### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Monday, January 2, 2012

മൂന്നാമത്തെ കത്ത്



"കുറച്ചേറെ നേരമായി നീ കാത്തിരിക്കുകയാണ് അല്ലേ?  ..ഞാന്‍ ഒരല്‍പം താമസിച്ചു . ഇനി അതിന്റെ പേരില്‍ ഒരു പരിഭവം വേണ്ട . നോക്കൂ ...ഒരുപാട് ദൂരം ട്രെയിനിലും ബസ്സിലും യാത്ര ചെയ്താണ് ഇവിടെത്തിയത് .എനിക്ക് നോന്നോട് ഒരുപാട് വിശേഷങ്ങള്‍ പറയുവാനുണ്ട് .നീ കേള്‍ക്കുവാനും അറിയുവാനും ആഗ്രഹിച്ച പലതും ..വേണ്ട..വേണ്ട നീ സംസാരിക്കേണ്ട ..ഞാന്‍ പറയുന്നത് കേട്ടാല്‍ മാത്രം മതി .പലപ്പോഴായി ..വര്‍ഷങ്ങളുടെ ഇടവേളകളില്‍, നീ  അയച്ച മൂന്നു കത്തുകളും കിട്ടിയിരുന്നു .ആദ്യത്തെ രണ്ടിനും മറുപടി അയക്കുവാന്‍ സാധിച്ചില്ല .പലപ്പോഴും ആഗ്രഹിച്ചെങ്കിലും ..എന്തോ സാധിച്ചില്ല .പക്ഷെ മൂന്നാമത്തെ കത്ത് കിട്ടിയപ്പോള്‍ ,വന്നു കാണണം എന്ന് തോന്നി . ഈ കൂടികാഴ്ച നീ പ്രതീക്ഷിച്ചിരുന്നു എന്നെനിക്കുറപ്പാണ്..തെറ്റും ശരിയും കൂടിക്കലര്‍ന്ന ബന്ധമല്ലേ പ്രണയം .അവിടെ കുറ്റപ്പെടുത്തലുകള്‍ക്ക് സ്ഥാനമില്ല .നമ്മളിലാരോ ..എപ്പോഴോ വലിചെറിഞ്ഞെങ്കിലും ,അതിന്റെ ഒരു കണിക എവിടെയോ  അവശേഷിച്ചിരുന്നു. ആദ്യത്തെ രണ്ടുകത്തുകളിലും എന്നെ കാണണമെന്നും സംസാരിക്കണമെന്നും നീ ആവശ്യപ്പെട്ടു . ഒരു മറുപടി പോലും നല്‍കാതിരുന്നതിന്റെ കാരണം ഇന്നുമെനിക്കറിയില്ല.നിന്നെ അഭിമുഖീകരിക്കുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല . എന്തിനാണ് നിന്റെ കണ്ണുകള്‍ നിറയുന്നത് ..എന്റെ വാക്കുകള്‍ കൂടുതല്‍ വേദനിപ്പിക്കുന്നു അല്ലേ? ..ശരി ..അതൊക്കെ പോട്ടെ ..മറ്റു വിശേഷങ്ങള്‍ പറയാം . ഓഹ്...വീണ്ടും ഞാന്‍ മറന്നു ...നീ സംസാരിക്കാന്‍ പാടില്ല, ഞാന്‍ തന്നെ തുടരാം ..ഹ ..ഹ .  മൂന്നാമത്തെ കത്ത് പലവട്ടം ഞാന്‍ വായിച്ചു ..അതിലെ ഓരോ വാക്കിനും ആയിരം മുനകള്‍ ഉണ്ടായിരുന്നു  . എപ്പോഴോ അവ എന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു .ആ വേദനയില്‍ ..ഞാന്‍ തിരിച്ചറിഞ്ഞു..നീ എന്നെ പ്രണയിക്കുന്നു. കാലം പരാജയപ്പെട്ട ആ മുനമ്പില്‍ നിന്നും ,നിന്നെതേടി ഞാന്‍ യാത്ര തുടങ്ങി.
           ട്രെയിനില്‍ നല്ല തിരക്കായിരുന്നു . സ്ലീപ്പറില്‍ ഉറങ്ങാന്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലും ,എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല . നീ അക്ഷമയോടെകാത്തിരിക്കുകയാനെന്നുള്ള ചിന്തയില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു ..അതിലേറെ ദുഖിതനും . എനിക്കെതിരെ ഇരുന്നിരുന്ന ചെറുപ്പക്കാര്‍ രഹസ്യമായി മദ്യപിക്കുന്നുണ്ടായിരുന്നു.   അവര്‍ എന്നെ ഭയപ്പെടുന്നു ..ഞാന്‍ കണ്ടാല്‍ പ്രശ്നം ഉണ്ടാക്കും എന്ന് കരുതിക്കാണും .സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്.നീ ആലോചിച്ചു നോക്കൂ .. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കാട്ടിക്കൂട്ടിയതൊക്കെ  ഇവരുടെ ചിന്തക്കും അപ്പുറത്തല്ലേ  ..ഹ ..