്റ് ബോക്സില്‍ അദ്ദേഹത്തിന്റെ ആദ്യസന്ദേശം വന്നു.പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ സാന്നിധ്യം അറിയിച്ചു. ഞങ്ങൾ നടത്തിയ ആശയവിനിമയം അതേപോലെ ഇവിടെ പകര്‍ത്തുന്നു.



"ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു.താങ്കളുടെ അവതരണശൈലി വളരെ ഹൃദ്യമാണ്.അടുത്തതായി ഒരു നോവൽ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ? ".



"അതെ ...അങ്ങനെ കരുതുന്നു"



"നല്ല ഒരു ത്രഡ് ഞാന്‍ നൽകാം.അതൊന്ന് വികസിപ്പിക്കാമോ?"



"അങ്ങനെ എഴുതിയാല്‍ സംതൃപ്തി കിട്ടില്ല.തന്നെയുമല്ല അത് താങ്കളിലെ എഴുത്തുകാരനോട്‌ ചെയ്യുന്ന ദ്രോഹവുമാണ്.ആ കഥ താങ്കള്‍ തന്നെ തയ്യാറാക്കൂ.താങ്കളുടെ പേരില്‍ അത് ഞാൻ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം".



"വേണ്ട സുഹൃത്തേ.എഴുതുവാന്‍ പറ്റിയ സാഹചര്യത്തിലല്ല ഞാന്‍. എനിക്കതിന് കഴിയുമെന്നും തോന്നുന്നില്ല.ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് സമയവുമില്ല."



"എവിടെയാണ് താങ്കൾ ജോലിചെയ്യുന്നത്".



"ഐ.ടി.മേഖലയിൽ ഉറക്കമിളയ്ക്കുന്ന ഒരു ജർമ്മൻ പ്രവാസി ."



"കൊള്ളാം ".



"ങ്ഹാ...പറഞ്ഞു വന്നതിലേക്ക് വരാം.ഞാന്‍ സൂചിപ്പിച്ച കഥ എന്റെ സൃഷ്ടിയല്ല. ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. ...ഗബ്രിയേല്‍ .ജര്‍മ്മന്‍കാരനാണ്.കക്ഷി എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്.അദ്ദേഹത്തിന്റെ ഔട്ട്‌ ഹൗസിലാണ് എന്റെ താമസം.മുന്‍പ് ഈ ഔട്ട്‌ ഹൗസ് ഒരു ഡംപിംഗ് യാര്‍ഡ്‌  ആയിരുന്നെന്നു തന്നെ പറയാം. തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ പഴയ കുറെ പുസ്തകങ്ങളും നോട്ടുബുക്കുകളും കിട്ടി.ഭാഷാഠനം ഇവിടെ നിര്‍ബന്ധിതമായതുകൊണ്ട് അത്യാവശ്യം ജര്‍മ്മന്‍ വായിക്കുവാനും എഴുതുവാനും  എനിക്കറിയാം  .താങ്കള്‍ക്ക് ജര്‍മ്മന്‍ അറിയുമോ ?."



"ഇല്ല...താങ്കള്‍ തുടരൂ" 



"വൃത്തിയാക്കുന്നതിനിടയിൽ വളരെ പഴക്കമുള്ള,ദ്രവിച്ചു തുടങ്ങിയ ഒരു നോട്ട് ബുക്ക്‌ ലഭിച്ചു.അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു.എല്ലാം കൂടി വാരിക്കൂട്ടി തീയിടാൻ തുടങ്ങിയപ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്.എടുത്ത് വെറുതേ വായിച്ചുനോക്കി.ആത്മകഥ എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല.എങ്കിലും രസം തോന്നി.  എഴുത്തുകാരനെക്കുറിച്ച് ഗബ്രിയേലിനോട് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിനും വ്യക്തമായ അറിവില്ലായിരുന്നു."മുത്തച്ഛന്റെ ശേഖരത്തിലെ എന്തൊക്കെയോ കടലാസുകളാണ്" എന്നുമാത്രം പറഞ്ഞു.ആകെക്കൂടി മുപ്പതു പേജുകൾ. തുടക്കവുമില്ല ഒടുക്കവുമില്ല.ഇടയ്ക്കുള്ള കടലാസുകൾ ഭൂരിഭാഗവും കാലപ്പഴക്കത്തില്‍ ദ്രവിച്ചും പോയി.കത്തിച്ചു കളയേണ്ട പാഴ്വസ്തു തന്നെ.കിട്ടിയ പേജുകളാകട്ടെ...ഒരു കഥ സൃഷ്ടിച്ചെടുക്കുവാന്‍  പര്യാപ്തവുമല്ല .എങ്കിലും ഞാനത് നശിപ്പിച്ചില്ല.അതിന്റെ കാരണം പറയും മുന്‍പ് താങ്കളുടെ മെയില്‍ ബോക്സ് ഒന്ന് നോക്കൂ .നോട്ട് ബുക്കിലെ വരികള്‍ എനിക്കറിയാവുന്നതുപോലെ പരിഭാഷപ്പെടുത്തി  അയച്ചിട്ടുണ്ട്. വായിച്ചു നോക്കൂ ..ഞാൻ ലൈനിൽ തുടരാം."


