### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Wednesday, February 25, 2015

ഗോണ്‍സാലസ്

നോവൽ
എ.ഡി 1632
ഭാഗം 1
അദ്ധ്യായം 1
(ഗോണ്‍സാലസ് )


    

    അനാരോഗ്യവും ദാരിദ്ര്യവും ജീർണ്ണിപ്പിച്ചു  വികൃതമാക്കിയ  വാർദ്ധക്യത്തിൽ മൂന്ന് ആണ്‍കുട്ടികളുടെ രക്ഷാകർത്തിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നിട്ടും ഗോണ്‍സാലസ് പരിഭവിച്ചില്ല.അത് ദൈവകൽപ്പിതമായ ചുമതലയാണെന്നും  തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനുള്ള ഉപാധിയാണെന്നും അയാൾ ആശ്വസിച്ചു. അവരിൽ മൂത്തവനായ ഫ്രാൻസിസ്കോ തന്റെ ഏക മകളുടെ ജാര സന്തതിയായിരുന്നിട്ടു കൂടിയും .



     തികഞ്ഞ വിശ്വാസിയായിരുന്ന തന്റെ കുടുംബം നിന്ദ്യമാംവിധം ശിഥിലമാക്കപ്പെട്ടതിന്റെ പിന്നിലെ കാരണമൊഴികെ ജീവിതത്തിലെ മറ്റെല്ലാ ദുരിതങ്ങൾക്കും ദൈവികമായ ഒരു കാരണം ഉണ്ടാവുമെന്ന് അയാൾ വിശ്വസിച്ചു. വിശുദ്ധ വചനങ്ങൾക്ക് ഒരു വൈദികനും കണ്ടെത്താത്ത എണ്ണമറ്റ വ്യാഖ്യാനങ്ങളാൽ തന്റെ ഭൂതകാലത്തെ ഓരോ ദിവസവും അകറ്റി നിര്‍ത്തുവാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിച്ചു.തീക്ഷ്ണ യൗവ്വനത്തിലെ ചെയ്തികളെല്ലാം പാപപങ്കിലമായിരുന്നെന്ന മിഥ്യാബോധത്തില്‍ ഗോണ്‍സാലസ് കടുത്ത ആത്മപീഡനത്തിനു വഴിപ്പെട്ടു.ക്രൂശിത രൂപത്തിനു മുന്നിൽ നിത്യവും അയാള്‍ മുട്ടുകുത്തി കണ്ണീരൊഴുക്കി. പരിസരബോധമില്ലാതെ മണിക്കൂറുകളോളം അള്‍ത്താരയ്ക്ക് മുന്നില്‍ ചെലവഴിച്ചു...പലപ്പോഴും അവിടെത്തന്നെ ചുരുണ്ടുകൂടി ഉറങ്ങുകയും ചെയ്തു.



   ഗോണ്‍സാലസിന് ദൈവവിളി ഉണ്ടായിരിക്കുന്നുവെന്ന് വൃദ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ കിഴവന് തനി വട്ടാണെന്ന് ചെറുപ്പക്കാര്‍ പരിഹസിച്ചു... ഏതാനും വൃദ്ധകള്‍ അയാളില്‍ അനുരക്തരായെങ്കില്‍,കൊച്ചുകുട്ടികളാകട്ടെ ഗോണ്‍സാലസിന്റെ ജട കെട്ടിയ  നാറുന്ന മുടിയില്‍ വലിച്ചു രസംകൊണ്ടു.നല്ലൊരു വിഭാഗം ആളുകള്‍ അയാളോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് അയാളില്‍ സംഭവിച്ച പൊടുന്നനെയുള്ള സ്വഭാവ വ്യതിയാനം ഏവരെയും അമ്പരപ്പിച്ചു.