ഹ .ദൈവമേ... സമാധാനമായി ..നീ ഒന്ന് ചിരിച്ചല്ലോ ...വേണ്ട സംസാരിക്കുവാന്‍ ശ്രമിക്കേണ്ട .ആയിരം വാക്കുകള്‍ക്കും അതീതമാണ് ഈ പുഞ്ചിരി.ആ കുട്ടികള്‍ അല്പം സ്വാതന്ത്ര്യത്തോടെ മദ്യപിക്കട്ടെയെന്നു കരുതി ,പലപ്പോഴും ഞാന്‍ വാതിക്കല്‍ പോയി നിന്നു.തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോള്‍.... കണ്ണുകള്‍ ചുവന്നു ..നിറഞ്ഞു പോയി എന്ന് തന്നെ പറയാം .ആരെങ്കിലും കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും തെറ്റിധരിച്ചേനെ ...കരഞ്ഞുകൊണ്ട്  വാതിക്കല്‍ നില്‍ക്കുന്ന മനുഷ്യന്‍ ആത്മാഹൂതി ചെയ്യുവാന്‍ പോവുകയാണെ ന്നേ ആളുകള്‍ കരുതൂ ..ഹ ..ഹ ..എന്താ ..ഞാന്‍ വാചകമടിച്ചു നിന്നെ ശല്യപ്പെടുതുകയാണോ?..അല്ല.. അല്ലെ ..ശരി ..തുടരാം ..സ്ഥലപരിചയം ഇല്ലാതിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറെ പാടുപെട്ടു .എത്തിയപ്പോള്‍ രാത്രി ഏഴു കഴിഞ്ഞിരുന്നു .ഇനി പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ..സത്യം..ഞാന്‍ ആകെ തകര്‍ന്നു .മനസുകൊണ്ട് ,നിനക്ക് നല്‍കിയ വാക്ക് പോലും പാലിക്കുവാന്‍ കഴിയുകയില്ലെന്ന് തോന്നി .പക്ഷെ ഭാഗ്യം തുണച്ചു ..ദാ ..ആ നില്‍ക്കുന്ന കാക്കി ട്രൌസറിട്ട , കറുത്ത മനുഷ്യനെ  നീ കണ്ടോ .പല്ലില്‍ പുകയിലകറ പിടിച്ച അയാളെ കണ്ടാല്‍ ഒരു ക്രൂരനാനെന്നെ തോന്നൂ .പക്ഷെ  അയാള്‍ സഹായിച്ചു .ആദ്യം സമ്മതിച്ചില്ല .എവിടെനിന്നും ആണ് വരുന്നതെന്ന് ചോദിച്ചു .കുറെ വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് നിന്നെന്ന മറുപടിയാണ് നല്‍കിയത് ..അതില്‍ തെറ്റുണ്ടോ? ..നീ പറ ..  കുറെ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നശേഷം  അകത്തേക്ക് പോയ്ക്കൊളാന്‍ അയാള്‍ ആംഗ്യം കാണിച്ചു .അയാളോട് നീ ശുണ്ട്ടി കാണിക്കരുത് . ഇവിടെ നീ ഉള്‍പ്പെടെ എല്ലാവരെയും സംരക്ഷിക്കുന്നത് അയാളാണ് .രാതി ഏറെ ആയി ..നല്ല തണുപ്പു തോന്നുന്നു..നിനക്കരുകില്‍ ചേര്‍ന്നിരുന്നാല്‍ തണുപ്പ് മാറും .പക്ഷെ വേണ്ട ..ഈ അവസ്തയിലാണെങ്കിലും ..അപവാദത്തിനു സാധ്യതയുണ്ട്  .ഹ ..ഹ .മഞ്ഞു വീണ് എന്റെ തലമുടി ആകെ  നനഞ്ഞു . ഇനി ഒരു പനി ഉറപ്പാണ് . നീ കാരണമാണ് ഇതെല്ലാം ... കേട്ടോ. ഓഹ് ..ഞാന്‍ വെറുതെ പറഞ്ഞതാണ് ..അതിന്റെ പേരില്‍ മുഖം വീര്‍പ്പിക്കേണ്ട .ഒരു മാറ്റവും ഇല്ലല്ലോ നിനക്ക് ..ഇത്ര നാളുകള്‍ക്കു ശേഷവും .
 ദാ ഞാന്‍ ഇരിക്കുന്ന ഈ ബഞ്ച് കണ്ടോ . ഈ ബഞ്ചില്‍ നിറയെ മേപ്പിള്‍ ഇലകള്‍ പൊഴിഞ്ഞു  കിടക്കുന്നു .അടുത്തുള്ള മരത്തില്‍ നിന്നും മഞ്ഞുതുള്ളികളും ....കൂട്ടിന് തണുത്ത കാറ്റും .ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ , എനിക്കുറപ്പാണ് നീ എന്നോട് ചെര്‍ന്നിരുന്നെനെ .പ്രണയം തുളുമ്പുന്ന വാക്കുകളുമായി ...ശരി തല്ക്കാലം ഞാന്‍ പ്രായം മറക്കുന്നു .എല്ലാം മറക്കുന്നു ...വരൂ ..എനിക്കരുകില്‍  ഇരിക്കൂ .
.ഒരു നിമിഷം ..ദാ ആ കാക്കി ട്രൌസറിട്ടയാള്‍ ഇവിടേയ്ക്ക് വരുന്നു ."