മെയില്‍ ബോക്സിൽ സിജോ പരിഭാഷപ്പെടുത്തിയ മൂന്നു കുറിപ്പുകള്‍  കണ്ടു.


  ഒന്നാം കുറിപ്പ്:-"ഹാളിലെ ജനക്കൂട്ടത്തിന് നടുവില്‍ വച്ച് കൊല്ലപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞങ്ങള്‍ ആ സാഹസത്തിന് തയ്യാറായത്. മരണത്തെ ഞങ്ങള്‍ ഭയപ്പെട്ടില്ല. പ്രസംഗപീത്തിനരുകിലേക്ക് അയാൾ  എത്തിയപ്പോൾ ഏവരുടെയും ശ്രദ്ധ  അവിടേക്ക് തിരിഞ്ഞു.പ്രസംഗം ആരംഭിച്ചു. അതൊരു പ്രസംഗമായിരുന്നില്ല.നിരാലംബരായ ഒരു ജനതയോടുള്ള കൊലവിളിയായിരുന്നത്. ലക്ഷ്യത്തില്‍ തറച്ച അമ്പ്‌ പ്രകമ്പനം കൊള്ളുന്നതുപോലെ നാസികളുടെ ഹൃദയത്തില്‍ ജൂതവിരോധം കുത്തി നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു അയാളുടെ ഓരോ വാക്കുകളും.ഞാനവര്‍ക്ക് അടയാളം നല്‍കി.ജൊനാഥന്റെ കൈകള്‍ വിറക്കുന്നത്‌ ആദ്യമായി ഞാന്‍ കണ്ടു.എങ്കിലും അയാളുടെ ശിരസ് ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചു. നിമിഷത്തിന്റെ ആയിരത്തിലൊന്നില്‍ സംഭവിച്ച പിഴവിൽ, അയാളുടെ മുടിയിഴകളെ തഴുകിപ്പോയ ബുള്ളറ്റിന് ലക്‌ഷ്യം പിഴച്ചു.കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹാളിലെ ജനക്കൂട്ടം ഒന്നടങ്കം ഞെട്ടി.സുരക്ഷാവലയം തീർക്കുവാനായി  ഭടന്മാര്‍  പാഞ്ഞടുത്തു.എന്നാൽ കൈകൾ ഉയർത്തി അയാൾ  അവരെ തടഞ്ഞു .ഏതാനും നിമിഷത്തെ നിശബ്ദതയെ   ഭഞ്ജിച്ച് , ജ്വലിക്കുന്ന കണ്ണുകള്‍ ഞങ്ങളുടെ മുഖത്തുപ്പിച്ചു കൊണ്ട്‌ അയാള്‍ പ്രസംഗം തുടര്‍ന്നു.ഗസ്റ്റപ്പോകൾ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. "



         രണ്ടാം കുറിപ്പ്:-"മുട്ടിനുതാഴെ ദുര്‍ബ്ബലമായ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങുന്ന വേദന.ശരീരവും മനസും വാടിത്തളര്‍ന്നു.അതെല്ലാം മറന്ന് സ്വാതന്ത്ര്യത്തിന്റെ ആ വിടവിലേക്ക് സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍  പാഞ്ഞു. പിന്നില്‍നിന്നും ശിരസിനെ ലക്‌ഷ്യം വെച്ചെത്തുന്ന ബുള്ളറ്റുകളെ പ്രതീക്ഷിച്ചുകൊണ്ടു തന്നെ. അതിലൊന്ന് എന്റെ ഇടത്തേ ചെവിയുടെ മാംസളമായ ഭാഗത്തെ ചിതറിച്ചുകൊണ്ട് പാഞ്ഞുപോയി.പുറത്തേക്കുള്ള കുതിപ്പില്‍ ആ വേദന എനിക്കനുഭവപ്പെട്ടില്ല.ആ നീറ്റലും ഞാനറിഞ്ഞില്ല.".