  ദിവസങ്ങളോളം ആഹാരം കഴിക്കാതെ പട്ടിണി കൊണ്ട് കരുവാളിച്ച മുഖവുമായി തെരുവുകള്‍ തോറും ഗോണ്‍സാലസ് അലഞ്ഞുനടന്നു.മെലിഞ്ഞുണങ്ങിയ അയാളുടെ രൂപം ആരിലും സഹതാപം ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു . വൃദ്ധകാമുകിമാര്‍  വെച്ചുനീട്ടിയ ആഹാരം ഗോണ്‍സാലസ്  സ്വീകരിക്കുകയോ നന്ദിപൂര്‍വ്വം അവരെ ഒന്ന് കടാക്ഷിക്കുകയോ ചെയ്തില്ല.ഇത് അവരില്‍ നിരാശയും ഒരല്‍പം നീരസവും ഉളവാക്കി.ഇങ്ങനെയായിരുന്നു തുടക്കം. തുടര്‍ന്നങ്ങോട്ടുള്ള ഏതാനും മാസങ്ങളില്‍ ഗോണ്‍സാലസില്‍  കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി.അയാളിലെ ശാന്തതയും കണ്ണുകളിലെ ദയനീയ ഭാവവും മറഞ്ഞു...പരുഷമായ സംസാരവും ഭയപ്പെടുത്തുന്ന നോട്ടവും.തോളറ്റം വളര്‍ന്നിറങ്ങിയ ജട പിടിച്ച മുടിയില്‍ പിടിച്ചു വലിക്കുവാന്‍ പിന്നീട് ഒരു കുട്ടിയും ധൈര്യപ്പെട്ടില്ല.വിലകുറഞ്ഞ മദ്യം കൊണ്ട് തന്‍റെ സായാഹ്നങ്ങളെ അയാള്‍ ലഹരിയില്‍ മുക്കി...ആ വൃദ്ധ ദൈവം രാത്രിയില്‍ വേശ്യകളെ തേടി തെരുവിലൂടെ അലഞ്ഞു .ഏറ്റവും വിലകുറഞ്ഞ രതിയന്ത്രങ്ങള്‍ പോലും അയാളില്‍ നിന്നും ഓടി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി....എന്നാല്‍ ഞായറാഴ്ച... ഗോണ്‍സാലസ് മുടങ്ങാതെ പള്ളിയിലെത്തും.അള്‍ത്താരയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങും...ഒരു പിഞ്ചു കുഞ്ഞിന്റെ ജഡം പോലെ ആരിലും സഹതാപം ഉണര്‍ത്തിക്കൊണ്ട് .



  ഇത്രയധികം വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടും.ഭൂത കാലത്തിലെ ദിവസങ്ങളോരോന്നുമെടുത്ത് സവിസ്തരം അപഗ്രഥനം ചെയ്യുവാനും അവര്‍ മടിക്കില്ല.തുടക്കം മുതല്‍ക്കേ ഗോണ്‍സാലസിന്റെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയായിരുന്നു .



    1434 ല്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോണ്‍സാലസ്  പുരുഷ സഹജമായ ആനന്ദങ്ങളില്‍ തന്‍റെ യൌവ്വനം ചെലവഴിച്ചു.ഒന്നിലധികം കാമിനിമാര്‍,മദ്യം,സുരതം...അങ്ങനെ തികച്ചും സ്വാഭാവികമായ ജീവിതം. അയാള്‍ ഒരു സാഹസികനോ സര്‍ഗ്ഗാത്മക പ്രതിഭയോ ഒന്നുമായിരുന്നില്ല.പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതാം വയസ്സില്‍ കാര്‍ഷികവൃത്തിയില്‍ ജീവിതം പുനക്രമീകരിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായി.അതുവരെ അനുവര്‍ത്തിച്ച ജീവിത ശൈലി തുടര്‍ന്നതിന്റെ ഫലമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആറായിരം പെസോയുടെ ബാധ്യത വരുത്തി വയ്ക്കുകയും പണയപ്പെടുത്തിയ കൃഷിഭൂമി തിരിച്ചെടുക്കുവാന്‍ കഴിയാതെ ദാരിദ്രനാക്കപ്പെടുകയും ചെയ്തു.മാതാവിന്റെ മരണശേഷം അവശേഷിച്ച ഏതാനും തുണ്ട് ഭൂമി കൂടി വിറ്റ്‌ ആ തുകയുമായി(800 പെസോ) ട്രുജിലോയുടെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തെ ദരിദ്രമേഖലയായ മെസ്ബോണിലേക്ക് കുടിയേറി.



   ബെര്‍നാല്‍ഡിനോ എന്ന ഇടനിലക്കാരന്‍ വഴി തന്‍റെ ശേഷിച്ച സമ്പാദ്യത്തിന് ഗോണ്‍സാലസ് കുറച്ചു ഭൂമി വാങ്ങി.കാര്‍ഷികവൃത്തിയിലെ അയാളുടെ അറിവില്ലായ്മയെ ബെര്‍നാല്‍ഡിനോ ശരിക്കും മുതലെടുത്തതിന്റെ ഫലമായി ഗോണ്‍സാലസ് കബളിക്കപ്പെട്ടു.യാതൊരു ഫലഭൂയിഷ്ടിയുമില്ലാത്ത ഉറച്ച ഒരു കുന്നിന്‍ താഴ് വര. അലസനായ ആ മനുഷ്യനാകട്ടെ,പച്ച മണ്ണിന്റെ കന്യകാത്വത്തെ തൊട്ട് അശുദ്ധമാക്കുവാന്‍ തുനിഞ്ഞതുമില്ല.നെഞ്ചിന്‍കൂടിനുള്ളില്‍ ഞെരുങ്ങിക്കയറിയ വിശപ്പ്  തന്‍റെ ഹൃദയത്തെ ചീന്തിയെടുത്ത് ഭക്ഷിക്കുമെന്ന അവസ്ഥ വന്നപ്പോള്‍  ഗോണ്‍സാലസ് തെരുവിലേക്ക് ഇറങ്ങി.    



                                                                                            NEXT CHAPTER