"സാര്‍ ..നല്ല മഞ്ഞുണ്ട് ..വേണമെങ്കില്‍ അപ്പുറത്തേക്ക് മാറി ഇരിക്കാം "
"ഹേ ..വേണ്ട ..കുഴപ്പമില്ല "
"ദാ ഇത് കഴിക്കൂ ".വൃത്തികെട്ട പാത്രത്തില്‍ അയാളെനിക്ക് ആഹാരം നീട്ടി .അത് ഞാന്‍ വാങ്ങിയ നിമിഷം തന്നെ, ഞങ്ങളെ ശല്യപ്പെടുത്താതെ അയാള്‍  നടന്നകന്നു .




                "എന്റെ കയ്യിലെ പാത്രം നോക്കിയാണോ നീ ചിരിക്കുന്നത്. നോക്കൂ ..സത്യത്തില്‍ എനിക്ക് വിശക്കുന്നില്ല.അയാള്‍ കാഴ്ചയില്‍ എത്ര വിരൂപനും ആയിക്കോട്ടെ .. നീട്ടിയ ആഹാരം എത്ര മലീമസമാണെങ്കിലും എനിക്ക് നിരസിക്കുവാന്‍ ആവില്ല .കാരണം ഇത് സ്വീകരിച്ചുകൊണ്ട് മാത്രമേ , ചെയ്ത ഉപകാരത്തിന് നന്ദി കാണിക്കുവാന്‍ കഴിയുകയുള്ളൂ . നീ നെറ്റി ചുളിചാലും ..ദാ ..ഞാനിത് കഴിക്കുകയാണ് ."
                   "ജീവിതം എത്ര വിചിത്രമാണ് . ഇത്ര അടുത്തിരിക്കുമ്പോഴും ..സംസാരിക്കുമ്പോഴും ..എന്റെ കണ്ണുക ള്‍ നിന്റെ മുഖം കാണുന്നില്ല  . ഈ നിമിഷം വരെ നിന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിട്ടില്ല .എനിക്ക് കാണേണ്ട .നിന്നെ വിഷമിപ്പിക്കുവാന്‍ പറഞ്ഞതല്ല .ഞാന്‍ കാണുന്നതും സംസാരിക്കുന്നതും മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്ന മുഖത്ത് നോക്കിയാണ് ...അതേ എനിക്ക് കഴിയൂ ..ദയവു ചെയ്ത് എന്നെ നിര്‍ബന്ധിക്കരുത് . നേരം വെളുത്തു തുടങ്ങി .സമയം നാലരയായി .പണ്ടും നിന്നോട് സംസാരിച്ചിരിക്കുമ്പോള്‍ ,സമയം എന്നെ വഞ്ചിച്ചിരുന്നു  .


 എനിക്കനുവദിച്ചിരുന്ന    സമയം തീര്‍ന്നു . നിന്റെ മൂന്നാമത്തെ കത്തില്‍ ആവശ്യപ്പെട്ടത് പോലെ ...അവസാന കനലും എരിഞ്ഞു തീരും മുന്‍പ് ഞാന്‍ നിനക്കരികിലെത്തി ....സംസാരിച്ചു . നീ ആഗ്രഹിച്ചതുപോലെ ....ഞാന്‍ ദുഖിതനല്ല ...എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ തണുപ്പുകൊണ്ടാവാം ...വീണ്ടും ആവര്‍ത്തിക്കുന്നു ..ഞാന്‍ ദുഖിതനല്ല ..എനിക്കറിയാം ഈ അഗ്നി ജ്വാലകള്‍ക്ക് നിന്നെ ആലോസരപ്പെടുത്തുവാനാവില്ല ...കാരണം സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ,ഇതിലും തീവ്രമായ പ്രണയാഗ്നിയില്‍ എരിഞ്ഞടങ്ങിയതാണ്.... നിന്നിലെ ഞാനും ...ഞാനെന്ന നീയും ....

(If You Enjoyed This Post,Please Take 5 Seconds To Share It)