   മൂന്നാം കുറിപ്പ്:-"ശബ്ദിക്കുവാന്‍ കഴിയാത്ത വിധം പിന്നിൽ നിന്നും അവളുടെ വായ ഞാന്‍ പൊത്തിപ്പിടിച്ചു. എനിക്ക് തല ചുറ്റുന്നുണ്ടായിരുന്നു.ഏതു നിമിഷവും താഴെ വീണുപോകുംവിധം   ക്ഷീണിതനുമായിരുന്നു. വിറച്ചുകൊണ്ടാണെങ്കിലും അവളുടെ കഴുത്തില്‍ ഞാൻ കത്തി ചേര്‍ത്തുപിടിച്ചു.ശബ്ദം താഴ്ത്തി അവളുടെ ചെവിയില്‍ പറഞ്ഞു."പെണ്ണേ ...മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ നിന്നെ ഞാന്‍  ബലമായി ഭോഗിക്കുമായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാന്‍  വല്ലാതെ ക്ഷീണിതനാണ്...കാര്‍ന്നുതിന്നുന്ന വിശപ്പും. എനിക്കിത് സഹിക്കാനാവുന്നില്ല.ഹൃദയമിടിപ്പിനപ്പുറം നിന്നില്‍ നിന്നും ഒരു ശബ്ദമുയർന്നാൽ...യാതൊരു സംശയവുമില്ല... ഞാനിത് നിന്റെ കഴുത്തിലിറക്കും. മനുഷ്യമാംസം ഭക്ഷിക്കുവാനും ഞാന്‍ മടിക്കില്ല ".


          പരസ്പര ബന്ധമില്ലാത്ത ഈ  വരികളാണ് സിജോ അയച്ചു തന്നത്.തിരികെ ചാറ്റ് ബോക്സിലെത്തിയ ഉടൻ കഥയുടെ തുടര്‍ച്ച വ്യക്തമാക്കുന്ന കുറിപ്പുകൾ സിജോയോട് ഞാൻ ആവശ്യപ്പെട്ടു.പക്ഷെ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

"ക്ഷമിക്കണം...വേണമെങ്കിൽ ഇതുപോലെയുള്ള രണ്ടോ മൂന്നോ കുറിപ്പുകള്‍ കൂടി തരാം.അത് മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളതും. കഥയുടെ ത്രഡ് എന്നതുകൊണ്ട് തുടക്കത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് ഈ കുറിപ്പുകളാണ്.ഇവയെ ബന്ധിപ്പിക്കുവാന്‍ താങ്കള്‍ക്ക് സാധിച്ചാല്‍ ഒരു നല്ല കഥ സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും."



"ശ്രമിച്ചു നോക്കാം.ഗബ്രിയേലിന്റെ മുത്തച്ഛന്റെതാണോ ഈ കുറിപ്പുകൾ?"


"അല്ല...അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിനു വേണ്ടി ആരിൽ നിന്നോ സംഘടിപ്പിച്ചതാണിവ ."


"മനസിലായില്ല"


"വ്യക്തമാക്കാം ..."


"ഹോളോകോസ്റ്റ് റിസേർച്ച്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ മേധാവിയായിരുന്ന അദ്ദേഹത്തിന്റെ പേര് പ്രോഫസ്സർ:കെവിൻ എന്നായിരുന്നു. ഓഷ്വിറ്റ്‌സ് തടങ്കൽ പാളയത്തിൽ ജൂത തടവുകാർ നടത്തിയ ഏതോ ഒരു കലാപം സംബന്ധിച്ച ഗവേഷണത്തിലായിരുന്നു അദ്ദേഹം . എന്നാൽ അത് പൂർത്തിയാക്കും മുൻപ് അദ്ദേഹം മരണമടഞ്ഞു. അടുത്ത തലമുറയ്ക്ക് അതിലൊന്നും താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഗവേഷണശാല കാലാന്തരത്തിൽ ചരിത്രരേഖകളുടെ ഒരു ഡംപിങ്ങ് യാർഡായി മാറി. ദാശാബ്ദങ്ങൾക്കുശേഷം അവിടെ താമസം തുടങ്ങിയ ഈ പുതിയ അന്തേവാസിയുടെ കൈകളിലേക്ക് ആ കടലാസുകൾ വന്നുചേർന്നു."


"ഓഹ്...സിജോ അവിടെയാണ് താമസം തരപ്പെടുത്തിയത് ..അല്ലേ?"


"അതേ..."


"അപ്പോൾ ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ പ്രോഫസ്സർ കെവിൻ അല്ല. എഴുത്തുകാരനെക്കുറിച്ച്  കൂടുതലായി അറിയുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?"


"വളരെ ബുദ്ധിമുട്ടാണ്. അതിരിക്കട്ടെ...കുറിപ്പുകള്‍ വായിച്ചപ്പോള്‍ നായകനെക്കുറിച്ച് എന്ത്  തോന്നുന്നു?"


"ഒരു പോരാളിയെന്നോ...വിപ്ലവകാരിയെന്നോ ഒക്കെ പറയാം"


"ശരിയാണ്...ആ  കുറിപ്പുകള്‍ക്കൊപ്പം ഒരു ചിത്രം കൂടിയുണ്ടായിരുന്നു. അയാള്‍  ആര്‍ക്കെതിരെയാണോ  പൊരുതിയത്  അയാളുടെ ചിത്രം. അതുള്‍പ്പെടെ എല്ലാ പേജുകളും  താങ്കള്‍ക്ക് ഞാന്‍ അയച്ചു കഴിഞ്ഞു .ഒരിക്കല്‍ കൂടി മെയില്‍ നോക്കൂ .ഞാനിവിടെ തുടരാം "         


           നിമിഷങ്ങള്‍ക്കുള്ളില്‍  അവയെല്ലാം ഞാന്‍ വായിച്ചുതീർത്തു.ആ ചിത്രം കണ്ടപ്പോള്‍ നടുങ്ങിപ്പോയി. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ മറുപടി  നല്‍കി.


"സിജോ...എനിക്ക് ഇതിൽ താൽപ്പര്യമുണ്ട്.ഈ കുറിപ്പുകൾ വികസിപ്പിക്കുവാൻ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും ".


"തുടർന്ന് വായിക്കുമ്പോൾ ഇത് പരാജിതനായ ഒരു പോരാളിയുടെ അനുഭവക്കുറിപ്പുകളാണെന്ന് താങ്കൾക്ക് മനസിലാകും. അതുകൊണ്ട് ഇതൊരു കഥയാക്കിയാലും നോവലാക്കിയാലും ആ വ്യക്തിയോടും കാലഘട്ടത്തോടും നീതി  പുലർത്തുവാൻ താങ്കൾ  ബാധ്യസ്ഥനാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിക്കരുത്‌.


"ഒരിക്കലുമില്ല..."


"ഈ കഥയ്ക്ക്‌ താങ്കള്‍ എന്ത് പേരാണ് നല്‍കുവാൻ ഉദ്ദേശിക്കുന്നത്?"


"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി".എന്തുകൊണ്ടെന്നറിയില്ല അങ്ങിനെ ഒരു പേരാണ് മനസ്സില്‍ വന്നത്.

     ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി തന്റെ കുറിപ്പുകളില്‍ പരാമര്‍ശിച്ച ആ പ്രതിനായകൻ ആരെന്നറിയുവാൻ പ്രിയ വാനയക്കാരാ ,താങ്കൾക്കും ആകാംക്ഷയുണ്ടെന്ന് എനിക്കറിയാം. കാലവും  മനുഷ്യനും  മറക്കാത്ത   ചിത്രത്തില്‍  നിന്നും നമ്മള്‍ തുടങ്ങുകയാണ്...പരാജിതനായ ഒരു പോരാളിയുടെ കഥ. ഈ കാല്‍ച്ചുവട്ടില്‍ പുഴുക്കളെപ്പോലെ ഞെരിഞ്ഞമര്‍ന്ന ആയിരങ്ങളില്‍ ഒരുവന്റെ കഥ.



                                                                                                                                                      
(Join This Site To Get New Stories in Seconds)  
(If You Enjoyed This Post, Please Take 5 Seconds To Share It)